കൂപ്പുകുത്തി ഐടി ഓഹരികൾ; വിപണിക്ക് ആരംഭം ചുവപ്പിൽ
- വിദേശ നിക്ഷേപകരുടെ വില്പന വിപണികളെ ഇടിവിലേക്ക് നയിച്ചു
- നിഫ്റ്റി ഐടി 2.18 ശതമാനം ഇടിഞ്ഞു
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 20 പൈസ കുറഞ്ഞ് 83.33 ലെത്തി
രണ്ടു ദിവസത്തെ നേട്ടത്തിന് ശേഷം ആഭ്യന്തര വിപണികൾ ഇന്ന് വ്യാപാരം ആരംഭിച്ചത് ഇടിവോടെ. ഏഷ്യൻ വിപണികളിലെ ദുർബലമായ പ്രവണത, വിദേശ നിക്ഷേപകരുടെ വില്പന, ഐടി ഓഹരികളുടെ കുത്തനെയുള്ള ഇടിവ് എന്നിവ വിപണികളെ ഇടിവിലേക്ക് നയിച്ചു. സെൻസെക്‌സ് 413.36 പോയിൻ്റ് ഇടിഞ്ഞ് 72,227.83 ലും നിഫ്റ്റി 86.8 പോയിൻ്റ് താഴ്ന്ന് 21,925.15 ലുമാണ് വ്യാപാരം ആരംഭിച്ചത്
സെൻസെക്സിൽ ഭാരത് പെട്രോളിയം, അപ്പോളോ ഹോസ്പിറ്റൽസ്,സിപ്ല, സൺ ഫാർമ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എച്ച്‌സിഎൽ ടെക്‌നോളജീസ്, വിപ്രോ, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ്, എൽടിഐ മൈൻഡ്ട്രീ എന്നിവ ഇടിവിലാണ്.
സെക്ടറൽ സൂചികയിൽ നിഫ്റ്റി ഐടി 2.18 ശതമാനം ഇടിഞ്ഞു. സൂചികയിൽ എല്ലാ ഓഹരികളും ഇടിവിലാണ്. നിഫ്റ്റി റിൽറ്റി, ഫർമാ സൂചികകൾ നേട്ടത്തിലാണ്. സ്‌മോൾ ക്യാപ് ഓഹരികളും ഉയർന്ന നില തുടരുന്നു.
തുടക്ക വ്യാപാരത്തിൽ ബിഎസ്ഇ ഐടി സൂചിക 2.85 ശതമാനം ഇടിഞ്ഞു.
ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ താഴ്ന്ന നിലയിലാണ്, ടോക്കിയോ ഉയർന്നാണ് വ്യാപാരം നടത്തുന്നത്.
വ്യാഴാഴ്ച നേട്ടത്തോടെയാണ് യുഎസ് വിപണികൾ ക്ലോസ് ചെയ്തത്.
“അക്‌സെഞ്ചറിൻ്റെ പുതുക്കിയ വരുമാന പ്രവചനത്തെത്തുടർന്ന് ഐടി ഓഹരികൾ ഇടിഞ്ഞേക്കാം,” മേത്ത ഇക്വിറ്റീസ് ലിമിറ്റഡിൻ്റെ സീനിയർ വിപി (റിസർച്ച്) പ്രശാന്ത് തപ്‌സെ പറഞ്ഞു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 1,826.97 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.71 ശതമാനം ഇടിഞ്ഞ് ബാരലിന് 85.17 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.43 ശതമാനം താഴ്ന്ന് 2175.15 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 20 പൈസ കുറഞ്ഞ് 83.33 ലെത്തി
വ്യാഴാഴ്ച സെൻസെക്സ് 539.50 പോയിൻ്റ് അഥവാ 0.75 ശതമാനം ഉയർന്ന് 72,641.19 ലും നിഫ്റ്റി 172.85 പോയിൻ്റ് അഥവാ 0.79 ശതമാനം ഉയർന്ന് 22,011.95 ലുമാണ് ക്ലോസ് ചെയ്തത്.