പോയ വാരം; അനിശ്ചിതത്വത്തില്‍ ആഭ്യന്തര വിപണി
- നിഫ്റ്റി പോയ വാരത്തിൽ വ്യാപാരം അവസാനിപ്പിച്ചത് 0.50 ശതമാനത്തിന്റെ ഇടിവിൽ
- കഴിഞ്ഞ വാരത്തിൽ സെൻസെക്സ് 376.79 പോയിന്റ് ഇടിവ് രേഖപ്പെടുത്തി
- തുടര്‍ച്ചയായ രണ്ടാം വാരവും ക്രൂഡ് വില ഉയർന്നു
ആഭ്യന്തര ഓഹരി വിപണി സൂചികകൾ സർവകാല ഉയരം തൊട്ട വാരമാണ് കടന്നുപോയത്. നിക്ഷേപകരെ അമ്പരിപ്പിച്ച് അപ്രതീക്ഷിത ഇടിവിനും പോയ വാരം സാക്ഷ്യം വഹിച്ചു. തുടർച്ചയായി ഏഴു ആഴ്ച്ചകളിൽ,നേട്ടം നൽകിയ ബെഞ്ച് മാർക്ക് സൂചികകൾ പോയ വാരത്തിൽ ഇടിവിലേക്ക് നീങ്ങി. വാരാദ്യം നേട്ടത്തിൽ തന്നെ തുടങ്ങിയ വ്യാപാരം ബെഞ്ച് മാർക്ക് സൂചികകളെ എക്കാലത്തെയും ഉയർന്ന പോയിന്റിൽ എത്തിച്ചിരുന്നു. ഡിസംബർ 20-ലെ ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തിലായിരുന്നു പ്രധാന സൂചികകളെല്ലാം ഇടിവിലേക്ക് നീങ്ങിയത്. പിന്നീട് സൂചികളെല്ലാം നേട്ടത്തിലേക് തിരികെ കയറി.
പ്രധാനപ്പെട്ട സെക്ടറൽ സൂചികകകളിലെ പ്രതിവാര ഇടിവ് ഒന്ന് മുതൽ ഒന്നര ശതമാനത്തോളമാണ്. ഓയിൽ ആൻഡ് ഗ്യാസ്, എനർജി, ഹെൽത്ത് കെയർ, എഫ്എംസിജി, ഫർമാ എന്നീ സൂചികകൾ പോയ വാരത്തിൽ നേട്ടമുണ്ടാക്കി.
നിഫ്റ്റി
തുടർച്ചയായി ഏഴു ആഴ്‌ചകൾ നേട്ടം നൽകിയ ബെച്മാർക് സൂചികയായ നിഫ്റ്റി പോയ വാരത്തിൽ വ്യാപാരം അവസാനിപ്പിച്ചത് 0.50 ശതമാനത്തിന്റെ ഇടിവിലാണ്. തിങ്കളാഴ്‌ച 21434.80 പോയിന്റിൽ വ്യാപാരം ആരംഭിച്ച സൂചിക 107.25 പോയിന്റ് ഇടിവോടെ 20976.80 പോയിന്റിലാണ് ക്ലോസ് ചെയ്തത്. വാരത്തിലെ ഏറ്റവും ഉയർന്ന ലെവൽ 21593 പോയിന്റും താഴ്ന്നത് 20976.80 പോയിന്റുമാണ്. മാസത്തിൽ സൂചിക ഉയർന്നത് 6.04 ശതമാനം അഥവാ 1216.25 പോയിന്റുകൾ.
1.63 ശതമാനം ഉയർന്ന എഫ്എംസിജി സൂചികയാണ് പോയ വാരത്തിൽ കൂടുതൽ നേട്ടം നൽകിയത്. നിഫ്റ്റി ഫർമാ 1.33 ശതമാനവും നിഫ്റ്റി എനർജി 0.70 ശതമാനവും സ്‌മോൾ ക്യാപ് 50 സൂചിക 0.25 ശതമാനവും നേട്ടമാണ് പോയ വാരത്തിൽ രേഖപ്പെടുത്തിയത്.
നിഫ്റ്റി ഓട്ടോ, ബാങ്ക്, മെറ്റൽ, റീൽറ്റി, മിഡ്ക്യാപ് 50, 150 എന്നീ സൂചികകൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞു, നിഫ്റ്റി ഐടി, പിഎസ്ഇ, സ്‌മോൾ ക്യാപ് 250, 100 എന്നീ സൂചികകൾ ഒരു ശതമാനത്തിൽ താഴെയും ഇടിവ് രേഖപ്പെടുത്തി.
