കരകയറാനാവാതെ ആഭ്യന്തര വിപണി; സൂചികകൾ ചാഞ്ചാട്ടം തുടരുന്നു

  • തുടർച്ചയായി അഞ്ചാം ദിവസമാണ് വിപണി ചുവപ്പിൽ ആരംഭിക്കുന്നത്
  • മിഡ്, സ്മോൾക്യാപ് സൂചികകളും യഥാക്രമം 0.7, 0.2 ശതമാനം ഇടിഞ്ഞു
  • ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിൽ

Update: 2024-07-25 05:00 GMT

ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നഷ്ടത്തിലാണ്. തുടർച്ചയായി അഞ്ചാം ദിവസമാണ് വിപണി ചുവപ്പിൽ ആരംഭിക്കുന്നത്. ആഗോള വിപണികളിലെ കുത്തനെയുള്ള ഇടിവ് ആഭ്യന്തര സൂചികകളെയും ബാധിച്ചു. 

2024-25 ലെ ബജറ്റിലെ സെക്യൂരിറ്റീസ് ഇടപാട് നികുതിയും ഹ്രസ്വകാല മൂലധന നേട്ട നികുതിയും വർധിപ്പിക്കുമെന്ന പ്രഖ്യാപനം, കനത്ത വിദേശ ഫണ്ട് ഒഴുക്ക്, റെക്കോർഡ് റാലിക്ക് ശേഷമുള്ള ലാഭമെടുപ്പ് എന്നിവയും ഇൻട്രാഡേ വ്യാപാരത്തിൽ വിപണിയെ പ്രതികൂലമായി ബാധിച്ചു.

സെൻസെക്‌സ് 671 പോയിൻ്റ് ഇടിഞ്ഞ് 79,477.83 ലും നിഫ്റ്റി 202.7 പോയിൻ്റ് താഴ്ന്ന് 24,210.80 ലുമാണ് വ്യാപാരം ആരംഭിച്ചത്.

മിക്ക സെക്ടറൽ സൂചികകളും ചുവപ്പിലാണ്. നിഫ്റ്റി ബാങ്കും മെറ്റലും ഏറ്റവും വലിയ ഇടിവ് നേരിട്ടു. സൂചികകൾ ഓരോ ശതമാനം ഇടിഞ്ഞു. ആക്സിസ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ സൂചികയുടെ ഇടിവിന് കാരണമായി. നിഫ്റ്റി പവർ, റിയൽറ്റി, ഐടി എന്നീ സൂചികകളും ഒരു ശതമാനത്തോളം ഇടിഞ്ഞു.

എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, ടാറ്റ മോട്ടോഴ്‌സ്, എൽ ആൻഡ് ടി, നെസ്‌ലെ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി. ആക്‌സിസ് ബാങ്ക്, ഹിൻഡാൽകോ, കോൾ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ ഇടിവിലാണ്.

മിഡ്, സ്മോൾക്യാപ് സൂചികകളും യഥാക്രമം 0.7, 0.2 ശതമാനം ഇടിഞ്ഞു. അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് സൂചിക 2.4 ശതമാനം ഉയർന്ന് 12-ൽ എത്തി.

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 83.72ൽ എത്തി.

ആക്‌സിസ് ബാങ്ക് ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഇൻട്രാഡേ വ്യാപാരത്തിൽ 6 ശതമനാമത്തോളം ഇടിഞ്ഞ ഓഹരികൾ 1,158.80 രൂപയിൽ വ്യാപാരം തുടരുന്നു. ഏപ്രിൽ-ജൂൺ പാദഫലങ്ങൾ റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് ഓഹരികൾ ഇടിഞ്ഞത്. ഈ കാലയളവിലെ ബാങ്കിന്റെ മോശമായ ആസ്തി നിലവാരം പാദഫലങ്ങൾ ഉയർത്തിക്കാട്ടി.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ബുധനാഴ്ച യുഎസ് വിപണികളിൽ വൻ ഇടിവ് ദൃശ്യമായിരുന്നു.

"നാസ്ഡാക്കിൽ 3.64 ശതമാനം ഇടിവുണ്ടായതോടെ ആഗോള സൂചനകൾ മന്ദഗതിയിലായി. ഇത് 2024 ലെ ഏറ്റവും വലിയ ഇടിവാണ്. ടെക് ഓഹരികൾ പ്രതീക്ഷിച്ചതിലും മോശമായ ഫലങ്ങൾ നൽകിയത് വിൽപ്പനയുടെ ആഘാതം ഉയർത്തി. 

“ഇന്ത്യയിലും, മൂലധന നേട്ട നികുതി ഉയർത്താനുള്ള ബജറ്റ് നിർദ്ദേശങ്ങൾ പ്രതികൂലമായി മാറിയിരിക്കുന്നു,” ജിയോജിത് ഫിനാൻഷ്യൽ സർവീസസിൻ്റെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 5,130.90 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.76 ശതമാനം ഇടിഞ്ഞ് ബാരലിന് 81.09 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 1.68 ശതമാനം താഴ്ന്ന് 2375 ഡോളറിലെത്തി.

Tags:    

Similar News