സ്വിച്ച് ഓഫ് ചെയ്യാം ഈ വാഹന ഇന്‍ഷൂറന്‍സ് പോളിസി
സഞ്ചരിക്കുന്ന ദൂരം കണക്കാക്കിയാണ് ഇവിടെ വാഹനത്തിന്റെ വാര്‍ഷിക പ്രീമിയം നിശ്ചിയിക്കുക.
നിങ്ങള്‍ക്ക് ഒന്നിലധികം കാറുകളും ഒന്നോ രണ്ടോ ഇരുചക്രവാഹനങ്ങളും ഉണ്ടെന്ന് കരുതുക. ഈ വാഹനങ്ങളെല്ലാം ഒരുമിച്ച് നിങ്ങള്‍ക്ക്...
നിങ്ങള്‍ക്ക് ഒന്നിലധികം കാറുകളും ഒന്നോ രണ്ടോ ഇരുചക്രവാഹനങ്ങളും ഉണ്ടെന്ന് കരുതുക. ഈ വാഹനങ്ങളെല്ലാം ഒരുമിച്ച് നിങ്ങള്‍ക്ക് ഓടിക്കാനാവില്ലല്ലോ. ചിലപ്പോള്‍ കാറ് എടുക്കും. മറ്റ് അവസരങ്ങളില്‍ ബൈക്കില്‍ യാത്ര ചെയ്യും. ഇനി വേറൊരു ദിവസം അടുത്ത വണ്ടിയാകും ഡ്രൈവ് ചെയ്യുക. എന്നാല്‍ ഉപയോഗിക്കുമ്പോഴും അല്ലാത്തപ്പോഴും ഈ വാഹങ്ങളുടെ എല്ലാം ഇന്‍ഷുറന്‍സ് പ്രീമിയം നമ്മളില്‍ നിന്ന് ഈടാക്കപ്പെടുന്നുണ്ട്. അതായത് ഓട്ടമില്ലാത്തപ്പോഴും പ്രീമിയം ചെലവ് വരുന്നു എന്നര്‍ഥം. ഇവിടെ ഓട്ടത്തിനനുസരിച്ച് ഇത് സെറ്റ് ചെയ്യാനായാലോ?
ഓട്ടമില്ലാത്തപ്പോള്‍
രണ്ട് മാസം ഓട്ടമില്ലാതെ കിടക്കുന്ന വണ്ടിയാണെങ്കില്‍ ഈ ചെലവ് ഓഫ് ചെയ്തിട്ടാലോ? അത്തരം ഒരു പോളിസിയാണ് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ എഡില്‍വീസ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ആപ്പ് അധിഷ്ഠിത പോളിസി. തീപിടുത്തം പോലുള്ള ദുരന്തങ്ങളില്‍ നിന്നും മോഷണം പോലുള്ള പ്രതിസന്ധികളില്‍ നിന്നും വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പോളിസികളാണ് ഇത്തരം ഓണ്‍ ഡാമേജ് പോളിസികള്‍. പ്രകൃതി ദുരന്തങ്ങള്‍, മനുഷ്യ നിര്‍മിത ദുരന്തങ്ങള്‍, അപകടം തുടങ്ങിയവയില്‍ നിന്ന് ഇത്തരം പോളിസികളില്‍ പരിരക്ഷ ലഭിക്കുന്നു.
വാഹന ഇന്‍ഷൂറന്‍സ് മേഖലയിലെ സമഗ്ര പരിഷ്‌കാരത്തിന്റെ ഭാഗമാണ് ഓട്ടത്തിനനുസരിച്ച് പ്രീമിയം (പേ അസ് യു ഡ്രൈവ്)എന്ന സങ്കല്‍പ്പം ഉരുത്തിരിഞ്ഞത്. രണ്ടും മൂന്നും വാഹനങ്ങള്‍ ഇന്ന് വീടുകളില്‍ സര്‍വ്വ സാധാരണമാണ്. ഇതില്‍ പലതിനും ഓട്ടമുണ്ടാവില്ല. വെറുതെ പോര്‍ച്ചില്‍ കിടക്കുന്ന വാഹനങ്ങള്‍ക്ക് ഓരോ വര്‍ഷവും പതിനായിരക്കണക്കിന് രൂപ ഇന്‍ഷൂറന്‍സ് പ്രീമിയം അടയ്ക്കുന്ന സ്ഥിതിയാണ്. ഇതില്‍ നിന്നും വ്യത്യസ്തമായ പോളിസിയാണ് ഇത്. സഞ്ചരിക്കുന്ന ദൂരം കണക്കാക്കിയാണ് ഇവിടെ വാഹനത്തിന്റെ വാര്‍ഷിക പ്രീമിയം നിശ്ചിയിക്കുക.
ആവശ്യമില്ലാത്തപ്പോള്‍ ഓഫ് ചെയ്യാം
ആപ്പ് അധിഷ്ഠിത പോളിസിയാണിത്. ഇവിടെ വാഹനം ഓട്ടമില്ലാത്തപ്പോഴോ ഇന്‍ഷൂറന്‍സ് വേണ്ടെന്ന് തോന്നുമ്പോഴോ ഈ പോളിസി സ്വിച്ച് ഓഫ് ചെയ്തിടാം. ഇനി ആവശ്യം എന്നും തോന്നുകയാണെങ്കില്‍ മൊബൈല്‍ ഫോണിലൂടെ സ്വിച്ച് ഓണ്‍ ചെയ്യാനും സാധിക്കും. ഇവിടെ പ്രീമിയവും തുകയും കണക്കാക്കുന്നത് പ്രധാനമായും ഡ്രൈവറുടെ പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ പരിഗണിച്ചാവും.
പ്രീമിയം ഒട്ടത്തിനനുസരിച്ച്
ഒരു ദിവസം വാഹനം ഓടിക്കുന്നില്ലെന്ന് തീരുമാനിച്ചാല്‍ ഇവിടെ പോളിസി സ്വിച്ച് ഓഫ് ചെയ്തിടാനാകും. തുടക്കത്തില്‍ ചെറിയ തുകകൊണ്ട് പ്രീമിയം ആക്ടിവേറ്റ് ചെയ്യാനാകും.