ഏഷ്യൻ വിപണിയിൽ ആവേശത്തുടക്കം; സിംഗപ്പൂർ 17.50 ഉയർച്ചയിൽ
- ഇന്ത്യയുടെ വളർച്ച മന്ദഗതിയിലാവില്ലെന്ന് ആർബിഐ
- വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ 1,454.63 കോടി രൂപയ്ക്ക് അധിക വില്പനക്കാരായി.
കൊച്ചി: ആഗോള സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിന്റെ അപകടസാധ്യതയിൽ പെട്ടുഴലുമ്പോഴും അതിൽ നിന്ന് വ്യത്യസ്തമായി 2022-23 ൽ നേടിയ വിപുലീകരണത്തിന്റെ വേഗതയിൽ ഇന്ത്യയുടെ വളർച്ച മന്ദഗതിയിലാവില്ലെന്ന് ആർബിഐ ചൊവ്വാഴ്ച പറഞ്ഞു.
ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദം മുതൽ നേട്ടത്തിന് ആക്കം കൂട്ടിക്കൊണ്ട്, തുടക്കത്തിൽ വിചാരിച്ചതിലും ശക്തമായി, മഹാമാരിയുടെ വർഷങ്ങളിൽ നിന്ന് ഇന്ത്യ ഉയർന്നുവന്നു എന്നാണ് റിസർവ് ബാങ്കിന്റെ മാർച്ച് ബുള്ളറ്റിനിലെ ഒരു ലേഖനം പറയുന്നത്.
ബുധനാഴ്ചത്തെ (ഇന്നത്തെ) യുഎസ് ഫെഡ് നയ പ്രഖ്യാപനത്തിന് മുന്നോടിയായി ആഗോള വിപണികളിൽ ബാങ്കിംഗ് മേഖലയെ സംരക്ഷിക്കുന്നതിനുള്ള നിരവധി നടപടികളിൽ നിന്ന് ഉത്തേജനം ലഭിച്ചതായി ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.
അതിനു സാക്ഷ്യം വഹിക്കുന്ന രീതിയിൽ ഇന്നലെ സെൻസെക്സ് 445.73 പോയിന്റ് വർധിച്ച് 58,074.68 ലും നിഫ്റ്റി 119.10 പോയിന്റ് ഉയർന്ന് 17,107.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പൊതു മേഖല ബാങ്കുകൾ 1.65 ശതമാനം ഉയർന്നതോടെ ബാങ്ക് നിഫ്റ്റിയാകട്ടെ 532.75 പോയിന്റ് ഉയർന്നു 39,894.70-ൽ എത്തിച്ചേർന്നു.
വിദഗ്‌ധാഭിപ്രായം
രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ബാങ്ക് നിഫ്റ്റി പ്രതിദിന ചാർട്ടിൽ ഒരു ഏകീകരണ ബ്രേക്ക്ഔട്ട് നൽകി, ശുഭാപ്തിവിശ്വാസം ഉയർത്തിയിട്ടുണ്ട്. മൊമെന്റം ഓസിലേറ്റർ ഒരു ബുള്ളിഷ് ക്രോസ്ഓവറിൽ പ്രവേശിച്ചു. 39500 ന് മുകളിൽ തുടരുന്നിടത്തോളം ഹ്രസ്വകാലത്തേക്ക്, ബാങ്കിംഗ് മേഖലയിലെ ട്രെൻഡ് പോസിറ്റീവ് ആയി തുടരാൻ സാധ്യതയുണ്ട്. ഉയർന്ന തലത്തിൽ, ഉടനടി പ്രതിരോധം 40000 ൽ കാണാനാവും; അതിന് മുകളിലുള്ള നീക്കം 41000 ലേക്കുള്ള ഒരു റാലിക്ക് പ്രേരിപ്പിച്ചേക്കാം.
16950-17200 ബാൻഡുകളിൽ നിലനിൽക്കുന്നിടത്തോളം നിഫ്റ്റിയുടെ ട്രെൻഡ് ഒരു വശത്ത് തന്നെ തുടരാൻ സാധ്യതയുണ്ട്. 17200-ന് മുകളിലുള്ള നിർണായക നീക്കം 17450-17500-ലേക്ക് റാലിയെ പ്രേരിപ്പിച്ചേക്കാം. 16950-ന് താഴെയുള്ള നിർണായകമായ ഇടിവ് വിപണിയിൽ കുത്തനെയുള്ള തിരുത്തലിന് കാരണമാവും.
എഫ് ഐഐ/ഡിഐഐ
എൻഎസ്ഇ കണക്കുകൾ പ്രകാരം ഇന്നലെ (മാർച്ച് 21) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 1,946.06 കോടി രൂപയ്ക്ക് ഓഹരികൾ അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -1,454.63 കോടി രൂപയ്ക്ക് അധിക വില്പനക്കാരായി.
