ദലാൽ തെരുവിൽ പോയവാരവും കാളകളുടെ വിളയാട്ടം
- ആഗോള-ആഭ്യന്തര വിപണികളുടെ ഗതി നിര്‍ണയിച്ചത് യുഎസ് ഫെഡ് മീറ്റ് തീരുമാനങ്ങള്‍
- ഒരാഴ്ചയ്ക്കിടെ നിഫ്റ്റി ഉയർന്നത് 2.32%, സെൻസെക്സ് 2.37%
- പോയ വാരത്തിൽ വിദേശ നിക്ഷേപകര്‍ 9,600 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്
കരടികൾക്ക് ഇടം നൽകാതെ കാളകൾ ആധിപത്യം തുടരുന്ന ദലാൽ തെരുവിനെയാണ് പോയ വാരം നിക്ഷേപകർ കണ്ടത്. ഓരോ വാരവും അവസാനിക്കുമ്പോൾ പുതിയ റെക്കോഡുകളാണ് ആഭ്യന്തര സൂചികകൾ മറികടക്കുന്നത്. മൂന്ന് വർഷത്തിനിടെ ആദ്യമായാണ് ബെഞ്ച്മാർക് സൂചികൾ തുടർച്ചയായി ഏഴ് ആഴ്ച്ചയും നേട്ടം നൽകുന്നത്.
നിരക്കിൽ ഇനിയൊരു വർധനയില്ലെന്ന യുഎസ് ഫെഡിന്റെ സൂചന, ശക്തമായ വ്യാവസായിക ഉല്‍പ്പാദനം, മാനുഫാക്ചറിംഗ് പിഎംഐ, ഇന്ത്യന്‍ ജിഡിപിയെക്കുറിച്ചുള്ള ആര്‍ബിഐ യുടെ ഉയര്‍ന്ന അനുമാനം എന്നിവയാണ് പോയ വാരത്തിൽ വിപണിയുടെ ബുള്ളിഷ് റാലിക്ക് വഴി ഒരുകിയത്.
ആഗോള-ആഭ്യന്തര വിപണികളുടെ ഗതി നിര്‍ണയിച്ചത് യുഎസ് ഫെഡ് മീറ്റ് തീരുമാനങ്ങള്‍ തന്നെ ആയിരുന്നു. നിരക്ക് വർധന ഉണ്ടാവില്ല എന്നതിന് പുറമെ 2024ല്‍ റേറ്റ് കട്ടിലേക്കുള്ള സാധ്യതയും ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ പങ്കുവച്ചു. 22 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണ് നിലവിലുള്ളത്. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ തന്നെ നിരക്ക് കുറയുമെന്ന സൂചന ലഭിച്ചതോടെ വന്‍ കുതിപ്പിന് ആഗോള ആഭ്യന്തര വിപണികൾ സാക്ഷ്യം വഹിച്ചു. ഡൗ ജോണ്‍സ് സൂചിക സര്‍വ്വകാല ഉയരത്തിനടുത്തെത്തി. നാസ്ഡാക്കും എസ് & പി 500 ഉം വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ക്ലോസിംഗാണ് നടത്തിയത്.
നിഫ്റ്റി
ഒരാഴ്ചയ്ക്കിടെ നിഫ്റ്റി ഉയർന്നത് 2.32 ശതമാനമാണ്. തിങ്കളാഴ്‌ച്ച 20905 പോയിന്റിൽ വ്യപാരം ആരംഭിച്ച സൂചിക 487.25 പോയിന്റുകൾ ഉയർന്ന് വ്യാപാരം അവസാനിപ്പിച്ചത് 21456.65 പോയിന്റിലാണ്. സൂചിക 21492.30 എന്ന റെക്കോർഡ് ഉയരവും പോയ വാരത്തിൽ തൊട്ടു. കഴിഞ്ഞ ആഴ്ച്ചയിലെ സൂചികയുടെ താഴ്ന്ന ലെവൽ 20769.50 പോയിന്റുകളാണ്. ഒരു മാസത്തിൽ സൂചിക ഉയർന്നത് 8.74 ശതമാനമാണ്.