സെൻസെക്സ്
തിങ്കളാഴ്ച്ച 71437.35 പോയിന്റിൽ വ്യാപാരം ആരംഭിച്ച ബെഞ്ച് മാർക്ക് സൂചിക സെൻസെക്സ് 0.53 ശതമത്തിന്റെ (376.79 പോയിന്റ്) ഇടിവിൽ 71106.96 പോയിന്റിലാണ് വ്യാപാരം നിർത്തിയത്. വാരത്തിലെ ഉയർന്ന വില 71913.07 പോയിന്റും താഴ്ന്നത് 69920.39 പോയിന്റുമാണ്. ഒരു മാസത്തെ കാലയളവിൽ സൂചിക ഉയർന്നത് 6.15 ശതമാനം അഥവാ 4118.52 പോയിന്റ്.
ബിഎസ്ഇ എനർജി സൂചികയാണ് പോയ വാരത്തിൽ മികച്ച നേട്ടം നൽകിയത്. സൂചിക 1.92 ശതമാനം ഉയർന്നു. കൺസ്യൂമർ ഡ്യൂറബിൾസ് 1.43 ശതമാനവും ഹെൽത്ത് കെയർ 1.09 ശതമാനവും ഓയിൽ ആൻഡ് ഗ്യാസ് സൂചിക 0.66 ശതമാനവും ഉയർന്നു.
ബിഎസ്ഇ ഓട്ടോ, പവർ, ടെലികോം, മിഡ് ക്യാപ് സൂചികകൾ ഒന്നര ശതമാനത്തോളം ഇടിഞ്ഞു. ബിഎസ്ഇ റീൽറ്റി, ഐടി, ഓൾ ക്യാപ് എന്നീ സൂചികകൾ ഒരു ശതമാനത്തിൽ താഴെ ഇടിവ് രേഖപ്പെടുത്തി.
വിദേശ നിക്ഷേപകർ
ആഗോള മേഖലയിലെ അനുകൂല ചലനങ്ങളുടെയും ആഭ്യന്തര സാമ്പത്തിക വളർച്ചയുടെയും കരുത്തിൽ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് തുടരുകയാണ്. പോയ വാരത്തിൽ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) 6,422.24 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതോടെ നെറ്റ് വില്പനക്കാരായി ഇവർ മാറി. ഇതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 9,093.99 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഡിസംബർ ഇതുവരെ എഫ്ഐഐകൾ 23,310.82 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ഡിഐഐകൾ 12,276.19 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.
ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറയുന്നു: കഴിഞ്ഞ മൂന്ന് മാസങ്ങളിൽ നെഗറ്റീവ് ആയിരുന്ന എഫ്പിഐ നിക്ഷേപം ഡിസംബറിൽ കുത്തനെ പോസിറ്റീവായി. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ വഴിയും പ്രൈമറി മാർക്കറ്റ് വഴിയും നടത്തിയ വാങ്ങലുകൾ ഉൾപ്പെടെ ഡിസംബർ മുതൽ 22 വരെയുള്ള എഫ്‌പിഐ നിക്ഷേപം 57313 കോടി രൂപയാണ്. (ഉറവിടം: NSDL). യു.എസ്. ബോണ്ട് യീൽഡിലെ സ്ഥിരമായ ഇടിവ് എഫ്.പി.ഐകളുടെ തന്ത്രത്തിൽ പെട്ടെന്നുള്ള ഈ മാറ്റത്തിന് കാരണമായി.
സാമ്പത്തിക സേവനങ്ങളിൽ എഫ്പിഐകൾ വലിയ വാങ്ങലുകാരായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ഈ സെഗ്‌മെന്റിന്റെ പ്രതിരോധശേഷി ഇത് വിശദീകരിക്കുന്നു. ഓട്ടോ, ക്യാപിറ്റൽ ഗുഡ്സ്, ടെലികോം തുടങ്ങിയ മേഖലകളിലും എഫ്പിഐകൾ വാങ്ങി.
2024-ൽ യുഎസ് പലിശനിരക്കിൽ കൂടുതൽ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, എഫ്പിഐകൾ 2024-ലും അവരുടെ വാങ്ങലുകൾ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.
