കഴിഞ്ഞുവോ ഐപിഒയുടെ പ്രതാപകാലം? ഈ വർഷം വിപണിയിലെത്തിയവയിൽ മൂന്നിലൊന്നും ഇടിവിൽ
- 73 മെയിൻബോർഡ് കമ്പനികൾ പ്രാഥമിക വിപണിയിൽ നിന്നും മൊത്തം 60,000 കോടി രൂപ സമാഹരിച്ചു
- എസ്എംഇ വിഭാഗത്തിൽ 177 സ്ഥാപനങ്ങൾ 5,100 കോടി രൂപ സ്വരൂപിച്ചു
- ഇഷ്യൂ വിലയിൽ നിന്നും 36% താഴ്ന്നാണ് ക്രെഡോ ബ്രാൻഡ് ഓഹരികളുടെ വ്യാപാരം
നടപ്പ് സാമ്പത്തിക വർഷം പണം സമാഹരിക്കാനായി പ്രാഥമിക വിപണിയിലെത്തിയത് 73 മെയിൻ ബോർഡ് കമ്പനികളും 177 ചെറുകിട ഇടത്തരം സംരംഭങ്ങളുമാണ്. എന്നാൽ ലിസ്റ്റിംഗ് സമയത്ത് പ്രീമിയം നൽകിയ ഒട്ടു മിക്ക ഓഹരികളും നിലവിൽ വ്യാപാരം ചെയുന്നത് ഇഷ്യൂ വിലയേക്കാളും താഴ്ന്നാണ്. അതായത് ലിസ്റ്റ് ചെയ്തിട്ടുള്ള മൂന്നിലൊന്ന് കമ്പനികളുടെ ഓഹരികൾ ഇടവിലാണ്.
നടപ്പ് സാമ്പത്തിക വർഷത്തിൽ 73 ഇന്ത്യൻ മെയിൻബോർഡ് കമ്പനികൾ പ്രാഥമിക വിപണിയിൽ നിന്നും മൊത്തം 60,000 കോടി രൂപ സമാഹരിച്ചതായി ബിഎസ്ഇ ഡാറ്റ കാണിക്കുന്നു. ഈ 73 കമ്പനികളിൽ 26 എണ്ണവും നിലവിൽ ഇഷ്യൂ വിലയേക്കാളും താഴ്ന്നാണ് വ്യാപാരം നടത്തുന്നത്. ഇതിൽ 51 മടങ്ങ് അധികം അപേക്ഷകൾ ലഭിച്ച ക്രെഡോ ബ്രാൻഡ് മാർക്കറ്റിംഗ്, 17 ഇരട്ടി ലഭിച്ച ഇപാക്ക് ഡ്യൂറബിൾ, 13 മടങ്ങ് ലഭിച്ച മുത്തൂറ്റ് മൈക്രോഫിൻ, നാലിരട്ടി ലഭിച്ച ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക്, എട്ട് മടങ്ങ് അപേക്ഷകൾ ലഭിച്ച ജിപിടി ഹെൽത്ത് കെയർ തുടങ്ങിയ ഐപിഒകൾ വൻതോതിൽ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു.
സമാന കാലയളവിൽ എസ്എംഇ വിഭാഗത്തിൽ 177 സ്ഥാപനങ്ങൾ 5,100 കോടി രൂപ സമാഹരിച്ചു. ഇവയിൽ 57 എണ്ണം നിലവിൽ ഇഷ്യു വിലയേക്കാൾ താഴെയാണ് വ്യാപാരം നടത്തുന്നത്. ഇഷ്യൂ നടക്കുന്ന സമയത്ത് ഈ ഓഹരികൾക്ക് രണ്ടു മുതൽ 18 ഇരട്ടി വരെ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
പല ഐപിഒകളും പ്രീമിയത്തിൽ അരങ്ങേറുകയും ബുള്ളിഷ് മാർക്കറ്റിൽ നിക്ഷേപകർക്ക് ലാഭം നൽകുകയും ചെയ്തുവെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു . ഈ കമ്പനികളിൽ പലതിനും മികച്ച മൂല്യനിർണ്ണയങ്ങൾ ലഭിച്ചു, എന്നാൽ വരുമാനടിസ്ഥാനത്തിൽ മങ്ങിയ കോർപ്പറേറ്റ് പ്രകടനം കാരണം ഇവയുടെ വളർച്ച പരിമിതമായിരുന്നു. ഇത് നിക്ഷേപകരെ ലാഭമെടുപ്പിലേക്ക് നയിച്ചു.
ക്രെഡോ ബ്രാൻഡ് മാർക്കറ്റിംഗ് (-36%), ഇപാക്ക് ഡ്യൂറബിൾസ് (-36%), മുത്തൂറ്റ് മൈക്രോഫിൻ (-36%) എന്നീ ഓഹരികളാണ് മെയിൻ ബോർഡിൽ ഇഷ്യു വിലയിൽ നിന്നും വലിയ ഇടിവ് നേരിട്ടവ. ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക്, ജിപിടി ഹെൽത്ത് കെയർ, ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസ്, ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ്, സൂരജ് എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ്, എൻ്ററോ ഹെൽത്ത് കെയർ സൊല്യൂഷൻസ് എന്നീ ഓഹരികൾ 20 ശതമാനം മുതൽ 26 ശതമാനം വരെ ഇഷ്യൂ വിലയിൽ നിന്നും ഇടിവ് രേഖപ്പെടുത്തി.
എസ്എംഇ ഐപിഒകളിൽ, ബിസോട്ടിക് കൊമേഴ്സ്യൽ അതിൻ്റെ ഇഷ്യു വിലയിൽ നിന്ന് 72 ശതമാനമാണ് ഇടിഞ്ഞത്. പേട്രൺ എക്‌സിം, സെൽ പോയിൻ്റ് ഇന്ത്യ എന്നിവ യഥാക്രമം 71 ശതമാനവും 61 ശതമാനവും താഴ്ന്നു. വൃന്ദാവൻ പ്ലാൻ്റേഷൻ, എസ്‌വിഎസ് വെഞ്ചേഴ്‌സ്, സിനോപ്‌റ്റിക്‌സ് ടെക്‌നോളജീസ്, യുഡിസ് സൊല്യൂഷൻസ്, സ്‌പെക്‌ട്രം ടാലൻ്റ് മാനേജ്‌മെൻ്റ്, സരോജ ഫാർമ ഇൻഡസ്‌ട്രീസ് ഇന്ത്യ എന്നിവ ഇഷ്യൂ വിലയിൽ നിന്ന് 50 മുതൽ 60 ശതമാനം വരെ ഇടിഞ്ഞു.
ഐപിഒ കുതിപ്പിനടയിൽ ഓവർസബ്‌സ്‌ക്രിപ്‌ഷനും ലിസ്റ്റിംഗ് വിലയും മാത്രം നോക്കുന്ന നിക്ഷേപകർ മൂല്യനിർണ്ണയത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. അത്തരം സാഹചര്യങ്ങളിൽ നിക്ഷേപകർ വേണ്ടത്ര ഗവേഷണമില്ലാതെ ഓഹരികൾക്കായി അപേക്ഷകൾ നൽകാറുണ്ട്. എന്നിരുന്നാലും, മാർക്കറ്റ് ഡൈനാമിക്സ് മാറുമ്പോൾ, താൽപ്പര്യമുള്ള കക്ഷികൾ ആവേശം ജനിപ്പിക്കുന്നതിന് ഓവർസബ്സ്ക്രിപ്ഷൻ ലക്ഷ്യം വച്ചേക്കാം. പബ്ലിക് ഓഫറിംഗ് സമയത്ത് യഥാർത്ഥ നിക്ഷേപകർ വിപണിയിൽ ഉണ്ടോ എന്ന് വിലയിരുത്തുന്നത് നിർണായകമാണ്.
