സ്റ്റാർട്ടപ്പുകളിൽ കൂട്ട പിരിച്ചുവിടൽ, എന്തുകൊണ്ട് കേരളം 'സേഫ്സോണിൽ'?

ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ നിലനിൽപ്പ് ഭീഷിണി നേരിടുമ്പോഴും കേരളത്തിലെ സ്റ്റാർട്ടപ്പുകൾ ശക്തമായ വളർച്ചയുടെ പാതയിലാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയും ഭരണ തലത്തിലുള്ള പിൻതുണയുമാണ് ഇതിന് കാരണമെന്ന് കേരളാ സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം; KSUM) സിഇഒ ജോൺ എം തോമസ് പറഞ്ഞു.അടിസ്ഥാന സൗകര്യങ്ങൾ, ഫണ്ടിംഗ്, വായ്പ തുടങ്ങി സ്റ്റാർട്ടപ്പുകളെ പിൻതുണക്കുന്ന ഒട്ടേറെ നടപടികൾ ഗവൺമെൻറ് തലത്തിൽ തന്നെ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാർട്ടപ്പുകളിലുടനീളമുള്ള തൊഴിൽ നഷ്‌ടങ്ങൾ അടുത്തയിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ വർഷം […]

Update: 2022-07-11 07:02 GMT

ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ നിലനിൽപ്പ് ഭീഷിണി നേരിടുമ്പോഴും കേരളത്തിലെ സ്റ്റാർട്ടപ്പുകൾ ശക്തമായ വളർച്ചയുടെ പാതയിലാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയും ഭരണ തലത്തിലുള്ള പിൻതുണയുമാണ് ഇതിന് കാരണമെന്ന് കേരളാ സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം; KSUM) സിഇഒ ജോൺ എം തോമസ് പറഞ്ഞു.അടിസ്ഥാന സൗകര്യങ്ങൾ, ഫണ്ടിംഗ്, വായ്പ തുടങ്ങി സ്റ്റാർട്ടപ്പുകളെ പിൻതുണക്കുന്ന ഒട്ടേറെ നടപടികൾ ഗവൺമെൻറ് തലത്തിൽ തന്നെ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സ്റ്റാർട്ടപ്പുകളിലുടനീളമുള്ള തൊഴിൽ നഷ്‌ടങ്ങൾ അടുത്തയിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ വർഷം ഇതുവരെ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളിൽ 10,000-ത്തിലധികം തൊഴിൽ നഷ്‌ടമുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. ആഗോള സാമ്പത്തിക ഘടകങ്ങൾ കാരണം ഫണ്ടിംഗ് വറ്റാൻ തുടങ്ങിയതോടെയാണ് ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് മുരടിപ്പുണ്ടായത്. വിദഗ്ധരുടെ അഭിപ്രായത്തിൽ, അടുത്ത 12-18 മാസത്തിനുള്ളിൽ, പ്രത്യേകിച്ച് എഡ്ടെകും ഗെയിമിംഗും പോലുള്ള മേഖലകളിൽ കൂട്ട പിരിച്ചുവിടലുകൾക്ക് സാധ്യതയുണ്ട്.

ബൈജൂസ്‌ ആപ്പിലും പിരിച്ചുവിടൽ

ബെംഗളൂരു ആസ്ഥാനമായുള്ള ബൈജൂസ് ആപ്പ് അവരുടെ ഗ്രൂപ്പ് കമ്പനികളായ വൈറ്റ്ഹാറ്റ് ജൂനിയര്‍, ടോപ്പര്‍ എന്നിവയിലെ 500 ഓളം ജീവനക്കാരെ അടുത്തയിടെ പിരിച്ചുവിട്ടു. കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള നീക്കമാണിതെന്നാണ് കമ്പനി അഭിപ്രായപ്പെട്ടത്. യൂണികോണ്‍ കമ്പനിയായ അണ്‍അക്കാദമി ആയിരത്തോളം പേരെയാണ് പിരിച്ചുവിട്ടത്. വേദാന്തുവില്‍ 624 പേര്‍ക്കാണ് ജോലി നഷ്ടമായത്. ലിഡോ 200 ജീവനക്കാരെയും, ഫ്രെണ്ട്‌റോ 145 ജീവനക്കാരെയും, ഉദയ് 120 ജീവനക്കാരെയും കോവിഡാനന്തരം പിരിച്ചു വിട്ടു.

2022-23 ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) സ്റ്റാർട്ടപ്പ് ഫണ്ടിംഗ് ഏകദേശം 40 ശതമാനം ഇടിഞ്ഞ് 6-7 ബില്യൺ ഡോളർ ആയി. ഒരു പാദത്തിൽ ഏകദേശം 10-11 ബില്യൺ ഡോളറിന്റെ നിക്ഷേപം ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ കുറവ് സംഭവിച്ചിരിക്കുന്നത്.

എന്നാൽ കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയെ ഈ തളർച്ച ബാധിച്ചിട്ടില്ലെന്ന് ജോൺ എം തോമസ് പറഞ്ഞു.

“കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തന രീതി വ്യത്യസ്തമാണ്. വിദേശ, വെഞ്ചൂർ ക്യാപിറ്റൽ (venture capital ; വിസി) ഫണ്ടുകളെ ആശ്രയിച്ചല്ല കേരളത്തിലെ ഭൂരിപക്ഷം സ്റ്റാർട്ടപ്പുകളും പ്രവർത്തിക്കുന്നത്. ദേശീയ തലത്തിലെ ഇ കോമേഴ്സ് സ്റ്റാർട്ടപ്പുകളെ നോക്കുകയാണെങ്കിൽ അവർ പെട്ടെന്ന് വളരാൻ ശ്രമിക്കുന്നവരാണ്. അതിന് വേണ്ടി പണം ചെലവഴിക്കുന്നു. അതിന് വിസി ഫണ്ടിംഗ് ഉപയോഗിക്കുന്നു. എന്നാൽ കേരളത്തിലെ കമ്പനികൾ വിസി ഫണ്ടിംഗിനെക്കാൾ കൂടുതൽ സ്വന്തമായി പണം കണ്ടെത്തി സംരംഭങ്ങളിൽ മുടക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവരുടെ വളർച്ചസാവധാനത്തിലും സ്ഥിരമായതും ആയിരിക്കും,” അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗോളതലത്തിലെ സാമ്പത്തിക സാഹചര്യം, പണപ്പെരുപ്പ സമ്മർദ്ദം, യുദ്ധം, ഓഹരി വിപണിയിലെ ഇടിവ് തുടങ്ങിയ ഘടകങ്ങൾ കാരണം എപ്പോൾ സ്ഥിരത കൈവരിക്കുമെന്ന് അറിയാത്ത ആശങ്കയിലാണ് പ്രമുഖ സ്റ്റാർട്ടപ്പ് കമ്പനികൾ. ആർക്കും ഇത് സംബന്ധിച്ച് വ്യക്തതയില്ല. ഒരു വർഷത്തെ കുറഞ്ഞ ഫണ്ടിംഗിനായി എല്ലാവരും ശ്രമിക്കുകയാണ്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ, സ്റ്റാർട്ടപ്പുകൾ ഒരു വിഷമഘട്ടത്തിലൂടെ കടന്ന് പോകുകയാണെന്ന് കരുതേണ്ടിയിരിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

ഫണ്ട് ശേഖരണത്തിലെ വെല്ലുവിളികൾ

“എഡ്-ടെക്, ഗെയിമിംഗ് തുടങ്ങി പകർച്ചവ്യാധിയുടെ സമയത്ത് സ്വാഭാവിക മുന്നേറ്റം ലഭിച്ച മേഖലകളുടെ വളർച്ച ഇപ്പോൾ തകർച്ചയിലാണ്; അവർ കൂടുതൽ കുഴപ്പത്തിലാണ്. അതുപോലെ, കