ഡോംസ് ഓഹരികൾക്ക് ബംബർ അരങ്ങേറ്റം; 77% പ്രീമിയം
- ഇഷ്യൂ വില 790 രൂപ, ലിസ്റ്റിംഗ് വില 1400 രൂപ
- സ്റ്റേഷനറി ഉൽപ്പന്ന നിർമാതാക്കളാണ് ഡോംസ്
- കമ്പനിയുടെ കീഴിൽ ഏഴു തരം സ്റ്റേഷ്യനറികളുടെ പട്ടികയാണുള്ളത്
സ്റ്റേഷനറി ഉൽപ്പന്ന നിർമാതാക്കളായ ഡോംസ് ഇൻഡസ്ട്രീസ് ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 790 രൂപയിൽ നിന്നും 77.22 ശതമാനം പ്രീമിയത്തോടെ 1400 രൂപയിലായിരുന്നു ലിസ്റ്റിംഗ്. ഓഹരിയൊന്നിന് 610 രൂപയുടെ നേട്ടമാണ് നിക്ഷേപകർക്ക് ലഭിച്ചത്. ഇഷ്യൂ വഴി കമ്പനി 1200 കോടി രൂപ സമാഹരിച്ചു.
ഇഷ്യൂ വഴി ലഭിക്കുന്ന തുക വിവിധ തരത്തിലുള്ള എഴുത്ത് ഉപകരണങ്ങൾ, വാട്ടർ കളർ പേനകൾ, മാർക്കറുകൾ, ഹൈലൈറ്ററുകൾ എന്നിവയുടെ നിർമാണത്തിനായി പുതിയൊരു നിർമാണ യൂണിറ്റ് സൗകര്യം സ്ഥാപിക്കുന്നതിനുള്ള ചെലവ്, മറ്റു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കും.
സന്തോഷ് രസിക്ലാൽ രവേഷിയ, സഞ്ജയ് മൻസുഖ്ലാൽ രജനി, കേതൻ മൻസുഖ്ലാൽ രജനിഎം, ചാന്ദ്നി വിജയ് സോമയ്യ, ഫാബ്രിക്ക ഇറ്റാലിയാന ലാപിസ് എഡ് അഫിനി എസ്പിഎ എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ
സ്റ്റേഷനറി ഉൽപ്പന്നങ്ങളുടെ രൂപകൽപ്പന, വികസിപ്പിക്കൽ, നിർമ്മാണം, വിൽപ്പന നടത്തി വരുന്ന മുൻനിര ബ്രാൻഡാണ് ഡോംസ് ഇൻഡസ്ട്രീസ്. 2023 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് കമ്പനിക്ക് 40-ലധികം രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്.
2023 സാമ്പത്തിക വർഷത്തെ വിറ്റുവരവിൽ, പെൻസിലുകളുടെയും ഗണിത ഇൻസ്ട്രുമെന്റ് ബോക്സുകളുടെയും വില്പനയിൽ കമ്പനിക്ക് യഥാക്രമം 29 ശതമാനവും 30 ശതമാനവും വിപണി വിതമാണ് രേഖപ്പെടുത്തിയത്.
കമ്പനിയുടെ കീഴിൽ ഏഴു തരം സ്റ്റേഷ്യനറികളുടെ പട്ടികയാണുള്ളത്, സ്കോളാസ്റ്റിക് സ്റ്റേഷനറി, സ്കോളാസ്റ്റിക് ആർട്ട് മെറ്റീരിയലുകൾ, പേപ്പർ സ്റ്റേഷനറി, കിറ്റുകളും കോമ്പോസും, ഓഫീസ് സാധനങ്ങൾ, ഹോബിയും കരകൗശലവും, ഫൈൻ ആർട്ട് ഉൽപ്പന്നങ്ങൾ.
ദക്ഷിണേഷ്യയിലെ ഉൽപ്പന്നങ്ങളുടെ വിതരണത്തിനായി കമ്പനിക്ക് ഫില ഗ്രൂപ്പുമായി എക്സ്ക്ലൂസീവ് ടൈ-അപ്പ് ഉണ്ട്.
2023 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് കമ്പനിക്ക് അമേരിക്ക, ആഫ്രിക്ക, ഏഷ്യ പസഫിക്, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമാണുള്ളത്.
2023 മാർച്ച് 31 ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 500.18 ശതമാനം ഉയർന്ന് 102.87 കോടി രൂപയായി രേഖപ്പെടുത്തി. വരുമാനം മുൻ വർഷത്തെ ഇതേ കാലയളവിനേക്കാളും 77.28 ശതമാനം വർദ്ധിച്ച് 1,216.52 കോടി രൂപയിലെത്തി.