നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ ചേരാം, സമ്പാദ്യവും പെന്‍ഷനും ഉറപ്പ്
തൊഴില്‍ എടുക്കുന്ന കാലത്ത് നിക്ഷേപം നടത്തുകയും വിരമിക്കുമ്പോള്‍ അടച്ച വിഹിതത്തിന്റെ ഒരു നിശ്ചിത ശതമാനവും പിന്നീട് മാസ പെന്‍ഷനും ഉറപ്പാക്കുന്ന പദ്ധതിയാണിത്.
വാര്‍ധക്യകാലം ആയാസ രഹിതമാക്കുന്നത് ലക്ഷ്യമിടുന്ന കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് എന്‍ പി എസ് എന്ന...
വാര്‍ധക്യകാലം ആയാസ രഹിതമാക്കുന്നത് ലക്ഷ്യമിടുന്ന കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് എന്‍ പി എസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ദേശീയ പെന്‍ഷന്‍ പദ്ധതി. തൊഴില്‍ എടുക്കുന്ന കാലത്ത് നിക്ഷേപം നടത്തുകയും വിരമിക്കുമ്പോള്‍ അടച്ച വിഹിതത്തിന്റെ ഒരു നിശ്ചിത ശതമാനവും പിന്നീട് മാസ പെന്‍ഷനും ഉറപ്പാക്കുന്ന പദ്ധതിയാണിത്. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (പി എഫ് ആര്‍ ഡി എ) കീഴിലാണ് എന്‍ പി എസ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലുള്ളവര്‍ക്കും അസംഘടിത മേഖലയില്‍ പെട്ടവര്‍ക്കും ഈ പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളാകാം. ഇവിടെ തൊഴിലെടുക്കുന്ന കാലത്ത് പെന്‍ഷന്‍ അക്കൗണ്ടിലേക്ക് നിശ്ചിത തുക നമ്മള്‍ നിക്ഷേപിക്കുന്നു. വിരമിച്ചതിന് ശേഷം നിക്ഷേപത്തിന്റെ നിശ്ചിത ശതമാനം വിഹിതം കൈപ്പറ്റുന്നു. ബാക്കി തുക ആന്യുറ്റികളില്‍ നിക്ഷേപിച്ച് പെന്‍ഷന്‍ ലഭ്യമാക്കുന്നു.
ഫണ്ട് മാനേജര്‍
ഇവിടെ അംഗങ്ങളുടെ വിഹിതം അംഗീകൃത ഫണ്ട് മാനേജര്‍മാരാണ് കൈകാര്യം ചെയ്യുന്നത്. സര്‍ക്കാര്‍ ബോണ്ടുകള്‍, ബില്ലുകള്‍, കടപ്പത്രങ്ങള്‍, ഓഹരികള്‍ എന്നിവിടങ്ങളില്‍ ഇവ നിക്ഷേപിക്കുന്നു. ഒരോന്നിലും ലഭിക്കുന്ന നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഷങ്ങള്‍ കൊണ്ട് നിക്ഷേപം വളരുന്നു. പിന്നീട് ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ ആകെയുള്ള ഫണ്ടില്‍ നിന്നും നിശ്ചിത ശതമാനം തുക പി എഫ് ആര്‍ ഡി എയുടെ പട്ടികയില്‍ ഉള്‍പ്പെട്ട ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ആന്യുറ്റി പദ്ധതികളില്‍ നിക്ഷേപിക്കാം. ഇതില്‍ നിന്നാകും പിന്നീടുള്ള കാലം പെന്‍ഷന്‍ ലഭിക്കുക. ബാക്കി തുക വിരമിക്കുമ്പോള്‍ പിന്‍വലിക്കുകയും ആകാം. 60 ശതമാനം തുക വരെയാണ് ഇങ്ങനെ പിന്‍വലിക്കാനാവുക. ഈ തുകയ്ക്ക് നികുതി ഈടാക്കുന്നതല്ല. ബാക്കി 40 ശതമാനമാണ് പിന്നീടുള്ള കാലം പെന്‍ഷന്‍ ലഭിക്കുന്നതിന് ആന്യുറ്റിയില്‍ നിര്‍ബന്ധമായും നിക്ഷേപിക്കേണ്ടത്. എന്‍ പി എസ് നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കും. വര്‍ഷം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനാണ് നികുതിയിളവ് ലഭിക്കുക.
യോഗ്യത
മുമ്പ് എന്‍ പി എസ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി മാത്രമായിരുന്നു എങ്കില്‍ ഇപ്പോള്‍ പി എഫ് ആര്‍ ഡി എ (പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി) എല്ലാ വിഭാഗങ്ങള്‍ക്കുമായി തുറന്ന് കൊടുത്തിട്ടുണ്ട്. 18 നും 70 നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും എന്‍ പി എസ് അക്കൗണ്ട് തുടങ്ങാം. വിദേശ ഇന്ത്യക്കാര്‍ക്കും ഇതില്‍ നിക്ഷേപമാകാം.
അക്കൗണ്ട് തുടങ്ങാം
രണ്ട് വിധത്തില്‍ എന്‍ പി എസ് പദ്ധതിയില്‍ അംഗമായി ചേരാം. പി ഒ പി- എസ് പി (പോയിന്റ് ഓഫ് പ്രസന്‍സ് സര്‍വീസ് പ്രൊവൈഡര്‍) സന്ദര്‍ശിച്ച് അംഗത്വമെടുക്കാം. ബാങ്ക് ബ്രാഞ്ച്, പോസ്റ്റ് ഓഫീസ് തുടങ്ങിയവയാണ് പി ഒ പി. e-NPS വൈബ്‌സൈറ്റ് സന്ദര്‍ശിച്ച് പാന്‍ നമ്പറും ബാങ്ക് വിവരങ്ങള്‍ നല്‍കിയും അക്കൗണ്ട് എടുക്കാം.
പ്രാണ്‍
ഒരിക്കല്‍ അംഗമാകുന്നതോടെ ഓരോ എന്‍ പി എസ് അക്കൗണ്ടുടമകള്‍ക്കും പ്രാണ്‍ (പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍) ലഭിക്കും. പിന്നീട് പ്രാണ്‍ നമ്പര്‍ ഉള്‍ക്കൊള്ളുന്ന കാര്‍ഡ് റജിസ്‌ട്രേഡ് അഡ്രസില്‍ ലഭ്യമാകും. അക്കൗണ്ട് തുറക്കാന്‍ ആദ്യമായി 500 രൂപയാണ് നിക്ഷേപിക്കേണ്ടത്.
60 വയസ്
60 വയസിന് ശേഷമാണ് എന്‍ പി എസില്‍ ചേരുന്നതെങ്കില്‍ 75 വയസ് വരെ നിക്ഷേപം നടത്താം. മറ്റുള്ളവര്‍ക്ക് നിക്ഷേപ കാലാവധി 70 വയസായിരിക്കും. നേരത്തെ പദ്ധതിയില്‍ ചേരുന്നതിനുള്ള പ്രായം 60 ല്‍ നിന്ന് 65 വയസാക്കി ഉയര്‍ത്തിയിരുന്നു.
പരിധി അഞ്ച് ലക്ഷം
റിട്ടയര്‍ ചെയ്യുമ്പോള്‍ അഞ്ച് ലക്ഷം രൂപയില്‍ താഴെയാണ് മച്ച്വൂരിറ്റി തുകയെങ്കില്‍ പെന്‍ഷന്‍ ഫണ്ട് മുഴുവനായും പിന്‍വലിക്കുന്നതിന് പി എഫ് ആര്‍ ഡി എ ഇപ്പോള്‍ അനുമതി നല്‍കിയിട്ടുണ്ട്. അതായത് അഞ്ച് ലക്ഷം രൂപ വരെ ഒറ്റയടിക്ക് പിന്‍വലിക്കാം. നേരത്തെ ഇത് രണ്ട് ലക്ഷമായിരുന്നു. ബാക്കി തുക ഏതെങ്കിലും ആന്യുറ്റിയില്‍ നിക്ഷേപിക്കണമായിരുന്നു. ഇതാണ് ഇപ്പോള്‍ മാറ്റിയത്. കാലാവധി എത്താതെ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഇപ്പോള്‍ ഉയര്‍ത്തിയിട്ടുണ്ട്. 2.5 ലക്ഷം രൂപയായിട്ടാണ് ഉയര്‍ത്തിയത്. നേരത്തെ ഇത് ഒരു ലക്ഷമായിരുന്നു. രാജ്യത്തെ ചിതറിക്കിടക്കുന്ന വിവിധ പെന്‍ഷന്‍ പദ്ധതികളിലായി ആകെ 12.64 കോടി അംഗങ്ങളാണുള്ളത്. ആകെ വിഹിതം 30 ലക്ഷം കോടി രൂപയും.