ക്രെഡിറ്റ് സുയിസും ഇക്രയും അദാനിയെ നിരീക്ഷിക്കുന്നു; വിപണിയിൽ ആശങ്ക
- അദാനി പോർട്സ് 19.18 ശതമാനം ഇടിഞ്ഞ് 52-ആഴ്ചത്തെ ഏറ്റവും താഴ്ചയായ 459.50 പോയിന്റിലെത്തി
- ബജറ്റ് കമ്മി 2024 സാമ്പത്തിക വർഷത്തിൽ ജി ഡി പി-യുടെ 5.9 ശതമാനമായി കുറയ്‌ക്കുമെന്നു നിർമല സീതാരാമൻ
- ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് ജനുവരിയിൽ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 7.14 ശതമാനമായി കുറഞ്ഞു
കൊച്ചി: ഇന്നലെയും അദാനി ഗ്രൂപ്പ് കമ്പനികളെല്ലാം വിപണിയിൽ കൂപ്പുകുത്തി. അദാനി പോർട്സ് 19.18 ശതമാനം ഇടിഞ്ഞ് 52-ആഴ്ചത്തെ ഏറ്റവും താഴ്ചയായ 459.50 പോയിന്റിലെത്തി. അദാനി എന്റർപ്രൈസസ് 28.20 ശതമാനം, അദാനി വിൽമാർ 5.00 ശതമാനം, അദാനി ഗ്രീൻ 5.19 ശതമാനം, അദാനി പവർ 4.98 ശതമാനം, അദാനി ട്രാൻസ്മിഷൻ 0.79 ശതമാനം, അദാനി ടോട്ടൽ ഗ്യാസ് 10.00 ശതമാനം എന്നിങ്ങനെയായിരുന്നു വീഴ്ച.
ഇതിനിടയിലാണ് ഇടിത്തീ പോലെ സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായുള്ള പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ക്രെഡിറ്റ് സുയിസ് ഗ്രൂപ്പ് അദാനി ഗ്രൂപ്പ് കമ്പനികളുടെ ബോണ്ടുകള്‍ മാര്‍ജിന്‍ ലോണുകള്‍ക്കുള്ള ഈടായി സ്വീകരിക്കുന്നത് നിര്‍ത്തിയത്. അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡ് മുതലായ കമ്പനികളുടെ ബാങ്ക് വായ്‌പാ മൂല്യം അവർ പൂജ്യമാക്കി കുറച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. അദാനി ഗ്രൂപ്പ് ഓഹരികൾക്ക് (അംബുജ, എസിസി, എൻഡിടിവി ഉൾപ്പെടെ) കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളിലായി 7 ലക്ഷം കോടി രൂപ അതായത് അവരുടെ മൊത്തം വിപണി മൂല്യത്തിന്റെ 38 ശതമാനം നഷ്ടപ്പെട്ടതായി സ്റ്റോക്‌സ് ബോക്‌സിലെ ഗവേഷണ മേധാവി മനീഷ് ചൗധരി പറഞ്ഞു. കൂടാതെ, ആഭ്യന്തര റേറ്റിംഗ് ഏജൻസിയായ ഇക്ര ബുധനാഴ്ച അദാനി ഗ്രൂപ്പിന്റെ ഓഹരികളും നിരീക്ഷിച്ചുവരികയാണെന്ന് അറിയിച്ചു. പ്രശ്നങ്ങൾ രൂഢമൂലമാകവേ ഇന്നലെ രാത്രിയോടെ തങ്ങൾ എഫ് പി ഓ വഴി നിക്ഷേപകരിൽ നിന്നും സമാഹരിച്ച തുക തിരികെ നൽകുന്നതായി അദാനി എന്റർടൈൻമെന്റ് പറയുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ സഭയിൽ അവതരിപ്പിച്ചു. ബജറ്റ് കമ്മി (ചെലവും വരുമാനവും തമ്മിലുള്ള അന്തരം) 2024 സാമ്പത്തിക വർഷത്തിൽ ജി ഡി പി-യുടെ 5.9 ശതമാനമായി കുറയ്‌ക്കുമെന്ന പ്രഖ്യാപിച്ചപ്പോൾ തന്നെ അത് നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള കമ്മി 6.4 ശതമാനമായി തുടരുമെന്ന് ധനമന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം ബജറ്റിൽ വകയിരുത്തിയ 65,000 കോടി രൂപയിൽ നിന്ന് നടപ്പ് സാമ്പത്തിക വർഷത്തിലെ ഓഹരി വിറ്റഴിക്കൽ ലക്ഷ്യം 50,000 കോടി രൂപയായി സർക്കാർ കുറച്ചതായി ഒരു ധനമന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് ജനുവരിയിൽ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 7.14 ശതമാനമായി കുറഞ്ഞുവെന്ന് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) യുടെ കണക്കുകൾ ബുധനാഴ്ച വ്യക്തമാക്കുന്നു. 2022 ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് 8.30 ശതമാനവും നവംബറിൽ ഇത് 8 ശതമാനവും സെപ്തംബറിൽ 6.43 ശതമാനവും ആയിരുന്നുവെന്ന് സിഎംഐഇ ഡാറ്റ വ്യക്തമാക്കുന്നു.
ഇതും വിപണിക്ക് കാര്യമായ ആവേശം പകർന്നില്ല; ഇന്നലെ സെൻസെക്സ് 158.18 പോയിന്റ് ഉയർന്ന 59708 08 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 45.05 പോയിന്റ് ഇടിഞ്ഞു 17616.30 ൽ എത്തി. ബാങ്ക് നിഫ്റ്റിയാകട്ടെ 142.05 പോയിന്റ് താഴ്ന്നു 40513-ലാണ് അവസാനിച്ചത്.
എന്നാൽ, പണപ്പെരുപ്പം കുറയാൻ തുടങ്ങിയെന്ന് ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ പറഞ്ഞതിനെത്തുടർന്ന് ബുധനാഴ്ച എസ് ആന്റ് പി 500, നാസ്ഡാക്ക് എന്നിവ കുത്തനെ ഉയർന്നു. ഫെഡ് പലിശ നിരക്ക് 0.25 ശതമാനമാണ് ഇത്തവണ വർധിപ്പിച്ചത്.
സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 7.20 ന് 70.00 പോയിന്റ് താഴ്ചയിലാണ് വ്യാപാരം നടക്കുന്നത്.
ഇന്ന് 3i ഇൻഫോടെക്, അപ്പോളോ ടയേഴ്‌സ്, ഏജീസ് ലോജിസ്റ്റിക്‌സ്, ബർഗർ പെയിന്റ്‌സ്, സെറ, കോറമാണ്ടൽ ഇന്റർനാഷണൽ, ക്രോംപ്റ്റൺ, ഡാബർ, ദീപക് ഫെർട്ടിലൈസേഴ്‌സ്, ഗോദ്‌റെജ് പ്രോപ്പർട്ടീസ്, എച്ച്‌ഡിഎഫ്‌സി, കർണാടക ബാങ്ക്, മാക്‌സ് ഹെൽത്ത്, ടാറ്റ കൺസ്യൂമർ, ടൈമെക്‌സ്, ടൈറ്റാൻ, വി ഗാർഡ്, സൈഡസ് എന്നീ കമ്പനികളുടെ ത്രൈമാസ ഫലങ്ങൾ പുറത്തുവരുന്നുണ്ട്.
കേരള കമ്പനികൾ
കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ജ്യോതി ലാബ്, പി എൻ സി ഇൻഫ്രാ, മുത്തൂറ്റ് ക്യാപിറ്റൽ എന്നിവ ഒഴിച്ച് ബാക്കിയെല്ലാം ചുവപ്പിലാണവസാനിച്ചത്. പുറവങ്ക, ശോഭ, മുതൂറ്സൗ ഫിനാൻസ്, കിംസ് എന്നിവയെല്ലാം ഏകദേശം 3 ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ കല്യാൺ ജൂവല്ലേഴ്‌സ് 4.71 ശതമാനം താഴ്ന്ന 112.40 രൂപയിലെത്തി.
എഫ് ഐഐ/ഡിഐഐ
എൻഎസ്ഇ കണക്കുകൾ പ്രകാരം ബുധനാഴ്ച (February 1) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 529.47 കോടി രൂപക്കും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,785.21 കോടി രൂപക്കും അധികം വാങ്ങി.
ലോക വിപണി
ഏഷ്യൻ വിപണികൾ ഇന്ന് പൊതുവെ ലാഭത്തിലാണ് ആരംഭിച്ചിട്ടുള്ളത്. തായ്‌വാൻ (137.73), ജപ്പാൻ നിക്കേ (73.89), ജക്കാർത്ത കോമ്പോസിറ്റ് (22.92), ഹോങ്കോംഗ് ഹാങ്ങ് സെങ് (204.05), ദക്ഷിണ കൊറിയ കോസ്‌പി (11.03), ചൈന ഷാങ്ങ്ഹായ് (29.29) എന്നിവയെല്ലാം നേരിയ നേട്ടത്തിലാണിപ്പോൾ.
ഇന്നലെ യുഎസ്-ൽ ഡൗ ജോൺസ് 6.92 പോയിന്റും എസ് ആൻഡ് പി 500 42.61 പോയിന്റും നസ്‌ഡേക് 231.77 പോയിന്റും ഉയർന്നു.
യൂറോപ്പിൽ ഇന്നലെ വ്യാപാരം മിശ്രിതമായിരുന്നു. ലണ്ടൻ ഫുട്‍സീ (-10.59) പാരീസ് യുറോനെക്സ്റ്റ് (-5.31) എന്നിവ നേരിയ താഴ്ചയിലേക്ക് വീണപ്പോൾ ഫ്രാങ്ക്ഫർട് ഡി എ എക്സ് (52.47) നേട്ടത്തിൽ അവസാനിച്ചു.
വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ റിസർച്ച് അനലിസ്റ്റ് സിറിൽ ചാർലി: ബജറ്റിലെ ചില നിർദ്ദേശങ്ങൾ ലൈഫ് ഇൻഷുറൻസ് സ്കീമുകളെ നികുതി ലാഭിക്കൽ ഉപകരണമെന്ന നിലയിൽ അനാകർഷമാക്കിയതിനാൽ ലൈഫ് ഇൻഷുറൻസ് ഓഹരികൾ ഇന്നലെ ഗണ്യമായ വിൽപ്പനയ്ക്ക് സാക്ഷ്യം വഹിച്ചു. പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറുന്നതിന് ഇത് വ്യക്തികളെ പ്രേരിപ്പിക്കും. മാത്രമല്ല, ആശങ്കകൾക്ക് അടിവരയിട്ട് 2023 ഏപ്രിൽ 1 ന് ശേഷം നൽകുന്ന ലൈഫ് ഇൻഷുറൻസ് ഉൽപ്പന്നങ്ങളിൽ 5 ലക്ഷം രൂപയിലധികം വാർഷിക പ്രീമിയമുള്ളവയുടെ വരുമാനത്തിൽ (യുലിപ്‌സ് ഒഴികെയുള്ള) നികുതി ചുമത്താനും നിർദ്ദേശമുണ്ട്. ഇത് ഉയർന്ന മൂല്യമുള്ള പരമ്പരാഗത ഇൻഷുറൻസ് പോളിസികളുടെ നികുതി രഹിത നേട്ടം ഇല്ലാതാക്കുകയും ആകർഷകമല്ലാതാക്കുകയും ചെയ്യും. സർക്കാരിൽ നിന്ന് അനുകൂലമായ നടപടികൾ പ്രതീക്ഷിച്ചിരുന്ന ഇൻഷുറൻസ് മേഖലയ്ക്ക് ഈ നിർദ്ദേശങ്ങൾ വലിയ തിരിച്ചടിയായി. ഇത് നിക്ഷേപകരെ ഈ മേഖലയുടെ വളർച്ചാ സാധ്യതകൾ പുന:പരിശോധിക്കാനും അവരെ കാഴ്ചക്കാരാക്കാനും നിർബന്ധിതരാക്കി.
ശ്രദ്ധിക്കേണ്ട ഓഹരികൾ
മരുന്ന് നിർമാതാക്കളായ ബയോകോൺ (ഓഹരി വില: 239.70 രൂപ) ബുധനാഴ്ച തങ്ങളുടെ ഗവേഷണ വിഭാഗമായ സിൻജീൻ ഇന്റർനാഷണലിന്റെ 10 ശതമാനം ഓഹരികൾ 2,240 കോടി രൂപയ്ക്ക് ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെ വിറ്റഴിച്ചു.
ഡിസംബർ പാദത്തിൽ ഏകീകൃത അറ്റാദായം 21.42 ശതമാനം വർധിച്ച് 425 കോടി രൂപയായതായി ടാറ്റ കെമിക്കൽസ് (ഓഹരി വില: 956.15 രൂപ) ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 350 കോടി രൂപയായിരുന്നു.
ബ്രിട്ടാനിയ ഇൻഡസ്ട്രീസ്ന്റെ (ഓഹരി വില: 4370.95 രൂപ) ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിലെ ഏകീകൃത അറ്റാദായം 932.40 കോടി രൂപയായി. കഴിഞ്ഞ വർഷം ഒക്ടോബർ-ഡിസംബർ പാദത്തിൽ കമ്പനി 369.18 കോടി രൂപ അറ്റാദായം നേടിയതായി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
5 ലക്ഷം രൂപയ്ക്ക് മുകളിൽ വാർഷിക പ്രീമിയമുള്ള ലൈഫ് ഉൽപന്നങ്ങൾക്ക് നികുതി ചുമത്താനുള്ള ബജറ്റ് നിർദ്ദേശത്തോടെ കമ്പനിയുടെ ടോപ്പ് ലൈനിൽ 10-12 ശതമാനം കുറവുണ്ടാകുമോയെന്നാണ് താൻ ഉറ്റുനോക്കുന്നതെന്ന് പ്രമുഖ സ്വകാര്യ ലൈഫ് ഇൻഷുറർ എച്ച്ഡിഎഫ്‌സി ലൈഫിന്റെ (ഓഹരി വില: 515.70 രൂപ) ചീഫ് എക്‌സിക്യൂട്ടീവ് വിഭാ പടാൽക്കർ പറഞ്ഞു.
സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,275 രൂപ (+25 രൂപ)
യുഎസ് ഡോളർ = 81.80 രൂപ (-8 പൈസ).
ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 83.32 ഡോളർ (+0.58%)
ബിറ്റ് കോയിൻ = 20,10,040 രൂപ.
ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക -0.12 ശതമാനം താഴ്ന്ന് 100.83 ആയി.