ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ വരവ് 22 മാസത്തെ ഉയര്‍ച്ചയില്‍

  • ജനുവരിയില്‍ ഡെറ്റ് ഫണ്ടുകളിലും അറ്റ നിക്ഷേപം
  • ലാര്‍ജ് ക്യാപുകളിലെ നിക്ഷേപം 13 മാസത്തെ ഉയര്‍ന്ന നിലയില്‍
  • മ്യൂച്വല്‍ഫണ്ടുകളിലെ മൊത്തം നിക്ഷേപം 1.23 ലക്ഷം കോടി രൂപ

Update: 2024-02-08 09:21 GMT

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളില്‍ ജനുവരിയിൽ എത്തിയത് ഏകദേശം രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ വരവ്. 21,780 കോടി രൂപയുടെ അറ്റ ​​നിക്ഷേപമാണ് കഴിഞ്ഞ മാസം ഇക്വിറ്റി എംഎഫുകളില്‍ എത്തിയതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (AMFI) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഡിസംബറിൽ ഏകദേശം 17,000 കോടി രൂപയുടെ നിക്ഷേമാണ് ഉണ്ടായിരുന്നത്. ചെറുകിട ഫണ്ടുകളോടുള്ള നിക്ഷേപകരുടെ തുടർച്ചയായ മുൻഗണന വ്യക്തമാക്കുന്നതാണ് ജനുവരിയിലെ കണക്കുകള്‍.

ഇക്വിറ്റി അധിഷ്‌ഠിത മ്യൂച്വൽ ഫണ്ടുകൾ 28,463 കോടി രൂപയുടെ നിക്ഷേപത്തിന് സാക്ഷ്യം വഹിച്ച 2022 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഒഴുക്കാണ് കഴിഞ്ഞ മാസം നടന്നത്. കൂടാതെ, തുടർച്ചയായ 35-ാം മാസവും ഇക്വിറ്റി എംഎഫുകളില്‍ അറ്റ ​​നിക്ഷേപം രേഖപ്പെടുത്തിയിരിക്കുകയാണ്. 

വാല്യൂ ഫണ്ട് ഒഴികെയുള്ള എല്ലാ വിഭാഗങ്ങളിലും നിക്ഷേപ വരവ് ഉണ്ടായിട്ടുണ്ട്. തീമാറ്റിക് ഫണ്ടുകളിൽ 4,805 കോടി രൂപയുടെ വരവ് ഉണ്ടായി. സ്മോൾ ക്യാപ് ഫണ്ടുകളിൽ 3,257 കോടി രൂപയും മൾട്ടി ക്യാപ് ഫണ്ടുകളിൽ 3,039 കോടി രൂപയും ലഭിച്ചു.

ലാര്‍ജ് ക്യാപ് വിഭാഗത്തിലേക്ക് 1,287 കോടി രൂപയുടെ ഫണ്ട് എത്തി എന്നതാണ് പോയ മാസത്തെ കണക്കുകളിലെ ശ്രദ്ദേയമായൊരു കാര്യം, ഇത് 13 മാസത്തിലെ ഉയർന്ന നിലയാണ്. നിക്ഷേപകര്‍ മൂല്യ നിര്‍ണയത്തിലെ വലിയ വിടവ് തിരിച്ചറിയുകയും അതിനനുസരിച്ച് നിക്ഷേപങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്തുവെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 

 കഴിഞ്ഞ രണ്ട് മാസങ്ങളിലെ പുറത്തേക്കൊഴുക്കിന് ശേഷം ഡെറ്റ് സ്‍കീമുകളിലും ജനുവരിയില്‍ അറ്റ നിക്ഷേപം രേഖപ്പെടുത്തി. ജനുവരിയിൽ 76,469 കോടി രൂപയുടെ അറ്റ ​​നിക്ഷേപം എത്തിയത്. ഡിസംബറിൽ 75,560 കോടി രൂപയും നവംബറിൽ 4,707 കോടി രൂപയും ഈ വിഭാഗത്തിൽ നിന്ന് പിന്‍വലിക്കപ്പെട്ടിരുന്നു. ഹൈബ്രിഡ് സ്കീമുകൾക്ക് 20,637 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ജനുവരിയില്‍ ലഭിച്ചത്. 

മൊത്തത്തിൽ, മ്യൂച്വൽ ഫണ്ട് വ്യവസായം ഡിസംബറിലെ 40,685 കോടി രൂപയെ അപേക്ഷിച്ച് അവലോകന മാസത്തിൽ 1.23 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് സാക്ഷ്യം വഹിച്ചു. ഇതിന്‍റെ ഫലമായി മ്യൂച്വല്‍ ഫണ്ട് വ്യവസായം കൈകാര്യം ചെയ്യുന്ന ആസ്തി ഡിസംബർ അവസാനത്തെ 50.78 ലക്ഷം കോടി രൂപയിൽ നിന്ന് ജനുവരി അവസാനത്തിൽ 52.74 ലക്ഷം കോടി രൂപയായി.

Tags:    

Similar News