മത്സ്യ ഉപഭോഗത്തില്‍ കേരളം മുന്നില്‍,ജനസംഖ്യയുടെ 5.95% പേർ ദിവസവും മത്സ്യം കഴിക്കുന്നു
- ഇന്ത്യയുടെ പ്രതിശീര്‍ഷ മത്സ്യ ഉപഭോഗത്തില്‍ വര്‍ദ്ധനവ്.
- 2005 ല്‍ പ്രതിശീര്‍ഷ മത്സ്യഉപഭോഗം 4.9 കിലോ ആയിരുന്നത് 2021 ല്‍ 8.89 കിലോയായി വര്‍ദ്ധിച്ചു.
ഇന്ത്യയുടെ പ്രതിശീര്‍ഷ മത്സ്യ ഉപഭോഗത്തില്‍ വര്‍ദ്ധനവ്. 2005 ല്‍ പ്രതിശീര്‍ഷ മത്സ്യഉപഭോഗം 4.9 കിലോ ആയിരുന്നത് 2021 ല്‍ 8.89 കിലോയായി വര്‍ദ്ധിച്ചു. ഭക്ഷണക്രമത്തില്‍ വരുന്ന മാറ്റങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മത്സ്യം കഴിക്കുന്ന ജനസംഖ്യ കണക്കാക്കുമ്പോള്‍ പ്രതിശീര്‍ഷ വാര്‍ഷിക മത്സ്യ ഉപഭോഗം 7.43 കിലോയില്‍ നിന്ന് 12.33 കിലോഗ്രാമായി വര്‍ദ്ധിച്ചു. അതായത് 4.9 കിലോയുടെ (66 ശതമാനം) വര്‍ദ്ധനവ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും (ഐസിഎആര്‍) മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് വേള്‍ഡ് ഫിഷ്, ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐഎഫ്പിആര്‍ഐ) ആണ് പഠനം നടത്തിയത്. 2005-2006 മുതല്‍ 2019-2021 വരെയുള്ള കാലഘട്ടത്തിലാണ് പഠനം നടത്തിയത്.
2005-2021 കാലയളവില്‍, രാജ്യത്തിന്റെ മത്സ്യ ഉല്‍പ്പാദനം ഇരട്ടിയായി അതായത് 14.164 ദശലക്ഷം ടണ്ണായി ഉയര്‍ന്നു, സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) 5.63 ശതമാനം രേഖപ്പെടുത്തി.
മൊത്തം മത്സ്യ ഉല്‍പ്പാദനത്തില്‍, 2005-2006ല്‍ 82.36%, 2015-2016ല്‍ 86.2 %, 2019-2020ല്‍ 83.65 % എന്നിങ്ങനെയാണ് മത്സ്യത്തിന്റെ ആഭ്യന്തര ഉപഭോഗം. ബാക്കിയുള്ളത് ഭക്ഷ്യേതര ആവശ്യങ്ങള്‍ക്കും കയറ്റുമതിക്കും ഉപയോഗിക്കും. രാജ്യത്തിനകത്ത് ഉപഭോഗത്തിനായി ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങളുടെയും മത്സ്യ ഉല്‍പന്നങ്ങളുടെയും അളവില്‍ അതിവേഗം വര്‍ദ്ധനവുണ്ടായതായി പഠനം ചൂണ്ടിക്കാട്ടി. 2005-2006-ലെ 14,000 ടണ്ണില്‍ നിന്ന് 2019-2020-ല്‍ 76,000 ടണ്ണായി, 12.84 ശതമാനം സിഎജിആര്‍ സഹിതം 543 ശതമാനം വര്‍ധിച്ചു.
പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ മത്സ്യത്തിന്റെ അളവ് കണക്കിലെടുക്കുമ്പോള്‍, ആഭ്യന്തര വിപണിയില്‍ ഉപയോഗിക്കുന്ന മത്സ്യത്തിന്റെ ആകെ അളവ് 120 ശതമാനം വര്‍ധിച്ച് 5.428 ദശലക്ഷം ടണ്ണില്‍ നിന്ന് 11.924 ദശലക്ഷം ടണ്ണായി.'വാര്‍ഷിക പ്രതിശീര്‍ഷ മത്സ്യ ഉപഭോഗം 4.9 ല്‍ നിന്ന് 8.89 കിലോഗ്രാം ആയി വര്‍ദ്ധിച്ചു. 4.05 ശതമാനം വളര്‍ച്ചാ നിരക്കോടെ 3.99 കിലോഗ്രാം (81.43 ശതമാനം) ആണ് വര്‍ദ്ധനവ് '. ആഗോള ജനസംഖ്യാ വളര്‍ച്ചാ നിരക്കിനേക്കാള്‍ വേഗത്തില്‍ മത്സ്യ ഉപഭോഗം വര്‍ദ്ധിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന വരുമാനം, അതിന്റെ ആരോഗ്യ ആനുകൂല്യങ്ങളെക്കുറിച്ചുള്ള അവബോധം, വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങൾ എന്നിവ കാരണമാണിത്.
