സടകുടഞ്ഞെഴുന്നേല്‍ക്കുന്ന പഞ്ചസാര ഓഹരികള്‍

  • ഇന്ത്യന്‍ വിപണി റെക്കോര്‍ഡ് ഉയരം താണ്ടാനുള്ള ശ്രമത്തിലാണ്
  • കരിമ്പില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന എഥനോള്‍ പഞ്ചസാര വ്യവസായത്തിന്റെ ഉപോല്‍പ്പന്നമാണ്
  • എഥനോള്‍ ചേര്‍ത്ത പെട്രോള്‍ രാജ്യത്ത് നടപ്പിലാക്കി വരികയാണ് കേന്ദ്ര സര്‍ക്കാര്‍

Update: 2023-06-10 10:45 GMT

ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ വിപണി റെക്കോര്‍ഡ് ഉയരം താണ്ടാനുള്ള ശ്രമത്തിലാണ്. വരും ദിനങ്ങളില്‍ അത്തരമൊരു നേട്ടത്തിലേക്ക് വിപണി കടക്കുകയാണെങ്കില്‍ അതില്‍ കുറച്ചെങ്കിലും സംഭാവന ചെയ്യാന്‍ സാധിക്കുന്ന മേഖലയിലൊന്നാണ് കണ്‍സ്യൂമര്‍ സെക്ടര്‍. പ്രത്യേകിച്ച് പഞ്ചസാര ഓഹരികള്‍. വാരാന്ത്യത്തില്‍ (09-06-2023) ആഭ്യന്തര വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ നേട്ടം നിലനിര്‍ത്തിയ ചുരുക്കം ഓഹരി വിഭാഗങ്ങളിലൊന്നായിരുന്നു ഷുഗര്‍ ഓഹരികള്‍. വാരാന്ത്യ ദിനത്തില്‍ ഭൂരിപക്ഷം പഞ്ചസാര ഓഹരികളും നേട്ടത്തിലായിരുന്നു. ഉത്തം ഷുഗര്‍ 11% വരെ ഉയര്‍ന്നപ്പോള്‍ സിമ്പൊലി ഷുഗര്‍ 10.93% നേട്ടം നല്‍കി. ബജാജ് ഹിന്ദുസ്ഥാന്‍ ഷൂഗര്‍ ഓഹരികള്‍ 8.%ത്തിലധികം ശ്രീറാം, മവാന ഷുഗര്‍ ഓഹരികള്‍ 5%ത്തിലധികവും നേട്ടം നല്‍കി. മറ്റുള്ളവ അരശതമാനത്തിലധികം നേട്ടവും നിക്ഷേപകര്‍ക്ക് നല്‍കി. നിക്ഷേപകരുടെ ഒഴുക്ക് തന്നെ ഷുഗര്‍ ഓഹരികളിലേക്ക് എത്തിയതായും കാണാം. നിക്ഷേപകരുടെ ഈ ഒഴുക്കിനെ സ്വാധീനിച്ചത് അടുത്ത കാലത്ത് വന്ന ചില വാര്‍ത്തകളാണ്.

ആ വാര്‍ത്തകളെ ഇങ്ങനെ സംഗ്രഹിക്കാം

1-ജൈവ ഇന്ധനം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രനയം

2- ഒപെക് രാജ്യങ്ങളുടെ എണ്ണയുല്‍പ്പാദനം വെട്ടികുറയ്ക്കാനുള്ള തീരുമാനം

3- വിജയം കണ്ട എഥനോള്‍ മിശ്രിത ഇ-27 ഇന്ധന പരീക്ഷണം

4- രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നത്

5- കരിമ്പ്-പഞ്ചസാര ഉല്‍പ്പാദനം, കയറ്റുമതി എന്നിവയിലെ റെക്കോഡ് വളര്‍ച്ച

6- എല്‍ നിനോ പ്രഭാവം കാര്‍ഷിക മേഖലയെ ബാധിക്കും, രാജ്യത്തെ പഞ്ചസാര കയറ്റുമതി ഉയരാം

7 കമ്പനികളുടെ മികച്ച നാലാം പാദ ഫലങ്ങള്‍

ഇത് കാണുമ്പോള്‍ രാജ്യത്തിന്റെ ഇന്ധന ആവശ്യങ്ങളുമായി പഞ്ചസാര വ്യവസായത്തിന് എന്ത് ബന്ധമാണുള്ളതെന്ന് ചിന്തിക്കുന്നവരുണ്ടാവാം. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുക എന്നത് ആഗോളരാജ്യങ്ങളുടെ ലക്ഷ്യമാണ്. അതിന്റെ ആദ്യ പടിയായി നിര്‍ദേശിക്കപ്പെടുന്നത് ജൈവ ഇന്ധങ്ങളോ പുനരുപയോഗിക്കാവുന്ന ഇന്ധനങ്ങളോ ഉപയോഗിക്കുകയാണ്. അവിടെയാണ് ഇന്ത്യയ്ക്ക് കരിമ്പ് കര്‍ഷകരുടെ സംഭാവന ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നതും. കരിമ്പില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന എഥനോള്‍ പഞ്ചസാര വ്യവസായത്തിന്റെ ഉപോല്‍പ്പന്നമാണ്. എഥനോള്‍ ചേര്‍ത്ത പെട്രോള്‍ രാജ്യത്ത് നടപ്പിലാക്കി വരികയാണ് കേന്ദ്ര സര്‍ക്കാര്‍. 2021 മുതല്‍ കേരളത്തിലെ പമ്പുകളിലും എഥനോള്‍ മിശ്രിത പെട്രോള്‍ ലഭ്യമാണ്. എഥനോള്‍ കരിമ്പില്‍ നിന്നും ലഭിക്കുന്നതിനാല്‍ പഞ്ചസാര ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്കാണ് ഈ നീക്കം ആത്യന്തികമായി ഗുണം ചെയ്യുക എന്ന തിരിച്ചറിവ് നിക്ഷേപകര്‍ക്കും ഉണ്ടെന്ന് ചുരുക്കം

20ഓളം പഞ്ചസാര കമ്പനികളാണ് എഥനോള്‍ നിര്‍മാണവുമായി സഹകരിക്കുന്നത്. അവയില്‍ ചില കമ്പനികളും കണക്കും

ശ്രീ രേണുക ഷുഗര്‍- പഞ്ചസാരയ്ക്ക് പുറമെ ജൈവവളം, എഥനോള്‍, ഊര്‍ജ്ജ ഉല്‍പ്പാദകരാണ് ശ്രീ രേണുക. നാലാം പാദ റിപ്പോര്‍ട്ട് പ്രകാരം കമ്പനിയുടെ അറ്റവരുമാനം 86,862 മില്യണ്‍ രൂപയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 40%ത്തിന്റെ വര്‍ധന. 62,091 മില്യണായിരുന്നു 2022ലെ അറ്റവരുമാനം. അറ്റാദായം-42.8 കോടി

ഡാല്‍മിയ ഭാരത് ഷുഗര്‍- മാര്‍ച്ച് 2023ലെ റിപ്പോര്‍ട്ട് പ്രകാരം വരുമാനം 1161.65 കോടിയാണ്. മുന്‍ പാദത്തെക്കാള്‍ ഇരട്ടി നേട്ടമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അറ്റാദായം 124.16 കോടിയാണ്.

ബജാജ് ഹിന്ദുസ്ഥാന്‍ ഷുഗര്‍-മാര്‍ച്ച് പാദത്തിലെ റിപ്പോര്‍ട്ട് പ്രകാരം അറ്റാദായം 131.91 കോടിയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 119.21 ശതമാനത്തിന്റേ നേട്ടം.

ബല്‍റാംപൂര്‍ ചിനി മില്‍സ് ലിമിറ്റഡ്-1,491.53 കോടിയാണ് അറ്റവരുമാനം. അറ്റാദായം ആവട്ടെ 254.45 കോടിയാണ്

പ്രാജ് ഇന്‍ഡസ്ട്രീസ്- അറ്റാദായം-88.12 കോടി. അറ്റവരുമാനം 1003.98 കോടി പ്രതിവര്‍ഷാടിസ്ഥാനത്തില്‍ 21 ശതമാനത്തിന്റെ വളര്‍ച്ച

ഇന്ത്യയുടെ ഇബിപി പദ്ധതി

കരിമ്പില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന പഞ്ചസാര, പുളിപ്പിച്ച് നിര്‍മ്മിക്കുന്നതാണ് ഇഥൈല്‍ ആല്‍ക്കഹോള്‍ എന്ന എഥനോള്‍. പൂര്‍ണമായും പ്രകൃതിദത്തം എന്ന് പറയാം. 10 ശതമാനം എഥനോള്‍ പെട്രോളില്‍ കലര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്രം തയ്യാറാക്കിയ പദ്ധതിയാണ്

എഥനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍(ഇബിപി) പദ്ധതി. ഇത് ഇ-10 എന്ന് ചുരുക്കപേരിലും അറിയപ്പെടുന്നു. 2025 ആകുമ്പോഴേക്കും 20 ശതമാനം എഥനോള്‍ പെട്രോളില്‍ കലര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രണ്ട് മൂന്ന് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ചതാണെങ്കിലും കഴിഞ്ഞ മാസം കേന്ദ്രം ഇ-20 പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ഉറപ്പിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ മെയില്‍ 15 നഗരങ്ങളില്‍ പ്രധാനമന്ത്രി ഇ20 ലോഞ്ച് ചെയ്തു. വരും മാസങ്ങളിലും വര്‍ഷങ്ങളിലുമായി ഇത് ഘട്ടം ഘട്ടമായി രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പെട്രോളില്‍ ചേര്‍ക്കാവുന്ന ഉയര്‍ന്ന ഗ്രേഡുള്ള എഥനോളാണ് ഷുഗര്‍ ഇന്‍ഡസ്ട്രീസ് ഉത്പാദിപ്പിക്കുന്നത്.

എണ്ണവില കുതിച്ചുയരുന്നത് ജൈവ ഇന്ധനത്തിന് കരുത്ത് നല്‍കും

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയാണ്. യുക്രൈന്‍ -റഷ്യ യുദ്ധത്തിന് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് സാമ്പത്തിക ഉപരോധം നേരിട്ട റഷ്യ കുറഞ്ഞ വിലയില്‍ ഇന്ത്യയ്ക്ക് ഇന്ധനം നല്‍കിയത് ആശ്വാസകരമായിരുന്നു. എന്നാല്‍ അത് താല്‍ക്കാലിക ആശ്വാസം മാത്രമാണെന്ന് കേന്ദ്രത്തിന് അറിയാം. പിന്നെ ആശ്രയിക്കാവുന്നത് അറബ് രാജ്യങ്ങളെയാണ്. എന്നാല്‍ ഒപെക് രാജ്യങ്ങള്‍ എണ്ണയുല്‍പ്പാദനം വെട്ടികുറച്ച് ആഗോള തലത്തില്‍ എണ്ണ വില വര്‍ധിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്.

ഈ മാര്‍ക്കറ്റ് സ്ഥിതിവിശേഷം എഥനോള്‍ കലര്‍ത്തല്‍ നയത്തിന് പ്രധാന്യം വര്‍ധിക്കും.

വിജയം കണ്ട എഥനോള്‍ മിശ്രിത ഇന്ധന പരീക്ഷണം

ബംഗളൂരു ആസ്ഥാനമായുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റിന്റെ ഗവേഷക സംഘം എഥനോള്‍ മിശ്രിത ഇന്ധന പരീക്ഷണത്തില്‍ വലിയ മുന്നേറ്റം നടത്തിയതാണ് വിപണിയ്ക്ക് പ്രതീക്ഷ നല്‍കുന്ന സുപ്രധാന വാര്‍ത്തകളിലൊന്ന്. ഇ-27 അതായത് 27% എഥനോള്‍ മിശ്രിതം ചേര്‍ന്ന പെട്രോള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നതില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ നടത്തിയ പ്രാരംഭ പരീക്ഷണമാണ് കഴിഞ്ഞ ദിവസം വിജയം കണ്ടത്. 2014-ല്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെവി ഇന്‍ഡസ്ട്രിയുടെ ധനസഹായത്തോടെ നിലവില്‍ ഉപയോഗത്തിലുള്ള വാഹനങ്ങളില്‍ 20% എഥനോള്‍-ഗ്യാസോലിന്‍ മിശ്രിതം(ഇ20) എത്രത്തോളം അനുയോജ്യമാണെന്ന് പഠിച്ചിരുന്നു. മെറ്റീരിയല്‍ കോംപാറ്റിബിലിറ്റി ടെസ്റ്റുകളില്‍ ലോഹങ്ങള്‍ക്കും മെറ്റല്‍ കോട്ടിംഗുകള്‍ക്കും ഇ20 ഉപയോഗിക്കുന്നത് പ്രശ്‌നമുണ്ടാക്കില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെ വാഹനങ്ങള്‍ എഥനോള്‍ കലര്‍ന്ന പെട്രോള്‍ ഉപയോഗിക്കുന്നതിന് അനുസൃതമായി നിര്‍മ്മിക്കുന്നതിനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനുള്ള പദ്ധതികള്‍ തയാറാക്കുമെന്ന് വാഹന നിര്‍മ്മാതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഉല്‍പ്പാദത്തില്‍ റെക്കോര്‍ഡ് നേട്ടമുള്ള ഇന്ത്യയും എല്‍ നിനോയും

കഴിഞ്ഞ സീസണിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദക രാജ്യമാണ് ഇന്ത്യ. 2021-22 സീസണില്‍ 394 ലക്ഷം മെട്രിക് ടണ്‍ റെക്കോര്‍ഡ് ഉല്‍പാദനത്തോടെയാണ് ഈ നേട്ടം. ഇതില്‍ 35 ലക്ഷം മെട്രിക് ടണ്‍ പഞ്ചസാരയില്‍ നിന്നും എഥനോള്‍ ഉല്‍പാദിപ്പിച്ചെന്നും സര്‍ക്കാര്‍ ലോക്സഭയില്‍ പറഞ്ഞിരുന്നു.2021-22 കാലയളവില്‍, പഞ്ചസാര മില്ലുകളും ഡിസ്റ്റിലറികളും എത്തനോള്‍ വില്‍പനയില്‍ നിന്ന് മൊത്തം 18,000 കോടി രൂപ വരുമാനമാണ് നേടിയത്.2020 മുതല്‍ ശര്‍ക്കരപ്പാവ്, പഞ്ചസാര എന്നിവയില്‍ നിന്നുള്ള എഥനോള്‍ ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 605 കോടി ലിറ്ററായി വര്‍ധിച്ചു. വരുന്ന സീസണില്‍, 50 ലക്ഷം മെട്രിക് ടണ്‍ പഞ്ചസാരയില്‍ നിന്നും എഥനോള്‍ ഉത്പാദിപ്പിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പഞ്ചസാര മില്ലുകള്‍ക്ക് ഏകദേശം 25,000 കോടി രൂപയുടെ വരുമാനം നല്‍കുമെന്നാണ് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പ്രതീക്ഷിക്കുന്നതും.യുപി, മഹാരാഷ്ട്ര. കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് ഇന്ത്യയിലെ 80 ശതമാനവും പഞ്ചസാരയും ഉല്‍പാദിപ്പിക്കുന്നത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ, തമിഴ്നാട്, ബിഹാര്‍, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും പഞ്ചസാര ഉല്‍പാദിപ്പിക്കുന്നുണ്ട്. അതേസമയം എല്‍ നിനോ പ്രഭാവം കാര്‍ഷിക മേഖലയെ ബാധിക്കുമെന്ന വാര്‍ത്തകളും ആഗോള രാജ്യങ്ങളില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. വാരാന്ത്യത്തില്‍ യുഎസ് മാര്‍ക്കറ്റില്‍ ഷുഗര്‍ ഓഹരികളുടെ വില ഉയര്‍ന്നത് ഇതിനെ തുടര്‍ന്നാണെന്നാണ് വിലയിരുത്തല്‍. അത്തരമൊരു സാഹചര്യത്തില്‍ പഞ്ചസാര കയറ്റുമതി റെക്കോര്‍ഡ് ഉയരം കടക്കുമെന്നും നിക്ഷേപകര്‍ കരുതുന്നതും പഞ്ചസാര വിപണിയെ സ്വാധീനിച്ചേക്കും.

Tags:    

Similar News