എക്സൈസ് നികുതിയെന്താണെന്ന് അറിയാമോ?
ഭരണഘടനാ വ്യവസ്ഥകള്‍ അനുസരിച്ച് മദ്യം ജി എസ് ടിയുടെ പരിധിയില്‍ വരുന്നില്ല.
ഉത്പാദനം, ലൈസന്‍സിംഗ്, വില്‍പ്പന എന്നിവയ്ക്കായി ചരക്കുകള്‍ക്ക് ചുമത്തുന്ന നികുതിയുടെ ഒരു രൂപമാണ് എക്സൈസ് ഡ്യൂട്ടി. ഇത് ചരക്ക്...
ഉത്പാദനം, ലൈസന്‍സിംഗ്, വില്‍പ്പന എന്നിവയ്ക്കായി ചരക്കുകള്‍ക്ക് ചുമത്തുന്ന നികുതിയുടെ ഒരു രൂപമാണ് എക്സൈസ് ഡ്യൂട്ടി. ഇത് ചരക്ക് നിര്‍മ്മാതാക്കള്‍ ഇന്ത്യാ ഗവണ്‍മെന്റിന് നല്‍കുന്ന പരോക്ഷ നികുതി, എക്സൈസ് തീരുവ, കസ്റ്റംസ് തീരുവ എന്നിവയില്‍ നിന്ന് വ്യത്യസ്ഥമാണ്. രാജ്യത്ത് ആഭ്യന്തരമായി നിര്‍മ്മിക്കുന്ന സാധനങ്ങള്‍ക്ക് എക്സൈസ് ഡ്യൂട്ടി ബാധകമാണ്. അതേസമയം രാജ്യത്തിന് പുറത്ത് നിന്ന് വരുന്നവരില്‍ നിന്ന് കസ്റ്റംസ് ഡ്യൂട്ടിയും ഈടാക്കുന്നു.
മുമ്പ് എക്സൈസ് തീരുവ സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി, അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി മുതലായവയായി ഈടാക്കിയിരുന്നു. എന്നാല്‍, 2017 ജൂലൈയില്‍ അവതരിപ്പിച്ച ചരക്ക് സേവന നികുതിയില്‍ (ജി എസ് ടി) പല തരത്തിലുള്ള എക്സൈസ് തീരുവകളും ഉള്‍പ്പെടുത്തി. ഇന്ന് പെട്രോളിയത്തിനും മദ്യത്തിനും മാത്രമാണ് എക്സൈസ് തീരുവ ബാധകമാകുന്നത്.
ഉത്പന്നങ്ങള്‍ക്ക് എക്സൈസ് തീരുവ ചുമത്തുകയും അവ നീക്കം ചെയ്യുമ്പോള്‍ ഈടാക്കുകയും ചെയ്യുന്നു. അതേസമയം ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണത്തില്‍ ജി എസ് ടി ചുമത്തുന്നു. ഭരണഘടനാ വ്യവസ്ഥകള്‍ അനുസരിച്ച് മദ്യം ജി എസ് ടിയുടെ പരിധിയില്‍ വരുന്നില്ല. ജി എസ് ടി നിലവില്‍ വരുന്നതിന് മുമ്പ് നിലനിന്നിരുന്ന അതേ രീതിയിലാണ് സംസ്ഥാനങ്ങള്‍ മദ്യത്തിന് നികുതി ചുമത്തുന്നത്.
ജി എസ് ടി നിലവില്‍ വന്നതിന് ശേഷം എക്സൈസ് ഡ്യൂട്ടിക്ക് പകരം കേന്ദ്ര ജി എസ് ടി ഏര്‍പ്പെടുത്തി. കാരണം എക്സൈസ് കേന്ദ്രസര്‍ക്കാരാണ് ചുമത്തിയത്. സി ജിഎസ് ടി യിലൂടെ ലഭിക്കുന്ന വരുമാനം കേന്ദ്ര സര്‍ക്കാരിലേക്കാണ് എത്തുക. മൂന്ന് തരം എക്സൈസ് ഡ്യൂട്ടികളാണ് ഇന്ത്യയില്‍ ഉള്ളത്.
അടിസ്ഥാന എക്സൈസ് ഡ്യൂട്ടി
അടിസ്ഥാന എക്സൈസ് ഡ്യൂട്ടി സെന്‍ട്രല്‍ മൂല്യവര്‍ദ്ധിത നികുതി (സെന്‍വാറ്റ്) എന്നും അറിയപ്പെടുന്നു. 1985ലെ സെന്‍ട്രല്‍ എക്‌സൈസ് താരിഫ് നിയമത്തിന്റെ ആദ്യ ഷെഡ്യൂളിന് കീഴിലുള്ള ചരക്കുകളില്‍ ചുമത്തിയിരിക്കുന്നത് അടിസ്ഥാന എക്സൈസ് ഡ്യൂട്ടിയാണ്. 1944 ലെ സെന്‍ട്രല്‍ എക്‌സൈസ് നിയമത്തിലെ സെക്ഷന്‍ 3 (1) (എ) പ്രകാരമാണ് ഈ തീരുവ ചുമത്തിയത്. ഉപ്പ് ഒഴികെ എല്ലാ സാധനങ്ങള്‍ക്കും ഇത് ചുമത്തിയിരിക്കുന്നു.
അധിക എക്സൈസ് ഡ്യൂട്ടി
1957 ലെ അഡീഷണല്‍ ഡ്യൂട്ടി ഓഫ് എക്‌സൈസ് (ഗുഡ്‌സ് ഓഫ് സ്‌പെഷ്യല്‍ ഇമ്പോര്‍ട്ടന്‍സ്) ആക്ട് പ്രകാരം ഉയര്‍ന്ന പ്രാധാന്യമുള്ള സാധനങ്ങള്‍ക്ക് അധിക എക്‌സൈസ് തീരുവ ചുമത്തുന്നു.
പ്രത്യേക എക്സൈസ് ഡ്യൂട്ടി
1985 ലെ സെന്‍ട്രല്‍ എക്‌സൈസ് താരിഫ് നിയമത്തിലെ രണ്ടാം ഷെഡ്യൂള്‍ പ്രകാരം തരംതിരിച്ച പ്രത്യേക സാധനങ്ങള്‍ക്ക് ഇത്തരത്തിലുള്ള പ്രത്യേക എക്സൈസ് തീരുവ ചുമത്തിയിട്ടുണ്ട്.