അതേസമയം, ഇന്ത്യയില്‍ മത്സ്യത്തിന്റെ ആഭ്യന്തര ആവശ്യകത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അളവ് അനുസരിച്ച് ലോകത്തെ മൂന്നാമത്തെ വലിയ മത്സ്യ ഉപഭോക്താവായി രാജ്യം മാറിയിരിക്കുന്നു. എന്നിരുന്നാലും, ഇന്ത്യയിലെ ആളോഹരി മത്സ്യ ഉപഭോഗം ആഗോള ശരാശരിയേക്കാള്‍ പിന്നിലാണെന്ന് ഐസിഎആര്‍ ഡയറക്ടര്‍ ജനറല്‍ ഹിമാന്‍ഷു പഥക് പറഞ്ഞു.
വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ മത്സ്യ ഉപഭോക്താക്കളുള്ളത് ത്രിപുരയിലാണ് (99.35 ശതമാനം), ഹരിയാനയാണ് ഏറ്റവും കുറവ് (20.55 ശതമാനം). കിഴക്കന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, തമിഴ്‌നാട്, കേരളം, ഗോവ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മത്സ്യം കഴിക്കുന്ന ജനസംഖ്യ. 90 ശതമാനത്തിലധികം പേരാണ് ഇവിടെ മത്സ്യം കഴിക്കുന്നത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ വടക്കന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറവ് (30 ശതമാനത്തില്‍ താഴെ). കേരളത്തിലും (53.5 ശതമാനം), ഗോവയിലും (36.2 ശതമാനം) പ്രതിദിന മത്സ്യ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതലാണ്. എന്നാല്‍ അസം (69 ശതമാനം), ത്രിപുര (69 ശതമാനം) എന്നിവിടങ്ങളിലാണ് പ്രതിവാര ഉപഭോക്താക്കള്‍ ഏറ്റവും കൂടുതലുള്ളത്.
മത്സ്യം കഴിക്കുന്നവരുടെ എണ്ണത്തില്‍ ജമ്മു കശ്മീരിലാണ് ഏറ്റവും കൂടുതല്‍ (20.9 ശതമാനം) വര്‍ദ്ധനവ് ഉണ്ടായത്. എന്നിരുന്നാലും, പഞ്ചാബിലെ മത്സ്യ ഉപഭോക്താക്കളില്‍ (3.9 ശതമാനം പോയിന്റ്) കുറവുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെ മത്സ്യം കഴിക്കുന്ന ജനസംഖ്യ 66 ശതമാനത്തില്‍ നിന്ന് 72.1 ശതമാനമായി 6.1 ശതമാനം വര്‍ദ്ധിച്ചു. മുട്ട ഉപഭോക്താക്കള്‍ 7.35 ശതമാനം വര്‍ധിച്ചു, തൊട്ടുപിന്നാലെ മത്സ്യം (6.1 ശതമാനം), ചിക്കന്‍ അല്ലെങ്കില്‍ മാംസം (5.45 ശതമാനം) എന്നിങ്ങനെയാണ് റിപ്പോര്‍ട്ട്.
ജനസംഖ്യയുടെ 5.95 ശതമാനം ആളുകള്‍ ദിവസവും മത്സ്യം കഴിക്കുന്നു, 34.8 ശതമാനം ആളുകള്‍ ആഴ്ചയില്‍, 31.35 ശതമാനം ആളുകള്‍ ഇടയ്ക്കിടെ എന്നിങ്ങനെയാണ് സര്‍വേ റിപ്പോര്‍ട്ട്.
പുരുഷന്മാര്‍ക്ക് (78.6 ശതമാനം) സ്ത്രീകളേക്കാള്‍ (65.6 ശതമാനം) മത്സ്യ ഉപഭോഗ നിരക്ക് കൂടുതലാണ്. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് (39.8 ശതമാനം) നഗരപ്രദേശങ്ങളില്‍ (42.7 ശതമാനം) പ്രതിവാര മത്സ്യ ഉപഭോഗം കൂടുതലാണ്. എന്നിരുന്നാലും, നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളില്‍ മത്സ്യ ഉപഭോഗം അതിവേഗം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിലെ 4.05 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍, പ്രതിശീര്‍ഷ മത്സ്യ ഉപഭോഗം 2029-2030ല്‍ 19.8 കിലോഗ്രാമിലും 2039-2040ല്‍ 31.7 കിലോഗ്രാമിലും 2047-2048ല്‍ 41.29 കിലോഗ്രാമിലും എത്തുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു.