ആഗോള വിപണികള്‍ ആവേശത്തില്‍; നാളെ ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുമോ?

ഇന്ത്യന്‍ സൂചികകള്‍ ഇന്നലെ ക്ലോസ് ചെയ്തത് നേരിയ നേട്ടത്തില്‍

Update: 2024-08-15 06:36 GMT

ആഗോള വിപണികള്‍ ആവേശത്തിലാണ്. ഇത് ഇന്ത്യയില്‍ പ്രതിഫലിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. യുഎസ് , യൂറോപ്യന്‍ ഫ്യൂച്ചേഴ്‌സ് എല്ലാം പോസിറ്റീവാണ്. ഏഷ്യന്‍ വിപണികള്‍ ഇന്ന് ആരംഭിച്ചതും ഉയര്‍ച്ച തേടിയാണ്. ഇനി യുഎസ് , യൂറോപ്യന്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം കൂടി വിലയിരുത്തിയാല്‍ നാളെ ഇന്ത്യയിലെ സ്ഥിതിയെക്കുറിച്ച് ഒരു ഏകദേശധാരണ ലഭിക്കും.

അതേസമയം സ്വാതന്ത്ര്യ ദിനം പ്രമാണിച്ചു ഓഹരി വിപണി ഉള്‍പ്പെടെയുള്ള എല്ലാ വിപണികള്‍ക്കും ഇന്ന് അവധിയാണ്. അവധിക്കുശേഷം ഓഗസ്റ്റ് 16-നാണ് ഇനി വിപണി തുറന്നു പ്രവര്‍ത്തിക്കുക. ഗാന്ധി ജയന്തി ( ഒക്ടോബര്‍ 2- ബുധന്‍), ദീപാവലി ( നവംബര്‍ 1- വെള്ളി), ഗുരുനാനാക് ജയന്തി ( നവംബര്‍ 15- വെള്ളി), ക്രിസ്മസ് ( ഡിസംബര്‍ 25- ബുധന്‍) എന്നിവയാണ് ഈ വര്‍ഷത്തെ വിപണി അവധികള്‍.

നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവയുടെ പ്രതിവാര എക്സ്പയെറി ദിനമായ ഇന്നലെ ഇന്ത്യന്‍ ഓഹരി വിപണി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. തുടര്‍ച്ചയായ രണ്ടു ദിവസത്തെ ഇടിവിനുശേഷമാണ് വിപണി പോസീറ്റീവായി ക്ലോസ് ചെയ്തത്.

രാജ്യത്തെ മുഖ്യ ബഞ്ചുമാര്‍ക്ക് സൂചികയായ നിഫ്റ്റി 4.75 പോയിന്റ് മെച്ചത്തോടെ 24143.75 പോയിന്റില്‍ ക്ലോസ് ചെയ്തു. നേരിയ റേഞ്ചിലായിരുന്നു നിഫ്റ്റുയുടെ നീക്കം.

ഇന്ത്യന്‍ വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് 149.85 പോയിന്റ് മെച്ചത്തോടെ 79105.88 പോയിന്റിലും ക്ലോസ് ചെയ്തു.

വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെയും വില്‍പ്പനക്കാരായിരുന്നു. അവര്‍ ഇന്നലെ 2595.27 കോടി രൂപയുടെ നെറ്റ് വില്‍പ്പന നടത്തിയപ്പോള്‍ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ 2236 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിട്ടുണ്ട്.

യുഎസ് വിപണികള്‍

ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് വീണ്ടും 40000 പോയിന്റിനു മുകളിലേക്ക് എത്തിയിരിക്കുകയാണ്. ഇന്നലെ 242.75 പോയിന്റ് നേട്ടത്തോടെ ഡൗ 40008.39 പോയിന്റില്‍ ക്ലോസ് ചെയ്തു.

കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഫ്ളേഷന്‍ ജൂലൈയില്‍ 2.9 ശതമാനമാണ്. ഇതു മൂന്നു വര്‍ഷത്തെ ഏറ്റവും താഴ്ന്നതു മാത്രമല്ല, 2021 മാര്‍ച്ചിനുശേഷം ആദ്യമായാണ് പണപ്പെരുപ്പം മൂന്നു ശതമാനത്തിനു താഴേയ്ക്ക് എത്തുന്നത്. വിലക്കയറ്റ സമ്മര്‍ദ്ദം കുറഞ്ഞതോടെ സെപ്റ്റംബറില്‍ ഫെഡറല്‍ റിസര്‍വ് നയപലിശ നിരക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രതീക്ഷയ്ക്കു ശക്തി കൂടിയിരിക്കുകയാണ്. പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് എത്തിക്കുവാനാണ് ഫെഡറല്‍ റിസര്‍വ് ലക്ഷ്യമിട്ടിരിക്കുന്നത്.

പ്രമുഖ ടെക് ഓഹരികള്‍ സമ്മിശ്രമായാണ് നീങ്ങിയതെങ്കിലും തുടര്‍ച്ചയായ അഞ്ചാം ദിവസവും നാസ്ഡാക്കും എസ് ആന്‍ഡ് പിയും മെച്ചപ്പെട്ടു. നാസ്ഡാക് 4.99 പോയിന്റ് മെച്ചപ്പെട്ടപ്പോള്‍ എസ് ആന്‍ഡ് പി 20.78 പോയിന്റ് മെച്ചത്തിലാണ് ക്ലോസ് ചെയ്തത്.

യൂറോപ്യന്‍ വിപണി ഇന്നലെ പൊതുവേ പോസീറ്റീവായാണ് ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 45.82 പോയിന്റും സിഎസി ഫ്രാന്‍സ് 57.49 പോയിന്റും ജര്‍മന്‍ ഡാക്സ് 73.55 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 321.58 പോയിന്റും ഉയര്‍ന്നാണ് ക്ലോസ് ചെയ്തിട്ടുള്ളത്.

യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാം പോസീറ്റീവായാണ് നീങ്ങുന്നത്.

ഇന്നു രാവിലെ ജാപ്പനീസ് നിക്കി 220 പോയിന്റോളം ഉയര്‍ന്നു നില്‍ക്കുകയാണ്.

ക്രൂഡോയില്‍ വില

ഇന്നു രാവിലെ ഡബ്ള്യുടിഐ ക്രൂഡിന് 77.23 ഡോളറാണ് വില. ഇന്നലെ രാവിലെ ഇത് 78.81 ഡോളറായിരുന്നു. ബ്രെന്റ് ക്രൂഡിന് ബാരലിന് ഇന്നു രാവിലെ 79.95 ഡോളറാണ്. ഇന്നലെയത് 81.09 ഡോളറായിരുന്നു.

ഇന്ത്യന്‍ രൂപ റിക്കാര്‍ഡ് താഴ്ചയില്‍

ഇറക്കുമതിക്കാരില്‍ നിന്നും വിദേശ ബാങ്കുകളില്‍നിന്നും ഡോളര്‍ ഡിമാണ്ട് ഉണ്ടായതിനെത്തുടര്‍ന്ന് രൂപ 83.98-ലേ താഴ്ന്നു. ചൊവ്വാഴ്ച ഡോളറിനെതിരേ രൂപയുടെ മൂല്യം 83.97 ആയിരുന്നു. ഇന്നലെ രാവിലെ 83.9 വരെ മെച്ചപ്പെട്ട രൂപ അവസാന ഭാഗത്ത് നേട്ടം മുഴുവനും നഷ്ടപ്പെടുത്തുകയായിരുന്നു.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.

Tags:    

Similar News