ആർബിഐ പരിധിക്കകത്തെത്തിയ സിപിഐ വിപണിയെ കൈപിടിച്ചുയർത്തിയേക്കാം

  • ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം (സിപിഐ) നവംമ്പറില്‍ 5.88 ആയി കുറഞ്ഞു.
  • രാവിലെ 7.30-ന് സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 34.50 പോയിന്റ് ഉയർന്ന് നിൽക്കുന്നത് ആഭ്യന്തര വിപണിയിൽ ഒരു ഗാപ് അപ് തുടക്കത്തിനു കളമൊരുക്കുന്നു.

Update: 2022-12-13 02:12 GMT

കൊച്ചി: ഇന്ന് വിപണിക്ക് അനുകൂലമായ ഒരു നീക്കം നടക്കാനിടയുള്ളതായി വിശകലന വിദഗ്ധർ കണക്കാക്കുന്നു. അതിന്റെ പ്രധാന കാരണം ഇന്നലെ പുറത്ത് വന്ന ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഔദ്യോഗിക കണക്കുകളാണ്. അതനുസരിച്ച് രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം (സിപിഐ) നവംമ്പറില്‍ 5.88 ആയി കുറഞ്ഞിട്ടുണ്ട്. 10 മാസത്തിന് ശേഷമാണ് പണപ്പെരുപ്പം ആര്‍ബിഐയുടെ ഉയര്‍ന്ന സഹന പരിധിയായ 6 ശതമാനത്തിന് താഴെയെത്തുന്നത്. ആഗോളതലത്തില്‍ എല്ലാ സമ്പദ് വ്യവസ്ഥകളും പണപ്പെരുപ്പ സമ്മര്‍ദ്ദത്തില്‍ തുടരുമ്പോള്‍ ഏറെ ആശ്വാസമാണിത്. ഒക്ടോബറില്‍ ഇത് 6.77 ശതമാനമായിരുന്നു. സെപ്റ്റംബറിലാകട്ടെ 7.41 ശതമാനവും. എന്നാൽ, ഇന്നലെ തന്നെ പുറത്തു വന്ന മറ്റൊരു ഡാറ്റ ആശങ്കാജനകമാണ്. വ്യാവസായിക ഉൽപ്പാദന സൂചികയുടെ (ഐഐപി) അടിസ്ഥാനത്തിൽ കണക്കാക്കിയ ഫാക്ടറി ഉൽപ്പാദനം ഒക്ടോബറിൽ 4 ശതമാനം ചുരുങ്ങി എന്നതാണത്. നാളെ ഇന്ത്യയുടെ മൊത്തവിലപ്പെരുപ്പ കണക്കുകൾ പുറത്തുവരാനുണ്ട്.

നടപ്പ് സാമ്പത്തിക വർഷത്തെ ഏപ്രിൽ-നവംബർ മാസങ്ങളിൽ നേരിട്ടുള്ള നികുതി പിരിവ് 24 ശതമാനം വർധിച്ച് 8.77 ലക്ഷം കോടി രൂപയായെന്ന് ധനമന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഇത് 2022-23 ലെ മുഴുവൻ വർഷത്തെ പ്രത്യക്ഷ നികുതി പിരിവിന്റെ ബജറ്റ് എസ്റ്റിമേറ്റിന്റെ (BE) 61.79 ശതമാനമാണ്.

ഇന്ന് നവംബറിലെ യുഎസ് ഉപഭോക്തൃ പണപ്പെരുപ്പ ഡാറ്റ പുറത്തു വരാനുണ്ട്. മുൻ മാസത്തെ 7.7 ശതമാനത്തിൽ നിന്ന് 7.3 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷ. കൂടാതെ ഇന്നും നാളെയുമായി നടക്കാനിരിക്കുന്ന ഫെഡ് മീറ്റിങ്ങിൽ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് കൂട്ടുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

എങ്ങനെയായാലും, ഇപ്പോൾ നിലവിലുള്ള വിപണിയിലെ ചാഞ്ചാട്ടം കാരണം വലിയൊരു മുന്നേറ്റം പ്രതീക്ഷിക്കണ്ട എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിനർത്ഥം ഓഹരികൾ വാങ്ങാം; എന്നാൽ മൊത്തത്തിലുള്ള എക്‌സ്‌പോഷർ ലൈറ്റ് ആയി നിലനിർത്തണം.

രാവിലെ 7.30-ന് സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 34.50 പോയിന്റ് ഉയർന്ന് നിൽക്കുന്നത് ആഭ്യന്തര വിപണിയിൽ ഒരു ഗാപ് അപ് തുടക്കത്തിനാണ് കളമൊരുക്കുന്നത്.

ഇന്നലെ സെന്‍സെക്‌സ് 51.10 പോയിന്റ് ഇടിഞ്ഞു 62,130.57-ലവസാനിച്ചപ്പോൾ നിഫ്റ്റി 0.55 പോയിന്റ് ഉയർന്ന് 18,497.15 ൽ ക്ലോസ് ചെയ്തു. അതെ സമയം ബാങ്ക് നിഫ്റ്റി 75.30 പോയിന്റ് ഉയർന്ന് 43,708.75 ൽ അവസാനിച്ചു.

കേരള ലിസ്റ്റഡ് കമ്പനികൾ

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ സി എസ്‌ ബി ബാങ്കും, കല്യാൺ ജൂവല്ലേഴ്‌സും, വി ഗാർഡും, ജ്യോതി ലാബും,കിംസും, ഫെഡറൽ ബാങ്കും, ആസ്റ്റർ ഡി എമ്മും, ധനലക്ഷ്മി ബാങ്കും, മണപ്പുറവും, മുത്തൂറ്റ് ക്യാപിറ്റലും ഇന്നലെ ലാഭത്തിലായിരുന്നു. എന്നാൽ, മുത്തൂറ്റ് ഫൈനാൻസും, വണ്ടർ ലയും കിറ്റെക്‌സും, ഹാരിസൺ മലയാളവും ചുവപ്പിലേക്ക് വീണിട്ടുണ്ട്. റീയൽട്ടി കമ്പനികളായ പുറവങ്കരയും ശോഭയും താഴ്ചയിലേക്ക് നീങ്ങിയപ്പോൾ പി എൻ സി ഇൻഫ്ര നേട്ടത്തിൽ അവസാനിച്ചു.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇയിൽ ലഭ്യമായ താൽക്കാലിക കണക്കുകൾ പ്രകാരം ഇന്നലെ (ഡിസംബർ 12) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 695.60 കോടി രൂപയ്ക്ക് ഓഹരികൾ അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -138.81 കോടി രൂപയ്ക്ക് അധികം വിറ്റു.

വിദഗ്ധാഭിപ്രായം

കുനാൽ ഷാ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: "ബാങ്ക് നിഫ്റ്റി 43,000-44,000 പരിധിയിൽ ഏകീകരണത്തിന് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ട്, അവിടെ യഥാക്രമം 'പുട്ടി'ലും (put) 'കോളി'ലും ' (call) ധാരാളം ഓപ്പൺ ഇന്ററസ്റ് (OI) കാണാനുണ്ട്. ട്രെൻഡിംഗ് നീക്കങ്ങൾക്ക് സൂചികയ്ക്ക് ഇരുവശത്തുമുള്ള ശ്രേണി തകർക്കേണ്ടതുണ്ട്. ബുധനാഴ്ച നടക്കാനിരിക്കുന്ന യുഎസ്‌ ഫെഡ് പോളിസിക്ക് ശേഷമേ ഇതിനൊരു തീരുമാനം പ്രതീക്ഷിക്കാനാവു. പരിധിക്കുള്ളിൽ ബുള്ളിഷ് പ്രവണതയാണ് കാണുന്നത്. 43,400 ലെവലിൽ പിന്തുണയുള്ളതിനാൽ താഴ്ചയിൽ വാങ്ങുക എന്ന സമീപനം പാലിക്കണം."

രൂപക് ഡെ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: മുന്നോട്ട് പോകുമ്പോൾ, നിഫ്റ്റിയുടെ ട്രെൻഡ് നെഗറ്റീവ് ആയി തുടരാം, പിന്തുണ 18,350/18,200 ൽ സ്ഥാപിച്ചിരിക്കുന്നു. ഉയർന്ന തലത്തിൽ, 18,600-18,670 ഒരു നിർണായക പ്രതിരോധമായി പ്രവർത്തിച്ചേക്കാം.

ലോക വിപണി

ഏഷ്യൻ വിപണികൾ ഇന്ന് സമ്മിശ്രമായാണ് കാണുന്നത്. ഹോങ്കോങ് ഹാങ്‌സെങ് (-437.24), ചൈന ഷാങ്ഹായ് (-27.91), സൗത്ത് കൊറിയൻ കോസ്‌പി (-3.64),എന്നിവ നഷ്ടത്തിൽ തുടക്കം കുറിച്ചപ്പോൾ, ജപ്പാൻ നിക്കേ (88.39), തായ്‌വാൻ (45.80), ജക്കാർത്ത കോമ്പസിറ്റ് (19.33) എന്നിവ പച്ചയിൽ തുടരുന്നു.

തിങ്കളാഴ്ച യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (-64.09), പാരീസ് യുറോനെക്സ്റ്റ് (-27.09), ലണ്ടൻ ഫുട്‍സീ (-30.66) എന്നിവ നഷ്ടത്തിൽ അവസാനിച്ചു.

എന്നാൽ, അമേരിക്കന്‍ വിപണികളിൽ ഡൗ ജോൺസ്‌ ഇൻഡസ്ട്രിയൽ ആവറേജ് (528.58), എസ് ആൻഡ് പി 500 (56.18), നസ്‌ഡേക് കോമ്പസിറ്റ് (139.12) എന്നിവയെല്ലാം മുന്നോട്ടു കുതിച്ചു.

ശ്രദ്ധിക്കേണ്ട ഓഹരികൾ

ടാറ്റ മോട്ടോഴ്‌സ് (ഓഹരി വില 414.15 രൂപ) തങ്ങളുടെ സബ്‌സിഡിയറി കമ്പനിയായ ടാറ്റ ടെക്‌നോളജീസ് ലിമിറ്റഡിലെ ഓഹരി ഭാഗികമായി വിറ്റഴിക്കുന്നതിനുള്ള സാധ്യതകൾ പ്രാഥമിക പബ്ലിക് ഓഫറിംഗ് വഴി പരിശോധിക്കും. ഇന്നലെ ചേർന്ന കമ്മിറ്റി ഇത്തരമൊരു നടപടിക്ക് തത്വത്തിൽ അംഗീകാരം നൽകി.

പാനിപ്പത്ത് റിഫൈനറി പ്രോജക്ട് കോംപ്ലക്സിലെ സിവിൽ, സ്ട്രക്ചറൽ ജോലികൾക്കായി ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ (ഓഹരി വില 78.90 രൂപ) നിന്ന് 330 കോടി രൂപയുടെ ഓർഡറുകൾ നേടിയതായി ബിജിആർ എനർജി സിസ്റ്റംസ് (ഓഹരി വില 67.45 രൂപ) തിങ്കളാഴ്ച അറിയിച്ചു.

ആഗോള ഡിപ്പോസിറ്ററി രസീതുകൾ നൽകുന്നതിലെ കൃത്രിമത്വവുമായി ബന്ധപ്പെട്ട കേസിൽ പലിശയും റിക്കവറി ചെലവുകളും ഉൾപ്പെടെ 14 കോടിയിലധികം രൂപ 15 ദിവസത്തിനകം നൽകണമെന്ന് സെബി തിങ്കളാഴ്ച ജിൻഡാൽ കോട്ടക്‌സ് ലിമിറ്റഡിന് (ഓഹരി വില 2.50 രൂപ) നോട്ടീസ് അയച്ചു.

സോം ഡിസ്റ്റിലറീസ് ആൻഡ് ബ്രൂവറീസ് ലിമിറ്റഡ് (ഓഹരി വില 138.70 രൂപ) ഭോപ്പാലിൽ പുതിയ കാനിംഗ് സൗകര്യം സ്ഥാപിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും 100 കോടി രൂപ മുതൽ മുടക്കുന്നു. അവകാശ ഇഷ്യൂ വഴിയാണ് ഫണ്ട് സമാഹരണം. കൂടാതെ, 65 ലക്ഷം വാറന്റുകൾ ഇഷ്യൂ ചെയ്തുകൊണ്ട് മുൻ‌ഗണനാ അടിസ്ഥാനത്തിൽ പ്രൊമോട്ടർമാർക്കും പ്രൊമോട്ടർ ഗ്രൂപ്പിനും കൺവെർട്ടിബിൾ ഇക്വിറ്റി വാറന്റുകളും നൽകും.

ഡാൽമിയ ഭാരത് ലിമിറ്റഡിന്റെ (ഓഹരി വില 1,912.00 രൂപ) പൂർണ ഉടമസ്ഥതയിലുള്ള ഡാൽമിയ സിമന്റ് 5,666 കോടി രൂപക്ക് ജയപ്രകാശ് അസോസിയേറ്റ്സിൽ (ഓഹരി വില 11.75 രൂപ) നിന്നും അതിന്റെ അനുബന്ധ സ്ഥാപനത്തിൽ നിന്നും അവരുടെ ക്ലിങ്കർ, സിമന്റ്, പവർ പ്ലാന്റുകൾ ഏറ്റെടുക്കും.

ബിസിനസ് വളർച്ചയ്ക്ക് ധനസഹായം നൽകുന്നതിനായി പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ 50,000 സീനിയർ അൺസെക്യൂർഡ് റിഡീം ചെയ്യാവുന്ന ലോംഗ് ടേം ബോണ്ടുകൾ വഴി 5,000 കോടി രൂപ സമാഹരിച്ചതായി ഐസിഐസിഐ ബാങ്ക് (ഓഹരി വില 930.30 രൂപ) അറിയിച്ചു.

സ്‌നാക്ക് കമ്പനിയായ മൊണ്ടെലെസ് ഇന്റർനാഷണൽ, സൈബർ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ആഗോളതലത്തിൽ ഡിജിറ്റൽ ജോലിസ്ഥല സേവനങ്ങളെ പരിവർത്തനം ചെയ്യുന്നതിനുമായി എച്ച്‌സിഎൽ ടെക്‌നോളജീസുമായുള്ള (ഓഹരി വില 1028.40 രൂപ) കരാർ വിപുലീകരിച്ചു.

കടപ്പ ജില്ലയിലെ സുന്നപുരല്ലപ്പള്ളി ഗ്രാമത്തിൽ സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ജെഎസ്ഡബ്ല്യു സ്റ്റീൽ (ഓഹരി വില 740.85 രൂപ) രണ്ട് ഘട്ടങ്ങളിലായി 8,800 കോടി രൂപ നിക്ഷേപിക്കും.

അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ (ഓഹരി വില 2024.05 രൂപ) 6,330 കോടി രൂപയുടെ 1,600 മെഗാവാട്ട് ജല സംഭരണ വൈദ്യുതി പദ്ധതിക്ക് ആന്ധ്രാപ്രദേശ് അംഗീകാരം നൽകി, അല്ലൂരി സീതാരാമ രാജു ജില്ലയിലെ പെഡകോട്ടയിൽ 1,000 മെഗാവാട്ട് പ്ലാന്റും അനകപ്പള്ളി, വിജയനഗരം ജില്ലകളിലെ റായ്‌വാഡയിൽ 600 മെഗാവാട്ട് പ്ലാന്റും കമ്പനി സ്ഥാപിക്കും.

പേടിഎമ്മിന്റെ (ഓഹരി വില 528.75 രൂപ) ഉടമസ്ഥരായ ഡിജിറ്റൽ സാമ്പത്തിക സേവന സ്ഥാപനമായ വൺ 97 കമ്മ്യൂണിക്കേഷൻസ് ഈ വർഷം നവംബറിൽ തങ്ങളുടെ വായ്പ വിതരണം ഏകദേശം 39,000 കോടി രൂപ വാർഷിക റൺ റേറ്റിലെത്തിയതായി അറിയിച്ചു.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,980 രൂപ (-10 രൂപ)

യുഎസ് ഡോളർ = 82.51 രൂപ (-23 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 78.02 ഡോളർ (+0.04%)

ബിറ്റ് കോയിൻ = 14,44,414 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക -0.04 ശതമാനം താഴ്ന്ന് 104.57 ആയി.

ഐപിഓ

പ്രീമിയം, ആഡംബര കാർ റീട്ടെയിലർ, ലാൻഡ് മാർക്ക് കാർസ് ലിമിറ്റഡ്. 150 കോടിയുടെ പുതിയ ഇഷ്യൂവും 402 കോടി രൂപയുടെ വിൽപ്പനയ്ക്കുള്ള ഓഫറും നൽകി പ്രാരംഭ ഓഹരി വിപണിയിലെത്തുന്നു. ഇന്ന് തുറന്ന് വ്യാഴാഴ്ച (ഡിസംബർ 15) അവസാനിക്കുന്ന ഐ പി ഓ-യുടെ പ്രൈസ് ബാൻഡ് 481-506 രൂപയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ വൈൻ നിർമ്മാതാവും വിൽപനക്കാരുമായ സുല വൈൻയാർഡ്‌സിന്റെ 960 കോടി രൂപ സമാഹരിക്കാനുള്ള ഇഷ്യൂ ആദ്യ ദിവസം 28 ശതമാനം സബ്സ്ക്രൈബ് ചെയ്തു. എൻഎസ്ഇ ഡാറ്റ പ്രകാരം, 1,88,30,372 ഓഹരികൾക്കെതിരെ 52,34,670 ഓഹരികൾക്കായി ബിഡുകൾ ലഭിച്ചു. ഒരു ഷെയറിന് 340-357 രൂപ പ്രൈസ് ബാൻഡുള്ള ഇഷ്യൂ നാളെ, ഡിസംബർ 14-ന്, അവസാനിക്കും.

അബാൻസ് ഹോൾഡിംഗ്‌സ് ലിമിറ്റഡ്ന്റെ 38 ലക്ഷം ഓഹരികൾ വിൽക്കാനുള്ള ഐ പി ഓ ആദ്യ ദിനത്തിൽ 11 ശതമാനം സബ്‌സ്‌ക്രൈബുചെയ്‌തു. എൻഎസ്ഇ ഡാറ്റ പ്രകാരം 1,28,00,000 ഓഹരികൾക്കെതിരെ 14,30,715 ഓഹരികൾക്കാണ് ബിഡ് ലഭിച്ചത്. . 256-270 രൂപ പ്രൈസ് ബാൻഡിലുള്ള ഇഷ്യു വ്യാഴാഴ്ച (ഡിസംബർ 15 ന്) അവസാനിക്കും.

Tags:    

Similar News