കടപ്പത്രങ്ങളിലൂടെ 410 മില്യണ്‍ ഡോളര്‍ സമാഹരണം ലക്ഷ്യമിട്ട് അദാനി ഗ്രീന്‍ എനര്‍ജി
ഒരു ഡോളര്‍ ബോണ്ടിലെ തിരിച്ചടവിനായാണ് തുക വിനിയോഗിക്കുക
അദാനി ഗ്രീൻ എനർജി ലിമിറ്റഡ്, പുതിയ ബോണ്ട് ഇഷ്യു വഴി ഏകദേശം 410 മില്യൺ ഡോളർ സമാഹരിക്കാൻ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 2024 ഡിസംബറില്‍ കാലവധി പൂര്‍ത്തിയാകുന്ന ഒരു ഡോളർ ബോണ്ടിലെ തിരിച്ചടവിനായാണ് ഈ തുക വിനിയോഗിക്കുക. സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ കമ്പനിയുടെ ഫയലിംഗിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ബോണ്ടുകള്‍ പുറത്തിറക്കാനുള്ള പദ്ധതിയെ കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്.
അടുത്ത സെപ്റ്റംബറിൽ കാലാവധി പൂര്‍ത്തിയാകുന്ന 750 മില്യൺ ഡോളർ ബോണ്ടിന്‍റെ തിരിച്ചടവിനായുള്ള പദ്ധതികളും നേരത്തേ നടത്തിയ ഫയലിംഗില്‍ കമ്പനി വ്യക്തമാക്കിയിരുന്നു .യുഎസ് ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ച് ഈ വർഷമാദ്യം വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് അദാനി ഗ്രൂപ്പിന്‍റെ സാമ്പത്തിക സാഹചര്യങ്ങള്‍ നിക്ഷേപകരുടെ ശ്രദ്ധ കൂടുതലായി ആകര്‍ഷിച്ചു തുടങ്ങിയത്. ആരോപണങ്ങള്‍ നിഷേധിച്ച ഗ്രൂപ്പ് വിശ്വാസ്യത ഉയര്‍ത്താനായി വിവിധ നിക്ഷേപകരെ ഗ്രൂപ്പ് കമ്പനികളിലേക്ക് എത്തിക്കുകയും ചെയ്തു.
ഹിൻഡൻബർഗ് റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിൽ വായ്പകള്‍ മുൻകൂട്ടി അടയ്ക്കുന്നതും ബോണ്ടുകൾ തിരികെ വാങ്ങുന്നതും ഉൾപ്പടെയുള്ള വിവിധ നടപടികളും ഗ്രൂപ്പ് കൈക്കൊണ്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ച, അദാനി ഗ്രീൻ ഒരു പുനരുപയോഗ ഊർജ പദ്ധതിക്കായി 1.4 ബില്യൺ ഡോളർ വായ്പ സമാഹരിച്ചു. ഇത് ഗ്രൂപ്പിന്‍റെ ഓഹരികളില്‍ മുന്നേറ്റത്തിന് ഇടയാക്കുകയും, ഗ്രൂപ്പിന്‍റെ മൊത്തം വിപണി മൂല്യം 23 ബില്യൺ ഡോളറില്‍ എത്തിക്കുകയും ചെയ്തു.