കയറ്റുമതിക്ക് വില്ലനായി ജിഎസ്ടി, ആഗോള വിപണിയില്‍ ഇന്ത്യക്ക് കാലിടറുമോ?
ഉയര്‍ന്ന വിമാന ചരക്ക് കൂലിയും, കയറ്റുമതിക്കുള്ള ജിഎസ്ടി 18 ശതമാനമാക്കിയതും കയറ്റുമതി ഉത്പന്നങ്ങളുടെ നിര്‍ബന്ധിത വില വര്‍ധനവിലേയ്ക്ക് നയിക്കാന്‍ ഇടയായതായി കയറ്റുമതിക്കാര്‍. വില വര്‍ധിപ്പിക്കാനുള്ള തീരുമാനം അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ മത്സരാധിഷ്ഠിത വിലയെ ബാധിച്ചുവെന്നും കൊച്ചിയില്‍ നടന്ന ഓള്‍ കേരള എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്റെ ജനറല്‍ ബോഡി യോഗത്തില്‍ കയറ്റുമതിക്കാര്‍ ഉന്നയിച്ചു. തായ്ലന്‍ഡ്, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളുമായി മത്സരിക്കാന്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിലവര്‍ധനവ് വിലങ്ങുതടിയായി കഴിഞ്ഞു. കേരളത്തില്‍ നിന്നുള്ള പച്ചക്കറികളുടെ കയറ്റുമതിയില്‍ […]
ഉയര്‍ന്ന വിമാന ചരക്ക് കൂലിയും, കയറ്റുമതിക്കുള്ള ജിഎസ്ടി 18 ശതമാനമാക്കിയതും കയറ്റുമതി ഉത്പന്നങ്ങളുടെ നിര്‍ബന്ധിത വില വര്‍ധനവിലേയ്ക്ക് നയിക്കാന്‍ ഇടയായതായി കയറ്റുമതിക്കാര്‍. വില വര്‍ധിപ്പിക്കാനുള്ള തീരുമാനം അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ മത്സരാധിഷ്ഠിത വിലയെ ബാധിച്ചുവെന്നും കൊച്ചിയില്‍ നടന്ന ഓള്‍ കേരള എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്റെ ജനറല്‍ ബോഡി യോഗത്തില്‍ കയറ്റുമതിക്കാര്‍ ഉന്നയിച്ചു.
തായ്ലന്‍ഡ്, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളുമായി മത്സരിക്കാന്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിലവര്‍ധനവ് വിലങ്ങുതടിയായി കഴിഞ്ഞു.
കേരളത്തില്‍ നിന്നുള്ള പച്ചക്കറികളുടെ കയറ്റുമതിയില്‍ കോവിഡിന് മുന്‍പുള്ളതിനേക്കാള്‍ 40-45% കുറവുണ്ടായി. വിദേശ നാണ്യ വരുമാനത്തില്‍ ഗണ്യമായ ഇടിവാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത്. കയറ്റുമതിയുടെ അളവ് കുറയുന്നത് കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും പ്രതികൂലമായി ബാധിച്ചതായി യോഗം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മുടെ പല ഉത്പന്നങ്ങളും കയറ്റുമതിയില്‍ ഇടിവ് നേരിടുന്നുണ്ട്. വിമാന ചരക്ക് നീക്കം ഉയര്‍ന്നു നില്‍ക്കുന്നത് വിലയൊരു വെല്ലുവിളിയാണ്. ഒരു ലക്ഷം രുപയുടെ കയറ്റുമതി ഉത്പന്നത്തിന് വിമാനമാര്‍ഗം 18,000 രൂപ ജിഎസ്ടി ഇനത്തില്‍ നല്‍കണം.
'കയറ്റുമതി ഉത്പന്നങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 വരെ നടപ്പിലാക്കാതെ മാറ്റി വച്ചിരുന്ന ജിഎസ്ടി ഇംപ്ലിമെന്റേഷന്‍ ഈ മാസം മുതല്‍ നടപ്പിലാക്കുകയാണ്. കപ്പല്‍ മാര്‍ഗം അഞ്ച് ശതമാനവും, വിമാനമാര്‍ഗ്ഗം 18 ശതമാനവും ജിഎസ്ടി നല്‍കണം. കയറ്റുമതിക്കാരുടെ അധിക ബാധ്യതയായി മാറുകയാണ്. ഈ തുക വിദേശ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാന്‍ സാധിക്കുകയില്ല. ഓരോ കയറ്റുമതിക്കാരും ഈ ചെലവ് സ്വയം വഹിക്കണം. മാത്രമല്ല ഈ നീക്കത്തിലൂടെ നമ്മുടെ ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ കടുത്ത കിടമത്സരം നേരിടേണ്ടി വരുന്നുണ്ട്. പ്ലൈവുഡ്, ചെരിപ്പ്, കണ്‍സ്യൂമര്‍ ഗുഡ്‌സ്, വസ്ത്രങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, കൊയര്‍മാറ്റ്, റബ്ബര്‍, മത്സ്യം തുടങ്ങിയ വിഭാഗങ്ങളിലെ കയറ്റുമതിയ്ക്ക് നിലവിലെ തീരുമാനം തിരിച്ചടിയാകും. അതിനാല്‍ ഈ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകണം. ജിഎസ്ടി കൗണ്‍സിലിനും വ്യോമയാന മന്ത്രാലയത്തിനും ഇത് സംബന്ധിച്ച പരാതി ഞങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്,' ഫൂട്‌വെയറിന്റെ ഡയറക്ടര്‍ അംഗവും എക്‌സ്‌പോര്‍ട്ടറും ആള്‍ കേരള എക്‌സ്‌പോര്‍ട്ട് ഫോറത്തിന്റെ സംസ്ഥാന പ്രസിഡന്റുമായ ഹമീദ് അലി വ്യക്തമാക്കി. പ്ലൈവുഡ്, ചെരിപ്പ്, ഭക്ഷ്യ ഉത്പന്നങ്ങള്‍, കണ്‍സ്യൂമര്‍ ഗുഡ്‌സ്, വസ്ത്രങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, കൊയര്‍മാറ്റ്, റബ്ബര്‍, സമുദ്ര ഉത്പന്നങ്ങള്‍ തുടങ്ങിയ പത്തോളം വിഭാഗങ്ങളുടെ കയറ്റുമതിക്കായി ഒറ്റ സംഘടനയ്ക്ക് കീഴില്‍ ഏകോപിപ്പിച്ചിരിക്കുകയാണ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം.
'വര്‍ഷാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്യുന്നവര്‍ക്ക് സമുദ്ര ഉത്പന്നങ്ങളില്‍ പലപ്പോഴും തിരിച്ചടി നേരിടാറുണ്ട്. മത്സ്യ ബന്ധന ചെലവ് കൂടുതലായിരിക്കുമ്പളോള്‍ ചെറിയ തുകയ്ക്ക് കയറ്റുമതി ചെയ്യുന്നത് ഈ മേഖലയിലെ കയറ്റുമതിക്കാരെ ദുരിതത്തിലാഴ്ത്തുന്നുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള പ്രതികൂലമായ നടപടി കൂനിന്മേല്‍ കുരുവാകുകയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ സാഹചര്യം പരിശോധിക്കുകയാണെങ്കില്‍ കയറ്റുമതിയ്ക്ക് കൊച്ചി, തിരുവനന്തപുരം തുറമുഖങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ കടല്‍ മാര്‍ഗ്ഗത്തെ പൂര്‍ണ്ണമായി ആശ്രയിക്കാന്‍ സാധിക്കില്ല. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, മലേഷ്യ, ചൈന, സിംഗപ്പൂര്‍, ശ്രീലങ്ക, ജപ്പാന്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയാണ് ഇന്ത്യയുടെ പ്രധാന ഗുണഭോക്താക്കള്‍. കയറ്റുമതിക്കാരുടെ ആശങ്കകള്‍ നമ്മുടെ വിപണിയെ കടുത്ത പ്രത്യാഘാതങ്ങളിലേയ്ക്ക് നയിക്കുന്നതാണ്.
വിദേശ നാണ്യത്തിന്റെ വഴി
കുരുമുളക്, ഏലം, ഇഞ്ചി, തേയില, മഞ്ഞള്‍, കറി പൊടികള്‍ എന്നിവയാണ് കേരളത്തില്‍ നിന്നുള്ള പ്രധാന കയറ്റുമതി വിഭാഗങ്ങള്‍. 2021 സാമ്പത്തിക വര്‍ഷത്തില്‍ 755.86 ദശലക്ഷം ഡോളറിന്റെ തേയിലയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇടിവാണുണ്ടായിരിക്കുന്നത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ 826.47 ദശലക്ഷമാണ് കയറ്റുമതി ചെയ്തത്.
തേയില
ടീ ബോര്‍ഡ് ഡാറ്റ പ്രകാരം പാദഫലങ്ങളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ തേയില കയറ്റുമതി 184.35 മില്യണ്‍ കിലോഗ്രാമാണ്. അതായത് 2.4 ശതമാനത്തിന്റെ ഇടിവുണ്ടായി. ഇതേ മാസങ്ങളില്‍ 2020-21 ല്‍ 188.91 മില്യണ്‍ കിലോഗ്രാമാണ് കയറ്റുമതി ചെയ്തത്. ഇന്ത്യന്‍ തേയിലകള്‍ വാങ്ങുന്നതില്‍ മുന്നില്‍ റഷ്യയാണ്. കപ്പല്‍ സൗകര്യങ്ങളുടെ അഭാവമാണ് കടല്‍ മാര്‍ഗമുള്ള ചരക്കു നീക്കത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് തേയില വ്യവസായ വ്യത്തങ്ങള്‍ നല്‍കുന്ന വിവരം. കൂടാതെ ആഗോള സാഹചര്യങ്ങളും ഒരു ഘടകമാണ്.
2019-2020 ലെ ഔദ്യോഗിക രേഖകള്‍ പ്രകാരം ഇടുക്കി, കൊല്ലം, പാലക്കാട്, തൃശ്ശൂര്‍, വയനാട്, തിരുവനന്തപുരം എന്നീ ജില്ലകളിലായി 35871.16 ഹെക്ടര്‍ ഭൂമിയാലാണ് തേയില കൃഷി ചെയ്ത് വരുന്നത്. ആറ് ജില്ലകളില്‍ നിന്നായി 59.26 മില്യണ്‍ കിലോഗ്രാം തേയിലയാണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. കേരളത്തില്‍ തേയില ഉത്പാദനത്തില്‍ ഗണ്യമായ ഇടിവുണ്ടായിട്ടില്ല. എന്നാല്‍ ദേശീയ കണക്കുകള്‍ നല്‍കുന്നത് അത്ര ശഉഭകരമല്ലാത്ത വാര്‍ത്തയാണ്.
നിലവില്‍ പ്രതിവര്‍ഷം ഒന്‍പത് ലക്ഷം ടണ്ണാണ് ഇന്ത്യയുടെ തേയില ഉത്പാദനം. ഡാര്‍ജിലിംഗ്, നിലഗീരി, അസ്സം എന്നിവയാണ് ഇന്ത്യയിലെ പ്രധാന തേയില ഉത്പാദന മേഖലകള്‍. ഡാര്‍ജിലിംഗ്, അസം ഓര്‍ത്തഡോക്‌സ്, ഹൈറേഞ്ച് നീലഗിരി തുടങ്ങിയ ഉയര്‍ന്ന നിലവാരമുള്ള സ്‌പെഷ്യാലിറ്റി തേയിലകള്‍ ഇന്ത്യയ്ക്കുണ്ട്.
ഇഞ്ചി
അതേസമയം രാജ്യത്ത് നിന്നുള്ള ഇഞ്ചി കയറ്റുമതിയില്‍ എട്ട് മടങ്ങ് വര്‍ധന രോഖപ്പെടുത്തിയിട്ടുണ്ട്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏതാണ്ട് 837.34 കോടി രൂപയുടെ 1.48 ലക്ഷം ടണ്‍ ഇഞ്ചിയാണ് കയറ്റുമതി ചെയ്തത്. കേരളം, കര്‍ണാടക, അസം, പശ്ചിമ ബംഗാള്‍, ഒഡീഷ, മഹാരാഷ്ട്ര, മേഘാലയ എന്നീ സംസ്ഥാനങ്ങളാണ് ഇഞ്ചി കൃഷിയില്‍ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ മൊത്തം കൃഷിയുടെ വെറും മൂന്ന് ശതമാനം മാത്രമാണ് കേരളത്തിന്റെ പങ്കാളിത്തം. 2021-22 ല്‍ 54,260 ടണിലേയ്ക്ക് ഉത്പാദം ഇടിഞ്ഞതായാണ് സ്‌പെസസ് ബോര്‍ഡ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2017 മുതല്‍ 2022 വരെ 37 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ടെന്നാണ് ബോര്‍ഡ് വ്യക്തമാക്കുന്നത്.
കാപ്പി
കാപ്പികയറ്റുമതിയില്‍ രാജ്യത്തെ നയിക്കുന്നത് കര്‍ണാടകയും കേരളവുമാണ്. കയറ്റുമതിയില്‍ 70 ശതമാനം സ്വന്തമാക്കി കര്‍ണാടകയും 23 ശതമാനവുമായി കേരളവും മറ്റ് സ്ഥാനങ്ങളെ പുറകിലാക്കിയിരിക്കുകയാണ്. ആറ് ശതമാനവുമായി തമിഴ്‌നാടാണ് പുറകില്‍. പച്ച കാപ്പിക്കുരുക്കള്‍ കൂടാതെ കയറ്റുമതില്‍ 31 ശതമാനവുമായി മുന്നില്‍ നില്‍ക്കുന്നത് ഇന്‍സ്റ്റന്റ് കാപ്പിയുടെ കയറ്റുമതിയാണ്. ഒക്ടോബറില്‍ ആരംഭിക്കുന്ന 2022-23 വര്‍ഷത്തേക്കുള്ള അറബിക്ക വിള ഏകദേശം 80,000 ടണ്ണും റോബസ്റ്റ 2.7 ലക്ഷം ടണ്ണും ആയിരിക്കുമെന്ന് കയറ്റുമതിക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.
കുടുക്കിട്ട് അയല്‍ രാജ്യങ്ങളും
വിദേശ നാണ്യ പ്രതിസന്ധിയെ തുടര്‍ന്ന് ബംഗ്ലാദേശ്, നേപ്പാള്‍ എന്നി അയല്‍ രാജ്യങ്ങള്‍ കയറ്റുമതിക്കേര്‍പ്പെടുത്തിയ നിയന്ത്രണവും രാജ്യത്തിന് തിരിച്ചടിയായിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഏതാണ്ട് 10.5 ശതമാനത്തിന്റെ ഇടിവാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേയക്കുള്ള കയറ്റുമതിയില്‍ ഇന്ത്യ അഭിമുഖീകരിച്ചിരിക്കുന്നത്. ബംഗ്ലാദേളശിലേക്കുള്ള കയറ്റുമതി 22.7 ശതമാനം ഇടിഞ്ഞ് 889 മില്യണ്‍ ഡോളറിലെത്തിയിരിക്കുകയാണ്. സമാന കാലയളവില്‍ നേപ്പാളിലേയ്ക്കുള്ള കയറ്റുമതി 11.3 ശതമാനത്തോളം കുറഞ്ഞു.
നിലവില്‍ കയറ്റുമതിയില്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന സമീപനങ്ങളും, വിദേശ രാജ്യങ്ങളുടെ നിയന്ത്രണങ്ങളും, പ്രതികൂലമായ ആഗോള സാഹചര്യങ്ങളും ഇന്ത്യന്‍ കയറ്റുമതിയെ പുറകോട്ടടിക്കും. അതിനാല്‍ സാഹചര്യങ്ങള്‍ വിലയിരുത്തി ഗുണകരമായ മാറ്റങ്ങള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്.