യുഎസ് തീരുവ; ക്രിപ്‌റ്റോയും ഇടിഞ്ഞു
- ആഗോളതലത്തില്‍ ക്രിപ്‌റ്റോകള്‍ 14 ശതമാനം വരെ ഇടിഞ്ഞു
- വലിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്‍ 7 ശതമാനം ഇടിഞ്ഞ് 77,077 ഡോളറിലെത്തി
;

ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കത്തിന്റെ ചൂടില്‍ ആഗോള സാമ്പത്തികവിപണികള്‍ കൂപ്പുകുത്തി. ക്രിപ്‌റ്റോ കറന്‍സികള്‍ക്കും ഇതില്‍ നിന്ന് ഒഴിവാകാന്‍ സാധിച്ചിട്ടില്ല. മാന്ദ്യത്തെക്കുറിച്ചുള്ള ഭയം ആഗോളതലത്തില്‍ വ്യാപിക്കുകയാണ്. ബിറ്റ്‌കോയിന്‍, എതേറിയം തുടങ്ങിയ ക്രിപ്‌റ്റോകള്‍ 14 ശതമാനം വരെ ഇടിഞ്ഞത് ഇതിന് തെളിവാണ്.
ആഗോള വിപണികളിലെ വ്യാപകമായ വില്‍പ്പന ക്രിപ്റ്റോയിലേക്ക് വ്യാപിച്ചതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏപ്രില്‍ 7 ന് സിംഗപ്പൂരില്‍ തുറന്ന വിപണിയില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്‍ 7 ശതമാനം ഇടിഞ്ഞ് 77,077 ഡോളറിലെത്തി. വീണ്ടും മൂല്യം താഴുന്ന പ്രവണതയാണ് തുടക്കത്തില്‍ തന്നെ ഉണ്ടായത്. എതേറിയം 2023 ഒക്ടോബറിനുശേഷമുള്ള നിലയിലേക്ക് എത്തി. എതേറിയം 1,538 ഡോളറായാണ് താഴ്ന്നത്.
കോയിന്‍ഗ്ലാസ് ഡാറ്റ അനുസരിച്ച് ഏകദേശം 745 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ക്രിപ്റ്റോകള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിറ്റഴിക്കപ്പെട്ടു. ഇത് ഏകദേശം ആറാഴ്ചയ്ക്കിടയിലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
80,000 ഡോളര്‍ പരിധിക്ക് താഴെയുള്ള ബിറ്റ്കോയിനും മൊത്തത്തിലുള്ള ക്രിപ്റ്റോ മാര്‍ക്കറ്റ് വിറ്റഴിക്കലും 160 ബില്ല്യണിലധികം ഡോളര്‍ മൂല്യം ഇല്ലാതാക്കി.
കോയിന്‍മാര്‍ക്കറ്റ്ക്യാപിലെ ഡാറ്റ അനുസരിച്ച്, ഏപ്രില്‍ 7 ന് ആഗോള ക്രിപ്റ്റോ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 2.5 ട്രില്യണ്‍ ഡോളര്‍ ആണ്.കഴിഞ്ഞ 24 മണിക്കൂറില്‍ 6.59 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.