വർഷാവസാനം നിക്ഷേപകരുടെ പങ്കാളിത്തം കുറയുന്നത് വിപണിയെ ബാധിക്കാം

  • 2023-ൽ ഇന്ത്യ തുടർച്ചയായി മൂന്നാം വർഷവും അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായിരിക്കും: ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ.
  • രാവിലെ 8.00-ന് സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 56.00 പോയിന്റ് ഉയർന്നു നിൽക്കുന്നത് ആഭ്യന്തര വിപണിയിൽ ഒരു ഗാപ് അപ് തുടക്കത്തിനുള്ള സാധ്യത തുറക്കുന്നുണ്ട്..

Update: 2022-12-19 02:30 GMT

കൊച്ചി: വിദേശ നിക്ഷേപകർ പ്രത്യാശ നിലനിർത്തുന്നു എന്നതാണ് ആഭ്യന്തര വിപണിയിൽ കാണുന്ന ഒരു നല്ല പ്രവണത. കഴിഞ്ഞ മാസം 36,200 കോടി രൂപ നിക്ഷേപിച്ചതിന് ശേഷം, ഡിസംബറിൽ ഇന്ത്യൻ ഓഹരികളിൽ അവർ ഇതുവരെ 10,555 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. 2023-ൽ ഇന്ത്യ തുടർച്ചയായി മൂന്നാം വർഷവും അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായിരിക്കുമെന്നാണ് ടാറ്റ സൺസിന്റെ ചെയർമാൻ എൻ ചന്ദ്രശേഖരൻ പറയുന്നത്.

രാജ്യത്തെ മറ്റു കണക്കുകൾ നോക്കിയാൽ ഈ സാമ്പത്തിക വർഷം ഇതുവരെ മൊത്ത പ്രത്യക്ഷ നികുതി പിരിവ് 26 ശതമാനം വർധിച്ച് 13.63 ലക്ഷം കോടി രൂപയായി, ടിഡിഎസ് കിഴിവുകളും ശക്തമായ കോർപ്പറേറ്റ് അഡ്വാൻസ് ടാക്സുമാണ് ഇതിന് സഹായിച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

രാവിലെ 8.00-ന് സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 56.00 പോയിന്റ് ഉയർന്നു നിൽക്കുന്നത് ആഭ്യന്തര വിപണിയിൽ ഒരു ഗാപ് അപ് തുടക്കത്തിനുള്ള സാധ്യത തുറക്കുന്നുണ്ട്.

വെള്ളിയാഴ്ച സെന്‍സെക്‌സ് 461.22 പോയിന്റ് താഴ്ന്ന് 61,337.81 ലും നിഫ്റ്റി 145.90 പോയിന്റ് ഇടിഞ്ഞു 18,269 ലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റി 278.70 പോയിന്റ് താഴ്ചയിൽ 43219.50 ൽ അവസാനിച്ചു. പൊതുമേഖലാ ബാങ്കുകൾ 2.92 ശതമാനം ഇടിഞ്ഞപ്പോൾ ഐ ടിയും മീഡിയയും ഫാർമയും 1 ശതമാനത്തിലേറെ താഴ്ചയിലേക്ക് വീണു.

കേരള ലിസ്റ്റഡ് കമ്പനികൾ

കല്യാൺ ജുവെല്ലേഴ്സും കളമശ്ശേരി എഫ് എ സി ടി-യും വെള്ളിയാഴ്ച 52 ആഴ്ച ഉയരത്തിൽ എത്തി. കല്യാൺ ജുവെല്ലേഴ്‌സ് 6 ശതമാനം ഉയർന്ന് 127.90 ൽ കയറിയപ്പോൾ എഫ് എ സി ടി 20 ശതമാനം കൂടി 268.55-ലെത്തി.

കൂടാതെ, കിംസും മുത്തൂറ്റ് ക്യാപിറ്റലും, വി ഗാർഡും ലാഭത്തിൽ അവസാനിച്ചു; എന്നാൽ, ആസ്റ്റർ ഡിഎമ്മും, സിഎസ്‌ബി ബാങ്കും, ഫെഡറൽ ബാങ്കും, ധനലക്ഷ്മി ബാങ്കും, കൊച്ചിൻ ഷിപ് യാഡും, ജിയോജിത്തും, ഹാരിസൺ മലയാളവും, ജ്യോതി ലാബും, കിറ്റെക്‌സും, മണപ്പുറവും, മുത്തൂറ്റ് ഫൈനാൻസും, സൗത്ത് ഇന്ത്യൻ ബാങ്കും വണ്ടർ ലയും ചുവപ്പിലേക്ക് വീണിട്ടുണ്ട്. റീയൽട്ടി കമ്പനികളായ ശോഭയും പി എൻ സി ഇൻഫ്രയും നഷ്ടത്തിൽ തുടരുമ്പോൾ പുറവങ്കര 3 ശതമാനം നേട്ടത്തിലാണ്.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇയിൽ ലഭ്യമായ താൽക്കാലിക കണക്കുകൾ പ്രകാരം ഇന്നലെ (ഡിസംബർ 16) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 1,542.50 കോടി രൂപയ്ക്ക് ഓഹരികൾ അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -1,975.44 കോടി രൂപക്ക് അധികം വിറ്റു.

വിദഗ്ധാഭിപ്രായം

സിദ്ധാർത്ഥ ഖേംക, റീട്ടെയിൽ റിസർച്ച് മേധാവി, മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ്: "പ്രത്യേക ട്രിഗറുകളുടെ അഭാവം മൂലം വിപണികൾ ഏകീകൃത ശ്രേണിയിൽ തുടരാൻ സാധ്യതയുണ്ട്. കൂടാതെ, വരാനിരിക്കുന്ന വർഷാവസാന അവധികൾ കാരണം സ്ഥാപന നിക്ഷേപകരുടെ പങ്കാളിത്തം കുറയുന്നത് വിപണിയെ മന്ദഗതിയിലാക്കും. എങ്കിലും നിക്ഷേപകർ ഈ ആഴ്ച പുറത്തുവരാനുള്ള യുഎസ് ഭവന വിൽപ്പനയിലും പാദാപാദമുള്ള ജിഡിപി നമ്പറുകളിലും ശ്രദ്ധ പുലർത്തും."

ലോക വിപണി

ഇന്ന് ഏഷ്യൻ വിപണികളിൽ ഹോങ്കോങ് ഹാങ്‌സെങ് (117.12) ഉയർന്നാണ് തുടക്കം. എന്നാൽ, ചൈന ഷാങ്ഹായ് (-19.55), സൗത്ത് കൊറിയൻ കോസ്‌പി (-5.00), ജക്കാർത്ത കോമ്പസിറ്റ് (-5.64), ജപ്പാൻ നിക്കേ (-306.81), തായ്‌വാൻ (-89.81) എന്നിവയെല്ലാം ചുവപ്പിലാണ്.

വെള്ളിയാഴ്ച ഡൗ ജോൺസ്‌ ഇൻഡസ്ട്രിയൽ ആവറേജ് (-281.76), എസ് ആൻഡ് പി 500 (-43.39), നസ്‌ഡേക് കോമ്പസിറ്റ് (-105.11) എന്നിവയെല്ലാം താഴ്ചയിലേക്ക് വീണു.

യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (-93.16), പാരീസ് യുറോനെക്സ്റ്റ് (-70.14), ലണ്ടൻ ഫുട്‍സീ (-94.05) എന്നിവയും നഷ്ടത്തിൽ അവസാനിച്ചു.

ശ്രദ്ധിക്കേണ്ട ഓഹരികൾ

ആമസോണിന്റെ ഇന്ത്യൻ പ്രൈവറ്റ് ഇക്വിറ്റി പാർട്ണറായ സമര ക്യാപിറ്റൽ ആദിത്യ ബിർള ക്യാപിറ്റലിന്റെ (ഓഹരി വില: 152.75 രൂപ) ഇൻഷുറൻസ് ബ്രോക്കിംഗ് യൂണിറ്റ് വാങ്ങുന്നതിൽ ലീഡ് റണ്ണറായി ഉയർന്നു. ചർച്ചകൾ പുരോഗമിക്കുന്ന ഘട്ടത്തിലാണ്, 800-1000 കോടി രൂപയുടെ ഇടപാട് അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിച്ചേക്കും.

യുടിഐ അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ (ഓഹരി വില: 771.25 രൂപ) ഭൂരിഭാഗം ഓഹരികളും സർക്കാർ ഉടമസ്ഥതയിലുള്ള നാല് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങുന്നതിനുള്ള അന്തിമ ചർച്ചയിലാണ് ടാറ്റ ഗ്രൂപ്പ്. പഞ്ചാബ് നാഷണൽ ബാങ്ക്, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവർക്ക് യുടിഐ എഎംസിയിൽ 45.16 ശതമാനം ഓഹരിയുണ്ട്. ടാറ്റ എഎംസിയും യുടിഐ എഎംസിയും ലയിച്ചുകഴിഞ്ഞാൽ, സംയുക്ത സ്ഥാപനം ഇന്ത്യയിലെ നാലാമത്തെ വലിയ അസറ്റ് മാനേജർ ആയിരിക്കും.

ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ് (ഓഹരി വില: 542.90 രൂപ) രാജ്യത്ത് എട്ട് തരം ഹൈ-എൻഡ് അലോയ് നിർമ്മിക്കുന്ന സ്പെഷ്യാലിറ്റി സ്റ്റീലിനായി പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിക്ക് കീഴിൽ 7,930 കോടി രൂപ ചെലവഴിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ബിംലേന്ദ്ര ഝാ പറഞ്ഞു.

