ഏലം വില കുത്തനെ ഇടിഞ്ഞു; നിലംപതിച്ചത് 35 വര്‍ഷം മുമ്പത്തെ വിലയിലേയക്ക്
- സ്വകാര്യ കമ്പനികളില്‍ നടക്കുന്ന ലേലത്തില്‍ ദിവസേന വാങ്ങേണ്ട ഏലയ്ക്കയുടെ അളവും വിലയും ഈ കുത്തക വ്യാപാരികളാണ് നിയന്ത്രിക്കുന്നത്
സുഗന്ധ റാണിയായ ഏലക്കയുടെ വില കുത്തനെ ഇടിഞ്ഞു. രണ്ടു വര്‍ഷം മുമ്പ് കിലോഗ്രാമിന് 5000 രൂപ വില കിട്ടിയിരുന്നിടത്ത് 700ലേക്കാണ് വില ഇടിഞ്ഞത്. ഒമിക്രോണ്‍ വകഭേദം ലോകം മുഴുവന്‍ ഭീതിവിതയ്ക്കുന്ന സാഹചര്യത്തിലാണ് ഏലക്ക വില കുത്തനെയിടഞ്ഞതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഏലക്കയുടെ ശരാശരി ഉല്‍പ്പാദനച്ചെലവ് കിലോയ്ക്ക് 600-750 രൂപയായതിനാല്‍ ഈ വില കര്‍ഷകരേയും നാണ്യവിള സംഭരിക്കുന്നവരേയും കടത്തിലേക്ക് തള്ളിവിടുമെന്നാണ് ഇവര്‍ പറയുന്നത്.
2020 ജനുവരിയില്‍ ഒരു കിലോ ഏലക്കയ്ക്ക് 5000 രൂപക്ക് മുകളിലാണ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്. 2019ല്‍ ഒരുതവണ ഏലക്ക വില 7000 രൂപ വരെ എത്തി. 2020 നവംബര്‍ മുതലാണ് ഏലവില ഇടിഞ്ഞു തുടങ്ങിയത്.
കൊവിഡിനെ തുടര്‍ന്ന് കയറ്റുമതി കുറഞ്ഞതാണ് വില കുറയാന്‍ പ്രധാന കാരണം. ഒമിക്രോണ്‍ വ്യാപനം കൂടിയതോടെ കഴിഞ്ഞ രണ്ടാഴ്ചയായി വില കുത്തനെ ഇടിയാന്‍ തുടങ്ങി. 600 മുതല്‍ 700 രൂപവരെ മാത്രമാണ് കര്‍ഷകര്‍ക്കിപ്പോള്‍ കിട്ടുന്നത്. 35 വര്‍ഷം മുമ്പത്തെ വിലയിലേക്കാണ് നിലവില്‍ ഏലക്കാ വില കൂപ്പുകുത്തിയിരിക്കുന്നത്. ഉല്‍പ്പാദന ചെലവിന് ആനുപാതികമായി കിലോയ്ക്ക് 1500 രൂപയെങ്കിലും വില കിട്ടിയാലേ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയൂ. വിദേശ രാജ്യങ്ങള്‍ ഏലം വാങ്ങിത്തുടങ്ങാത്തതാണ് വിലത്തകര്‍ച്ചക്ക് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നാല്‍ ആഭ്യന്തര കയറ്റുമതി പോലും നിലക്കുന്ന സ്ഥിതിയാകും.
ദീപാവലി സമയത്ത് ഉണ്ടാകുന്നതുപോലുള്ള സീസണല്‍ വിലക്കയറ്റം ഈവര്‍ഷം ഉണ്ടായിട്ടില്ല. ഈ വിലയിടിവിന്റെ പ്രവണത വരും സീസണിലെ വിപണിയെയും ബാധിച്ചേക്കുമെന്നത് തോട്ടക്കാര്‍ക്കും വ്യാപാരികള്‍ക്കും ഇടയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. സ്റ്റോക്ക് കുമിഞ്ഞുകൂടിയതിനാല്‍ കൂടുതല്‍ സംഭരണം നടത്താന്‍ കഴിയാത്ത സാഹചര്യമാണ് വ്യാപാരികള്‍ക്കുള്ളത്. ഇതിന്റെ ഭാഗമായി വിപണിയില്‍ പണലഭ്യതക്കുറവ് അനുഭവപ്പെടുന്നതായി വണ്ടന്‍മേട്ടിലെ വ്യാപാരികള്‍ പറഞ്ഞു.
വില ഉയരുമെന്ന പ്രതീക്ഷയില്‍ കര്‍ഷകരും കൂടിയ വിലയ്ക്ക് വാങ്ങിയത് വില്‍ക്കാനാകാതെ കച്ചവടക്കാരും വന്‍തോതില്‍ ഏലം സൂക്ഷിച്ചിട്ടുണ്ട്. അതിനാല്‍ വിപണിയില്‍ ഡിമാന്‍ഡ് കൂടാനുള്ള സാധ്യത വിരളമാണ്. ഇതുമൂലം അടുത്ത സമയത്തൊന്നും ഏലത്തിന്റെ വില കൂടാനിടയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. കൂടുതല്‍ വിലയിടിവ് തടയാന്‍ ലേലത്തിലേക്കെത്തുന്ന ഏലക്കയുടെ വരവ് നിയന്ത്രിക്കാന്‍ സ്‌പൈസസ് ബോര്‍ഡിന്റെ ഇടപെടല്‍ വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്‌പൈസസ് ബോര്‍ഡില്‍ നിന്ന് ഇതുവരെ അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല.
ചെറുതും വലുതുമായ പതിനായിരക്കക്കിന് കര്‍ഷകരുമുണ്ട്. കൊവിഡിനെ തുടര്‍ന്ന് 2020ല്‍ ഏലം കയറ്റുമതി 1,850 ടണ്ണായി കുറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഉല്‍പ്പാദിപ്പിച്ച 20,570 ടണ്ണില്‍ 6,400 ടണ്‍ മാത്രമാണ് കയറ്റി അയക്കാനായത്. ഉല്‍പ്പാദന ചെലവിന് ആനുപാതികമായി കിലോയ്ക്ക് 2,000 രൂപയെങ്കിലും കിട്ടിയാലേ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാവൂ.
സ്വകാര്യ കമ്പനികള്‍ പിടിമുറുക്കുന്നു
സ്വകാര്യ കമ്പനികള്‍ വിപണിയില്‍ പിടിമുറുക്കിയതും ഏലം വില കുത്തനെ ഇടിയാന്‍ കാരണമായി. വിപണനത്തിന്റെ നിയന്ത്രണം സ്വകാര്യ കമ്പനികളെ മാത്രം ആശ്രയിച്ചായതാണ് വിനയായതെന്ന് കര്‍ഷകര്‍ പറയുന്നു. തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരില്‍ മൂന്നുമാസം മുമ്പ് നടന്ന കെ.സി.പി.എം.സിയുടെ ഓണ്‍ലൈന്‍ ലേലത്തില്‍ ശരാശരി വില 1050 രൂപയായിരുന്നു. രാവിലെ നടന്ന മറ്റൊരു കമ്പനിയുടെ ലേലത്തില്‍ ശരാശരി വില 1,113 രൂപയും. ഇത് സൂചിപ്പിക്കുന്നത് ഓരോ ലേലത്തിലും ശരാശരി വില താഴ്ന്നുവെന്നാണ്. ഇതാണിപ്പോള്‍ 700ലെത്തിയിരിക്കുന്നത്.
ഏലയ്ക്ക വിപണനത്തിന്റെ കുത്തക തമിഴ്‌നാട്ടിലേക്ക് മാറിയതോടെ ഏജന്റുമാരും ഉത്തരേന്ത്യന്‍ കച്ചവടക്കാരും വിപണനകുത്തക കൈക്കലാക്കി. സ്വകാര്യ കമ്പനികളില്‍ നടക്കുന്ന ലേലത്തില്‍ ദിവസേന വാങ്ങേണ്ട ഏലയ്ക്കയുടെ അളവും വിലയും ഈ കുത്തക വ്യാപാരികളാണ് നിയന്ത്രിക്കുന്നത്. ഈ കൂട്ടുകെട്ടിനെ മറികടക്കാന്‍ കേരളത്തിലെ കര്‍ഷകര്‍ക്കോ വ്യാപാരികള്‍ക്കോ സാധിക്കില്ല. ഇവരുടെ കുത്തക തകര്‍ക്കാന്‍ സ്‌പൈസസ് ബോര്‍ഡും ഒരു നീക്കവും നടത്തുന്നില്ല.കേന്ദ്രസര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമത്തിന്റെ പിന്‍ബലത്തിലാണ് സ്വകാര്യകമ്പനികളുടെ ലേലരംഗത്തെ കടന്നുകയറ്റമുണ്ടായത്.
സംസ്ഥാനത്ത് 700 രൂപ, ദുബായില്‍ 4500 രൂപ
സംസ്ഥാനത്ത് 700 രൂപയുള്ള ഏലത്തിന് ദുബൈയില്‍ 4500 രൂപ വരെ വിലയുണ്ട്. എന്നാല്‍ ഇതിന്റെ ഗുണഫലം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. കേരളത്തില്‍ നാല്‍പ്പതിനായിരം ഹെക്ടര്‍ സ്ഥലത്ത് ഏലം കൃഷിയുണ്ടെന്നാണ് സ്‌പൈസസ് ബോര്‍ഡ് കണക്ക്. ഇതില്‍ 90 ശതമാനവും ഇടുക്കിയിലാണ്. 2018-19 കാലയളവില്‍ 19 ഏലം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ബാങ്കു ലോണെടുത്തും ബ്ലേഡുകാരില്‍ നിന്ന് വായ്പ വാങ്ങിയുമാണ് പലരും കൃഷിയിറക്കുന്നത്. വായ്പയെടുത്തും മറ്റും കൃഷി ചെയ്തവര്‍ കടക്കെണിയിലാണ്. വിലത്തകര്‍ച്ച പരിഹരിക്കാന്‍ സ്‌പൈസസ് ബോര്‍ഡ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ഏലം കര്‍ഷകര്‍ മാത്രമല്ല കച്ചവടക്കാരും പ്രതിസന്ധിയിലാണ്.
കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഏലച്ചെടികള്‍ വ്യാപകമായി നശിച്ചതും പ്രതിസന്ധി സൃഷ്ടിച്ചു. കീടനാശിനികളുടെയും രാസവളത്തിന്റെയും വില ഇരട്ടിയായി. തൊഴിലാളികളുടെ കൂലിയും കൂടി. സ്ത്രീ തൊഴിലാളികള്‍ക്ക് 500 രൂപയും പുരുഷ തൊഴിലാളികള്‍ക്ക് 700 രൂപയുമാണ് ദിവസ കൂലി. ലേല കേന്ദ്രങ്ങള്‍ വിലയിടിക്കുന്നത് തടയാനും സ്‌പൈസസ് ബോര്‍ഡിന് ആകുന്നില്ല. വില ഉയര്‍ന്നുനിന്നപ്പോള്‍ നിരവധി കര്‍ഷകരാണ് തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി തുടങ്ങിയത്.