കുരുമുളകിന് ഇടിവ്; നിശബ്ദ്ധമായി റബര്‍ വിപണി
- കുരുമുളക് വിളവെടുപ്പില്‍ ആദ്യ പങ്ക് മാത്രമാണ് കര്‍ഷകര്‍ വില്‍പ്പനയ്ക്ക് എത്തിച്ചത്
- വാങ്ങലുകാരുടെ അഭാവം റബറിന്റെ മുഖ്യ വിപണികളില്‍ മ്ലാനത പരത്തി
- ഏലം വിളവെടുപ്പ് അവസാനഘട്ടത്തില്‍
സംസ്ഥാനത്ത് കുരുമുളക് വിളവെടുപ്പ് മുന്നേറുന്നതിനിടയില്‍ ഉല്‍പ്പന്ന വില കുത്തനെ ഇടിഞ്ഞത് കാര്‍ഷിക മേഖലയെ പരിഭ്രാന്തിയിലാക്കി. ദുര്‍ബലമായ കാലവര്‍ഷത്തെ മറികടക്കാന്‍ ഉയര്‍ന്ന കൂലി നല്‍കി തോട്ടങ്ങളില്‍ ജലസേചനം നടത്തിയും വളം കീടനാശിനികള്‍ക്കായി വന്‍ തുക ചെലവഴിച്ചും കുരുമുളക് വിളയിച്ച കര്‍ഷകര്‍ നക്ഷത്രം എണ്ണുന്ന അവസ്ഥയിലാണ്. മൂന്നാഴ്ച്ചകളില്‍ കുരുമുളക് വില കിലോ 45 രൂപയാണ് ഇടിഞ്ഞത്. പുതിയ കുരുമുളക് കിലോ 535 രൂപയിലേയ്ക്ക് താഴ്ന്നു. വിളവെടുപ്പില്‍ ആദ്യ പങ്ക് മാത്രമാണ് കര്‍ഷകര്‍ വില്‍പ്പനയ്ക്ക് എത്തിച്ചത്. അടുത്ത പങ്ക് മാസത്തിന്റെ രണ്ടാം പകുതിയില്‍ വില്‍പ്പനയ്ക്ക് സജ്ജമാക്കാനുള്ള തയ്യാറെടുപ്പുകള്‍ക്ക് ഇടയില്‍ വില കുത്തനെ ഇടിയുന്നത് കര്‍ഷക കുടുംബങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി. ആഭ്യന്തര തലത്തില്‍ കുരുമുളകിന് ശക്തമായ ഡിമാന്റ് നിലനില്‍ക്കുന്നതിനിടയിലാണ് വില യാതൊരു മാനദണ്ഡവുമില്ലാതെ അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ ഇടിക്കുന്നത്.
നിശബ്ദമായി റബര്‍ വിപണി
ചൈന ലൂണാര്‍ പുതുവത്സരാഘോഷങ്ങളിലേയ്ക്ക് തിരിഞ്ഞതോടെ രാജ്യാന്തര റബര്‍ വിപണി നിശബ്ദമായി. വാങ്ങലുകാരുടെ അഭാവം മുഖ്യ വിപണികളില്‍ മ്ലാനത പരത്തിയത് കണ്ട് വില്‍പ്പനക്കാര്‍ രംഗത്ത് നിന്ന് താല്‍ക്കാലികമായി പിന്‍വലിയാന്‍ തീരുമാനിച്ചു. ഇനി അടുത്ത തിങ്കളാഴ്ച്ചയോടെ മാത്രമേ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ കഴിഞ്ഞ് ചൈനീസ് വ്യവസായികള്‍ രംഗത്ത് തിരിച്ചെത്തു. വിദേശത്തെ തളര്‍ച്ച മറയാക്കി ആഭ്യന്തര വില ഇടിക്കാനുള്ള ശ്രമം ടയര്‍ ലോബി തുടരുകയാണ്. എന്നാല്‍ കൊച്ചിയിലും കോട്ടയത്തും ഷീറ്റിന് വില്‍പ്പനക്കാരില്ലാത്ത അവസ്ഥ ടയര്‍ കന്പനികളെ അസ്വസ്ഥരാക്കുന്നുണ്ട്. നാലാം ഗ്രേഡ് റബര്‍ കിലോ 163 രൂപയിലും ലാറ്റക്സ് 112 രൂപയിലുമാണ്.
ഏലം
ഇടുക്കിയില്‍ നടന്ന ഏലക്ക ലേലത്തില്‍ വിവിധയിനങ്ങളുടെ നേരിയ റേഞ്ചില്‍ നീങ്ങി. ആഭ്യന്തര വാങ്ങലുകാരും കയറ്റുമതി സമൂഹവും ചരക്ക് സംഭരിക്കാന്‍ ഉത്സാഹിച്ചു. വിളവെടുപ്പ് അവസാനഘട്ടത്തില്‍ നീങ്ങുന്നത് അവരുടെ വാങ്ങല്‍ താല്‍പര്യം വര്‍ദ്ധിപ്പിച്ചു. മൊത്തം 64,811 കിലോ ഏലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 62,662 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങള്‍ കിലോ 1526 രൂപയിലും മികച്ചയിനങ്ങള്‍ 2103 രൂപയിലും കൈമാറി.