യുഎസ് സ്‍റ്റോക്ക് ഫ്യൂച്ചറുകള്‍ ഇടിവില്‍, ക്രൂഡ് വില താഴ്ന്നു; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
- യുഎസ് ക്രെഡിറ്റ് വീക്ഷണം നെഗറ്റിവിലേക്ക് താഴ്ത്തി മൂഡിസ്
- മുഹൂര്‍ത്ത വ്യാപാരത്തില്‍ മികച്ച നേട്ടവുമായി സംവത് 2080ന് തുടക്കം
- ഏഷ്യ-പസഫിക് വിപണികള്‍ സമ്മിശ്രമായ തലത്തില്‍
ശുഭകരമായി സംവത് 2080ന് ഓഹരി വിപണികളില്‍ തുടക്കമായിരിക്കുകയാണ്. ദീപാവലി ദിവസമായ ഇന്നലെ നടന്ന ഒരു മണിക്കൂര്‍ പ്രത്യേക വ്യാപാരത്തിൽ സെൻസെക്സ് 354 .77 (0 .55 %) പോയിന്റ് ഉയർന്നു 65 ,259 .451 ൽ എത്തിയപ്പോൾ, നിഫ്റ്റി 100 .20 (0 .52 %) പോയിന്റ് നേട്ടത്തിൽ 19,525 .5ൽ എത്തി. പോസിറ്റിവ് ചായ്‌വോടു കൂടിയ കണ്‍സോളിഡേഷന്‍ വിപണികളില്‍ ഈ വാരത്തിലും തുടരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
"സംവത് 2080 ൽ ഇന്ത്യ തിളങ്ങുന്നത് തുടരുമെന്നും വിപണികൾ അതിന്റെ മികച്ച പ്രകടനം നിലനിർത്തുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. അടുത്ത രണ്ട് പാദങ്ങളിൽ, മൊത്തത്തിലുള്ള വിപണി മുന്നേറ്റത്തിനൊപ്പം സെക്ടർ റൊട്ടേഷൻ ഒരു പ്രധാന ഘടകമായിരിക്കും," മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ എംഡിയും സിഇഒയുമായ മോത്തിലാൽ ഓസ്വാൾ പറഞ്ഞു.
യുഎസിന്‍റെ ക്രെഡിറ്റ് റേറ്റിംഗിനെ കുറിച്ചുള്ള വീക്ഷണം മൂഡിസ് നെഗറ്റിവ് എന്നതിലേക്ക് താഴ്ത്തിയിട്ടുണ്ട്. ഇത് ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുടെ വായ്പാ ശേഷിയെ കുറിച്ച് ആശങ്കയുണര്‍ത്തിയിട്ടുണ്ട്. യുഎസിലെ ഉപഭോക്തൃ ആത്മ വിശ്വാസ സൂചിക നവംബറില്‍ തുടര്‍ച്ചയായ നാലാം മാസവും ഇടിഞ്ഞ് 60.3 ല്‍ എത്തി. ഈ വര്‍ഷം മേയിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
നിഫ്റ്റി 19,355-ലും തുടർന്ന് 19,327-ലും 19,280-ലും പിന്തുണ നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉയര്‍ച്ചയുടെ സാഹചര്യത്തില്‍ 19,449 പെട്ടെന്നുള്ള പ്രതിരോധം ആകാം, തുടർന്ന് 19,477ഉം 19,524ഉം.
ആഗോള വിപണികളില്‍ ഇന്ന്
മൂഡീസ് ഇൻവെസ്റ്റേഴ്‌സ് സർവീസിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ താഴ്ന്നു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് ഫ്യൂച്ചറുകൾ 54 പോയിന്റ് അഥവാ 0.1 ശതമാനം ഇടിഞ്ഞു. എസ്&പി 500, നാസ്‍ഡാഖ്-100 എന്നിവയുമായി ബന്ധപ്പെട്ട ഫ്യൂച്ചറുകള്‍ 0.2 ശതമാനം വീതം ഇടിഞ്ഞു.
വെള്ളിയാഴ്ച യുഎസ് വിപണികള്‍ മികച്ച നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്. ഡൗ ജോണ്‍സ് ഇൻഡസ്ട്രിയൽ 1.15 ശതമാനം, എസ് & പി 1.56 ശതമാനം, നാസ്ഡാക്ക് 2.05 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി. യൂറോപ്യന്‍ വിപണികള്‍ പൊതുവില്‍ നഷ്ടത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യ-പസഫിക് വിപണികളില്‍ ഇന്ന് സമ്മിശ്രമായ തലത്തിലാണ്. ജപ്പാന്റെ നിക്കിയും ടോപിക്സും, ദക്ഷിണ കൊറിയയുടെ കോസ്‌പിയും കോസ്‌ഡാക്കും, ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് തുടങ്ങിയ സൂചികകള്‍ നേട്ടത്തിലാണ്. ഉയർന്നു. ഓസ്‌ട്രേലിയയിലെ എസ്&പി/എഎസ്എക്സ്, ചൈനയിലെ ഷാങ്ഹായ് എന്നിവ ഇടിവ് പ്രകടമാക്കുന്നു.
ഗിഫ്റ്റ് നിഫ്റ്റി 21 പോയിന്‍റ് നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെ പോസിറ്റിവ് തുടക്കത്തെയാണ് ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നത്.