ഏഴു ശതമാനം ഉയർന്ന നിഫ്റ്റി ഐടി സൂചികയാണ് പോയ വാരത്തിൽ നിക്ഷേപകർക്ക് മികച്ച റിട്ടേൺ നൽകിയത്. നിഫ്റ്റി മെറ്റൽ 5.06 ശതമാനവും നിഫ്റ്റി പിഎസ്ഇ 4.06 ശതമാനവും, നിഫ്റ്റി റീൽറ്റി 3.84 ശതമാനവും ഉയർന്നു. നിഫ്റ്റി സ്മാൾക്യാപ്പ് 50, മിഡ്ക്യാപ്പ് 50, സൂചികകൾ മൂന്ന് ശതമാനത്തിലധികവും നിഫ്റ്റി ഇൻഫ്രാ, നെക്സ്റ്റ് 50, സ്മാൾക്യാപ്പ് 250, മിഡ്ക്യാപ്പ് 150 എന്നീ സൂചികകൾ രണ്ട് ശതമാനത്തിലധികവും ഉയർന്നു.
സെൻസെക്സ്
സെൻസെക്‌സ് തിങ്കളാഴ്ച വ്യപാരം ആരംഭിച്ചത് 69925.63 പോയിന്റിലാണ്. സൂചിക 2.37 (1483.75 പോയിന്റ്) ശതമാനം ഉയർന്ന് വ്യപാരം അവസാനിപ്പിച്ചത് 71483.75 പോയിന്റിലാണ്. പോയ വാരത്തിൽ സൂചിക സർവകാല ഉയരമായ 71605.76 ലെവൽ തൊട്ടു. കഴിഞ്ഞ ആഴ്ച്ചയിലെ സൂചികയുടെ താഴ്ന്ന ലെവൽ 69100.56 പോയിന്റാണ്. ഒരു മാസത്തെ കാലയളവിൽ സൂചിക 8.65 ശതമാനം ഉയർന്നു.
ഏഴു ശതമാനം ഉയർന്ന ഐടി സൂചികയാണ് ബിഎസ്ഇ യിൽ കഴിഞ്ഞ വാരത്തിൽ നിക്ഷേപകർക്ക് മികച്ച നേട്ടം നൽകിയത്. ബിഎസ്ഇ റീയൽറ്റി, ടെലികോം എന്നി സൂചികകൾ മൂന്ന് ശതമാനത്തോളം ഉയർന്നു. നെക്സ്റ്റ് ഫിഫ്റ്റി, മിഡ്ക്യാപ്, പവർ എന്നിവ രണ്ടു ശതമാനത്തിലധികവും റിട്ടേൺ നൽകി.
വിദേശ നിക്ഷേപകർ
വിദേശ നിക്ഷേപകരുടെ തിരിച്ച് വരവാണ് വിപണിയിൽ കഴിഞ്ഞ വാരം വീണ്ടും കണ്ടത്. വിദേശ നിക്ഷേപകര്‍ 9,600 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. ഇതേ കാലയളവിൽ ആഭ്യന്തര സ്ഥാപനങ്ങള്‍ 485.1 കോടിയുടെ ഓഹരികളും വാങ്ങിക്കൂട്ടി. മാസം ആദ്യം മുതലുള്ള കണക്കെടുക്കുകയാണെങ്കിൽ ഇതുവരെ എഫ്ഐഐകള്‍ വാങ്ങിയത് 29,733.06 കോടി രൂപയുടെ ഓഹരികളും ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ വാങ്ങിയത് 3,182.20 കോടി രൂപയുടെ ഓഹരികളുമാണ്.
സ്വർണവും ക്രൂഡും
സ്വര്‍ണത്തിന്റെ കുതിപ്പിന് സാക്ഷ്യം വഹിച്ച വാരമാണ് കടന്ന് പോയത്. മൂന്ന് മാസത്തില്‍ ഒന്നര ശതമാനം മാത്രം നേട്ടം നല്‍കിയ സ്വര്‍ണം, ഫെഡ് പ്രഖ്യാപനത്തിന് ശേഷം മൂന്നര ശതമാനത്തിന്റെ കുതിപ്പ് നടത്തി. ദുര്‍ബലമായ ഡോളറും റേറ്റ് കട്ട് അനുമാനവും സ്വർണത്തിന്റെ നേട്ടത്തിന് കരണമായെന്നാണ് വിദഗ്ധരുടെ നിഗമനം. അനലിസ്റ്റുകള്‍ ടാര്‍ഗറ്റ് വിലയായി ട്രോയ് ഔണ്‍സിന് രേഖപ്പെടുത്തുന്നത് 2550 ഡോളറാണ്. വരും വര്‍ഷം ഗോള്‍ഡിലും സില്‍വറിലും മികച്ച വളര്‍ച്ചയ്ക്കുള്ള സാധ്യതയുണ്ടെന്നും സ്വർണം സർവകാല റെക്കോഡ് ഭേദിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കഴിഞ്ഞ ഏഴു ആഴ്ചയിൽ ഇടിവ് രേഖപ്പെടുത്തിയ WTI ക്രൂഡ് വില പോയ വാരത്തിൽ നേട്ടം കൈവരിച്ചു.
റെക്കോഡിലെത്തിയ രൂപ
എട്ടു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മൂല്യവര്‍ധനവിന് സാക്ഷ്യം വഹിച്ച വാരമാണ് കടന്നുപോയത്. ഒരു ഡോളറിന് 83 രൂപ എന്നുള്ള റെസിസ്റ്റന്‍സ് ബ്രേക്ക് ചെയ്തു 82.90 രൂപ എന്ന ഉയര്‍ന്ന നിലയിലാണ് നിലവിൽ രൂപയുള്ളത്. ഈ നീക്കത്തിന് പ്രധാനമായ പിന്തുണ നല്‍കിയത് ഇന്ത്യന്‍ ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപകരുടെ പണത്തിന്റെ ഒഴുക്കാണ്.
പോയവരത്തിലെ മൾട്ടിബാഗർ
വിപണിയുടെ കുതിപ്പിന് പിന്നാലെ ഈ വര്‍ഷം ഡിഫെന്‍സ്, റെയില്‍വേ ഓഹരികളും മികച്ച നേട്ടമാണ് നൽകിയിട്ടുള്ളത്. നടപ്പ് വർഷാദ്യം മുതൽ ഇതുവരെ ടിറ്റാഗർ റെയിൽ നൽകിയത് 400 ശതമാനത്തിലധികം നേട്ടമാണ്. ജുപിറ്റർ വാഗൺസ് ,ടെക്സ്മാകോ ഓഹരികള്‍ 200 ശതമാനത്തിലധികവും ഉയർന്നിട്ടുണ്ട്. മാര്‍ക്കറ്റ് ക്യാപ്പിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ കമ്പനിയായായ ഐആര്‍സിടിസിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഇതേ കാലയളവിൽ ഓഹരികൾ ഉയർന്നത് 17 ശതമാനം മത്രം.
എന്നാല്‍ രാജ്യത്തുടനീളമുള്ള റെയില്‍വേ ഇതര കാറ്ററിംഗ് ബിസിനസ്സിലേക്ക് കൂടി കടക്കാനുള്ള ഐആര്‍സിടിസിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച്ചയില്‍ ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 799 രൂപയിലെത്തി.
ക്രൂഡ് താഴേക്ക് പതിക്കുബോള്‍ വ്യോമയാന മേഖല പറന്നുയരുകയാണ്. എയര്‍ലൈനുകളുടെ ദിവസത്തെ ശരശേരി ലോഡ് മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് വ്യോമയാന മേഖലക്ക് ഉണർവ്വ് നൽകിയപ്പോൾ ആഗോള വിപണി മൂലധനത്തിന്റെ കാര്യത്തില്‍ ഇന്‍ഡിഗോ ആറാമത്തെ വലിയ എയര്‍ലൈനായി മാറുകയും ഓഹരികള്‍ സര്‍വകാല ഉയരത്തിലെത്തുകയും ചെയ്തു. 2500 കോടിയുടെ ധനസമാഹരണ വാര്‍ത്തകളെ തുടര്‍ന്ന് സ്‌പൈസ് ജെറ്റ് ഓഹരികളും 52 ആഴ്ചയിലെ ഉയർന്ന വിലയിലെത്തി.