പച്ച പുതച്ച് ദലാൽ തെരുവ്; കുതിപ്പ് തുടർന്ന് സൂചികകൾ
- 13 സെക്ടറൽ സൂചികകളിൽ എഫ്എംസിജി സൂചിക മാത്രമാണ് നഷ്ട്ടം നൽകിയത്
- ഡോളറിനെതിരെ രൂപയുടെ മൂല്യം മൂന്ന് പൈസ ഉയർന്ന് 83.86 ൽ എത്തി
- മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.5 ശതമാനവും 0.8 ശതമാനവും ഉയർന്നു
ആഭ്യന്തര സൂചികകളായ നിഫ്റ്റിയും സെൻസെക്സും ഇന്നത്തെ വ്യാപാരത്തിൽ കുതിപ്പ് തുടർന്നു. റിയൽറ്റി, ഫാർമ ഓഹരികളിലെ കുത്തനെയുള്ള മുന്നേറ്റം വിപണിക്ക് കരുത്തേകി. ഇരു സൂചികകളും തുടക്കത്തിൽ തന്നെ പുതിയ ഉയരങ്ങളിലെത്തിയിരുന്നു.
സെൻസെക്സ് 317.03 പോയിൻ്റ് അഥവാ 0.39 ശതമാനം ഉയർന്ന് 82,451.64ലും നിഫ്റ്റി 83.90 പോയിൻ്റ് അഥവാ 0.33 ശതമാനം ഉയർന്ന് 25,235.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
എം ആൻഡ് എം ഓഹരികളിലെ കുതിപ്പ് നിഫ്റ്റി ഓട്ടോ സൂചികയെ നേട്ടത്തിലെത്തിച്ചു. ഇന്ത്യയുടെ അടിസ്ഥാനവും സ്വകര്യങ്ങൾ, വിമാനത്താവളങ്ങൾ, അതിർത്തികൾ എന്നിവയ്ക്കായി ആൻ്റി ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് സെൻട്രിക്സുമായി ഒരു പങ്കാളിത്തം പ്രഖ്യാപിച്ചതിന് ശേഷമാണ് കുതിച്ചുചാട്ടം ഉണ്ടായത്.
13 സെക്ടറൽ സൂചികകളിൽ എഫ്എംസിജി സൂചിക മാത്രമാണ് നഷ്ട്ടം നൽകിയത്. ഐടിസി, മാരികോ, ഡാബർ എന്നിവയുടെ ഇടിവ് സൂചികയെ തളർത്തി. നിഫ്റ്റി റിയൽറ്റി, ഫാർമ, ഹെൽത്ത്‌കെയർ സൂചികകൾ ഉൾപ്പെടെയുള്ള 12 സൂചികകളും ഒരു ശതമാനത്തിലധികം ഉയർന്നു.
നിഫ്റ്റി ഐടി 0.5 ശതമാനം നേട്ടം നൽകി. തുടർച്ചയായ അഞ്ചാം ദിവസമാണ് സൂചിക പച്ചയിൽ അവസാനിക്കുന്നത്. നിഫ്റ്റി ഓട്ടോ സൂചികയും 0.6 ശതമാനം ഉയർന്നു.
സിപ്ല, ബജാജ് ഫിനാൻസ്, ദിവിസ് ലാബ്സ്, എം ആൻഡ് എം, ബജാജ് ഫിൻസെർവ് എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും വലിയ നേട്ടം നൽകിയത്. ടാറ്റ മോട്ടോഴ്‌സ്, റിലയൻസ്, ടെക് മഹീന്ദ്ര, ഐടിസി, കോൾ ഇന്ത്യ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
കഴിഞ്ഞ ദിവസത്തെ ഇടിവിന് ശേഷം മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.5 ശതമാനവും 0.8 ശതമാനവും ഉയർന്നു. അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് സൂചിക ഏകദേശം 3 ശതമാനം കുറഞ്ഞ് 13.4ൽ എത്തി.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഉയർന്നാണ് വ്യാപാരം നടത്തുന്നത്. വ്യാഴാഴ്ച യുഎസ് വിപണികൾ സമ്മിശ്ര വ്യാപാരത്തോടെയാണ് അവസാനിച്ചത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 3,259.56 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 2,690.85 കോടി രൂപയുടെ ഓഹരികളിൽ നിക്ഷേപം നടത്തി. ബ്രെൻ്റ് ക്രൂഡ് 0.08 ശതമാനം ഉയർന്ന് ബാരലിന് 80 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.37 ശതമാനം താഴ്ന്ന് 2551 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം മൂന്ന് പൈസ ഉയർന്ന് 83.86 ൽ എത്തി.