ഇന്ന് ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍
പ്രോട്ടീന്‍ ഇഗവ് ടെക്നോളീസ്: മുംബൈ ആസ്ഥാനമായുള്ള ഇ-ഗവേണൻസ് സൊല്യൂഷൻസ് കമ്പനി പ്രോട്ടീന്‍ ഇഗവ് ടെക്നോളീസ് ഇന്ന് ഓഹരി വിപണികളിൽ അരങ്ങേറ്റം കുറിക്കുന്നു. നവംബർ 6-8 കാലയളവിൽ നടന്ന 490 കോടി രൂപയുടെ ഐപിഒയില്‍ 23.86 മടങ്ങ് സബ്‌സ്‌ക്രിപ്‌ഷൻ ഉണ്ടായി. ഐപിഒ വിലയായ 792 രൂപയെ അപേക്ഷിച്ച് ഗ്രേ മാർക്കറ്റ് നിക്ഷേപകർ അതിന്റെ ഓഹരി വിലയ്ക്ക് 10 ശതമാനം പ്രീമിയം നൽകിയെന്ന് അനലിസ്റ്റുകൾ വ്യക്തമാക്കുന്നു.
കോൾ ഇന്ത്യ: രാജ്യത്തെ ഏറ്റവും വലിയ കൽക്കരി വിതരണക്കാരായ കമ്പനി സെപ്തംബർ പാദത്തിൽ വരുമാനത്തിൽ 9.85% വർധനയും ലാഭത്തിൽ 12.51 ശതമാനം വർധനയും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം കോൾ ഇന്ത്യയുടെ പ്രവർത്തന വരുമാനം മുന്‍ പാദത്തെ അപേക്ഷിച്ച് 25.78 ശതമാനം ഇടിവ് രേഖപ്പെടുത്തി.
എല്‍ഐസി: രണ്ടാം പാദത്തിലെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 9.2% കുറഞ്ഞു, ലാഭത്തില്‍ 49.35 ശതമാനം കുറവുണ്ടായി. മുൻ പാദത്തെ അപേക്ഷിച്ച് വരുമാനത്തിൽ 6.85 ശതമാനം വളർച്ചയും ലാഭത്തിൽ 16.65 ശതമാനം കുറവും ഉണ്ടായി. ചെലവുകൾ മുന്‍പാദത്തെ അപേക്ഷിച്ച് 55.58 ശതമാനം ഉയർന്നു, വാര്‍ഷികാടിസ്ഥാനത്തില്‍ 41.47 ശതമാനം കുറഞ്ഞു.
ഐഷർ മോട്ടോഴ്‌സ്: റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ നിർമ്മാതാവിന്‍റെ സെപ്റ്റംബർ പാദത്തിലെ അറ്റാദായം 54.7 ശതമാനം വാര്‍ഷിക വര്‍ധനയോടെ 1,016 കോടി രൂപയായി. പ്രീമിയം മോട്ടോർസൈക്കിളുകളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡാണ് ഇതു കാണിക്കുന്നത്.
ഒഎന്‍ജിസി: ജൂലൈ-സെപ്റ്റംബർ പാദത്തില്‍ ഒഎൻജിസിയുടെ ഏകീകൃത അറ്റാദായം 142 ശതമാനം വർധിച്ച് 16,553 കോടി രൂപയായി, പ്രവർത്തന വരുമാനം 146,873.73 കോടി രൂപയായി ഉയർന്നു, മുൻ വർഷം സമാന പാദത്തില്‍ ഇത് 68,656.12 കോടി രൂപയായിരുന്നു.
ബയോകോൺ: രണ്ടാം പാദത്തില്‍ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 49.26 ശതമാനം ഉയര്‍ന്നു. ലാഭം 167.8% വളർച്ച നേടി. മുൻ പാദവുമായി താരതമ്യത്തില്‍ വരുമാനം 1.16 ശതമാനവും ലാഭം, 23.87 ശതമാനവും വളർച്ച നേടി.
സെയിൽ: സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 13.2 ശതമാനം വർദ്ധിച്ചു. ലാഭം 1305.59 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ 329.36 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത് എന്നത് ശ്രദ്ധേയമാണ്. മുൻ പാദത്തെ അപേക്ഷിച്ച് വരുമാനത്തിൽ 21.98 ശതമാനം വളർച്ചയുണ്ടായി.
താഴേക്ക് വഴുതി ക്രൂഡ് ഓയില്‍
യുഎസിലെയും ചൈനയിലെയും ഡിമാൻഡ് കുറയുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ക്രൂഡ്ഓയില്‍ വിപണിയെ തളർത്തി.തിങ്കളാഴ്ചയിലെ വ്യാപാരത്തില്‍ ജനുവരി ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ ബാരലിന് 35 സെന്റ് അഥവാ 0.4 ശതമാനം കുറഞ്ഞ് 81.08 ഡോളറായി. ഡിസംബറിലെ യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് ഫ്യൂച്ചറുകൾ 35 സെൻറ് അഥവാ 0.5 ശതമാനം ഇടിഞ്ഞ് 76.82 ഡോളറായി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച 261.81 കോടി രൂപയുടെ അറ്റ വില്‍പ്പന ഓഹരികളില്‍ നടത്തിയപ്പോള്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 822.64 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം