സുരക്ഷിത നിക്ഷേപത്തിലെ സ്വര്‍ണ തിളക്കം
- സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിന് നികുതി ചുമത്തിയിട്ടുണ്ട് എന്ന് ആദ്യമേ മനസിലാക്കണം
- മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് പരിചിതമാണെങ്കില്‍, ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡ് ഫണ്ടുകള്‍ (ഇടിഎഫ്) സമാനമാണ്.
- ആഭ്യന്തര സൂചികകള്‍ അഞ്ച് ശതമാനത്തില്‍ താഴെ പ്രകടനം ലാഭം വച്ചപ്പോഴും സ്വര്‍ണം 15 ശതമാനത്തിനടുത്ത് റിട്ടേണ്‍ നല്‍കിയിട്ടുണ്ട്.
നടപ്പ് വര്‍ഷത്തിന്റെ രണ്ടാം പാദത്തിലേക്ക് കടക്കുമ്പോള്‍ നിഫ്റ്റി 50 സൂചിക നല്‍കുന്ന റിട്ടേണിനെ മറികടക്കാനൊരുങ്ങുകയാണ് സ്വര്‍ണം. ഈ വര്‍ഷം ഇതുവരെ മഞ്ഞ ലോഹം 10 ശതമാനം ഉയര്‍ച്ചയാണ് കാഴ്ച്ച വച്ചിരിക്കുന്നത്. അതേസമയം 50 ബ്ലൂ ചിപ്പ് കമ്പനികളടങ്ങിയ നിഫ്റ്റി സൂചിക ഏഴ് ശതമാനം മാത്രമാണ് ഉയര്‍ന്നത്.
സ്വര്‍ണ വില മുന്‍കാല ചരിത്രങ്ങളെല്ലാം ഭേദിച്ച് മുന്നേറ്റത്തിന്റെ പാതയിലാണ്. യുദ്ധവും സാമ്പത്തിക അനിശ്ചിതത്വങ്ങളും സ്വര്‍ണത്തെ എക്കാലവും സുരക്ഷിത നിക്ഷേപമായി നിലനിര്‍ത്തുന്നു. എന്നാല്‍ ഈ വര്‍ഷം ആഭ്യന്തര സ്‌മോള്‍ ക്യാപ്‌സ്, മിഡ് ക്യാപ്‌സ്, യുഎസ് ഓഹരികള്‍ എന്നിവ സ്വര്‍ണത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ച്ച വച്ചിരുന്നു. പക്ഷെ ആഭ്യന്തര സൂചികകള്‍ അഞ്ച് ശതമാനത്തില്‍ താഴെ പ്രകടനം ലാഭം വച്ചപ്പോഴും സ്വര്‍ണം 15 ശതമാനത്തിനടുത്ത് റിട്ടേണ്‍ നല്‍കിയിട്ടുണ്ട്.
ആക്‌സിസ് സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ മികച്ച പ്രകടനം കാഴ്ച്ച് വച്ച് നാല് ആസ്തികളിലൊന്ന് സ്വര്‍ണമാണ്. 2021 ല്‍ മാത്രമാണ് ഇതിന് ചെറിയ മാറ്റം ഉണ്ടായിരുന്നത്. അപകട സാധ്യതയുള്ള ആസ്തികള്‍ക്കിടയില്‍ സ്വര്‍ണത്തിന് നാല് ശതമാനം ഇടിവ് ആ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റ് ആസ്തികളെ അപേക്ഷിച്ച് സ്വര്‍ണം മുന്നേറ്റം തുടരുമെന്നാണ് ആക്‌സിസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
പലിശനിരക്ക് കൂടുതല്‍ കാലത്തേക്ക് ഉയര്‍ന്ന നിലയില്‍ തുടരുമെന്ന പ്രതീക്ഷകള്‍ കാരണം യുഎസ് വിപണിയില്‍ മാന്ദ്യത്തിന്റെ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇത് സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ നിലനിര്‍ത്തും. അടിസ്ഥാനപരമായി, സ്വര്‍ണ്ണവില ബോണ്ട് യീല്‍ഡുകളുമായി വിപരീതദിശയിലാണ് സഞ്ചരിക്കുക. കൂടാതെ യീല്‍ഡ് ദുര്‍ബലമാകുന്നത് സ്വര്‍ണത്തിന്റെ വിലയില്‍ പോസീറ്റീവ് സ്വാധീനം ചെലുത്തുന്നത് തുടരും.
നിലവിലെ മാക്രോ ഇക്കണോമിക് സംഭവവികാസങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം, ഇസ്രയോല്‍- ഹമാസ് യുദ്ധം തുടങ്ങിയവയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങള്‍ ശമിക്കുന്നതുവരെ മറ്റ് അസറ്റ് ക്ലാസുകള്‍ക്കെതിരെ സ്വര്‍ണം കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നത് തുടരുമെന്നാണ് ആക്‌സിസ് സെക്യൂരിറ്റീസ് വ്യക്തമാക്കുന്നത്.
യഥാര്‍ത്ഥ സ്വര്‍ണ വിലയേക്കാള്‍ 10 ശതമാനം വരെ ലാഭമുണ്ടാക്കുവാന്‍ സ്വര്‍ണ നിക്ഷേപങ്ങളിലൂടെ സാധിക്കും. പണപ്പെരുപ്പം എപ്പോഴും സ്വർണത്തിനു സഹകാരിയായി വർത്തിക്കുന്നു. നിക്ഷേപത്തില്‍ നിന്ന് മികച്ച വരുമാനം ലഭിക്കുമെന്ന സൂചനയാണ് ഉയർന്ന പണപ്പെരുപ്പം നല്കുന്നത്.
സ്വര്‍ണ നിക്ഷേപം നടത്താനുള്ള വഴികള്‍
ഇന്ത്യയില്‍ സ്വര്‍ണം നിക്ഷേപിക്കാന്‍ ധാരാളം മാര്‍ഗങ്ങളുണ്ട്. നിക്ഷേപ രീതിയെ ആശ്രയിച്ചാണ് നിക്ഷേപത്തില്‍ നിന്ന് എന്ത് വരുമാനം കിട്ടുമെന്നു കണക്കാക്കാന്‍ സാധിക്കുക. സ്വർണത്തില്‍ നിക്ഷേപിക്കുന്നതിനുള്ള നിരവധി മാര്‍ഗങ്ങള്‍ ഇവയാണ്.
സ്വര്‍ണാഭരണങ്ങള്‍
ഇത് പരമ്പരാഗത സ്വര്‍ണ നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ്. ഇതില്‍ മേക്കിംഗ് ചാര്‍ജുകള്‍ ഉള്‍പ്പടും. ആഭരണത്തിലെ പണികളുടെ സ്വഭാവമനുസരിച്ച് ചാർജുകളില് വ്യത്യാസം വരുകയും ചെയ്യും. മേക്കിംഗ് ചാര്‍ജുകളും നിങ്ങള്‍ സ്വര്‍ണം വാങ്ങിയ വിലയും നികുതിയും ഉള്‍പ്പെടയുള്ള തുകയും വില്‍ക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസമാണ് വരുമാനമായി ലഭിക്കുക. ചാർജുകളുടെ തോതനുസരിച്ച് ഈ വ്യത്യാസത്തില്‍ അതിനാല്‍തന്നെ മാറ്റം വരും.
സ്വര്‍ണ ബാറുകളും നാണയങ്ങളും
നേരിട്ട് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം സ്വര്‍ണ നാണയങ്ങളിലോ ബാറുകളിലോ നിക്ഷേപിക്കുന്നതാണ് നല്ലത്. ഇവയ്ക്ക് മെയ്ക്കിംഗ് ചാര്‍ജ് വരുന്നില്ല. ബാങ്കുകളോ ജുവല്ലറികളോ ആണ് ഇവ വില്‍ക്കുന്നത്. ഇതില്‍ ജുവല്ലറികള്‍ ആകും മികച്ച ഓപ്ഷന്‍.
ഇക്വിറ്റി അടിസ്ഥാനമാക്കിയുള്ള ഗോള്‍ഡ് ഫണ്ടുകള്‍
പരോക്ഷ രീതികളിലൊന്നാണ് ഇക്വിറ്റി അധിഷ്ഠിത സ്വര്‍ണ ഫണ്ടുകളിലേക്കുള്ള നിങ്ങളുടെ നിക്ഷേപം. മാര്‍ക്കറ്റിംഗ്, ഖനനം, സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന അല്ലെങ്കില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിക്ഷേപിക്കുന്ന കമ്പനികളിലേക്കാണ് ഈ ഇക്വിറ്റി അധിഷ്ഠിത സ്വര്‍ണ്ണ ഫണ്ടുകളിലേക്കുള്ള നിങ്ങളുടെ നിക്ഷേപിക്കുന്ന പണം പോകുന്നത്. ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ നേരിട്ട് ആശ്രയിച്ചിരിക്കുന്ന മറ്റ് ഓപ്ഷനുകളില്‍ നിന്ന് വ്യത്യസ്തമായി ഫണ്ട് ഹൗസിന്റെ പ്രകടനവും അവര്‍ നിക്ഷേപിക്കുന്ന കമ്പനികളും പോലുള്ള ഘടകങ്ങളെ ആശ്രയിച്ചിരിക്കും.
സ്വര്‍ണ ഖനന കമ്പനികളുടെ ഓഹരികള്‍ വാങ്ങുക
സ്വര്‍ണ ഖനന കമ്പനികളുടെ ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കുന്നതും ഇന്ത്യയില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ്. ഇന്ത്യയിലെ സ്വര്‍ണ ഖനന മേഖലയ്ക്ക് കീഴില്‍ ലിസ്റ്റുചെയ്തിരിക്കുന്ന കമ്പനികളുണ്ട്. ഈ കമ്പനികളുടെ ഓഹരി വിലകള്‍ ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ ആശ്രയിച്ചിരിക്കുന്നു.
ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് പരിചിതമാണെങ്കില്‍, ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡ് ഫണ്ടുകള്‍ (ഇടിഎഫ്) സമാനമാണ്. സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്ന് സ്വര്‍ണ ഇടിഎഫുകള്‍ വാങ്ങാം. അതിനായി ഒരു ഡിമാറ്റ് അക്കൗണ്ടും ട്രേഡിംഗ് അക്കൗണ്ടും തുറക്കണം. തുടര്‍ന്ന് ബ്രോക്കറേജ് ഫീസ് എന്നറിയപ്പെടുന്ന ഓഹരികള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള ഫീസ് അടയ്ക്കണം. ഇത് സാധാരണയായി സ്വര്‍ണ ഇടിഎഫിന്റെ വിലയുടെ 0.25 ശതമാനം മുതല്‍ 0.5 ശതമാനം വരെയാണ്. ബിര്‍ള സണ്‍ ലൈഫ് ഗോള്‍ഡ് ഇടിഎഫ്, ഐഡിബിഐ ഗോള്‍ഡ് ഇടിഎഫ്, യുടിഐ ഗോള്‍ഡ് ഇടിഎഫ് എന്നിവയാണ് ഇന്ത്യയിലെ ജനപ്രിയ ഗോള്‍ഡ് ഇടിഎഫുകളില്‍ ചിലതാണ്.
ഫണ്ടുകളുടെ ഗോള്‍ഡ് ഫണ്ടുകള്‍
ഇത് നിക്ഷേപകനു വേണ്ടി ഗോള്‍ഡ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നു. ഇതിനായി ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കേണ്ടതില്ല. ഫണ്ടിന്റെ ഗോള്‍ഡ് ഫണ്ടിനൊപ്പം വരുന്ന രണ്ട് ചാര്‍ജുകള്‍ ഉണ്ട്. ഇടിഎഫിന്റെ വാര്‍ഷിക മാനേജ്‌മെന്റ് ചാര്‍ജുകളും ഗോള്‍ഡ് എഫ്ഒഎഫ് സ്‌കീമിന്റെ വാര്‍ഷിക ചാര്‍ജുകളും ആണിവ.
ഭൗതികമായ സ്വര്‍ണം വാങ്ങാതിരിക്കുന്നതിന്റെയും മറ്റ് ഓപ്ഷനുകളിലേക്ക് പോകുന്നതിന്റെയും ഒരു പ്രധാന നേട്ടം, നിങ്ങളുടെ സ്വര്‍ണം മോഷ്ടിക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യാതെ സുരക്ഷിതരായിരിക്കുമെന്നതാണ്.
സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിന് നികുതി ചുമത്തിയിട്ടുണ്ട് എന്ന് ആദ്യമേ മനസിലാക്കണം. 30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് എല്ലാ വര്‍ഷവും വെല്‍ത്ത് ടാക്സ് ചുമത്തും. നികുതി തുക നിങ്ങളുടെ നിക്ഷേപ തുകയുടെ ഒരു ശതമാനത്തിന് തുല്യമാണ്. ഈ നികുതി അടയ്ക്കുന്നതില്‍ പരാജയപ്പെടുന്നത് നിക്ഷേപം പിടിച്ചെടുക്കുന്നതിന് പോലും കാരണമായേക്കാം. ഗോള്‍ഡ് ഇടിഎഫുകള്‍ക്കും ഫിസിക്കല്‍ ഗോള്‍ഡിനും 20 ശതമാനം മൂലധന നികുതി ചുമത്തുന്നു. കൂടാതെ മൂന്ന് വര്‍ഷത്തിന് ശേഷം ഇടിഎഫുകളോ ഫിസിക്കല്‍ സ്വര്‍ണമോ വില്‍ക്കുകയാണെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ടവും അസാധ്യമാണ്.
ഗോള്‍ഡ് ബോണ്ട്
സോവറിംഗ് ബോണ്ട് സെക്യൂരിറ്റികള്‍ (എസ്ജിബി) സര്‍ക്കാര്‍ സെക്യൂരിറ്റികളാണ്. ഭൗതിക സ്വര്‍ണ്ണം കൈവശം വയ്ക്കുന്നതിന് പകരമാണ്. നിക്ഷേപകര്‍ ഇഷ്യൂ വില പണമായി നല്‍കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ബോണ്ടുകള്‍ പണമായി റിഡീം ചെയ്യാവുന്നതാണ്. ഇന്ത്യാ ഗവണ്‍മെന്റിന് വേണ്ടി റിസര്‍വ് ബാങ്കാണ് ബോണ്ട് ഇഷ്യു ചെയ്യുന്നത്.
റിസര്‍വ് ബാങ്ക് ആദ്യമായി പുറത്തിറക്കിയ ഗോള്‍ഡ് ബോണ്ടിന്റെ കാലാവധി ഈ മാസം 30 ന് പൂര്‍ത്തിയാവുകയാണ്. എട്ട് വര്‍ഷത്തിനിടെ സ്വര്‍ണത്തിന്റെ വില ഇരട്ടിയിലേറെ വര്‍ധിച്ചതിനാല്‍ മികച്ച നേട്ടമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. ഗോള്‍ഡ് ബോണ്ടിന്റെ വ്യവസ്ഥ പ്രകാരം, ഇന്ത്യന്‍ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്റെ 999 ശുദ്ധിയുള്ള സ്വര്‍ണത്തിന്റെ മുന്‍ ആഴ്ചയിലെ ശരാശരി വില കണക്കാക്കിയാണ് മെച്ചൂരിറ്റി തുക നിശ്ചയിക്കുക. മച്യൂരിറ്റി തുക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇഷ്യു തുക 2,684 രൂപയായിരിക്കും. ആദ്യം പുറത്തിറക്കിയ ഗോള്‍ഡ് ബോണ്ടിന്റെ ഒരു ഗ്രാമിന് തുല്യമായ യൂണിറ്റിന് 2,684 രൂപയാണ് നിശ്ചയിച്ചിരുന്നത്. 2017-18 സീരീസ് 1 ലെ ഗോള്‍ഡ് ബോണ്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ തിരിച്ചെടുക്കല്‍ തുകയായി യൂണിറ്റ് ഒന്നിന് 6,116 രൂപയാണ് റിസര്‍വ് ബാങ്ക് നിശ്ചയിച്ചത്. 2023 ഒക്ടോബര്‍ 30നും നവംബര്‍ മൂന്നിനും ഇടയിലുള്ള ഒരാഴ്ചയിലെ സ്വര്‍ണവിലയുടെ ശരാശരിയാണ് കണക്കാക്കിയിരിക്കുന്നത്. ഇതുപ്രകാരം ഈ വിലനിലവാരത്തിനടുത്താകും ആദ്യ എസ്ജിബിയുടെ മെച്യൂരിറ്റി തുക. ദീപാവലി ദിവസങ്ങളില്‍ സ്വര്‍ണത്തിന് വിലകൂടാന്‍ സാധ്യതയുള്ളതിനാല്‍ നേരത്തെ ആര്‍ബിഐ നിശ്ചയിച്ച വിലയേക്കാള്‍ 34 രൂപ അധികം ചേര്‍ത്ത് പുതുക്കിയ നിരക്കാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.