വിദേശ ഇടിഎഫുകളില്‍ നിക്ഷേപം നടത്തിയിട്ടുള്ള ഫണ്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പടുത്തി സെബി

  • വിദേശ വിപണികളില്‍ നിക്ഷേപം നടത്തുന്ന രണ്ട് തരം മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളാണുള്ളത്
  • വിദേശത്ത് നിക്ഷേപം നടത്തുന്ന 77 മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ ഇന്ത്യയിലുണ്ട്
  • നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന്റെ നാല് ഫണ്ടുകളിലെ നിക്ഷേപത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു

Update: 2024-03-22 06:43 GMT

ഏപ്രില്‍ ഒന്നുമുതല്‍ വിദേശ ഇടിഎഫുകളില്‍ നിക്ഷേപം നടത്തിയിട്ടുള്ള ഫണ്ടുകളില്‍ നിക്ഷേപം സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശിച്ച് സെബി. മാര്‍ച്ച് 20 നാണ് സെബി അസോസിയേഷന്‍ ഓഫ് മ്യൂച്ച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.

വിദേശ ഇടിഎഫുകളില്‍ നിക്ഷേപിക്കാനുള്ള പരിധി ഒരു ബില്യണ്‍ ഡോളറാണ്. ഈ പരിധിയിലേക്ക് എത്തുന്നത് കണക്കാക്കിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിദേശ ഓഹരികളില്‍ നിക്ഷേപിക്കാനുള്ള മ്യൂച്വല്‍ ഫണ്ടുകളുടെ പരിധി ഏഴ് ബില്യണ്‍ ഡോളറാണ്. 2022 ജനുവരിയില്‍ ഈ പരിധി എത്തിയതിനെത്തുടര്‍ന്ന് വിദേശത്ത് നിക്ഷേപം നടത്തുന്നത് നിര്‍ത്താന്‍ സെബി ഫണ്ട് ഹൗസുകളോട് ആവശ്യപ്പെട്ടിരുന്നു.

വിദേശ വിപണികളില്‍ നിക്ഷേപം നടത്തുന്ന രണ്ട് തരം മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളാണുള്ളത്. 

ഒന്നാമത്തെ സ്‌കീമുകള്‍ വിദേശത്ത് നേരിട്ട് ഓഹരികള്‍ വാങ്ങുന്നു (പരിധി 7 ബില്യണ്‍ ഡോളര്‍ വരെ). രണ്ടാമത്തേത് സാധാരണയായി ഒരു ഫണ്ട് ഓഫ് ഫണ്ട് നിക്ഷേപമാണ്. വിദേശത്ത് ഇടിഎഫുകളുടെ യൂണിറ്റുകള്‍ വാങ്ങുന്നു (1 ബില്യണ്‍ ഡോളര്‍ വരെയാണ് പരിധി). ഈ ഫണ്ട് ഓഫ് ഫണ്ടുകളിലോ ഇടിഎഫുകളിലോ പണം സ്വീകരിക്കുന്നതാണ് ഫണ്ട് ഹൗസുകള്‍ അവസാനിപ്പിക്കേണ്ടത്. വിദേശത്ത് നിക്ഷേപം നടത്തുന്ന 77 മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ ഇന്ത്യയിലുണ്ട്.

വിദേശ വിപണിയിലെ തിരുത്തല്‍ കാരണം മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തികള്‍ കുറയുകയാണെങ്കില്‍ ഫണ്ട് ഹൗസുകള്‍ക്ക് വീണ്ടും വിദേശ ഓഹരികളില്‍ നിക്ഷേപിക്കാന്‍ കഴിയും. ഫെബ്രുവരി 26 ന് നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന്റെ നാല് ഫണ്ടുകളായ നിപ്പോണ്‍ ഇന്ത്യ യുഎസ് ഇക്വിറ്റി ഓപ്പര്‍ച്യൂണിറ്റീസ്, നിപ്പോണ്‍ ഇന്ത്യ ജപ്പാന്‍ ഇക്വിറ്റി, നിപ്പോണ്‍ ഇന്ത്യ തായ്വാന്‍ ഇക്വിറ്റി, നിപ്പോണ്‍ ഇന്ത്യ ഇടിഎഫ് ഹാംഗ് സെങ് ബീസ് എന്നിവ നിക്ഷേപം സ്വീകരിക്കുന്നത് നിര്‍ത്തിയിരുന്നു. നിലവിലുള്ള രജിസ്റ്റര്‍ ചെയ്ത സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളും (എസ്‌ഐപി), സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാനുകളും (എസ്ടിപി) തുടരുമെന്ന് നിപ്പോണ്‍ ഇന്ത്യ എംഎഫ് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News