ആഗോള ആശങ്കകള്‍ വിപണിയെ തളര്‍ത്തുന്നു

തുടര്‍ച്ചയായ ആറാം ദിവസവും ഏഷ്യന്‍ വിപണികള്‍ നഷ്ടത്തിലാണ്. രാവിലെ 8.17ന് സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 0.42 ശതമാനം താഴ്ച്ചയിലാണ് വ്യാപാരം നടത്തുന്നത്. അമേരിക്കന്‍ വിപണികളും ഇന്നലെ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ആഗോള വിപണികളെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വെള്ളിയാഴ്ച്ച നടക്കാനിരിക്കുന്ന ജാക്‌സണ്‍ ഹോള്‍ കോണ്‍ഫറന്‍സില്‍ ഫെഡ് ചീഫ് ജറോം പവ്വല്‍ എന്താണ് പറയുകയെന്നാണ്. അമേരിക്കന്‍ വിപണി അമേരിക്കന്‍ കേന്ദ്ര ബാങ്ക് പണപ്പെരുപ്പത്തെ നേരിടാന്‍ കടുത്ത നിരക്ക് വര്‍ധനയിലേക്ക് പോകും എന്ന ഭയം വിപണിയെ ഇപ്പോള്‍ ഗ്രസിച്ചിരിക്കുകയാണ്. ഈ ആശങ്കയാണ് […]

Update: 2022-08-22 22:24 GMT

തുടര്‍ച്ചയായ ആറാം ദിവസവും ഏഷ്യന്‍ വിപണികള്‍ നഷ്ടത്തിലാണ്. രാവിലെ 8.17ന് സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 0.42 ശതമാനം താഴ്ച്ചയിലാണ് വ്യാപാരം നടത്തുന്നത്. അമേരിക്കന്‍ വിപണികളും ഇന്നലെ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ആഗോള വിപണികളെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വെള്ളിയാഴ്ച്ച നടക്കാനിരിക്കുന്ന ജാക്‌സണ്‍ ഹോള്‍ കോണ്‍ഫറന്‍സില്‍ ഫെഡ് ചീഫ് ജറോം പവ്വല്‍ എന്താണ് പറയുകയെന്നാണ്.

അമേരിക്കന്‍ വിപണി

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പണപ്പെരുപ്പത്തെ നേരിടാന്‍ കടുത്ത നിരക്ക് വര്‍ധനയിലേക്ക് പോകും എന്ന ഭയം വിപണിയെ ഇപ്പോള്‍ ഗ്രസിച്ചിരിക്കുകയാണ്. ഈ ആശങ്കയാണ് അമേരിക്കന്‍, യൂറോപ്യന്‍, ഏഷ്യന്‍ വിപണികളെ ഒന്നാകെ തളര്‍ച്ചയിലേക്ക് തള്ളിവിടുന്നത്. 50 ബേസിസ് പോയിന്റ് വര്‍ധനവ് വിപണി കണക്കിലെടുക്കുന്നുണ്ട്. എന്നാല്‍ ചില കേന്ദ്രങ്ങളില്‍ നിന്നും വരുന്ന സൂചനകളനുസരിച്ച് ഫെഡ് 75 ബേസിസ് പോയിന്റ് വരെ ഉയര്‍ത്തിയേക്കാം. ഇത് വിപണിയ്ക്ക് തിരിച്ചടിയാകും. ഇന്നലെ അമേരിക്കന്‍ ബോണ്ട് യീല്‍ഡ് മൂന്നു ശതമാനത്തിന് മുകളിലേക്ക് പോയി. കൂടാതെ യൂറോയ്‌ക്കെതിരെ ഡോളര്‍ സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയരുകയും ചെയ്തു. ഈ രണ്ട് സംഭവങ്ങളും ഓഹരി വിപണിയില്‍ നിരാശ പടര്‍ത്തുന്നതാണ്. ആഗോള സ്വര്‍ണവിലയും ഇടിയാന്‍ സാധ്യതയുണ്ട്. അമേരിക്കയിലെ മാനുഫാക്ചറിംഗ് പിഎംഐ, സര്‍വീസസ് പിഎംഐ, പുതിയ ഭവന വില്‍പന കണക്കുകള്‍ എന്നിവയെല്ലാം നാളെ പുറത്ത് വരും. ഇത് അവിടുത്തെ സമ്പദ്ഘടനയുടെ ഇപ്പോഴത്തെ സ്ഥിതി മനസിലാക്കാന്‍ വിപണിയെ സഹായിക്കും.

