മുന്നേറി റബര്‍; ഇടിവില്‍ ചുക്ക്
- സിംഗപ്പുര്‍, ചൈനീസ് മാര്‍ക്കറ്റുകളിലും റബര്‍ വില മുന്നേറി
- അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 491 രൂപ
- റംസാന്‍ മുന്നില്‍ കണ്ട് അറബ് രാജ്യങ്ങള്‍ ചുക്കില്‍ താല്‍പര്യം കാണിച്ചു
ബാങ്കോക്കില്‍ റബര്‍ വില ക്വിന്റ്റലിന് 20,000 രൂപ എന്ന നിലയിലെത്തി. ആഗോളതലത്തില്‍ റബര്‍ ക്ഷാമം രൂക്ഷമാകുമെന്നു ബോധ്യപ്പെട്ടതാണ് വില ഉയര്‍ത്തി ചരക്ക് സംഭരിക്കാന്‍ തായ്‌ലന്റിലെ കയറ്റുമതിക്കാരെ പ്രേരിപ്പിച്ചത്. സിംഗപ്പുര്‍, ചൈനീസ് മാര്‍ക്കറ്റുകളിലും റബര്‍ വില മുന്നേറിയ വിവരം പുറത്തുവന്നതോടെ ഇന്ത്യന്‍ വ്യവസായികള്‍ നാലാം ഗ്രേഡ് റബര്‍ കിലോ 169 രൂപയ്ക്ക് വാങ്ങി.
വിദേശത്തെ ചലനങ്ങള്‍ കണക്കിലെടുത്താല്‍ ആഭ്യന്തര റബര്‍ ഷീറ്റ് വില 214 രൂപ വരെ ഉയരേണ്ടതാണ്. വിദേശ കുരുമുളക് ഉത്തരേന്ത്യന്‍ വിപണിയില്‍ അടിഞ്ഞ് കൂടിയതോടെ നാടന്‍ ചരക്ക് സംഭരണത്തില്‍ ഒരു വിഭാഗം അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ കാണിച്ച തണുപ്പന്‍ മനോഭാവം വിപണിയെ പ്രതിസന്ധിയിലാക്കി. അതേ സമയം ഉല്‍പ്പന്ന വില ഇടിയുന്നത് കണ്ട് കര്‍ഷകരും സ്‌റ്റോക്കിസ്റ്റുകളും ചരക്ക് പിടിച്ചതോടെ കൊച്ചി മാര്‍ക്കറ്റില്‍ വരവ് 30 ടണ്ണിലേയ്ക്ക് ചുരുങ്ങി,
കഴിഞ്ഞ വാരത്തില്‍ വരവ് 60 ടണ്‍ വരെ എത്തിയിരുന്നു. അണ്‍ ഗാര്‍ബിള്‍ഡ് കിലോ 491 രൂപയുലാണ്. റംസാന്‍ മുന്നില്‍ കണ്ട് അറബ് രാജ്യങ്ങള്‍ ചുക്കില്‍ കാണിച്ച താല്‍പര്യം വില ഉയര്‍ത്തിയെങ്കിലും അവരുടെ ചരക്ക് സംഭരണം കഴിഞ്ഞതോടെ നിരക്ക് താഴ്ന്നു. അന്തര്‍സംസ്ഥാന വാങ്ങലുകാരും ചുക്ക് ശേഖരിക്കുന്നുണ്ട്. മികച്ചയിനങ്ങള്‍ കിലോ 380 രൂപയില്‍ വ്യാപാരം നടന്നു.