കേരള കമ്പനികൾ
കേരളം ആസ്ഥാനമായുള്ള കമ്പനികൾ ഇന്നലെ സമ്മിശ്രമായാണ് കാണപ്പെട്ടത്. സി എസ് ബി ബാങ്ക് 8.89 ശതമാനം ഉയർന്നപ്പോൾ മുത്തൂറ്റ് ക്യാപിറ്റൽ 4.14 ശതമാനം നേട്ടം കൈവരിച്ചു.
റിയാൽറ്റി കമ്പനികളിൽ പി എൻ സി ഇൻഫ്ര ഉയർന്നപ്പോൾ ശോഭയും പുറവങ്കരയും താഴ്ചയിൽ ക്ലോസ് ചെയ്തു.
ആഗോള വിപണി
ഏഷ്യൻ വിപണികൾ ഇന്ന് രാവിലെ തുടക്കത്തിൽ ഉയർച്ചയിലാണ്. സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി (17.50), ചൈന ഷാങ്ങ്ഹായ് (22.67), തായ്‌വാൻ വെയ്റ്റഡ് (215.64), ഹോങ്കോംഗ് ഹാങ്ങ് സെങ് (492.99), ദക്ഷിണ കൊറിയ കോസ്‌പി (22.27) ജപ്പാൻ നിക്കേ (497.68), ജക്കാർത്ത കോമ്പോസിറ്റ് (79.12), എന്നിവയെല്ലാം കുതിപ്പിലാണ്.
ചൊവ്വാഴ്ച യുഎസ് സൂചികകൾ ഉയർച്ചയിലായിരുന്നു അവസാനിച്ചത്. ഡൗ ജോൺസ് ഇൻഡസ്‌ട്രിയൽ 316.02 പോയിന്റും, എസ് ആൻഡ് പി 51.30 പോയിന്റും നസ്‌ഡേക് 184.57 പോയിന്റും ഉയർച്ച നേടി.
യൂറോപ്പിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ലണ്ടൻ ഫുട്‍സീയും (132.37), പാരീസ് യുറോനെക്സ്റ്റും (99.77), ഫ്രാങ്ക്ഫർട് ഡി എ എക്‌സും (261.96) പച്ചയിൽ തന്നെ അവസാനിച്ചു.
ശ്രദ്ധിക്കേണ്ട ഓഹരികൾ
മഹാരാഷ്ട്രയിലെ സോലാപൂരിൽ 200 മെഗാവാട്ട് സോളാർ പദ്ധതി സ്ഥാപിക്കുന്നതിനായി മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ നിന്ന് കത്ത് ലഭിച്ചതായി ടാറ്റ പവറിന്റെ (ഓഹരി വില: 202.30 രൂപ) പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡ് ചൊവ്വാഴ്ച അറിയിച്ചു.
ധാരാവി പുനർവികസനത്തിനുള്ള ടെൻഡർ നേടിയ അദാനി ഗ്രൂപ്പിന് (ഓഹരി വില: 1824.25 രൂപ) പദ്ധതി നടപ്പാക്കാനുള്ള സാമ്പത്തിക ശേഷിയുണ്ടെന്ന് സ്ഥിരീകരിച്ചതിന് ശേഷം മാത്രമേ ലെറ്റർ ഓഫ് ഇന്റന്റ് നൽകൂ എന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ചൊവ്വാഴ്ച പറഞ്ഞു.. 2021 നവംബറിൽ, 259 ഹെക്ടർ ധാരാവി പുനർവികസന പദ്ധതിക്ക് അദാനി ഗ്രൂപ്പിന്റെ 5,069 കോടി രൂപയുടെ ലേലം ഡിഎൽഎഫിന്റെ (ഓഹരി വില: 367.45 രൂപ) 2,025 കോടി രൂപയുടെ ബിഡിനെ മറികടന്നിരുന്നു.
വേദാന്ത ഗ്രൂപ്പ് (ഓഹരി വില: 283.70 രൂപ) സ്ഥാപനമായ ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ് (ഓഹരി വില: 311.00 രൂപ) ഷെയറൊന്നിന് 26 രൂപ അല്ലെങ്കിൽ 1,300 ശതമാനം (10,985.83 കോടി രൂപ) നാലാമത്തെ ഇടക്കാല ലാഭവിഹിതം അംഗീകരിച്ചു. ഇതോടെ കമ്പനിയുടെ മൊത്തം പേഔട്ട് ഈ സാമ്പത്തിക വർഷം 32,000 കോടി രൂപയിലെത്തി.
ഡൂണേൺ ഇൻവെസ്റ്റ്‌മെന്റ്‌സ് മൗറീഷ്യസ് ചൊവ്വാഴ്ച ഒരു ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ യം (Yum) ബ്രാൻഡുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസിയായ ദേവയാനി ഇന്റർനാഷണലിന്റെ (ഓഹരി വില: 141.85 രൂപ) 2.8 ശതമാനം ഓഹരി 499 കോടി രൂപയ്ക്ക് വിറ്റഴിച്ചു. ഡൂണേൺ ഇൻവെസ്റ്റ്‌മെന്റ്‌സ് സിംഗപ്പൂരിന്റെ സോവറിൻ വെൽത്ത് ഫണ്ട് തമാശക് ഹോൾഡിങ്‌സ്ന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമാണ്.
