250 രൂപയില്‍ തുടങ്ങുന്ന എസ്‌ഐപികള്‍ പ്രോത്സാഹിപ്പിക്കാന്‍ സെബി
- നവംബറില്‍ എസ്‌ഐപികളിലൂടെയുള്ള നിക്ഷേപം 17,000 കോടി രൂപ
- ഇത്തരം ഉത്പന്നങ്ങള്‍ ഇന്ത്യന്‍ മൂലധന വിപണിയെ സഹായിക്കും
- ആഭ്യന്തര നിക്ഷേപകർ ശക്തരെന്ന് സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച്
ചെറിയ തുകയുടെ മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാാന്‍ സെബി ആഗ്രഹിക്കുന്നുവെന്ന് സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച്.നിലവില്‍ എസ്‌ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍) വഴി പ്രതിമാസം 500 രൂപ നിക്ഷേപിക്കുന്നതാണ് സൗകര്യപ്രദമെന്നാണ് നിലവില്‍ മ്യൂച്ച്വല്‍ ഫണ്ട് മേഖലയുടെ ധാരണ. എന്നാല്‍, 250 രൂപ പോലുള്ള ചെറിയ തുകയുടെ നിക്ഷേപവും പ്രായോഗികമാണെന്നതിലേക്കും അവ ഫലപ്രദമാക്കുന്നതിലേക്കുമാണ് സെബിയുടെ ശ്രദ്ധയെന്നും അവര്‍ വ്യക്തമാക്കി.
ഇത്തരം ഫണ്ടുകള്‍ ആരംഭിക്കുമ്പോള്‍ ചെലവ് എവിടെയാണെന്നറിയാനും സെബി എന്താണ് ചെയ്യേണ്ടതെന്നും അറിയാന്‍ മ്യൂച്ച്വല്‍ ഫണ്ട് മേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. നവംബറില്‍ എസ്‌ഐപികളിലൂടെയുള്ള നിക്ഷേപം 17,000 കോടി രൂപയിലധികമാണെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് വന്നത്. മാത്രമല്ല റിലയന്‍സ് ഗ്രൂപ്പില്‍ നിന്നുള്ള ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് മ്യൂച്ച്വല്‍ ഫണ്ട് മേഖലയിലേക്ക് കാര്യമായ പ്രവേശനം നടത്തിയേക്കുമെന്നുമുള്ള പ്രതീക്ഷകള്‍ക്കുമിടയിലാണ് സെബി ചെയര്‍പേഴ്‌സണ്‍ന്റെ ഈ അഭിപ്രായം. ഇത്തരം ഉത്പന്നങ്ങള്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ശക്തമാക്കാന്‍ ഇന്ത്യന്‍ മൂലധന വിപണിയെ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.
ആഭ്യന്തര നിക്ഷേപകർ ശക്തർ
അടുത്തകാലത്ത് വികസിത രാജ്യങ്ങളില്‍ നിരക്കുയര്‍ന്നത് വിദേശ നിക്ഷേപകരെ ഇന്ത്യന്‍ ഓഹരികള്‍ വില്‍ക്കാന്‍ പ്രേരിപ്പിച്ചു. എന്നാല്‍, ആഭ്യന്തര നിക്ഷേപകര്‍ ശക്തി പ്രാപിച്ചതിനാല്‍ മറ്റ് വളര്‍ന്നു വികസര വിപണികളെപ്പോലെ ഇന്ത്യന്‍ വിപണിയെ ബാധിച്ചില്ല. വിപണിയുടെ മെച്ചപ്പെട്ട പ്രകടനം വിദേശ നിക്ഷേപകരെ തിരികെയെത്തിച്ചെന്നും അവര്‍ പറഞ്ഞു.
കമ്പനിയുടെ ബോര്‍ഡുകളില്‍ സ്ത്രീകളെ നിയമിക്കുന്നതിനേക്കാള്‍, പ്രാധാന്യം കമ്പനികളുടെ അധികാര ശ്രേണിയിലുടനീളം സ്ത്രീകളെ നിയമിക്കേണ്ടതിനു നല്‍കണം. പ്രധാന മാനേജുമെന്റ് ഉദ്യോഗസ്ഥര്‍ മുതല്‍ താഴെയുള്ള ഉദ്യോഗസ്ഥര്‍ വരെ ഈ രീതിയാണ് പിന്തുടരേണ്ടത്. ഈ കാഴ്ചപ്പാട് അടിസ്ഥാനമാക്കിയാണ് സെബി ലിസ്റ്റ് ചെയ്ത 1,000 കമ്പനികളുടെ മൊത്തത്തിലുള്ള വേതന ബില്ലുകളില്‍ സ്ത്രീകള്‍ക്കുള്ള പേയ്‌മെന്റുകളുടെ പങ്ക് വെളിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു.സാങ്കേതികവിദ്യയോടും ഡാറ്റയോടും തനിക്ക് വളരെ അഭിനിവേശമുണ്ടെന്നും അവ രണ്ടും തന്റെ ജോലിയില്‍ ഉപയോഗിക്കുന്നുവെന്നും ബുച്ച് പറഞ്ഞു.
മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന രീതിയെക്കുറിച്ചും പ്രാക്ടീഷണര്‍മാര്‍ ഉപയോഗിക്കുന്ന പഴുതുകളെക്കുറിച്ചുമുള്ള അറിവ് സെബിയുടെ ചെയര്‍മാനെന്ന നിലയില്‍ ജോലിയില്‍ മികച്ച പ്രകടനം നടത്താന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറില്‍ നിന്നും റെഗുലേറ്ററായി മാറി. മാധുബി പുരി ബുച്ച് പറഞ്ഞു. തന്റെ കരിയറിലുടനീളം, ഐസിഐസിഐ ഗ്രൂപ്പിനൊപ്പമുള്ള കാലം മുതല്‍ ഒരു സ്ത്രീയെന്ന നിലയില്‍ തനിക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നില്ലെന്നും സെബിയിലും ഇത് തന്നെയാണ് തുടരുന്നതെന്നും അവര്‍ പറഞ്ഞു.