ഐപിഒ-യ്ക്ക് തയ്യാറെടുത്ത് ജോയ് ആലുക്കാസ്; 2,400 കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു
- നിലവില്‍ ജോയ് ആലുക്കാസിന് ഇന്ത്യയിൽ 100 ഷോറൂമുകളും പത്ത് രാജ്യങ്ങളിലായി 60 ഔട്ട്ലെറ്റുകളും
- മുമ്പ് രണ്ട് തവണ ഐപിഒ-യ്ക്കായി ജോയ് ആലുക്കാസ് ശ്രമിച്ചിരുന്നു
പ്രമുഖ ജ്വല്ലറി സ്ഥാപനമായ ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അടുത്ത രണ്ട് സാമ്പത്തിക വർഷങ്ങളിലായി ഇന്ത്യയിൽ 30 പുതിയ ഷോറൂമുകളും വിദേശത്ത് പത്ത് ഔട്ട്‌ലെറ്റുകളും തുറക്കുന്നതിന് പദ്ധതിയിടുന്നു. ഏകദേശം 2,400 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണിതെന്ന് കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.
കമ്പനിയുടെ ബിസിനസ് കൂടുതൽ വിപുലീകരിക്കുന്നതിനായി ഐപിഒ (പ്രാരംഭ പബ്ലിക് ഓഫർ) നടത്താനും തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ജോയ് ആലുക്കാസിന് ഇന്ത്യയിൽ 100 ഷോറൂമുകളും പത്ത് രാജ്യങ്ങളിലായി 60 ഔട്ട്ലെറ്റുകളുമുണ്ട്.
തുടങ്ങാനിരിക്കുന്ന ഓരോ ഷോറൂമിലും കമ്പനി ശരാശരി 60 കോടി രൂപ നിക്ഷേപിക്കുമെന്ന് ആലുക്കാസ് പറഞ്ഞു. ഇന്ത്യയിലെ കൂടുതല്‍ ഷോറൂമുകള്‍ വടക്കേ ഇന്ത്യയിലായിരിക്കും, കാനഡയും ഓസ്‌ട്രേലിയയും ഉൾപ്പെടെയുള്ള രാജ്യങ്ങളില്‍ ഔട്ട്ലെറ്റുകള്‍ തുറക്കുമെന്നും ജോയ് ആലുക്കാസ് വ്യക്തമാക്കി. ആഭ്യന്തര ക്രമീകരണങ്ങള്‍, ബാങ്ക് വായ്പ എന്നിവയിൽ നിന്നാണ് നിക്ഷേപത്തിനുള്ള തുക കണ്ടെത്തുക. ഷോറൂമുകൾ പൂർണമായും കമ്പനിയുടെ ഉടമസ്ഥതയിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുംബ ബിസിനസില്‍ നിന്ന് പൊതു ഓഹരിയിലേക്ക്
2011ലും 2022ലുമായി പൊതുവിപണിയില്‍ അരങ്ങേറ്റം കുറിക്കാന്‍ കമ്പനി രണ്ടുതവണ ശ്രമിച്ചിരുന്നു. വിപണി അനുകൂലമല്ലാത്തതിനാൽ 2011ൽ കമ്പനിക്ക് ഐപിഒ കൊണ്ടുവരാൻ കഴിഞ്ഞില്ല, അതേസമയം 2022ൽ റെഗുലേറ്ററി അംഗീകാരത്തിനും അനുമതിക്കും കാലതാമസമുണ്ടായി. കമ്പനിയുടെ മൂല്യനിർണ്ണയം അപ്പോഴേക്കും മെച്ചപ്പെട്ടിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
"ഞങ്ങൾ ഒരു ഐപിഒയ്‌ക്കായി ആന്തരികമായി തയ്യാറെടുക്കുകയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കമ്പനി ഒരു കുടുംബ ബിസിനസ്സ് പോലെയാണ് പ്രവർത്തിക്കുന്നത്. ഐപിഒ-ക്ക് തയ്യാറെടുക്കുന്നതിന്‍റെ ഭാഗമായി സിസ്റ്റത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവരാൻ ഞങ്ങൾ ഇപ്പോൾ ശ്രമിക്കുന്നു," അദ്ദേഹം പറഞ്ഞു.
കമ്പനിയുടെ ത്രൈമാസ പ്രകടനത്തെ കുറിച്ചും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ജോയ് ആലുക്കാസ് പറഞ്ഞു, കമ്പനിയുടെ അറ്റാദായം 2023-24 സാമ്പത്തിക വർഷം ആദ്യ പകുതിയില്‍ 22 ശതമാനത്തിലധികം ഉയർന്ന് 1,100 കോടി രൂപയായി, ഒരു വർഷം മുമ്പ് സമാന കാലയളവില്‍ ഇത് 900 കോടി രൂപയായിരുന്നു.
രണ്ടാം പാദത്തിൽ കമ്പനി 300 കോടി രൂപയ്ക്ക് അടുത്ത അറ്റാദായവും 3,775.69 കോടി രൂപ വരുമാനവും നേടി.
“സ്വർണ്ണ വില കുറഞ്ഞു, ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ വരുമാനത്തിൽ 25-30 ശതമാനം വർദ്ധനവ് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണേന്ത്യയിൽ നിന്നാണ് ജോയ്ആലുക്കാസ് ഇന്ത്യ തങ്ങളുടെ ബിസിനസിന്‍റെ സിംഹഭാഗവും നേടുന്നത്.