അരങ്ങേറ്റം കുറിച്ച് ഔഫിസ് സ്പേസ് സൊല്യൂഷൻസ്; 13% പ്രീമിയം
- ഇഷ്യൂ വിലയിൽ നിന്നും 13.58 ശതമാനംഉയർന്നാണ് ഓഹരികൾ വിപണിയിലെത്തിയത്
- ഓഹരിയൊന്നിന് 52 രൂപയുടെ നേട്ടം
- പ്രശസ്ത നിക്ഷേപകനായ ആശിഷ് കച്ചോളിയയ്ക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ്
വർക്ക്‌സ്‌പേസ് പ്രൊവൈഡറായ ഔഫിസ് സ്പേസ് സൊല്യൂഷൻസ് ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 383 രൂപയിൽ നിന്നും 13.58 ശതമാനം ഉയർന്ന് 435 രൂപയ്ക്കായിരുന്ന ഓഹരികൾ വിപണിയിലെത്തിയത്. ഓഹരിയൊന്നിന് 52 രൂപയുടെ നേട്ടം. ഇഷ്യൂവിലൂടെ 598.93 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. ഇതിൽ 128 കോടി രൂപയുടെ പുതിയ ഇഷ്യൂവും 470.93 കോടിയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു.
പ്രശസ്ത നിക്ഷേപകനായ ആശിഷ് കച്ചോളിയയ്ക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് സ്പേസ് സൊല്യൂഷൻസ്. ഓഹരികൾ ഗ്രേ മാർക്കറ്റ് എസ്റ്റിമേറ്റായ 21 ശതമാനം പ്രീമിയത്തിൽ താഴെയാണ് ലിസ്റ്റ് ചെയ്തത്.
ഇഷ്യൂ തുക പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ചെലവ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, മറ്റു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.
അമിത് രമണി, പീക്ക് XV എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ
2014ൽ സ്ഥാപിതമായ ഔഫിസ് സ്പേസ് സൊല്യൂഷൻസ് ഇന്ത്യയിലെ വർക്ക്‌സ്‌പേസ് സൊല്യൂഷൻ നൽകുന്ന കമ്പനിയാണ്. വ്യക്തികൾ, സ്റ്റാർട്ടപ്പുകൾ, എസ്എംഇകൾ, വൻകിട കോർപ്പറേഷനുകൾ എന്നിവയുടെ ആവശ്യങ്ങൾക്കനുസരിച്ച് ഫ്ലെക്സിബിൾ വർക്ക്‌സ്‌പേസ് സൊല്യൂഷനുകളുടെ വിശാലമായ ശ്രേണി കമ്പനി നൽകുന്നു.
ഫ്ലെക്സിബിൾ വർക്ക്‌സ്‌പെയ്‌സുകൾ, ഇഷ്‌ടാനുസൃത ഓഫീസ് സ്‌പെയ്‌സുകൾ, മൊബിലിറ്റി സൊല്യൂഷനുകൾ എന്നിവ കമ്പനിയുടെ സേവനങ്ങളിൽ ഉൾപ്പെടുന്നു. ഭക്ഷണ പാനീയങ്ങളുടെ വിതരണം, ഐടി പിന്തുണ, ഇൻഫ്രാസ്ട്രക്ചർ സേവനങ്ങൾ, ഇവൻ്റ് ഹോസ്റ്റിംഗ് തുടങ്ങിയ സേവനങ്ങളും കമ്പനി നൽകുന്നുണ്ട്. കമ്പനിക്ക് ഇന്ത്യയിലെ 16 നഗരങ്ങളിലായി 169 കേന്ദ്രങ്ങളുണ്ട്.
വിപണിയിലെത്തിയ ഓഹരികളുടെ ആദ്യഘട്ട വ്യാപാരത്തിൽ തന്നെ കുതിപ്പ് കണ്ടു. ലിസ്റ്റിംഗ് വിലയിൽ നിന്നും 2.83 ശതമാനം ഉയർന്ന ഓഹരികൾ നിലവിൽ 447.30 രൂപയിലാണ് വ്യാപാരം തുടരുന്നത്.