ആഗോള വിപണി
ബ്രിട്ടന്‍ ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ പണപ്പെരുപ്പ കണക്കുകളായിരുന്നു യൂറോപ്യന്‍ വിപണികള്‍ക്ക് ആശ്വാസമായത്. നേരിയ തോതിലെങ്കിലും പണപ്പെരുപ്പം കുറയുന്നതും ഉല്‍പ്പാദന രംഗത്തെ ഉണര്‍വും വിപണികള്‍ക്ക് അനുകൂലമായി. പ്രതിവാര കണക്കുകള്‍ പരിശോധിക്കുമ്പോള്‍ യൂറോപ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണമാണ് നടത്തിയത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ ഉള്‍പ്പെടെ നിരക്ക് കുറക്കുന്നതിന്റെ സാധ്യതകള്‍ സൂചിപ്പിക്കാത്തതാണ് വലിയ തോതിലുള്ള മുന്നേറ്റം സൃഷ്ടിക്കാത്തതിന്റെ കാരണം.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാന വാരത്തിലേക്ക് കടക്കുയാണ് അമേരിക്കന്‍ വിപണി. 2023 സാമ്പത്തിക വര്‍ഷം അമേരിക്കന്‍ വിപണിയുടെയും സമ്പദ് വ്യവസ്ഥയയുടെയും ചരിത്രത്തില്‍ എക്കാലവും ഇടം പിടിക്കുമെന്നതില്‍ സംശയമില്ല. 2008 പോലെയുള്ള വലിയ ഒരു സാമ്പത്തിക മാന്ദ്യമായിരിക്കും 2023ലും സംഭവിക്കുക എന്ന് പ്രതീക്ഷിച്ചിരുന്നിടത്താണ് അമേരിക്കന്‍ സമ്പദ് വ്യവസ്ഥ കുതിച്ചുയരുന്നത്.
ക്രിസ്മസ് സമ്മാനം പോലെ ഡോവിഷ് സ്റ്റാന്‍സ് സ്വീകരിക്കുന്നു എന്ന ഫെഡ് തീരുമാനം വലിയ ഒരു റാലിക്കായിരുന്നു തുടക്കം കുറിച്ചത്. ഈ വാരം അവസാനിക്കുമ്പോള്‍ നാസ്ഡാക് ഉള്‍പ്പെടയുള്ള പല സൂചികകളും പുതിയ ഉയരങ്ങള്‍ സൃഷ്ടിച്ചു കൊണ്ടാണ് മുന്നേറിയത്. അതിനോടൊപ്പം വിപണികള്‍ പ്രോഫിറ്റ് ബുക്കിങ്ങിനും സാക്ഷ്യം വഹിച്ചിരുന്നു.
ഉയരത്തിൽ ക്രൂഡ്
തുടര്‍ച്ചയായ രണ്ടാം വാരവും ക്രൂഡ് വിലയിൽ കുതിപ്പാണ് കാണാന്‍ സാധിച്ചത്. രണ്ട് ശതമാനത്തോളം ഉയര്‍ച്ചയാണ് പോയവാരം ക്രൂഡ് രേഖപ്പെടുത്തിയത്. യുഎസ് ക്രൂഡ് ഇന്‍വെന്‍ട്രിസിലും കുതിപ്പുണ്ടായി. എന്നാല്‍ എണ്ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ഇതിന് പ്രധാന കാരണം ജിയോ പൊളിറ്റിക്കല്‍ ആശങ്കകളാണ്. ചെങ്കടലിലെ ഹൂതികളുടെ ആക്രമണം സീയുസ് കനാല്‍ വഴിയുള്ള കപ്പല്‍ ഗതാഗതത്തിന് തടസം സൃഷ്ടിച്ചിട്ടുണ്ട്. എണ്ണ അടക്കമുള്ള ചരക്കുനീക്കത്തെ ഇത് ബാധിക്കാം. ആക്രമണം തുടര്‍ന്നാല്‍ എണ്ണവിലയിലെ ചാഞ്ചാട്ടം വരുന്ന വാരവും തുടർന്നേക്കും.
എണ്ണവിലയെ സ്വാധിനിച്ച മറ്റൊരു ഘടകം ഒപെക്കിൽ നിന്ന് അംഗോള വിട്ട് പോയേക്കാം എന്നതാണ്. ഇതോടെ എണ്ണ ഉല്‍പ്പാദനത്തില്‍ കുറവ് വരുത്താനുള്ള നീക്കത്തിന് തിരിച്ചടിയുണ്ടാവുമെന്ന അഭ്യൂഹം തുടരുന്നു.
നേട്ടം വിടാതെ സ്വർണം
ട്രായ് ഔണ്‍സിന് 2000 ഡോളറിന് മുകളിലാണ് കഴിഞ്ഞ വാരം സ്വര്‍ണം വ്യാപാരം നടന്നത്. മാര്‍ച്ച് 2024ല്‍ ഫെഡ് നിരക്ക് കുറയ്ക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് ഈ ബുള്ളിഷ് ട്രെന്‍ഡിന് പിന്നില്‍. 2024ല്‍ സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഇടിവിൽ രൂപ
രൂപ ദുര്‍ബലമായി തുടരുകയാണ്. ഒക്ടോബര്‍ 22 മുതല്‍ ഈ പ്രവണത തുടര്‍ന്ന് വരികയാണ്. ഡിസംബർ 15ന് അവസാനിച്ച വാരത്തിൽ രൂപ 83ന് ക്ലോസ് ചെയ്തപ്പോൾ ഡിസംബർ 22ന് അവസാനിച്ച ആഴ്ചയിൽ 83.15 ലാണ് രൂപ ക്ലോസ് ചെയ്തത്.