വിപണിക്കിന്ന് ദുഃഖ വെള്ളി; സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞത് ഒരു ശതമാനത്തോളം

  • സെക്ടറുകളിലുടനീളമുള്ള ലാഭമെടുപ്പ് വിപണിയെ വലച്ചു
  • നിഫ്റ്റി മെറ്റൽ ഒഴികെയുള്ള എല്ലാ സൂചികകളും വ്യാപാരവസാനം ചുവപ്പണിഞ്ഞു
  • ബ്രെൻ്റ് ക്രൂഡ് 0.06 ശതമാനം ഇടിഞ്ഞ് ബാരലിന് 83.62 ഡോളറിലെത്തി

Update: 2024-05-03 11:09 GMT

തുടക്ക വ്യാപാരത്തിലെ നേട്ടം നിലനിർത്താനാവാതെ ആഭ്യന്തര സൂചികകൾ വ്യാപാരം അവസാനിപ്പിച്ചത് ചുവപ്പിൽ. സെക്ടറുകളിലുടനീളമുള്ള ലാഭമെടുപ്പ് വിപണിയെ വലച്ചു. ഹെവിവെയ്റ്റ് ഓഹരികളിലെ കുത്തനെയുള്ള ഇടിവും സൂചികകളെ തളർത്തി. 

സെൻസെക്‌സ് 732.96 പോയിൻ്റ് അഥവാ 0.98 ശതമാനം താഴ്ന്ന് 73,878.15 ലും നിഫ്റ്റി 172.35 പോയിൻ്റ് അഥവാ 0.76 ശതമാനം താഴ്ന്ന് 22,475.85 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 1,053 ഓഹരികൾ നേട്ടത്തോടെ ക്ലോസ് ചെയ്തപ്പോൾ 2,197 ഓഹരികൾ ഇടിഞ്ഞു, 79 ഓഹരികൾക്ക് മാറ്റമില്ലതെ തുടർന്നു.

നിഫ്റ്റിയിൽ കോൾ ഇന്ത്യ, ഗ്രാസിം ഇൻഡസ്ട്രീസ്, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ്, അപ്പോളോ ഹോസ്പിറ്റൽസ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ബജാജ് ഫിനാൻസ് എന്നീ ഓഹരികൾ നേട്ടത്തോടെ വ്യപാരം അവസാനിപ്പിച്ചപ്പോൾ ലാർസൻ ആൻഡ് ടൂബ്രോ, മാരുതി സുസുക്കി, റിലയൻസ് ഇൻഡസ്ട്രീസ്, നെസ്‌ലെ ഇന്ത്യ, ഭാരതി എയർടെൽ, എച്ച്‌ഡിഎഫ്‌സി ലൈഫ് തുടങ്ങിയ ഓഹരികൾ ഇടിവിലാണ്.

നിഫ്റ്റി മെറ്റൽ ഒഴികെയുള്ള എല്ലാ സൂചികകളും വ്യാപാരവസാനം ചുവപ്പണിഞ്ഞു. നിഫ്റ്റി ക്യാപിറ്റൽ ഗുഡ്‌സ്, റിയൽറ്റി, ടെലികോം, പിഎസ്‌യു ബാങ്ക് എന്നിവ ഒരു ശതമാനം വീതം ഇടിഞ്ഞു. ഓയിൽ ആൻഡ് ഗ്യാസ്, ഓട്ടോ, ഇൻഫർമേഷൻ ടെക്‌നോളജി, മീഡിയ എന്നിവ 0.5 ശതമാനം വീതം ഇടിഞ്ഞു. അസ്ഥിരതാ അളക്കുന്ന ഇന്ത്യ വിക്സ് 10 ശതമാനം ഉയർന്ന് 14.84 ൽ എത്തി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.21 ശതമാനവും സ്മോൾക്യാപ് സൂചിക 0.55 ശതമാനം ഇടിഞ്ഞു. 

ഏഷ്യൻ വിപണികളിൽ, ഹോങ്കോംഗ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ സിയോൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ടോക്കിയോ, ഷാങ്ഹായി വിപണികൾക്ക് ഇന്ന് അവധിയായിരുന്നു. യൂറോപ്യൻ വിപണികൾ പച്ചയിലാണ് വ്യാപാരം നടത്തുന്നത്. വ്യാഴാഴ്ച നേട്ടത്തോടെയാണ് യുഎസ് വിപണികളിൽ വ്യപാരം അവസാനിച്ചത്.

ബ്രെൻ്റ് ക്രൂഡ് 0.06 ശതമാനം ഇടിഞ്ഞ് ബാരലിന് 83.62 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 964.47 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വർണം ട്രോയ് ഔൺസിന് 0.11 ശതമാനം താഴ്ന്ന് 2307 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഉയർന്ന് 83.43 ലെത്തി.

വ്യാഴാഴ്ച സെൻസെക്സ് 128.33 പോയിൻ്റ് അഥവാ 0.17 ശതമാനം ഉയർന്ന് 74,611.11 ലും നിഫ്റ്റി 43.35 പോയിൻ്റ് അഥവാ 0.19 ശതമാനം ഉയർന്ന് 22,648.20 ലുമാണ് ക്ലോസ് ചെയ്തത്.

Tags:    

Similar News