ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍; യുഎസ് തൊഴില്‍ വിപണി അയഞ്ഞു; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

  • ഗിഫ്റ്റ് നിഫ്റ്റിയില്‍ വ്യാപാരം തുടങ്ങിയത് നേട്ടത്തോടെ
  • സെല്ലോ വേള്‍ഡ് ഇന്ന് വിപണികളില്‍ അരങ്ങേറ്റം കുറിക്കുന്നു
  • യുഎസ് സ്‍റ്റോക്ക് ഫ്യൂച്ചറുകള്‍ ഫ്ലാറ്റ്‍ലൈനില്‍

Update: 2023-11-06 02:29 GMT

തുടര്‍ച്ചായ രണ്ട് വ്യാപാര സെഷനുകളിലെ നേട്ടവുമായാണ് കഴിഞ്ഞ വാരത്തിന് ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ അവസാനമിട്ടത്. ഫെഡ് റിസര്‍വ് പലിശ നിരക്കുകളില്‍ സമീപകാലത്ത് വര്‍ധനയുണ്ടാകില്ലെന്ന പ്രതീക്ഷയും യുഎസ് ട്രഷറി ആദായം താഴോട്ടിറങ്ങിയതും നിക്ഷേപകരെ പോസിറ്റിവായി സ്വാധീനിച്ചു.

വെള്ളിയാഴ്ച ബിഎസ്ഇ സെൻസെക്‌സ് 283 പോയിന്റ് ഉയർന്ന് 64,364ലും നിഫ്റ്റി 97 പോയിന്റ് ഉയർന്ന് 19,231ലും എത്തി. ഭാവിയിലെ ട്രെന്‍ഡുകളെ കുറിച്ച് നിക്ഷേപകര്‍ക്കിടയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു എന്ന സൂചനയാണ് പ്രതിദിന ചാര്‍ട്ടുകള്‍ നല്‍കുന്നത്. ആഭ്യന്തര തലത്തില്‍ ഒക്റ്റോബറിലെ സാമ്പത്തിക ഡാറ്റകളും കോര്‍പ്പറേറ്റ് വരുമാന പ്രഖ്യാപനങ്ങളും നിക്ഷേപകര്‍ നിരീക്ഷിക്കുന്നുണ്ട്. 

വരുമാന പ്രഖ്യാപന സീസണ്‍ അവസാനത്തിലേക്ക് അടുക്കവേ ഏറക്കുറേ പ്രതീക്ഷകള്‍ക്ക് അനുസരിച്ചുള്ള പ്രകടനം ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ കാഴ്ച വെച്ചിട്ടുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഓട്ടൊമെബൈല്‍, ഐടി മേഖലകള്‍ മങ്ങിയ പ്രകടനം കാഴ്ചവെച്ചപ്പോള്‍ ബാങ്കിംഗ്, ധനകാര്യം, എഫ്എംസിജി എന്നിവ മികച്ച റിസള്‍ട്ടുകള്‍ പുറത്തുവിട്ടു.

വിപണിയുടെ പൊസിറ്റിവ് പ്രവണത ഇന്നും തുടര്‍ന്നേക്കാം എങ്കിലും ഇത് ഒരു റേഞ്ച് ബൗണ്ടിനുള്ളിലാകാനാണ് കൂടുതല്‍ സാധ്യതയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

യുഎസിലെ തൊഴില്‍ ഡാറ്റ

ഒക്ടോബറിൽ യുഎസിലെ തൊഴിൽ വളർച്ച മന്ദഗതിയിലായി, വാർഷിക വേതനത്തിലെ വർദ്ധനവ് ഏകദേശം 2-1/2 വർഷത്തിനിടയിലെ ഏറ്റവും ചെറിയതായിരുന്നുവെന്ന് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് തൊഴിൽ വിപണിയിലെ ലഘൂകരണത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്.

ലേബർ ഡിപ്പാർട്ട്‌മെന്റിന്റെ തൊഴിൽ റിപ്പോർട്ട് അനുസരിച്ച് തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം 3.9 ശതമാനമായി ഉയർന്നു, 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്. സെപ്റ്റംബറില്‍ 3.8 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. 

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

നിഫ്റ്റി 19,214ലും തുടർന്ന് 19,199ലും 19,174ലും പിന്തുണ നേടിയേക്കാം എന്നാണ് വിലയിരുത്തുന്നത്. മുന്നേറ്റം ഉണ്ടായാല്‍, 19,264 പെട്ടെന്നുള്ള പ്രതിരോധമായി കണക്കാക്കുന്നു, തുടര്‍ന്ന് 19,280ഉം 19,305ഉം.

ആഗോള വിപണികളില്‍ ഇന്ന്

ഞായറാഴ്ച വൈകുന്നേരത്തെ വ്യാപാരത്തില്‍ യുഎസ് ഇക്വിറ്റി ഫ്യൂച്ചറുകൾ ഫ്ലാറ്റായാണ് തുടര്‍ന്നത്. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജുമായി ബന്ധമുള്ള ഫ്യൂച്ചറുകൾ 13 പോയിന്റ് അഥവാ 0.04 ശതമാനം ഉയർന്നു. എസ് & പി 500 ഫ്യൂച്ചറുകൾ 0.03 ശതമാനവും ഉയര്‍ന്നു. അതേസമയം നാസ്ഡാക്ക് 100 ഫ്യൂച്ചറുകൾ 0.01 ശതമാനം ഇടിഞ്ഞു. മൂന്ന് വിപണികളും 5 ശതമാനത്തിന് മുകളിലുള്ള നേട്ടവുമായാണ് കഴിഞ്ഞ വാരം അവസാനിപ്പിച്ചത്. 

ഏഷ്യ പസഫിക് വിപണികള്‍ പൊതുവില്‍ നേട്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയ എഎസ്എക്സ്, ചൈനയിലെ ഷാങ്ഹായ് എസ്ഇ കംപോസിറ്റ്, ഹോങ്കോംഗിലെ ഹാംഗ് സെങ് , ജപ്പാനിന്‍റെ നിക്കി , തായ്‌വാൻ ടിഎസ്ഇസി 50 തുടങ്ങിയ സൂചികകളെല്ലാം പച്ചയിലാണ് വ്യാപാരം നടത്തുന്നത്. യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ച സമ്മിശ്രമായ തലത്തിലായിരുന്നു.

ഗിഫ്റ്റ് നിഫ്റ്റിയില്‍ ഇന്ന് 15 പോയിന്‍റിന്‍റെ  നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെയും തുടക്കം പോസിറ്റിവ് ആകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്. 

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

സ്‍റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: പ്രൊവിഷനുകള്‍ കുറഞ്ഞതിന്‍റെയും മറ്റ് വരുമാനങ്ങള്‍ ഉയർന്നതിന്‍റെയും ഫലമായി എസ്ബിഐ-യുടെ സ്റ്റാൻഡ്എലോൺ ലാഭം രണ്ടാം പാദത്തില്‍  8 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 14,330 കോടി രൂപയില്‍ എത്തി. എന്നാൽ പ്രൊവിഷനുകള്‍ക്കു മുമ്പുള്ള പ്രവർത്തന ലാഭം 8 ശതമാനം കുറഞ്ഞു. ഈ പാദത്തിൽ അറ്റ ​​പലിശ വരുമാനം 12.3 ശതമാനം വർധിച്ച് 39,500 കോടി രൂപയായി.

ബാങ്ക് ഓഫ് ബറോഡ: പ്രൊവിഷനുകളിൽ വർദ്ധനവുണ്ടായിട്ടും ബാങ്ക് ഓഫ് ബറോഡയുടെ രണ്ടാംപാദത്തിലെ അറ്റാദായം 28.4 ശതമാനം വാർഷിക വളര്‍ച്ചയോടെ  4,253 കോടി രൂപയായി. മറ്റ് വരുമാനങ്ങളിലെ ആരോഗ്യകരമായ വളര്‍ച്ചയും പ്രൊവിഷനു മുമ്പുള്ള മികച്ച പ്രവർത്തന ലാഭവുമാണ് ഇതിന് കാരണം. അറ്റ പലിശ വരുമാനം 6.5 ശതമാനം വർധിച്ച് 10,831 കോടി രൂപയായി.

