ഐടി വരുമാന പ്രതീക്ഷകള്‍ താണു, ഫെഡ് പലിശ ആശങ്ക വീണ്ടും; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

  • യുഎസിലെ വിലക്കയറ്റം അനലിസ്റ്റുകളുടെ പ്രതീക്ഷകള്‍ക്കും മുകളില്‍
  • ഏഷ്യയിലെ പ്രമുഖ ഓഹരി വിപണികളെല്ലാം ചുവപ്പില്‍
  • ഇന്ത്യയുടെ സെപ്റ്റംബറിലെ വിലക്കയറ്റ കണക്കില്‍ ആശ്വാസം

Update: 2023-10-13 02:26 GMT

ഏഷ്യന്‍ വിപണികളിലെ ശുഭ സൂചനകള്‍ക്കിടയിലും ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇടിവിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ഇന്നലെ കാണാനായത്. ടിസിഎസിന്‍റെ രണ്ടാം പാദ ഫലം വരുമാന വളര്‍ച്ചയില്‍ ഐടി മേഖല നേരിടുന്ന പ്രതിസന്ധി എടുത്തുകാട്ടിയത് ഐടി ഓഹരികളിലെ കനത്ത വില്‍പ്പനയ്ക്ക് ഇടയാക്കിയതാണ് വിപണികളെ താഴോട്ടു വലിച്ചത്.  ബിഎസ്ഇ സെൻസെക്‌സ് 65 പോയിന്റ് താഴ്ന്ന് 66,408ലും നിഫ്റ്റി 17 പോയിന്റ് താഴ്ന്ന് 19,794ലും എത്തി.

ഇന്നലെ വിപണി മണിക്കൂറുകള്‍ക്ക് ശേഷം വന്ന ഇന്‍ഫോസിസിന്‍റെയും എച്ച്സിഎല്‍ ടെക്കിന്‍റെയും വരുമാന പ്രഖ്യാപനങ്ങളും ഇതേ സൂചനയാണ് നല്‍കുന്നത്. രണ്ടാം പാദ പ്രകടനം നിരാശജനകമെന്ന് പറയാനാകില്ലെങ്കിലും ഇരു കമ്പനികളും 2023 -24 രണ്ടാം പകുതിയെ സംബന്ധിച്ച വരുമാന കാഴ്ചപ്പാടുകള്‍  വെട്ടിച്ചുരുക്കി. 

സ്ഥിരമായ കറൻസി മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍, 2023 -24നുള്ള തങ്ങളുടെ  വരുമാന വളർച്ചാ മാർഗ്ഗനിർദ്ദേശം നേരത്തേ  4-7 ശതമാനത്തില്‍ നിന്ന് വെട്ടിക്കുറച്ച് 1-3.5 ശതമാനം ആക്കിയ ഇന്‍ഫോസിസ് ഇപ്പോഴത്  1-2.5 ശതമാനമായി വീണ്ടും കുറച്ചു. എച്ച്സിഎല്‍ ടെക്  6-7 ശതമാനത്തിൽ നിന്ന് 4-5 ശതമാനമായി വരുമാന മാര്‍ഗനിര്‍ദേശം ചുരുക്കി. നടപ്പു പാദത്തിലെ സേവന വരുമാന മാർഗ്ഗനിർദ്ദേശം 4.5 - 5.5 ശതമാനത്തിലേക്ക് കുറച്ചിട്ടുമുണ്ട്. 

യുഎസിന്‍റെ സെപ്റ്റംബറിലെ പണപ്പെരുപ്പ കണക്കുകള്‍ അനലിസ്റ്റുകളുടെ പ്രതീക്ഷകള്‍ക്ക് മുകളിലായത് നിക്ഷേപകരെ നിരാശരാക്കി. ഓഗസ്റ്റിലേതിന് സമാനമായി  3.7 ശതമാനം വിലക്കയറ്റം തന്നെയാണ് സെപ്റ്റംബറിലും രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍മാസത്തെ അപേക്ഷിച്ച് 0.4 ശതമാനം ഉയര്‍ച്ച. ഓഗസ്റ്റില്‍ മുന്‍മാസത്തെ അപേക്ഷിച്ച് 0 .6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. പണപ്പെരുപ്പം നിരാശ നല്‍കിയതോടെ ഉയര്‍ന്ന പലിശ നിരക്ക് ഫെഡ് റിസര്‍വ് ദീര്‍ഘകാലം തുടരുമെന്ന ആശങ്കയും കനത്തു.

പ്രതീക്ഷിച്ചതിലും കുറഞ്ഞ പണപ്പെരുപ്പം

പച്ചക്കറി വിലയിലുണ്ടായ ഗണ്യമായ കുറവിനെത്തുടര്‍ന്ന് ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം സെപ്റ്റംബറില്‍ 5.02 ശതമാനത്തിലേക്ക് താഴ്ന്നു. അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചിരുന്നതിലും താഴ്ന്ന വിലക്കയറ്റ കണക്കാണ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുള്ളത്. 

വാര്‍ഷികാടിസ്ഥാനത്തില്‍ 5.4 ശതമാനമായിരിക്കും സെപ്റ്റംബറിലെ റീട്ടെയില്‍ പണപ്പെരുപ്പമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ അനുമാനം. ഓഗസ്റ്റിലെ 6.83 ശതമാനത്തേക്കാള്‍ 1.81 ശതമാനം കുറവാണ് സെപ്റ്റംബറിലെ പണപ്പെരുപ്പം. രണ്ട് മാസങ്ങളില്‍ കേന്ദ്രബാങ്കിന്‍റെ സഹന പരിധിയായ 6 ശതമാനത്തിന് മുകളില്‍ നിന്ന് പണപ്പെരുപ്പം താഴോട്ടിറങ്ങിയത് പലിശ നിരക്ക് സംബന്ധിച്ച വിപണിയുടെ ആശങ്കകള്‍ക്ക് അയവ് വരുത്തും. 

വ്യാവസായിക ഉല്‍പ്പാദനം 14 മാസത്തെ ഉയര്‍ച്ചയില്‍

ഇന്ത്യയുടെ വ്യാവസായികോത്പാദനം ഓഗസ്റ്റില്‍ 10.3 ശതമാനം വര്‍ധിച്ചുവെന്ന കണക്കും സര്‍ക്കാര്‍ ഇന്നലെ പുറത്തുവിട്ടു. ഇത് 14 മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കാണ്. ജൂലൈയില്‍ വ്യാവസായിക ഉത്പാദനം 5.7 ശതമാനം വളര്‍ച്ചയാണ് നേടിയത്. 2022 ഓഗസ്റ്റില്‍ വ്യാവസായിക ഉല്‍പ്പാദന സൂചിക അടിസ്ഥാനമാക്കിയുള്ള ഫാക്ടറി ഉല്‍പ്പാദനം 0.7 ശതമാനം ചുരുങ്ങിയിരുന്നു. ഈ താണ തലമാണ് ഉയര്‍ന്ന രണ്ടക്ക വളര്‍ച്ചയില്‍ പ്രതിഫലിക്കുന്നത്. അതിനാല്‍ ഇത് നിക്ഷേപകരെ ആവേശം കൊള്ളിക്കാനിടയില്ല.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

നിഫ്റ്റി 19,776 ലും 19,760 ലും 19,733 ലും സപ്പോര്‍ട്ട് നേടിയേക്കാം എന്നാണ് കണക്കാക്കുന്നത്. ഉയർച്ചയുടെ സാഹചര്യത്തില്‍, 19,830 പെട്ടെന്നുള്ള റെസിസ്റ്റന്‍സ്  ആകാം, തുടർന്ന് 19,847ഉം 19,874ഉം.

ആഗോള വിപണികളില്‍ ഇന്ന്

യുഎസിലെ മൂന്ന് പ്രധാന സൂചികകളും വ്യാഴാഴ്ചയിലെ ദിവസ വ്യാപാരത്തില്‍ ഇടിവ് നേരിട്ടു. ഡൗ ജോണ്‍സ് 0.51 ശതമാനവും എസ് & പി 500 0.62 ശതമാനവും ടെക് ഹെവി നാസ്ഡാക്ക് കോമ്പോസിറ്റിന് 0.63 ശതമാനവും ഇടിവ് നേരിട്ടു. രാത്രി വ്യാപാരത്തില്‍ സ്റ്റോക്ക് ഫ്യൂച്ചറുകള്‍ ഏറക്കുറേ ഫ്ലാറ്റ്‍ലൈനിനു സമീപമാണ്. യൂറോപ്യന്‍ വിപണികള്‍ ഇന്നലെ പൊതുവില്‍ നേട്ടത്തിലായിരുന്നു. 

ഏഷ്യ-പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ, ചൈന, ഹോംഗ്കോംഗ്, ജപ്പാന്‍ വിപണികളെല്ലാം തുടക്ക വ്യാപാരത്തില്‍ ഇടിവ് നേരിട്ടു.

ഗിഫ്റ്റ് നിഫ്റ്റിയില്‍ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയിട്ടുള്ളത്. വിശാലമായ ആഭ്യന്തര സൂചികകളും പച്ചയില്‍ തുടങ്ങിയേക്കാമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്. 

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

ഇൻഫോസിസ്: സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ അറ്റാദായം മുന്‍പാദത്തെ അപേക്ഷിച്ച് 4.5 ശതമാനം വളർച്ചയോടെ 6,212 കോടി രൂപയായി. വരുമാനം 2.8 ശതമാനം ഉയർന്ന് 38,994 കോടി രൂപയായി. കണക്കുകള്‍ വിശകലന വിദഗ്ധരുടെ നിഗമനങ്ങളേക്കാള്‍ മെച്ചപ്പെട്ടതാണ്. ഡോളർ അടിസ്ഥാനത്തിലുള്ള വരുമാനം മുന്‍പാദത്തെ അപേക്ഷിച്ച് 2.2 ശതമാനം വർധിച്ച് 4,718 ദശലക്ഷം ഡോളറിലെത്തി, സ്ഥിര കറൻസി മൂല്യത്തില്‍ വരുമാന വളർച്ച  2.3 ശതമാനമാണ്.

എച്ച്‌സിഎൽ ടെക്‌നോളജീസ്: രണ്ടാം പാദത്തിൽ 3,832 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി, മുൻ പാദത്തെ അപേക്ഷിച്ച് 8.4 ശതമാനം വളർച്ചയാണിത്. വരുമാനം മുന്‍പാദത്തെ അപേക്ഷിച്ച് 1.4 ശതമാനം വർധിച്ച് 26,672 കോടി രൂപയായി. ഡോളർ വരുമാനം 0.8 ശതമാനം ഉയര്‍ന്നു. സ്ഥിര കറൻസി മൂല്യത്തിലെ വരുമാന വളർച്ച 1 ശതമാനമാണ്.

മാരുതി സുസുക്കി ഇന്ത്യ: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാണ കമ്പനിയായ സുസുക്കി മോട്ടോർ കോർപ്പറേഷന് മുൻഗണനാടിസ്ഥാനത്തിൽ കമ്പനിയുടെ ഇക്വിറ്റി ഷെയറുകൾ ഇഷ്യൂ ചെയ്യുന്നത് പരിഗണിക്കാൻ ഡയറക്ടർ ബോർഡ് ഒക്ടോബർ 17 ന് യോഗം ചേരുമെന്ന് അറിയിച്ചു. സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡിലെ സുസുക്കി മോട്ടോർ കോർപ്പറേഷന്റെ 100 ശതമാനം ഇക്വിറ്റി ഓഹരി ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം.

എസ്ജെവിഎന്‍: ഉപകമ്പനിയായ എസ്‍ജെവിഎന്‍ ഗ്രീൻ എനർജിക്ക് രാജസ്ഥാൻ ഊർജ വികാസ് നിഗത്തിൽ  നിന്ന് 100 മെഗാവാട്ട് സൗരോർജ്ജ പദ്ധതി വികസിപ്പിക്കുന്നതിനായി ലെറ്റർ ഓഫ് അവാർഡ്  ലഭിച്ചു. യൂണിറ്റിന് 2.62 രൂപ നിരക്കിൽ ബിൽഡ്, ഓൺ, ഓപ്പറേറ്റ് (ബിഒഒ) അടിസ്ഥാനത്തിലായിരിക്കും പദ്ധതി. ഈ പദ്ധതിക്ക് ഏകദേശം 600 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

ഇർക്കോൺ ഇന്റർനാഷണൽ: പൊതു സംരംഭ വകുപ്പ് ഇർക്കണിന് നവരത്‌ന പദവി നൽകി. കേന്ദ്ര പൊതുമേഖലാ കമ്പനികളിലെ 15-ാമത് നവരത്ന കമ്പനിയാണ് ഇർക്കോൺ.

വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്:  ഉപഭോക്താവിനെ അറിയല്‍ (കെവൈസി) മാനദണ്ഡങ്ങൾ പാലിക്കാത്തതിന് മൊബൈൽ പേയ്‌മെന്റ് കമ്പനിയായ പേടിഎമ്മിന്‍റെ ഭാഗമായ പേടിഎം പേയ്‌മെന്റ് ബാങ്കിന് റിസർവ് ബാങ്ക് 5.39 കോടി രൂപ പിഴ ചുമത്തി.

ക്രൂഡ് ഓയിലും സ്വര്‍ണവും

യുഎസ് പലിശനിരക്ക് ഉയരുമെന്ന പ്രതീക്ഷയിൽ എണ്ണവില വ്യാഴാഴ്ച ഉയർന്നു. എന്നാൽ, ഇന്‍റര്‍നാഷണല്‍ എനർജി ഏജൻസിയുടെ അടുത്ത വർഷത്തേക്കുള്ള ഡിമാൻഡ് വളർച്ചാ പ്രവചനം കുറഞ്ഞ തലത്തിലായിരുന്നത് വില ഉയരുന്നതിനെ പരിമിതപ്പെടുത്തി. 

ബ്രെന്റ് ഫ്യൂച്ചറുകൾ 57 സെൻറ് അഥവാ 0.66 ശതമാനം ഉയർന്ന് ബാരലിന് 86.32 ഡോളറിലേക്കും യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 21 സെൻറ് അഥവാ 0.25 ശതമാനം ഉയർന്ന് ബാരലിന് 83.68 ഡോളറിലേക്കും എത്തി. 

യുഎസ് ഉപഭോക്തൃ വില സൂചിക സെപ്തംബറിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ഉയര്‍ന്നതിനെത്തുടർന്ന് ഡോളറും ട്രഷറി ആദായവും ഉയർന്നതിനാൽ വ്യാഴാഴ്ച സ്വർണവിലയിലെ നേട്ടം പരിമിതപ്പെട്ടു. സെപ്‌റ്റംബർ 27ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയ ശേഷം സ്‌പോട്ട് ഗോൾഡ് 0.1 ശതമാനം കുറഞ്ഞ് ഔൺസിന് 1,872.29 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.1 ശതമാനം ഇടിഞ്ഞ് 1,885.50 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഓഹരികളില്‍ ഇന്നലെ 1,862.57കോടി രൂപയുടെ അറ്റ വില്‍പ്പന നടത്തി , അതേസമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 1,532.08 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തിയതായും എൻഎസ്‌ഇ-യുടെ താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) ഇന്നലെ 178.27 കോടി രൂപയുടെ അറ്റവില്‍പ്പന ഇക്വിറ്റികളില്‍ നടത്തി. ഡെറ്റ് വിപണിയില്‍ 19.48 കോടി രൂപയുടെ അറ്റ വാങ്ങലാണ് എഫ്‍പിഐകളില്‍ നിന്ന് ഉണ്ടായത്.

മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം ദവിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം

Tags:    

Similar News