ഏഷ്യന്‍ വിപണികളില്‍ ജാഗ്രത; ഗിഫ്റ്റ് നിഫ്റ്റിയുടെ തുടക്കം ഇടിവില്‍; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
- യുഎസ് സ്‍റ്റോക്ക് ഫ്യൂച്ചറുകളില്‍ നേരിയ ഇടിവ്
- ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ മുന്നേറ്റം
- വില്‍പ്പനക്കാരായി എഫ്‍ഐഐകള്‍
ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ നവംബർ 17 വെള്ളിയാഴ്ച ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ റാലിയില്‍ നിന്നുള്ള ലാഭമെടുക്കലിലേക്ക് ഒരു വിഭാഗം നീങ്ങി. റീട്ടെയില്‍ വായ്പകളുടെ റിസ്ക് വെയ്റ്റ് ഉയര്‍ത്തിയ റിസര്‍വ് ബാങ്ക് നടപടി ബാങ്കിംഗ്, ധനകാര്യ ഓഹരികളിലെ വില്‍പ്പനയ്ക്ക് ഇടയാക്കിയിട്ടുണ്ട്. സെൻസെക്സ് 188 പോയന്റ് താഴ്ന്ന് 65,795 ലും നിഫ്റ്റി 33 പോയിൻറ് 19,732 ലുമാണ് ക്ലോസ് ചെയ്തത്.
19,800-19,850 എന്ന നിലയിൽ കടുത്ത പ്രതിരോധം നേരിട്ട വിശാലമായ നിഫ്റ്റി സൂചിക വലിയ ചലനങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് കുറച്ച് ദിവസത്തേക്ക് കണ്‍സോളിഡേഷനില്‍ തുടരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
നിഫ്റ്റി 19,682-ലും തുടർന്ന് 19,649-ലും 19,596-ലും പിന്തുണ നേടുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഉയരുകയാണെങ്കില്‍, 19,788 പെട്ടെന്നുള്ള പ്രതിരോധമായി പ്രവര്‍ത്തിക്കും. തുടര്‍ന്ന്, 19,821ഉം 19,874ഉം.
ആഗോള വിപണികളില്‍ ഇന്ന്
യു.എസ് ഇക്വിറ്റി ഫ്യൂച്ചറുകൾ ഞായറാഴ്ച രാത്രി വ്യാപാരത്തില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമാണ് പ്രകടമാക്കിയത്. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജുമായി ബന്ധമുള്ള ഫ്യൂച്ചറുകളും എസ്&പി 500 ഫ്യൂച്ചറുകളും ഏകദേശം 0.1 ശതമാനം വീതം കുറഞ്ഞു, നാസ്‍ഡാക്ക് 100 ഫ്യൂച്ചറുകൾ 0.2% കുറഞ്ഞു. മികച്ച നേട്ടത്തോടെയാണ് യുഎസ് വിപണികള്‍ കഴിഞ്ഞ വാരം അവസാനിപ്പിച്ചിരുന്നത്. യൂറോപ്യന്‍ വിപണികളും വെള്ളിയാഴ്ച നേട്ടത്തിലായിരുന്നു.
ഏഷ്യ പസഫിക് വിപണികള്‍ സമ്മിശ്ര തലത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെംഗ്, ദക്ഷണി കൊറിയയുടെ കോസ്പി, കോസ്ഡാഖ് എന്നിവ നേട്ടത്തിലാണ് തുടങ്ങിയത്. ജപ്പാന്‍റെ നിക്കി ചാഞ്ചാട്ടം പ്രകടമാക്കുന്നു. ചൈനയുടെ ഷാങ്ഹായ് സൂചിക ഇടിവിലാണ്.
ഗിഫ്റ്റ് നിഫ്റ്റിയില്‍ 15 പോയിന്‍റിന്‍റെ ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെയും നഷ്ടത്തിലുള്ള തുടക്കത്തെയാണ് ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നത്.
ഇന്ന് ശ്രദ്ധ നേടുന്ന പ്രധാന ഓഹരികള്‍
അരബിന്ദോ ഫാർമ: അരബിന്ദോ ഫാർമയുടെ ഉപസ്ഥാപനമായ എപിഎൽ ഹെൽത്ത് കെയറിന്‍റെ തെലങ്കാനയിലെ ഫോർമുലേഷൻ മാനുഫാക്ചറിംഗ് ഫെസിലിറ്റിയുടെ യൂണിറ്റ് ഒന്നിലും മൂന്നിലും യുണൈറ്റഡ് സ്‍റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‍മിനിസ്‌ട്രേഷൻ (യുഎസ് എഫ്‍ഡിഎ) നടത്തിയ പ്രീ-അപ്രൂവൽ പരിശോധന (PAI) പ്രത്യേക നടപടികളൊന്നും ആവശ്യപ്പെടാതെ അവസാനിപ്പിച്ചു. നവംബർ 13-17 കാലയളവിലാണ് പരിശോധന നടന്നത്.
എക്സൈഡ് ഇൻഡസ്ട്രീസ്: എക്സൈഡ് ഇൻഡസ്ട്രീസ്, വെർട്ടിവ് കമ്പനി ഗ്രൂപ്പ് ലിമിറ്റഡ് യുകെ (വിസിജിഎൽ), വെർട്ടിവ് എനർജി (വിഇപിഎൽ) എന്നീ കക്ഷികൾ നടപ്പാക്കിയ സെറ്റിൽമെന്റ് കരാറിന്‍റെ നിബന്ധനകൾ രേഖപ്പെടുത്തിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. കേസിനാസ്പദനായ വ്യാപാര ചിഹ്നം വിസിജിഎല്ലും വിഇപിഎല്ലും ഇന്ത്യയിൽ നേരിട്ടോ അല്ലാതെയോ ഉപയോഗിക്കില്ലെന്നും എക്സൈഡിന് അനുകൂലമായി ഈ മാർക്കിന് മേലുള്ള എല്ലാ അവകാശവാദങ്ങളും പിൻവലിക്കുമെന്നും സമ്മതിച്ചു.
എസ്‌ബിഐ കാർഡ്‍സ് ആന്‍ഡ് പേയ്‌മെന്റ് സര്‍വീസസ്: ഉപഭോക്തൃ വായ്പാ വിഭാഗങ്ങള്‍ക്കുള്ള നിയമങ്ങൾ ആര്‍ബിഐ കർശനമാക്കിയത്, ബാങ്കുകളുടെയും എൻബിഎഫ്‌സികളുടെയും മൂലധന പര്യാപ്തത അനുപാതയെ ബാധിക്കുമെന്ന് കമ്പനി പറഞ്ഞു. ഇത് തങ്ങളുടെ മൂലധന പര്യാപ്തത ഏകദേശം 4 ശതമാനം കുറയ്ക്കുമെന്നാണ് കമ്പനി പറയുന്നത്.
ആര്‍ഐടിഇഎസ്: സിഎഫ്എം മൊസാംബികില്‍ നിന്ന് 10 ഡീസൽ-ഇലക്‌ട്രിക് ലോക്കോമോട്ടീവുകൾക്കുള്ള ടെണ്ടർ കമ്പനി സ്വന്തമാക്കി. 37.68 ദശലക്ഷം ഡോളറിന്‍റേതാണ് കരാര്‍, എന്നാൽ കമ്പനിക്ക് 300 ഹൈ-സൈഡ് വാഗണുകളുടെ ടെൻഡർ നഷ്ടമായി.
എൻബിസിസി (ഇന്ത്യ): ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുമായി (ഐസിഎഐ) എൻബിസിസി ധാരണാപത്രം ഒപ്പുവച്ചു. ഐസിഎഐ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായുള്ള തങ്ങളുടെ കെട്ടിടങ്ങളുടെ ആസൂത്രണത്തിനും രൂപകല്‍പ്പനയ്ക്കും നടത്തിപ്പിനും നവീകരണ പ്രവർത്തനങ്ങൾക്കുമുള്ള ചുമതലയാണ് നല്‍കിയത്. യഥാർത്ഥ പദ്ധതിച്ചെലവിന്റെ 6.5 ശതമാനം പിഎംസി ഫീസിൽ എൻബിസിസി ജോലികൾ പൂർത്തിയാക്കും.
ക്രൂഡ് ഓയില്‍ മുന്നേറി
ഒപെക് + രാഷ്ട്രങ്ങള്‍ വിതരണത്തിലെ വെട്ടിക്കുറയ്ക്കല്‍ വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷകളെ അടിസ്ഥാനമാക്കി ഓയിൽ ഫ്യൂച്ചറുകൾ തിങ്കളാഴ്ച വ്യാപാരത്തില്‍ ഉയർന്നു. ഇസ്രായേൽ-ഹമാസ് സംഘർഷം വിതരണത്തെ തടസ്സപ്പെടുത്തുമെന്ന ആശങ്കയ്ക്ക് അയവ് വന്നതോടെ നാലാഴ്ചയായി എണ്ണവില കുറയുകയായിരുന്നു.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 11 സെൻറ് അഥവാ 0.1% ഉയർന്ന് ബാരലിന് 80.72 ഡോളറിലെത്തി, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് 8 സെൻറ് ഉയർന്ന് 75.97 ഡോളറിലെത്തി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 477.76 കോടി രൂപയുടെ അറ്റവില്‍പ്പന വെള്ളിയാഴ്ച ഓഹരികളില്‍ നടത്തി. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 565.48 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയെന്നും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം