ക്രൂഡോയില്‍: ശ്രദ്ധാകേന്ദ്രം ഇറാനും യുഎസ് നയങ്ങളും

  • ലെബനനും യുദ്ധത്തില്‍ ചേരാന്‍ സാധ്യത

Update: 2023-10-12 09:30 GMT

ഇസ്രയേല്‍- ഹമാസ് യുദ്ധം എണ്ണവിപണിയെ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും അമേരിക്കന്‍ നയങ്ങളിലെ മാറ്റം ആഗോള വിപണിയെ സ്വാധീനിച്ചേക്കും. ഇറാനോടുള്ള ഇപ്പോഴത്തെ സമീപനത്തില്‍ യുഎസ് മാറ്റം വരുത്തുകയും ഉപരോധം കൂടുതല്‍ ശക്തമാക്കുകയും ചെയ്താല്‍ ക്രൂഡ് വില ഉയരും. ഹമാസുമായുള്ള  ഇറാന്‍ ഗൂഢാലോചന നടത്തിയെന്ന ഇസ്രയേല്‍ ആരോപിച്ചിട്ടുണ്ടെങ്കിലും അമേരിക്ക  അതിനു തെളവില്ലെന്നു പറഞ്ഞിട്ടുണ്ട്. ഇറാനും ആരോപണം നിഷേധിച്ചിട്ടുണ്ട്.  അമേരിക്കന്‍ സമീപനം കൂുടതല്‍ കർക്കശമായാല് ഇറാന് ഇപ്പോള്‍ നടത്തുന്ന ക്രൂഡ് കയറ്റുമതി സാധ്യമല്ലാതെ വരുകയും അത് ആഗോള എണ്ണലഭ്യതയെ ബാധിക്കുകയും  ചെയ്യും.

ഓഗസ്റ്റില്‍ ഇറാന്‍റെ എണ്ണ കയറ്റുമതി 2018 -നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. മാത്രമല്ല എണ്ണ വിതരണം കൂട്ടി എണ്ണ വില കുറയാന്‍ വേണ്ടി ഇറാന്‍ ഉത്പാദനം വര്‍ധിപ്പിച്ചിരുന്നു. റോക്കറ്റ് ആക്രമണത്തെ മുന്‍നിര്‍ത്തി ടമാര്‍ ഗ്യാസ് ഫീല്‍ഡ്   ഇസ്രയേല് അടച്ചുപൂട്ടിയത് യൂറോപ്പിലെ ഗ്യാസ് വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

അമേരിക്കന്‍ നയങ്ങളും ആണവ കരാറും

2015 ല്‍ ജോയിന്റ് കോംപ്രസന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെസിപിഒഎ) ഒപ്പുവച്ചതിന് ശേഷം നിയന്ത്രണങ്ങള്‍ ലഘുകരിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും ട്രംപ് ഭരണകാലത്ത് ജെപിസിഒഎയില്‍ നിന്ന് അമേരിക്ക പിന്‍മാറിയതിന് ശേഷം നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമായി.

ബൈഡന്‍ ഭരണകൂടത്തിന് കീഴില്‍ ഇറാന്റെ എണ്ണ ഉത്പാദനവും കയറ്റുമതിയും കുത്തനെ വര്‍ധിച്ചു. മൂന്ന മില്യല്‍ ബാരല്‍ പ്രതിദിന ഉത്പാദനത്തിലേക്ക് ഇറാന്‍ ഉയര്‍ന്നു. എന്നാല്‍,   കയറ്റുമതി രണ്ട് മില്യണ്‍ ബാരലില്‍ താഴെയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ചതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും ഇറാന്റെ എണ്ണ കയറ്റുമതിയിലെ ഉപരോധം ലഘൂകരിക്കുന്നതിലും പുരോഗതി കൈവരിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ അതിവേഗം കാര്യങ്ങള്‍ നീങ്ങുന്നതായി ഇസ്രയേലിന്റെ ഹാരറ്റ്‌സ് പത്രവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡീല്‍ നിബന്ധനകളില്‍ ഇറാന്‍ അതിന്റെ 60 ശതമാനം നിര്‍ത്തലാക്കുന്നതും ഉയര്‍ന്ന യുറേനിയം സമ്പുഷ്ടീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പകരമായി പ്രതിദിനം ഒരു മില്യണ്‍ ബാരല്‍ എണ്ണ കയറ്റുമതി ചെയ്യാനുള്ള അനുമതിയും ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. വിജയകരമായ ആണവ കരാറിന് എണ്ണ വിപണിയെ മാറ്റി മറിക്കാന്‍ കഴിയുമെന്നാണ് ഇന്റെ മുന്‍ ഓയില്‍ മന്ത്രി ബിജന്‍ നംദാര്‍ സംഗനെ പറഞ്ഞത്. ഇറാന്റെ എണ്ണ ഉല്‍പ്പാദനം പ്രതിദിനം ആറ് ദശലക്ഷം ബാരലായി ഉയര്‍ത്തുക എന്നതാണ് ഏറ്റവും വലിയ സ്വപ്‌നമായി അദ്ദേഹം പങ്കുവച്ചത്.

കാര്യങ്ങളിങ്ങനെയൊക്കെ ആണെങ്കിലും നിലവിലെ ആക്രമണത്തില്‍ ആസൂത്രകരായി ഇറാന്‍ മാറിയെന്ന സമീപകാല ആരോപണങ്ങള്‍ അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം വഷളാകാന്‍ സാധ്യതയുണ്ട്. ഇറാന്റെ എണ്ണ ഉത്പാദനവുമായി ബന്ധപ്പെട്ട് അമേരിക്കക്ക് പുതിയ നയ രൂപീകരണ സാധ്യതകളുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

യൂറോപ്പില്‍ ഗ്യാസ് വില റോക്കറ്റ് വേഗത്തില്‍

ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ എണ്ണ വിപണിയല്ല യൂറോപ്പിനിപ്പോള്‍ തലവേദനയാകുന്നത്. മറിച്ച് മുന്‍കുരുതലായി ടമാര്‍ ഗ്യാസ് ഫീല്‍ഡ് അടച്ചിട്ടതാണ് യൂറോപ്പിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

ഗ്യാസ് ഫീല്‍ഡ് അടച്ചുപൂട്ടല്‍ ഇസ്രായേലിന്റെ ആഭ്യന്തര ഉത്പാദനം പ്രതിദിനം 28 ദശലക്ഷം ക്യുബിക് മീറ്ററായി  കുറച്ചിരിക്കുകയാണ്. ഇത്   യൂറോപ്പിലെ പ്രകൃതി വാതക വില 15 ശതമാനം വര്‍ധിപ്പിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈജിപ്റ്റിലേക്കുള്ള ഗ്യാസ് കയറ്റുമതിയിലും പ്രതിസന്ധിയുണ്ടാകാന്‍ സാധ്യതയയുണ്ട്. ഇസ്രയേലിന്റെ ലെവിയാത്തന്‍ ഫീല്‍ഡില്‍ നിന്നാണ് ഈജിപ്റ്റിലേക്ക് ഗ്യാസ് നല്‍കുന്നത്. ഈജിപ്റ്റിലേക്കുള്ള കയറ്റുമതി കുറഞ്ഞാല്‍ സ്വാഭാവികമായും യുറോപ്യന്‍ വിപണികളില്‍ പ്രതിഫലിക്കും.

അമേരിക്കയിലെ എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ പ്രകാരം സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് (എസ്പിആര്‍) ഇന്‍വെന്ററി ഇപ്പോഴും 40 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 351.3 ദശലക്ഷം ബാരലിലാണ്. ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്‍ അതിന്റെ ബൈബാക്ക് പ്രോഗ്രാം ആരംഭിച്ചതിനുശേഷം എസ്പിആറിനായുള്ള മൊത്തം വാങ്ങലുകള്‍ നാല് ദശലക്ഷം ബാരലില്‍ താഴെയാണ് വരുന്നത്.

വിടാതെ ആശങ്ക

ബ്രെന്റ് ക്രൂഡിന്  ഒക്ടോബർ 12 -ന് ബാരലിന്  86 . 7 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്. 0.33 ശതമാനം ഇടിവിലാണ് ഇപ്പോഴുള്ളത്. എന്നാല്‍ സംഘര്‍ഷം വളരുന്നത് ആഗോള ക്രൂഡ് സപ്ലൈകള്‍ക്ക് ഭീഷണിയായതിനാല്‍ എണ്ണ വില ഉയരുമെന്നാണ് വിലയിരുത്തല്‍. ഇത് ഇതിനകം തന്നെ ഉല്‍പാദന വെട്ടിക്കുറക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒപെക് പ്ലസ് അംഗങ്ങളായ സൗദി അറേബ്യയേയും റഷ്യയേയും സമ്മര്‍ദ്ദത്തിലാക്കും. 

സംഘര്‍ഷം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇസ്രയേലിലും ഗാസ മുനമ്പിലും മരണസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റുമുട്ടലില്‍ ഇതുവരെ 3,600 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.


Similar News