ഉയർന്ന സബ്‌സ്‌ക്രിപ്‌ഷൻ ലെവലിനെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കുന്നതിനായി മ്യൂൾ അക്കൗണ്ടുകളും തെറ്റായ ഐപിഒ അപേക്ഷകൾ സമർപ്പിച്ചതും അന്വേഷിക്കുകയാണെന്ന് ജനുവരിയിൽ, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അറിയിച്ചിരുന്നു. സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് മൂന്ന് കേസുകളുടെ പരിശോധനയും ഈയിടെ വെളിപ്പെടുത്തി. എന്നാൽ വിശദാംശങ്ങളോ അവ മെയിൻബോർഡ് അല്ലെങ്കിൽ എസ്എംഇ ഐപിഒകളുമായി ബന്ധപ്പെട്ടതാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. നിരീക്ഷിച്ച ക്രമക്കേടുകളിൽ അതൃപ്തി പ്രകടിപ്പിച്ച അവർ, ചില മർച്ചൻ്റ് ബാങ്കർമാരുടെ ഇടപെടലിനെക്കുറിച്ച് സൂചന നൽകുകയും കൂടുതൽ ഡാറ്റയുടെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
അടുത്തിടെ, എസ്എംഇ വിഭാഗത്തിൽ കൃത്രിമം നടന്നതായി ബുച്ച് അംഗീകരിച്ചു. സാങ്കേതികവിദ്യയിലൂടെ കൃത്രിമത്വ പാറ്റേണുകൾ തിരിച്ചറിയാനുള്ള റെഗുലേറ്ററുടെ കഴിവും വിപണി പങ്കാളികളിൽ നിന്ന് ലഭിച്ച ഫീഡ്‌ബാക്കും അവർ പരാമർശിച്ചു. ആവശ്യമായ വിവരങ്ങൾ ഉണ്ടെങ്കിലും, റെഗുലേറ്റർ ശക്തമായ ഒരു കേസ് നിർമ്മിക്കാൻ ലക്ഷ്യമിടുന്നതിനാൽ റെഗുലേറ്ററി നടപടി വ്യക്തമാക്കിയില്ല. എസ്എംഇകൾക്ക് കൂടുതൽ സുഗമമായ ലിസ്റ്റിംഗ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള സെബിയുടെ ശ്രമങ്ങൾ ബുച്ച് എടുത്തുപറഞ്ഞു.
"സെബിയുടെ നടപടികൾ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ തടസ്സപ്പെടുത്തുന്നതല്ലെന്നും നിക്ഷേപം നടത്തുന്നതിന് മുമ്പ് ബിസിനസ് അടിസ്ഥാനകാര്യങ്ങളിലും മൂല്യനിർണ്ണയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരണമെന്നും മിറേ അസറ്റ് ഇൻവെസ്റ്റ്‌മെൻ്റ് മാനേജർസ്, റിസർച്ച് ആൻഡ് ഫണ്ട് മാനേജർ ഹർഷദ് ബോറവാകെ പറഞ്ഞു.
വിപണി ഓരോ കമ്പനിയെയും അതിൻ്റെ മെറിറ്റിൽ വിലയിരുത്തും. നല്ല അടിസ്ഥാനകാര്യങ്ങൾ, ശക്തമായ വരുമാന ട്രാക്ക് റെക്കോർഡ്, വിശ്വസനീയമായ ബിസിനസ് മോഡൽ, പരിചയസമ്പന്നരായ മാനേജ്മെൻ്റ്, ശക്തമായ കോർപ്പറേറ്റ് ഭരണം എന്നിവയിൽ മുൻ തൂക്കമുള്ള കമ്പനികൾക്ക് വിപണി അനുകൂലമായി മാറും. ഈ മേഖലകളിൽ പിന്നാക്കമുള്ള കമ്പനികൾക്ക് വിപണിയിൽ നിന്ന് തിരിച്ചടിയുണ്ടാകും" അദ്ദേഹം കൂട്ടിച്ചേർത്തു.