യെസ് ബാങ്ക് (ഓഹരി വില: 21.20 രൂപ) 48,000 കോടി രൂപയുടെ സ്ട്രെസ്ഡ് അസറ്റ് ലോൺ പോർട്ട്‌ഫോളിയോ ജെസി ഫ്‌ളവേഴ്‌സ് അസറ്റ് റീകൺസ്‌ട്രക്ഷൻ കമ്പനിക്ക് കൈമാറി.

ഡോ. റെഡ്ഡീസ് ലബോറട്ടറീസ് (ഓഹരി വില: 4309.10 രൂപ) തങ്ങളുടെ നെതർലാൻഡ്സ് ആസ്ഥാനമായുള്ള സൈറ്റിന്റെ ചില ആസ്തികളും ബാധ്യതകളും വിൽക്കാൻ ഫ്രാൻസ് ആസ്ഥാനമായുള്ള ഡെൽഫാം ഗ്രൂപ്പിന്റെ ഭാഗമായ ഡെൽഫാം ഡെവലപ്‌മെന്റ് ലൈഡൻ ബിവിയുമായി കരാറിൽ ഏർപ്പെട്ടതായി അറിയിച്ചു.

എഞ്ചിനീയറിംഗ് സ്ഥാപനമായ ജി എം എം ഫോഡ്‌ലെർന്റെ (ഓഹരി വില: 1644.50 രൂപ) പ്രൊമോട്ടർ കമ്പനിയുടെ 17.3 ശതമാനം ഓഹരികൾ 1,324 കോടി രൂപയ്ക്ക് ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെ വിറ്റഴിച്ചു.

ഐടി കമ്പനിയായ ടെക് മഹീന്ദ്ര (ഓഹരി വില: 1020.80 രൂപ) അതിന്റെ നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള സബ്‌സിഡിയറി ഡൈനാകൊമേഴ്‌സ് ഹോൾഡിംഗ്‌സ് ബിവിയിലെ മുഴുവൻ ഓഹരികളും സ്റ്റെപ്പ്-ഡൗൺ സബ്‌സിഡിയറി കോംവിവ നെതർലാൻഡ്‌സിന് ഏകദേശം 58 കോടി രൂപയ്ക്ക് വിൽക്കുമെന്ന് ഒരു റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

ജെഎസ്ഡബ്ല്യു എനർജി (ഓഹരി വില: 286.10 രൂപ) വിഭാഗമായ ജെഎസ്ഡബ്ല്യു എനർജി (ബാമർ) ലിമിറ്റഡ് 995.90 കോടി രൂപ വിലമതിക്കുന്ന 99 കോടിയിലധികം ബോണസ് ഓഹരികൾ പുറത്തിറക്കി.

ഇന്ത്യയിലെ മുൻനിര ചെറുകിട ഫിനാൻസ് ബാങ്കായ എയു സ്മോൾ ഫിനാൻസ് ബാങ്കും (ഓഹരി വില: 667.05 രൂപ) ഇന്ത്യയിലെ മുൻനിര ലൈഫ് ഇൻഷുറർമാരിൽ ഒന്നായ എച്ച്‌ഡിഎഫ്‌സി ലൈഫും (ഓഹരി വില: 575.20 രൂപ) ബാങ്കാഷ്വറൻസ് ബിസിനസ് മോഡലിനായി ഒത്തു ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.

അവകാശ ഇഷ്യുവിലൂടെ 350 കോടി രൂപ വരെ ഫണ്ട് സമാഹരിക്കാൻ തങ്ങളുടെ ബോർഡ് അനുമതി നൽകിയതായി പട്ടേൽ എഞ്ചിനീയറിംഗ് (ഓഹരി വില: 20.95 രൂപ) അറിയിച്ചു.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,990 രൂപ (-40 രൂപ)

യുഎസ് ഡോളർ = 82.75 രൂപ (0 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 81.35 ഡോളർ (+0.17%)

ബിറ്റ് കോയിൻ = 14,79,318 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക -0.18% ശതമാനം ഉയർന്ന് 104.02 ആയി.

ഐപിഓ

സ്വകാര്യ ഇക്വിറ്റി നിക്ഷേപകരായ ജനറൽ അറ്റ്ലാന്റിക് നിയന്ത്രിക്കുന്ന ഫണ്ടുകളുടെ ഉടമസ്ഥതയിലുള്ള കെഫിൻ ടെക്നോളജീസ് ഐ പി ഓ ഇന്ന് തുറന്ന് ഡിസംബർ 21 ന് അവസാനിക്കും. ഒരു ഷെയറിന് 347-366 രൂപ പ്രൈസ് ബാൻഡ് ആണ് നിശ്ചയിച്ചിട്ടുള്ളത്.

Tags:    

Similar News