11 ഇൽ നിന്ന് ഒരു ലക്ഷം രൂപയിലേക്ക് ;എം ആർ എഫ് വിപണിയിൽ ഒന്നാമനായതെങ്ങനെ ?

  • 1993 ഏപ്രില്‍ 27 ന് ലിസ്റ്റിംഗ് സമയത്ത് 11 രൂപയായിരുന്ന ഓഹരി
  • അപ്പോളോ ടയേഴ്‌സ്, സിയറ്റ് എന്നിവ 2023 ലെ റിട്ടേണ്‍ പ്രകാരം എംആര്‍എഫറിനെ മറികടന്നു
  • 2023 മാര്‍ച്ച് 31 വരെ കമ്പനിയില്‍ പ്രമോട്ടര്‍മാര്‍ക്ക് 27.84 ശതമാനം ഓഹരിയുണ്ട്
;

Update: 2023-06-13 11:06 GMT
how mrf became the first in the market
  • whatsapp icon

ഒരു ഓഹരി വില 1 ലക്ഷം കടന്നാണ് എംആര്‍എഫ് ഓഹരികള്‍ ദലാല്‍ സ്ട്രീറ്റില്‍ ചൊവ്വാഴ്ച ശ്രദ്ധാ കേന്ദ്രമായത്. ഓഹരി വില ചൊവ്വാഴ്ച വ്യാപാരത്തിനിടെ 1.37 % ഉയര്‍ന്ന് 1,00,300 രൂപയിലെത്തി റെക്കോഡിട്ടു. ആദ്യമായിട്ടാണ് ഒരു കമ്പനിയുടെ ഓഹരി വില ഒരെണ്ണത്തിന് ഒരു ലക്ഷം രൂപ പിന്നിടുന്നത്. ഓഹരി ചരിത്രം നോക്കിയാല്‍ നീണ്ടകയറ്റിറക്കങ്ങള്‍ക്ക് ശേഷമാണ് എംആര്‍എഫ് എന്ന മദ്രാസ് ടയര്‍ ഫാക്ടറി ഓഹരികള്‍ ചരിത്രത്തിലേക്ക് എത്തിയത്.

രാജ്യത്തെ ഏറ്റവും ചെലവേറിയ സ്റ്റോക്ക് കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ നിക്ഷേപകര്‍ക്ക് 9,00,000% വരുമാനം നല്‍കിയിട്ടുണ്ട്. 1993 ഏപ്രില്‍ 27 ന് ലിസ്റ്റിംഗ് സമയത്ത് 11 രൂപയായിരുന്ന ഓഹരിയാണ് 2023 ജൂണ്‍13 ന് 100,300 രൂപയിലെത്തിയത്. 2012 ഫെബ്രുവരി 21 ന് ആദ്യമായി എംആര്‍എഫ് 10,000 രൂപ കടന്നത്. 11 വര്‍ഷം കൊണ്ട് ഓഹരി 900 % നേട്ടമാണ് നല്‍കിയത്. 2014 മാര്‍ച്ച് 7 ന് ഓഹരി 20,460 രൂപയിലെത്തി. ഇതേ വര്‍ഷം സെപ്റ്റംബര്‍ രണ്ടിന് 25,201 രൂപയായിലെത്തിയ ഓഹരി വില സെപ്റ്റംബര്‍ 11 30,000 രൂപ കടന്നു. 2015 ജനുവരിയില്‍ 40, 049 രൂപയും 2016 സെപ്റ്റംബറില്‍ 50300 രൂപയും ഓഹരി കടന്നു. 2017 ഏപ്രിലില്‍ 60,935 രൂപയിലെത്തിയ ഓഹരി ജൂണില്‍ 71,404 രൂപയായി.

പിന്നീട് 4 വര്‍ഷത്തിന് ശേഷമാണ് 2021 ജനുവരിയിൽ ഓഹരിവില 82400 രൂപയിലെത്തുന്നത്. 2021 ജനുവരി 20 നാണ് ഓഹരി ആദ്യമായി 90,000 രൂപയ്ക്ക് മുകളിലെത്തിയത്. 90,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയിലെത്താന്‍ രണ്ട് വര്‍ഷത്തിലേറെ സമയമെടുത്തു. മെയ് 8 നാണ് റെക്കോര്‍ഡ് വിലയായ 99,933 രൂപയിലെത്തിയത്. ഇവിടെ നിന്നാണ് ചൊവ്വാഴ്ച ഓഹരി 1,00,300 രൂപയിലെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരികള്‍ ശക്തമായി മുന്നേറി. സെന്‍സെക്‌സില്‍ 19 ശതമാനം നേട്ടമുണ്ടായപ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എംആര്‍എഫ് 45 ശതമാനം ഉയര്‍ന്നു.

30 വര്‍ഷം മുമ്പ് ഈ ലാര്‍ജ്ക്യാപ് സ്റ്റോക്കിലെ ഒരു ലക്ഷം രൂപ നിക്ഷേപിച്ചെങ്കില്‍ ഇപ്പോള്‍ ഏകദേശം 91 കോടി രൂപയായി മാറുമായിരുന്നു.

ഓഹരി വിലയില്‍ റെക്കോര്‍ഡിട്ടെങ്കിലും എംആര്‍എഫിനേക്കാള്‍ റിട്ടേണ്‍ നല്‍കുന്ന ഓഹരികള്‍ ടയര്‍ സെക്ടറിലുണ്ട്. എംആര്‍എഫുമായി താരതമ്യപ്പെടുത്തുമ്പോള്‍ മറ്റു ടയര്‍ ഓഹരികള്‍ക്ക് എംആര്‍എഫിനേക്കാള്‍ മുന്നേറ്റമുണ്ട്. അപ്പോളോ ടയേഴ്‌സ്, സിയറ്റ് എന്നിവ 2023 ലെ റിട്ടേണ്‍ പ്രകാരം എംആര്‍എഫറിനെ മറികടന്നു. 2023 ല്‍ എംആര്‍എഫ് 13.5% മുന്നേറിയപ്പോള്‍ അപ്പോളോ ടയേഴ്‌സ് 24.5% വും സിയറ്റ് 23.5 ശതമാനവും മുന്നേറി. മറ്റു പ്രമുഖ ടയര്‍ കമ്പനികളായി ജെകെ ടയേഴ്‌സ് 2.6%, ബാല്‍കൃഷ്ണ ചയേഴ്‌സ് 9.1% എന്നിങ്ങനെയാണ് റിട്ടേണ്‍

ഉയര്‍ന്ന വിലയുള്ളതിനാല്‍ എംആര്‍എഫിന്റെ ഓഹരികളില്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് താല്‍പര്യം കുറവാണ്. എംആര്‍എഫിലെ റീട്ടെയില്‍ ഷെയര്‍ഹോള്‍ഡിംഗ്, 2 ലക്ഷം രൂപയില്‍ താഴെ നിക്ഷേപമുള്ളവര്‍ മാര്‍ച്ച് പാദത്തിന്റെ അവസാനത്തില്‍ 12.73% ആയിരുന്നു. മൊത്തത്തില്‍ ഏകദേശം 40,000 ചെറുകിട നിക്ഷേപകര്‍ക്ക് മാത്രമാണ് എംആര്‍എഫ് ഓഹരിയുള്ളത്. അതിനാല്‍ ഓഹരിക്ക് കാര്യമായ ട്രേഡിംഗ് വോള്യങ്ങള്‍ ഇല്ലെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ബിഎസ്ഇയിലും എന്‍എസ്ഇയിലും കഴിഞ്ഞ 20 സെഷനുകളില്‍ ട്രേഡ് ചെയ്യപ്പെട്ട ഷെയറുകളുടെ ഡെയിലി മൂവിംഗ് ആവറേജ് 8,600 ഓഹരികളാണ്.

2023 മാര്‍ച്ച് 31 വരെ കമ്പനിയില്‍ പ്രമോട്ടര്‍മാര്‍ക്ക് 27.84 ശതമാനം ഓഹരിയുണ്ട്, ബാക്കി 72.16 ശതമാനം ഓഹരികള്‍ പൊതു ഓഹരി ഉടമകളുടേതാണ്. ഓഹരി വില റെക്കോര്‍ഡിട്ടിട്ടും എംആര്‍എഫ് ട്രാക്ക് ചെയ്യുന്ന 12 അനലിസ്റ്റുകളില്‍ 10 പേരും ഓഹരി വില്‍ക്കാനാണ് ശുപാര്‍ശ ചെയ്യുന്നത്.

Tags:    

Similar News