ഇലക്ട്രിക്കൽ, കമ്മ്യൂണിക്കേഷൻ കേബിൾസ് നിർമാതാക്കളായ ഫിനോലെക്സ് കേബിൾസ് (ഓഹരി വില: 779.65 രൂപ) 2028 സാമ്പത്തിക വർഷത്തോടെ അതിന്റെ ഉപഭോക്തൃ ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ നിന്ന് 500 കോടി രൂപ വരുമാനം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രഖ്യാപിച്ചു.
റെയിൽവേ വൈദ്യുതീകരണ മേഖലയിലേക്കുള്ള പ്രവേശനം അടയാളപ്പെടുത്തുന്ന 575 കോടി രൂപയുടെ നാല് ഓർഡറുകൾ നേടിയതായി കൂളിംഗ് ഉൽപ്പന്ന നിർമ്മാതാക്കളായ ബ്ലൂ സ്റ്റാർ (ഓഹരി വില: 1455.65 രൂപ) അറിയിച്ചു. വെസ്റ്റ് സെൻട്രൽ റെയിൽവേ, സെൻട്രൽ ഓർഗനൈസേഷൻ ഫോർ റെയിൽവേ ഇലക്‌ട്രിഫിക്കേഷൻ (കോർ), കൊൽക്കത്തയിലെ മെട്രോ റെയിൽവേ എന്നിവിടങ്ങളിൽ നിന്നാണ് കമ്പനി ഓർഡറുകൾ നേടിയത്.
വാണിജ്യ വാഹനങ്ങളുടെ വില ഏപ്രിൽ 1 മുതൽ 5 ശതമാനം വരെ വർധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് (ഓഹരി വില: 412.55 രൂപ) ചൊവ്വാഴ്ച പ്രഖ്യാപിച്ചു. അടുത്ത മാസം മുതൽ കൂടുതൽ കർശനമായ ബിഎസ്-VI ഘട്ടം II മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വില വർദ്ധന.
ഹൈഡ്രോകാർബൺ ബിസിനസിനായി 5,000 കോടി മുതൽ 7,000 കോടി രൂപ വരെ വലിയ ഓർഡറുകൾ നേടിയതായി എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ കമ്പനിയായ ലാർസൻ ആൻഡ് ടൂബ്രോ (ഓഹരി വില: 2205.25 രൂപ) ചൊവ്വാഴ്ച അറിയിച്ചു.
എൻടിപിസി ലിമിറ്റഡിന്റെ (ഓഹരി വില: 177.10 രൂപ) ഒരു വിഭാഗമായ എൻടിപിസി റിന്യൂവബിൾ എനർജി ലിമിറ്റഡ് ഇന്ത്യൻ സായുധ സേനാ സ്ഥാപനങ്ങളിൽ ഗ്രീൻ ഹൈഡ്രജൻ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു.
യുഎസ് ഡോളർ = 82.59 രൂപ (+3 പൈസ).
ബ്രെന്റ് ക്രൂഡോയില്‍ ഫ്യൂച്ചേഴ്‌സ് (ബാരലിന്) 74.59 ഡോളർ (+0.98%)
സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,500 രൂപ (-20 രൂപ)
ബിറ്റ് കോയിൻ = 24,49,986 രൂപ.
ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.23 ശതമാനം താഴ്ന്ന് 103.09 ന് വ്യാപാരം നടക്കുന്നു.
ഐപിഒ
കർണാടകയിലെ റോഡുകൾ, പാലങ്ങൾ, കനാലുകൾ, വ്യാവസായിക മേഖലകൾ എന്നിവയുടെ നിർമ്മാണത്തിൽ പ്രവർത്തിക്കുന്ന ഉദയ്‌ശിവകുമാർ ഇൻഫ്രായുടെ പ്രാരംഭ ഓഹരി വിൽപ്പന ഇന്നലെ ഓഫറിന്റെ രണ്ടാം ദിനത്തിൽ (മാർച്ച് 21 ചൊവ്വാഴ്ച) 2.20 തവണ സബ്സ്ക്രൈബ് ചെയ്‌തു. എൻഎസ്ഇ ഡാറ്റ പ്രകാരം 2 കോടി ഓഹരികൾക്കെതിരെ 4,39,05,952 ഓഹരികൾക്കാണ് ഐപിഒയ്ക്ക് ബിഡ് ലഭിച്ചത്. ഐപിഒ ഇന്ന് (മാർച്ച് 22 ബുധനാഴ്ച) അവസാനിക്കും. ഇഷ്യൂവിന്റെ പ്രൈസ് ബാൻഡ് ഒരു ഷെയറിന് 33-35 രൂപയാണ്.