നേട്ടം വിടാതെ ആഭ്യന്തര വിപണി; പുതിയ ഉയരം തൊട്ട് സെൻസെക്സും നിഫ്റ്റിയും
- തുടർച്ചയായി നാലാം ദിവസമാണ് സൂചികകൾ നേട്ടത്തോടെ വ്യാപാരം ആരംഭിക്കുന്നത്
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഉയർന്ന് 83.49 എത്തി
- ഇന്ത്യ വിക്സ് സൂചിക 0.6 ശതമാനം ഉയർന്ന് 14 എത്തി.
അഭ്യന്തര സൂചികകൾ ഇന്ന് വ്യപാരം ആരംഭിച്ചത് നേട്ടത്തോടെയാണ്. ആദ്യഘട്ട വ്യാപാരത്തിൽ സെൻസെക്‌സും നിഫ്റ്റിയും പുതിയ ഉയരങ്ങളിലെത്തി. തുടർച്ചയായി നാലാം ദിവസമാണ് സൂചികകൾ നേട്ടത്തോടെ വ്യാപാരം ആരംഭിക്കുന്നത്. ഏഷ്യൻ വിപണികളിൽ നിന്നുള്ള ദുർബലമായ പ്രവണതകളും വിദേശ നിക്ഷേപകരുടെ വില്പനയും കണക്കിലെടുത്ത് തുടർന്നുള്ള വ്യാപാരത്തിൽ വിപണിയിൽ ചാഞ്ചാട്ടം വ്യക്തമാണ്.
സെൻസെക്‌സ് 255 പോയിൻ്റ് അഥവാ 0.33 ശതമാനം ഉയർന്ന് 78,930ലും നിഫ്റ്റി 69 പോയിൻ്റ് അഥവാ 0.29 ശതമാനം ഉയർന്ന് 23,938ലും എത്തി. ഏകദേശം 1,847 ഓഹരികൾ നേട്ടത്തിലാണ്. 1,237 ഓഹരികൾ ഇടിവിലാണ്.105 ഓഹരികൾ മാറ്റമില്ലാദി തുടരുന്നു.
സെക്ടറൽ സൂചികകളിൽ ഹിന്ദുസ്ഥാൻ സിങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ എന്നിവയുടെ നേട്ടത്തിൽ നിഫ്റ്റി മെറ്റൽ സൂചിക ഉയർന്നു. നിഫ്റ്റി റിയൽറ്റി, നിഫ്റ്റി മീഡിയ സൂചികകൾ 0.6 ശതമാനം വരെ ഉയർന്നു. നിഫ്റ്റി ഐടി, നിഫ്റ്റി ഓട്ടോ, ബാങ്ക് നിഫ്റ്റി സൂചികകൾ 0.6 ശതമാനം വരെ ഇടിഞ്ഞു. അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് സൂചിക 0.6 ശതമാനം ഉയർന്ന് 14 എത്തി.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ബുധനാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 3,535.43 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.21 ശതമാനം കുറഞ്ഞ് ബാരലിന് 85.07 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് നേരിയ ഇടിവിൽ 2310 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഉയർന്ന് 83.49 എത്തി.
ബുധനാഴ്ച സെൻസെക്‌സ് 620.73 പോയിൻ്റ് അഥവാ 0.80 ശതമാനം ഉയർന്ന് 78,674.25 ലും നിഫ്റ്റി 147.50 പോയിൻ്റ് അഥവാ 0.62 ശതമാനം ഉയർന്ന് 23,868.80 ലുമാണ് ക്ലോസ് ചെയ്തത്.