പുതിയ കരാർ നേടി കൊച്ചിൻ ഷിപ്പ് യാർഡ്; ഓഹരികൾ കുതിച്ചുയർന്നു

  • നടപ്പ് വർഷം ഇതുവരെ ഓഹരികൾ നൽകിയത് 96.45 ശതമാനം നേട്ടമാണ്
  • 2026 അവസാനത്തോടെ പദ്ധതി പൂർത്തിയാകും
  • യൂറോപ്യൻ ക്ലയൻ്റിൽനിന്നുമാണ് കരാർ നേടിയതെന്ന് കമ്പനി വ്യക്തമാക്കി

Update: 2024-05-14 09:28 GMT

ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസ്സലിൻ്റെ (ഹൈബ്രിഡ് എസ്ഒവി) രൂപകല്പനയ്ക്കും നിർമാണത്തിനുമായുള്ള കരാർ നേടി കൊച്ചിൻ ഷിപ്പ് യാർഡ്. യൂറോപ്യൻ ക്ലയൻ്റിൽനിന്നുമാണ് കരാർ നേടിയതെന്ന് കമ്പനി വ്യക്തമാക്കി. വാർത്തകളെ തുടർന്ന് കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇന്നത്തെ ആദ്യ ഘട്ട വ്യാപാരം മുതൽ കുതിപ്പിലാണ്. വ്യാപാരത്തിൽ 11.50 ശതമാനം വരെ ഉയർന്ന ഓഹരികൾ 1335 രൂപയിലെത്തി.

ഊർജക്ഷമത മെച്ചപ്പെടുത്തുകയും കാർബൺ പുറംതള്ളൽ കുറയ്ക്കുകയും ചെയ്യുന്ന ഹൈബ്രിഡ് ബാറ്ററി സംവിധാനങ്ങളാണ് കപ്പലിൽ സജ്ജീകരിക്കുക.

"സുസ്ഥിര ഊർജ പരിഹാരങ്ങൾക്ക് ഉയർന്ന ഡിമാൻഡുള്ള യൂറോപ്യൻ വിപണിയിൽ ഓഫ്‌ഷോർ വിൻഡ് ഫാം വ്യവസായത്തിൻ്റെ സേവനം, പരിപാലനം, പ്രവർത്തന ആവശ്യങ്ങൾ എന്നിവയ്ക്കായാണ് കപ്പൽ നിർമിച്ചു നൽകുന്നതെന്ന്" റെഗുലേറ്ററി ഫയലിംഗിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് അറിയിച്ചു.

“2026 അവസാനത്തോടെ പദ്ധതി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി" കമ്പനി വ്യക്തമാക്കി. കൊച്ചിൻ ഷിപ്പ്‌യാർഡിൻ്റെ കണക്കനുസരിച്ച്, 500 കോടി മുതൽ 1000 കോടി രൂപ വരെ മൂല്യമുള്ള ഏത് കരാറും വലിയ ഓർഡറായാണ് കണക്കാക്കപെടുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ, പരിപാലന കേന്ദ്രമാണ് കൊച്ചിൻ ഷിപ്പ്‌യാർഡ്. കൊച്ചിയിലെ സമുദ്രവുമായി ബന്ധപ്പെട്ട സൗകര്യങ്ങളുടെ ഒരു ഭാഗമാണിത്. കപ്പൽശാല നൽകുന്ന സേവനങ്ങളിൽ ബിൽഡിംഗ് പ്ലാറ്റ്ഫോം വിതരണ കപ്പലുകളും ഡബിൾ ഹൾഡ് ഓയിൽ ടാങ്കറുകളും ഉൾപ്പെടുന്നു. ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടിയുള്ള ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് നിർമ്മിച്ചത് കൊച്ചിൻ ഷിപ്പ്യാർഡിലാണ്. മറൈൻ എഞ്ചിനീയറിംഗിൽ ബിരുദധാരികളായ എഞ്ചിനീയർമാരെയും കപ്പൽശാല പരിശീലിപ്പിക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനത്തിന് മിനിരത്‌ന പദവിയുണ്ട്.

നടപ്പ് വർഷം ഇതുവരെ ഓഹരികൾ നൽകിയത് 96.45 ശതമാനം നേട്ടമാണ്. കഴിഞ്ഞ മാസം മാത്രം ഓഹരികൾ ഉയർന്നത് 46.56 ശതമാനമാണ്. ഇതുവരെ, ഏകദേശം 93 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 34,782 കോടി രൂപ കടന്നു. നിലവിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ എൻഎസ്ഇ യിൽ 10.95 ശതമാനം ഉയർന്ന് 1,326.05 രൂപയിൽ വ്യാപാരം തുടരുന്നു.

Tags:    

Similar News