പാദഫലങ്ങള്‍ക്ക് കാതോര്‍ത്ത് വിപണി, യുദ്ധത്തില്‍ ആശങ്ക; ഇന്ന് വിപണി തുറക്കും മുന്‍പ് അറിയേണ്ടത്
- യുഎസ് സ്‍റ്റോക്ക് ഫ്യൂച്ചറുകള്‍ ഇടിവില്‍
- ഗിഫ്റ്റ് നിഫ്റ്റി ഇടിവിലേക്ക് നീങ്ങി
ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ പോസിറ്റിവ് ട്രെന്‍ഡിലാണ് കഴിഞ്ഞ വാരത്തിലെ വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച ബിഎസ്ഇ സെൻസെക്‌സ് 364 പോയിന്റ് ഉയർന്ന് 65,996ലും നിഫ്റ്റി 108 പോയിന്റ് ഉയർന്ന് 19,654ലുമെത്തി. ക്രൂഡ് ഓയില്‍ വിലയില്‍ പൊടുന്നനെ ഉണ്ടായ ഇടിവാണ് വിപണികളിലെ വീണ്ടെടുപ്പിന് സഹായിച്ച ഒരു പ്രധാന ഘടകം. പുതിയ വാരത്തില്‍ വ്യാപാരം ആരംഭിക്കാനിരിക്കെ ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം മേഖലയിലെ മറ്റ് രാഷ്ട്രങ്ങളിലേക്കും പടര്‍ന്നാല്‍ ക്രൂഡ് വില വീണ്ടും ഉയരുമോയെന്നും ആഗോള വ്യാപാരം പ്രതിസന്ധികള്‍ നേരിടുമോയെന്നുമുള്ള ആശങ്ക നിക്ഷേപകരില്‍ കനത്തിട്ടുണ്ട്.
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാലും, തെരഞ്ഞെടുപ്പ് വരാനിരിക്കെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില രാജ്യത്ത് ഉയരില്ലെന്നാണ് മൂഡിസ് വിലയിരുത്തുന്നത്. ഇത് എണ്ണക്കമ്പനികള്‍ക്കു മേല്‍ സമ്മര്‍ദം വര്‍ധിപ്പിച്ചേക്കും. പ്രധാന ഐടി കമ്പനികളുടെ രണ്ടാം പാദഫലങ്ങള്‍ ഈയാഴ്ച പുറത്തുവരാനുണ്ട്. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തിന്‍റെ കണക്കും ഫെഡ് റിസര്‍വ് പണനയ സമിതി മീറ്റിംഗിന്‍റെ മിനുറ്റ്സും ഈ വാരത്തില്‍ നിക്ഷേപകരെ സ്വാധീനിക്കും.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
നിഫ്റ്റി 19,607-ലും തുടർന്ന് 19,586-ലും 19,553-ലും സപ്പോര്‍ട്ട് നേടുമെന്നാണ് കണക്കാക്കുന്നത്. ഉയർച്ചയുടെ സാഹചര്യങ്ങള്‍, 19,673 പെട്ടെന്നുള്ള റെസിസ്റ്റന്‍സ് ആകാവുന്നതാണ്, തുടർന്ന് 19,693ഉം 19,726ഉം.
ആഗോള വിപണികളില്‍ ഇന്ന്
ഗോൾഡൻ വീക്ക് അവധികള്‍ക്ക് ശേഷം ഇന്ന് വ്യാപാരം പുനരാരംഭിച്ച ചൈനയിലെ ഷാങ്ഹായ് വിപണിയില്‍ ഇടിവാണ് കാണുന്നത്. ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും വിപണികൾ ഇന്ന് അവധിയായിരിക്കും. ഓസ്‌ട്രേലിയയിൽ, എസ്&പി/എഎസ്എക്സ് 200, തുടക്ക വ്യാപാരത്തിൽ 0.61 ശതമാനം ഉയർന്നു. കഴിഞ്ഞ അഞ്ച് സെഷനുകളിലും ഈ സൂചിക ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഹോംഗ്കോംഗിലെ ഹാങ്സെങ് സൂചികയിലും പോസിറ്റിവ് ട്രെന്‍ഡാണ് കാണുന്നത്.
ഞായറാഴ്ച യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ താഴ്ന്നു. പലസ്തീനിനും ഇസ്രയേലിനുമിടയില്‍ സംഘര്‍ഷം കനത്തതോടെ ഇതിനകം ദുർബലമായ വിപണി കൂടുതല്‍ പരുങ്ങലിലായി. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജുമായി ബന്ധമുള്ള ഫ്യൂച്ചറുകൾ 0.6 ശതമാനം ഇടിഞ്ഞു. എസ് &പി 500 ഫ്യൂച്ചറുകൾ 0.7 ശതമാനം ഇടിഞ്ഞപ്പോൾ നാസ്ഡാക്ക് 100 ഫ്യൂച്ചറുകൾ 0.6 ശതമാനം ഇടിഞ്ഞു. യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ച പൊതുവേ പോസിറ്റിവ് തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്.
ഗിഫ്റ്റ് നിഫ്റ്റി ഫ്യൂച്ചറുകൾ 19,698 പോയിന്‍റിലേക്ക് ഉയർന്നതിന് ശേഷം പിന്നീട് ഇടിവ് പ്രകടമാക്കി. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെ നെഗറ്റിവ് തുടക്കത്തെയാണ് ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നത്.
ഇന്ന് ശ്രദ്ധ നേടുന്ന കമ്പനികള്‍
ടാറ്റ കൺസൾട്ടൻസി സർവീസസ്: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കയറ്റുമതി കമ്പനിയുടെ ഇക്വിറ്റി ഷെയറുകൾ തിരികെ വാങ്ങുന്നതിനുള്ള നിർദ്ദേശം ഡയറക്ടർ ബോർഡ് ഒക്‌ടോബർ 11-ന് പരിഗണിക്കും. ജൂലൈ-സെപ്റ്റംബർ, ഏപ്രിൽ-സെപ്റ്റംബർ കാലയളവിലെ വരുമാനവും 11ന് കമ്പനി പ്രഖ്യാപിക്കും. .
റിലയൻസ് ഇൻഡസ്ട്രീസ്: അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ (എഡിഐഎ) ഒരു അനുബന്ധ സ്ഥാപനം റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സിൽ 4,966.80 കോടി രൂപ നിക്ഷേപിക്കും. റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സിന് 8.381 ലക്ഷം കോടി രൂപയുടെ പ്രീ-മണി ഇക്വിറ്റി മൂല്യം കണക്കാക്കിയാണ് ഈ നിക്ഷേപം നടക്കുന്നത്.
ടൈറ്റൻ കമ്പനി: സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 20 ശതമാനം വാർഷിക വരുമാന വളർച്ച രേഖപ്പെടുത്തി, ജ്വല്ലറി വിഭാഗം 19 ശതമാനവും വാച്ചുകളും വെയറബിളുകളും 32 ശതമാനവും ഐകെയർ വിഭാഗം 12 ശതമാനവും വാർഷിക വളർച്ച രേഖപ്പെടുത്തി.
ബാങ്ക് ഓഫ് ബറോഡ: സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ മൊത്തത്തിലുള്ള ബിസിനസ്സ് 22 ലക്ഷം കോടി രൂപ കവിഞ്ഞുവെന്ന് പൊതുമേഖലാ ബാങ്ക് അറിയിച്ചു, താൽക്കാലിക കണക്കുകൾ പ്രകാരം ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 15.88 ശതമാനം ഉയർച്ചയാണ്. ബാങ്കിന്റെ മൊത്തത്തിലുള്ള വായ്പകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 17.43 ശതമാനവും മുന്‍പാദത്തെ അപേക്ഷിച്ച് 3.51 ശതമാനവും ഉയര്‍ന്ന് 10.25 ലക്ഷം കോടി രൂപയായി, നിക്ഷേപങ്ങൾ വാര്‍ഷികാടിസ്ഥാനത്തില്‍ 14.63 ശതമാനം മുന്‍പാദത്തെ അപേക്ഷിച്ച് 4.15 ശതമാനവും വർധിച്ച് 12.49 ലക്ഷം കോടി രൂപയായി.
ബയോകോൺ: ടൈപ്പ് 2 പ്രമേഹത്തിന്റെയും അമിതവണ്ണത്തിന്റെയും ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ലിരാഗ്ലൂറ്റൈഡിന്‍റെ വാണിജ്യവൽക്കരണത്തിനായി ബെംഗളുരു ആസ്ഥാനമായുള്ള ബയോകോണ്‍ കാനഡയിലെ സ്പെഷ്യാലിറ്റി ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജൂനോ ഫാർമസ്യൂട്ടിക്കൽസുമായിപങ്കാളിത്ത കരാർ ഒപ്പിട്ടു.
മെട്രോപോളിസ് ഹെൽത്ത്‌കെയർ: പാത്തോളജി ലാബുകളുടെയും ഡയഗ്‌നോസ്റ്റിക് സെന്ററുകളുടെയും ശൃംഖല സൃഷ്ടിച്ചിട്ടുള്ള കമ്പനി തങ്ങളുടെ പ്രധാന ബിസിനസ്സ് വരുമാനത്തിൽ 13 ശതമാനം വളർച്ചയാണ് രണ്ടാംപാദത്തില്‍ രേഖപ്പെടുത്തിയത്. ശക്തമായ ഉപഭോക്തൃ ഏറ്റെടുക്കലാണ് ഈ വളര്‍ച്ചയ്ക്ക് കാരണമെന്ന് താല്‍ക്കാലിക ഡാറ്റ വ്യക്തമാക്കുന്നു.
പ്രസ്റ്റീജ് എസ്‍റ്റേറ്റ് പ്രോജക്ടുകൾ: സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ഈ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ വിൽപ്പനയിൽ 102 ശതമാനം വളർച്ച രേഖപ്പെടുത്തി. 7,092.6 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്.
ക്രൂഡ് ഓയിലും സ്വര്‍ണവും
വെള്ളിയാഴ്ച എണ്ണ വില ഉയർന്നുവെങ്കിലും റഷ്യയുടെ ഇന്ധന കയറ്റുമതി നിരോധനം ഭാഗികമായി നീക്കം ചെയ്തതിന്‍റെയും ഡിമാൻഡ് ആശങ്ക വർധിച്ചതിന്‍റെയും പശ്ചാത്തലത്തില്‍ ഇത് പരിമിതമായി. മാർച്ചിന് ശേഷമുള്ള ഏറ്റവും കുത്തനെയുള്ള പ്രതിവാര നഷ്ടമാണ് കഴിഞ്ഞ വാരം രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ബ്രെന്റ് ഫ്യൂച്ചറുകൾ 51 സെന്റ് ഉയർന്ന് ബാരലിന് 84.58 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 48 സെൻറ് ഉയർന്ന് 82.79 ഡോളറിലെത്തി.
ഒമ്പത് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് ശേഷം സ്വർണവില വെള്ളിയാഴ്ച നേട്ടമുണ്ടാക്കി, എന്നിരുന്നാലും ശക്തമായ യുഎസ് തൊഴിൽ ഡാറ്റ മറ്റൊരു ഫെഡ് റിസര്‍വ് നിരക്ക് വർദ്ധനയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയതിന്‍റെ പശ്ചാത്തലത്തില്‍ രണ്ടാമത്തെ പ്രതിവാര ഇടിവ് സ്വര്‍ണം രേഖപ്പെടുത്തി. സ്‌പോട്ട് ഗോൾഡ് 0.6 ശതമാനം ഉയർന്ന് ഔൺസിന് 1,831.09 ഡോളറിലെത്തി, യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.7 ശതമാനം ഉയർന്ന് ഔൺസിന് 1,845.20 ഡോളറിലെത്തി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 90.29 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് ഓഹരികളില്‍ വെള്ളിയാഴ്ച നടത്തിയത്., ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 783.25 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
വിദേശ പോര്‍ട്ട്‍ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) ഇക്വിറ്റികളില്‍ 337.42 കോടി രൂപയുടെ അറ്റ വില്‍പ്പന നടത്തി. അതേസമയം ഡെറ്റ് വിപണിയില്‍ 276.71 കോടി രൂപയുടെ അറ്റ വാങ്ങലാണ് എഫ്‍പിഐകളില്‍ നിന്ന് ഉണ്ടായത്.
വിലക്കയറ്റ കണക്കുകള്‍, പാദഫലങ്ങള്‍; ഈയാഴ്ച വിപണിയെ സ്വാധീനിക്കുക എന്തൊക്കെ?
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം ദവിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം