എംക്യാപ് 1 ലക്ഷം കോടിക്ക് മുകളിലെത്തി ബാങ്ക് ഓഫ് ബറോഡ

  • വിപണികളിലെ വീഴ്ചയ്ക്കിടയിലും ബിഒബി ഓഹരികള്‍ ആകര്‍ഷകമായി തുടരുന്നു
  • പ്രതീക്ഷിച്ചതിലും മികച്ച മാര്‍ച്ച് പാദഫലം നിക്ഷേപകരെ ആവോശത്തിലാക്കി
  • വിപണിയില്‍ ഏറ്റവും മൂല്യമുള്ള ഇന്ത്യൻ ബാങ്ക് എച്ച്‌ഡിഎഫ്‌സി ബാങ്കാണ്

Update: 2023-06-19 09:05 GMT

ഓഹരി വിപണി മൂല്യം 1 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുന്ന രണ്ടാമത്തെ പൊതുമേഖലാ ബാങ്കായി ബാങ്ക് ഓഫ് ബറോഡ. നേരത്തേ സ്‍റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. പ്രധാന ഓഹരി വിപണി സൂചികകളിൽ പൊതുവേ നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നതെങ്കിലും, ബാങ്ക് ഓഫ് ബറോഡ ഓഹരികളില്‍ നിക്ഷേപകരുടെ വാങ്ങല്‍ താല്‍പ്പര്യം തുടരുകയാണ്.

എൻ‌എസ്‌ഇയിൽ ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില ഇന്ന് തുടക്ക വ്യാപാരത്തില്‍ 3 ശതമാനത്തോളം ഉയര്‍ന്ന് 194.80 രൂപയിലെത്തിയിരുന്നു. പിന്നീട് ഇടവ്യാപാരത്തില്‍ ഏകദേശം 3.50 ശതമാനം നേട്ടത്തിലെത്തിയ ബിഒബി ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ ₹197.20-ന് അടുത്തെത്തി. ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂലധനമെന്ന നാഴികക്കല്ല് ഇതോടെ വീണ്ടും മറികടക്കാനായി.

ഈ നേട്ടം ആദ്യം കൈവരിച്ച പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ വിപണി മൂല്യം നിലവിൽ ഏകദേശം 5.07 ലക്ഷം കോടി രൂപയാണ്. എങ്കിലും വിപണി മൂലധനത്തിന്റെ കാര്യത്തിൽ ഏറ്റവും മൂല്യമുള്ള ഇന്ത്യൻ ബാങ്ക് എച്ച്‌ഡിഎഫ്‌സി ബാങ്കാണ്. ഏകദേശം 9 ലക്ഷം കോടി രൂപയുടെ മൂല്യമാണ് എച്ച്ഡിഎഫ്‍സി ബാങ്കിനുള്ളത്. 6.44 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള ഐസിഐസിഐ ബാങ്ക് രണ്ടാം സ്ഥാനത്ത് വരുന്നു എസ്ബിഐ ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ ഇന്ത്യൻ ലിസ്റ്റഡ് ബാങ്കാണ്. കൊട്ടക് മഹീന്ദ്ര ബാങ്കും ആക്‌സിസ് ബാങ്കും യഥാക്രമം ഏകദേശം 3.63 ലക്ഷം കോടി രൂപയുടെയും ഏകദേശം 2.98 ലക്ഷം കോടി രൂപയുടെയും വിപണി മൂല്യങ്ങളുമായി എസ്ബിഐ-ക്ക് പിന്നിലുള്ള സ്ഥാനങ്ങളിലുണ്ട്. 

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യൻ ഓഹരി വിപണിയില്‍ വളര്‍ന്നുവന്ന മൾട്ടിബാഗർ സ്റ്റോക്കുകളിൽ ഒന്നാണ് ബാങ്ക് ഓഫ് ബറോഡ ഓഹരികൾ. വാസ്തവത്തിൽ,  ബാങ്ക് നിഫ്റ്റിയെ 44,498 എന്ന പുതിയ റെക്കോഡ് ഉയരത്തിലേക്ക് എത്തുന്നതില്‍ പങ്കുവഹിച്ച ബാങ്ക് നിഫ്റ്റി ഓഹരികളിലൊന്നാണ് ബിഒബി. 100 ശതമാനത്തില്‍ കൂടുതല്‍ വരുമാനം നല്‍കുന്ന ഒരു ഇക്വിറ്റി സ്‌റ്റോക്കിനെയാണ് മള്‍ട്ടിബാഗര്‍ എന്നു വിശേഷിപ്പിക്കുന്നത്. 

പ്രതീക്ഷിച്ചതിലും മികച്ച മാര്‍ച്ച് പാദഫലം പുറത്തുവന്നതോടെ പ്രധാന ബ്രോക്കറേജുകള്‍ ബാങ്ക് ഓഫ് ബറോഡ ഓഹരികളുടെ ടാര്‍ഗറ്റ് വില ഉയര്‍ത്തിയിരുന്നു. ഒരു വർഷത്തിനിടെ 29 ശതമാനം വരെ ഉയർച്ച ഈ സ്റ്റോക്കുകളില്‍ കാണാമെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. വലിയ പൊതു ബാങ്കുകൾക്കിടയിൽ മികച്ച സ്ഥാനം കരസ്ഥമാക്കാന്‍ ബാങ്ക് ഓഫ് ബറോഡയ്ക്ക് സാധിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ പ്രധാന ബിസിനസ്സ് അളവുകോലുകളിലും മുൻനിര ബാങ്കുകളുടെ തലത്തിലേക്ക് ബിഒബി അടുക്കുകയാണ്.

മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ, വായ്പകളിലെയും അറ്റ ​​പലിശ വരുമാനത്തിലെയും ആരോഗ്യകരമായ വളർച്ച കാരണം, ബാങ്കിന്റെ അറ്റാദായം 168 ശതമാനം വാർഷിക വളർച്ചയോടെ 4,775 കോടി രൂപയിലെത്തിയിരുന്നു. ബാങ്ക് റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന ത്രൈമാസ അറ്റാദായമാണിത്. സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി,ബാങ്കിന്‍റെ അറ്റാദായം മുൻ വർഷത്തെ 7,272 കോടി രൂപയിൽ നിന്ന് 94 ശതമാനം വർധിച്ച് 14,110 കോടി രൂപയായി. 

Tags:    

Similar News