പിബി ഫിൻ‌ടെക്: പോളിസിബസാർ & പൈസബസാർ പ്ലാറ്റ്‌ഫോം ഓപ്പറേറ്റർ 21.1 കോടി രൂപയുടെ ഏകീകൃത നഷ്ടം ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ രേഖപ്പെടുത്തി. മുൻവർഷം സമാന കാലയളവിലെ 186.64 കോടി രൂപയുടെ നഷ്ടം വലിയ തോതില്‍ ചുരുങ്ങി. ഏകീകൃത വരുമാനം 42 ശതമാനം വർധിച്ച് 812 കോടി രൂപയായും പ്രധാന ഓൺലൈൻ വരുമാനം 46 ശതമാനം വർധിച്ച് 597 കോടി രൂപയായും മാറി.

സെല്ലോ വേൾഡ്: ഉപഭോക്തൃ ഉൽപ്പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ ഇക്വിറ്റി ഓഹരികള്‍ ഇന്ന് വിപണികളില്‍ ലിസ്റ്റ് ചെയ്യും. അവസാന ഇഷ്യൂ വില ഒരു ഷെയറിന് 648 രൂപയായി നിശ്ചയിച്ചു.

ഇന്റർഗ്ലോബ് ഏവിയേഷൻ: ചെലവ് കുറഞ്ഞ എയർലൈനായ ഇൻഡിഗോ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനി  സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 188.9 കോടി രൂപ ലാഭം റിപ്പോർട്ട് ചെയ്തു, മുൻ വർഷം ഇതേ കാലയളവിൽ ഇത് 1,583.3 കോടി രൂപയുടെ നഷ്ടമായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 19.6 ശതമാനം വർധിച്ച് 14,944 കോടി രൂപയായി.

ബാങ്ക് ഓഫ് ഇന്ത്യ: പൊതുമേഖലാ വായ്പാദാതാവ് രണ്ടാം പാദത്തിൽ 1,458 കോടി രൂപ ലാഭം രേഖപ്പെടുത്തി, മുൻവർഷത്തെ അപേക്ഷിച്ച് 52 ശതമാനം വർധനയാണിത്. ഈ പാദത്തിൽ അറ്റ ​​പലിശ വരുമാനം 13 ശതമാനം വർധിച്ച് 5,740 കോടി രൂപയായി.

ക്രൂഡ് ഓയിലും സ്വര്‍ണവും

സൗദി അറേബ്യയും റഷ്യയും ഈ വർഷം അവസാനം വരെ എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച തുടക്കത്തില്‍  എണ്ണ വില ഉയർന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 41 സെന്റ് അഥവാ 0.5 ശതമാനം ഉയർന്ന് ബാരലിന് 85.30 ഡോളറിലെത്തി, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് 54 സെൻറ് അഥവാ 0.7 ശതമാനം ഉയർന്ന് 81.05 ഡോളറിലാണ്.

യുഎസ് ജോബ് ഡാറ്റ ദുർബലമായതിനെത്തുടർന്ന് യുഎസ് ഡോളറും ട്രഷറി യീൽഡും ഇടിഞ്ഞതിനാൽ വെള്ളിയാഴ്ച സ്വർണവില ഉയർന്നു. സ്‌പോട്ട് ഗോൾഡ് 0.4 ശതമാനം ഉയർന്ന് ഔൺസിന് 1,994.28 ഡോളറിലെത്തി, യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.3 ശതമാനം ഉയർന്ന് 1,999.2 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച ഓഹരികളില്‍ 12.43 കോടി രൂപയുടെ അറ്റ വില്‍പ്പന നടത്തി,  ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍  402.69 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തിയതായും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം

Tags:    

Similar News