ഇന്ത്യന്‍ ബോണ്ടുകളിലെ വിദേശ നിക്ഷേപം 6 വര്‍ഷത്തെ ഉയര്‍ച്ചയില്‍

  • ജെപി മോര്‍ഗന്‍റെ വികസ്വര വിപണി സൂചികയിലേക്കുള്ള ഉള്‍പ്പെടുത്തല്‍ ജൂണില്‍
  • ബ്ലൂംബെര്‍ഗ് സൂചികയിലും ഇന്ത്യന്‍ ബോണ്ടുകളെ ഉള്‍പ്പെടുത്തിയേക്കുമെന്ന് പ്രതീക്ഷ
  • 2022 വരെ തുടർച്ചയായി മൂന്ന് വർഷം എഫ്‍പിഐകള്‍ ഇന്ത്യന്‍ ബോണ്ടുകളില്‍ വില്‍പ്പനക്കാരായിരുന്നു

Update: 2023-12-01 07:16 GMT

നവംബറില്‍ ഇന്ത്യൻ സർക്കാർ ബോണ്ടുകളിലേക്കുള്ള വിദേശ നിക്ഷേപം ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. അടുത്ത വർഷം ജെപി മോർഗന്റെ വികസ്വര വിപണി സൂചികയിൽ (എമര്‍ജിംഗ് മാര്‍ക്കറ്റ് ഇന്‍റക്സ്) ഇന്ത്യന്‍ സെക്യൂരിറ്റികളെ ഉൾപ്പെടുത്തുമെന്ന പ്രഖ്യാപനമാണ് ഈ കുതിപ്പിന് കാരണം. 

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ നവംബറിൽ 127.2 ബില്യൺ രൂപയുടെ (1.53 ബില്യൺ ഡോളർ) ബോണ്ടുകൾ വാങ്ങിയെന്ന് ക്ലിയറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഡാറ്റ കാണിക്കുന്നു. , 2017 ജൂണിനു ശേഷമുള്ള ഏറ്റവും ഉയർന്ന തുകയ്ക്കുള്ള വാങ്ങലാണിത്. ഇതില്‍ ഏകദേശം 96.6 ബില്യൺ രൂപയുടെ വാങ്ങലുകൾ നിക്ഷേപ പരിധിയില്ലാത്ത സെക്യൂരിറ്റികളിലാണ്, അവ ജെപി മോർഗൻ സൂചികയിൽ ഉൾപ്പെടുത്തും.

വികസിത വിപണികളിലെ ബോണ്ട് ആദായം ഉയർച്ചയിലാണ് എന്ന വിലയിരുത്തലിനൊപ്പെം, ജെപി മോര്‍ഗന്‍ സൂചികയിലേക്കുള്ള ഉള്‍പ്പെടുത്തലും ഇന്ത്യൻ സർക്കാർ ബോണ്ടുകളിലേക്കുള്ള വിദേശ നിക്ഷേപ വരവിനെ പിന്തുണയ്ക്കുന്നുവെന്ന് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന്‍റെ ഫ്ലോസ് സ്ട്രാറ്റജി ഹെഡ് നാഗരാജ് കുൽക്കർണി പറഞ്ഞു.

പുതിയ മേഖലകളെ ജെപി മോർഗൻ സൂചികയിൽ ചേർക്കുന്ന ജൂൺ വരെ ഇന്ത്യൻ ബോണ്ടുകളിലെ വിദേശ വാങ്ങൽ തുടരുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.ഇന്ത്യയ്ക്ക് സൂചികയിൽ 10% വെയിറ്റേജ് ലഭിക്കുമെന്നാണ് സെപ്റ്റംബറിൽ ജെപി മോർഗൻ പ്രഖ്യാപിച്ചിട്ടുള്ളത്.2024 ജൂണിനും 2025 മാർച്ചിനും ഇടയിൽ ഇത് ഗണ്യമായി വര്‍ധിപ്പിക്കുന്നതും പരിഗണിക്കും.

ബ്ലൂംബെര്‍ഗ് സൂചികയിലും ഉടന്‍

ബ്ലൂംബെർഗ് ഗ്ലോബൽ അഗ്രഗേറ്റ് ബോണ്ട് സൂചികയിലും ഇന്ത്യയെ അധികം വൈകാതെ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷ നിക്ഷേപകര്‍ക്കുണ്ട്.  ബ്ലൂംബെർഗ് സൂചികയിൽ ഉൾപ്പെടുത്തിയാൽ 25 ബില്യൺ ഡോളറിന്റെ ഒഴുക്ക് ഇന്ത്യന്‍ വിപണിയിലേക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിബിഎസ് ബാങ്ക് ഇന്ത്യയിലെ ട്രഷറി ആൻഡ് മാർക്കറ്റ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ സമീർ കാര്യാട്ട് പറയുന്നു. 

2023ല്‍ ഇതുവരെ, വിദേശികൾ ഇന്ത്യൻ ബോണ്ടുകളില്‍ 432.6 ബില്യൺ രൂപയുടെ അറ്റ വാങ്ങല്‍ നടത്തിയിട്ടുണ്ട്. 2017 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വാങ്ങലാണിത്. 2022 വരെ തുടർച്ചയായി മൂന്ന് വർഷത്തേക്ക് അവർ ഇന്ത്യന്‍ ബോണ്ടുകളില്‍ അറ്റ ​​വിൽപ്പനക്കാരായിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ മൊത്തം വായ്പാ ഭാരത്തിന്‍റെ 1 .9 ശതമാനം മാത്രമാണ് സോവര്‍ജീന്‍ ബോണ്ടുകള്‍  വരുന്നത്. 

Tags:    

Similar News