ക്രൂഡ് ഓയില്‍

റഷ്യയുടെ യൂറോപ്പിലേക്കുള്ള വാതക വിതരണം മൂന്നു ദിവസത്തേക്ക് കൂടി തടസ്സപ്പെടുമെന്ന വാര്‍ത്ത വന്നതോടെ യൂറോപ്യന്‍ ഓഹരി വിപണികളില്‍ ഇടിവ് സംഭവിച്ചു. ഇതിന് പുറമേ യൂറോപ്പിനെ ഞെരുക്കുന്ന പണപ്പെരുപ്പവും മറ്റൊരു പ്രശ്‌നമാണ്. ഗ്യാസ് വില നിയന്ത്രിച്ചില്ലെങ്കില്‍ ബ്രിട്ടണിലെ പണപ്പെരുപ്പം 18 ശതമാനം വരെ എത്തിയേക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. യൂറോപ്പിലെ ഊര്‍ജ്ജപ്രതിസന്ധി ക്രൂഡ് ഓയില്‍ വിപണിയ്ക്ക് തുണയാകുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ഏഷ്യന്‍ വിപണിയില്‍ ഇന്ന് രാവിലെ നേരിയ ഉയര്‍ച്ചയിലാണ്. ബാരലിന് 97 ഡോളറിനടുത്താണ് വ്യാപാരം നടക്കുന്നത്. എന്നാല്‍ ചൈനയിലെ സാമ്പത്തിക മാന്ദ്യം ക്രൂഡ് ഓയില്‍ വിലവര്‍ധനവിനെ വലിയൊരളവ് വരെ തടഞ്ഞ് നിര്‍ത്തുന്നുണ്ട്. ചൈനീസ് സെന്‍ട്രല്‍ ബാങ്ക് നടപ്പിലാക്കിയ നിരക്ക് കുറയ്ക്കലും പ്രോപ്പര്‍ട്ടി മേഖലയ്ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന പ്രത്യേക ഫണ്ടിംഗ് വിപണിയില്‍ നേരിയ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. ഇത് എത്രകാലം തുടരേണ്ടി വരും എന്ന ആശങ്ക വിപണിയെ അലട്ടുന്നുണ്ട്.

വിദേശ നിക്ഷേപം

എന്‍എസ്ഇ പ്രൊവിഷണല്‍ ഡാറ്റാ അനുസരിച്ച് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 453 കോടി രൂപ വിലയുള്ള ഓഹരികള്‍ അറ്റവില്‍പന നടത്തി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും ഇന്നലെ വില്‍പനക്കാരായിരുന്നു. അവര്‍ 85 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. വിദേശ നിക്ഷേപകരുടെ വില്‍പന നേരിയ തോതിലായത് വിപണിയ്ക്ക് ആശ്വാസം നല്‍കുന്നു. ആഭ്യന്തര വിപണിയില്‍ മറ്റ് പ്രധാന സംഭവ വികാസങ്ങളൊന്നും ഇന്ന് പ്രതീക്ഷിക്കാനില്ല. അതിനാല്‍ ആഗോള വിപണികളുടെ ചുവട് പിടിച്ചാകും ഇന്നലെ ഒന്നര ശതമാനം താഴ്ന്ന ഇന്ത്യന്‍ വിപണിയും ഇന്ന് നീങ്ങുന്നത്.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,759 രൂപ (ഓഗസ്റ്റ് 23 )
ഒരു ഡോളറിന് 79.89 രൂപ (ഓഗസ്റ്റ് 23, 09.00 am)
ബ്രെന്റ് ക്രൂഡ് ബാരലിന് 97.41 ഡോളര്‍ (ഓഗസ്റ്റ് 23, 9.00 am)
ഒരു ബിറ്റ് കൊയ്ന്റെ വില 21,322.22 ഡോളര്‍ (ഓഗസ്റ്റ് 23, 9.10 am, കോയിന്‍ മാര്‍ക്കറ്റ് ക്യാപ്)

Tags:    

Similar News