ക്രൂഡ് വില 4 മാസത്തിലെ താഴ്ചയില്‍, ഇടിവ് തുടര്‍ന്ന് ഏഷ്യന്‍ വിപണികള്‍ ; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
- റീട്ടെയില്‍ വായ്പാ മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കി ആര്‍ബിഐ
- യുഎസിലെ തൊഴിലില്ലാഴ്മ ക്ലൈമുകള്‍ ഓഗസ്റ്റിനു ശേഷമുള്ള ഉയര്‍ന്ന നിലയില്‍
- ഗിഫ്റ്റ് നിഫ്റ്റി ഇന്ന് വ്യാപാരം തുടങ്ങിയത് പൊസിറ്റിവ് ആയി
ഇന്നലെ ആഗോള സൂചനകള്‍ പൊതുവില്‍ ദുര്‍ബലമായിരുന്നു എങ്കിലും തുടര്‍ച്ചയായ രണ്ടാം ദിവസത്തെ നേട്ടവുമായാണ് ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്‌സ് 307 പോയിന്റ് ഉയർന്ന് 65,982 ലും നിഫ്റ്റി 50 90 പോയിന്റ് ഉയർന്ന് 19,765 ലും എത്തി. ബാങ്കിംഗ്, എഫ്‍എംസിജി മേഖലകളിലെ നിക്ഷേപകര്‍ ലാഭമെടുക്കലിലേക്ക് നീങ്ങുന്ന പ്രവണത ഇന്നലെ അവസാന മണിക്കൂറുകളില്‍ പ്രകടമായിരുന്നു. ഈ പ്രവണത കൂടുതല്‍ വിശാലമായ രീതിയില്‍ ഇന്നും തുടര്‍ന്നേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ സമീപ ഭാവിയില്‍ താഴ്ന്നു തുടങ്ങുമെന്ന പ്രതീക്ഷ സൃഷ്ടിച്ച റാലി ആഗോള തലത്തില്‍ മങ്ങിയിട്ടുണ്ട്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഏറെ നാളുകള്‍ക്ക് ശേഷം വാങ്ങലിലേക്ക് എത്തിയെന്നതാണ് ഇന്നലെ പ്രധാനമായും ആഭ്യന്തര വിപണിയെ സ്വാധീനിച്ച പൊസിറ്റിവ് ഘടകം.
ഇന്ന് ശ്രദ്ധിക്കേണ്ട വിവരങ്ങള്‍
വ്യക്തിഗത വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കുമുള്ള മാനദണ്ഡങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കർശനമാക്കി. ബാങ്കുകളുടെയും നോൺ-ബാങ്ക് ഫിനാൻഷ്യൽ കമ്പനികളുടെയും (എൻബിഎഫ്‌സി) റിസ്‌ക് വെയ്റ്റ് അഥവാ ഓരോ വായ്പയ്ക്കും നീക്കിവെക്കേണ്ട മൂലധനം റീട്ടെയിൽ വായ്പകളിൽ 25 ശതമാനം പോയിന്‍റ് ഉയര്‍ത്തി 125 ശതമാനമാക്കി.
ഒക്ടോബറിൽ യുഎസ് ഫാക്ടറി ഉൽപ്പാദനം പ്രതീക്ഷിച്ചതിലും കൂടുതൽ ഇടിഞ്ഞു. പ്രധാനമായും വാഹന നിർമ്മാതാക്കളുടെയും പാർട്സ് വിതരണക്കാരുടെയും പണിമുടക്കാണ് ഉല്‍പ്പാദനത്തെ ബാധിച്ചത്. കഴിഞ്ഞ മാസം മാനുഫാക്ചറിംഗ് ഉല്‍പ്പാദനം 0.7 ശതമാനം ഇടിഞ്ഞു, നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന ഇടിവാണിത്.
തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി പുതിയ ക്ലെയിമുകൾ ഫയൽ ചെയ്യുന്ന അമേരിക്കക്കാരുടെ എണ്ണം കഴിഞ്ഞ ആഴ്ച മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തി. ആനുകൂല്യങ്ങൾക്കായുള്ള പ്രാരംഭ ക്ലെയിമുകൾ നവംബർ 11 ന് അവസാനിച്ച ആഴ്ചയിൽ 13,000 ഉയർന്ന് 231,000 ആയി. ഇത് ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
നിഫ്റ്റി 19,661-ലും തുടർന്ന് 19,602-ലും 19,508-ലും പിന്തുണ നേടിയേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഉയർച്ചയുടെ സാഹചര്യത്തില്‍ 19,851 പെട്ടെന്നുള്ള പ്രതിരോധം ആകാം, തുടർന്ന് 19,909ഉം 20,004ഉം.
ആഗോള വിപണികളില്‍ ഇന്ന്
യുഎസ് വിപണികള്‍ സമ്മിശ്ര തലത്തിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഡൗ ജോൺസ് ഇന്‍റസ്ട്രിയല്‍ ആവറേജ് 0.13 ശതമാനം ഇടിഞ്ഞു, എസ് & പി 500 0.12 ശതമാനവും നാസ്‍ഡാക്ക് കോമ്പോസിറ്റ് 0.07 ശതമാനവും ഉയർന്നു.
ഏഷ്യ പസഫിക് വിപണികള്‍ പൊതുവില്‍ ഇടിവിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിലയയിലെ എഎസ്എക്സ്, ചൈനയുടെ ഷാങ്ഹായ്, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെംഗ്, ജപ്പാന്‍റെ നിക്കി തുടങ്ങിയ സൂചികകളെല്ലാം ഇടിവിലാണ്. യൂറോപ്യന്‍ വിപണികള്‍ പൊതുവില്‍ ഇടിവിലാണ് വ്യാഴാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്.
ഗിഫ്റ്റ് നിഫ്റ്റി 19.5 പോയിന്‍റിന്‍റെ നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെയും തുടക്കം പച്ചയിലാകാമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
എസ്‌ജെവിഎൻ: സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എസ്ഇസിഐ) 200 മെഗാവാട്ട് കാറ്റാടി വൈദ്യുതി പദ്ധതിക്കായി പവർ പർച്ചേസ് കരാറിൽ ഒപ്പുവച്ചു. ഉപകമ്പനിയായ എസ്‌ജെവിഎൻ ഗ്രീൻ എനർജി (എസ്‌ജിഇഎൽ) തുറന്ന ലേലത്തില്‍ പങ്കെടുത്ത് ബിൽഡ് ഓൺ ആന്‍റ് ഓപ്പറേറ്റ് (ബിഒഒ) അടിസ്ഥാനത്തിൽ യൂണിറ്റിന് 3.24 രൂപ നിരക്കിലാണ് പദ്ധതി നേടിയത്.
ഡെൽഹിവെരി: വിദേശ നിക്ഷേപകരായ സോഫ്റ്റ്ബാങ്ക് കമ്പനിയിലെ തങ്ങളുടെ 150 മില്യൺ ഡോളറിന്റെ ഓഹരികൾ ബ്ലോക്ക് ഡീൽ വഴി വിൽക്കാൻ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ബ്ലോക്ക് ഡീൽ വിജയിച്ചാൽ സോഫ്റ്റ്ബാങ്ക് ഏകദേശം 4 ശതമാനം ഓഹരികൾ വിറ്റേക്കാം.
ടിവിഎസ് മോട്ടോർ കമ്പനി: ചെന്നൈ ആസ്ഥാനമായുള്ള ഇരുചക്രവാഹന നിർമ്മാതാവ് യൂറോപ്പിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു. യൂറോപ്പിലെ ഓട്ടോമൊബൈൽ ഇറക്കുമതിക്കാരനും റീട്ടെയിലറുമായ എമിൽ ഫ്രേയുമായി ഇറക്കുമതിക്കും വിതരണത്തിനുമുള്ള കരാർ ഒപ്പുവച്ചു. ഈ പങ്കാളിത്തം ടിവിഎസ് മോട്ടോർ കമ്പനിയുടെ ആഗോള വിപുലീകരണത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്.
ഡിസിഎക്സ് സിസ്റ്റംസ്: ഐപിഒ, പ്രിഫറൻഷ്യൽ ഇഷ്യൂ, റൈറ്റ്സ് ഇഷ്യൂ, പ്രൈവറ്റ് പ്ലേസ്‌മെന്റ് അല്ലെങ്കിൽ ക്യുഐപി വഴി 500 കോടി രൂപ വരെ ഫണ്ട് സമാഹിക്കുന്നതിന് കേബിളുകളും വയര്‍ അസംബ്ലിംഗ് യൂണിറ്റുകളും നിര്‍മിക്കുന്ന കമ്പനിക്ക് ഡയറക്ടർ ബോർഡിൽ നിന്ന് അനുമതി ലഭിച്ചു.
ജെഎസ്‍ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ: പൊതു സ്വകാര്യ പങ്കാളിത്ത അടിസ്ഥാനത്തിൽ കർണാടകയിലെ കെനിയിൽ തുറമുഖം വികസിപ്പിക്കുന്നതിന് കർണാടക മാരിടൈം ബോർഡിൽ നിന്ന് കമ്പനിക്ക് ലെറ്റർ ഓഫ് അവാർഡ് ലഭിച്ചു. 30 എംടിപിഎ പ്രാരംഭ ശേഷിയുള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 4,119 കോടി രൂപയാണ്.
ക്രൂഡ് ഓയിലും സ്വര്‍ണവും
വ്യാവസായിക ഉൽപ്പാദനം കുറഞ്ഞതിനെ തുടര്‍ന്ന് യുഎസ് ക്രൂഡ് ഇന്‍വെന്‍റികള്‍ ഉയര്‍ന്ന നിലയിലാണ്. ഇതിനെ തുടര്‍ന്ന് യുഎസ് ക്രൂഡ് വില വ്യാഴാഴ്ച 4 ശതമാനത്തിലധികം ഇടിഞ്ഞു. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ഡിസംബർ കരാർ ബാരലിന് 3.62 ഡോളർ അഥവാ 4.72 ശതമാനം ഇടിഞ്ഞ് 73.04 ഡോളറിലെത്തി, ബ്രെന്റ് ജനുവരി കരാർ ബാരലിന് 3.59 ഡോളർ അഥവാ 4.42 ശതമാനം ഇടിഞ്ഞ് 77.59 ഡോളറായി. ജൂലൈ ആദ്യം മുതലുള്ള കാലയളവിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ക്രൂഡ് വ്യാപാരം നടക്കുന്നത്.
ഫെഡറൽ റിസർവ് നിരക്ക് വർദ്ധന സൈക്കിൾ പൂർത്തിയായി എന്ന നിക്ഷേപകരുടെ പ്രതീക്ഷ യുഎസ് ട്രഷറി ആദായത്തെ താഴ്ത്തിയതിനാല്‍ വ്യാഴാഴ്ച സ്വർണ്ണ വില ഉയർന്നു. സ്പോട്ട് ഗോൾഡ് ഔൺസിന് 1.3 ശതമാനം ഉയർന്ന് 1,984.46 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ ഒരു ശതമാനം ഉയർന്ന് 1,985.60 ഡോളറിലെത്തി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 957.25 കോടി രൂപയുടെ അറ്റവാങ്ങല്‍ ഓഹരികളില്‍ നടത്തിയപ്പോള്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 705.65 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തിയെന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം