ഇന്നും റെക്കോര്‍ഡിന്റെ കൊടിയേറ്റം; സ്വര്‍ണവില 64000-ത്തിലേക്ക്

  • സ്വര്‍ണവില 64000-ത്തില്‍ എത്താന്‍ ഇനി കേവലം 160 രൂപ മാത്രം
  • സ്വര്‍ണം ഗ്രാമിന് 7980 രൂപ
  • പവന്‍ 63840 രൂപ

Update: 2025-02-10 04:42 GMT

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുകയാണ്. അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ചുള്ള മുന്നേറ്റമാണ് ഇവിടെയും കാണാന്‍ സാധിക്കുന്നത്.  ഗ്രാമിന് 35 രൂപയും പവന്280 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7980 രൂപയും പവന് 63840 രൂപയുമായി ഉയര്‍ന്നു. സ്വര്‍ണവില 64000-ത്തില്‍ എത്താന്‍ ഇനി കേവലം 160 രൂപയുടെ കുറവ് മാത്രമാണ് ഉള്ളത്. ഗ്രാമിന് 8000 എന്ന നിലയിലേക്കെത്താന്‍ ഇനി 20 രൂപ കൂടി മാത്രം മതി!

ഇന്നും സര്‍വകാല റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടുള്ള മുന്നേറ്റമാണ് പൊന്ന് കാഴ്ചവെച്ചത്. ഇപ്പോള്‍ റെക്കോര്‍ഡ് എന്നതുതന്നെ പൊന്നിനുമുമ്പില്‍ പഴങ്കഥയാകുകയാണ്. കാരണം ദിനംപ്രതി പുതിയ തലത്തിലേക്കാണ് വില കുതിക്കുന്നത്.

18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 25 രൂപ വര്‍ധിച്ച് ഇന്ന് 6585 രൂപയായി ഉയര്‍ന്നു. അതേസമയം വെള്ളിവിലയില്‍ മാത്രം മാറ്റമില്ല. ഗ്രാമിന് 106 രൂപ നിരക്കിലാണ് വ്യാപാരം മുന്നോട്ടു പോകുന്നത്.

രൂപയുടെ മൂല്യം ഇടിയുന്നതും വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും പൊന്നിന്റെ വിലകൂടാന്‍ കാരണമാണ്.

ഇനി ഏറ്റവും കുറവ് പണിക്കൂലി കണക്കിലെടുത്താല്‍പോലും ഒരു പവന്‍ ആഭരണത്തിന് 69000 രൂപയോളം കൊടുക്കേണ്ടിവരും. പണിക്കൂലി അനുസരിച്ച് വിലയില്‍ മാറ്റം വരാം. വില വര്‍ധന തുടര്‍ക്കഥയാകുമ്പോള്‍ വിവാഹ പാര്‍ട്ടികള്‍ക്കാണ് അത് തിരിച്ചടിയാകുന്നത്. 

Tags:    

Similar News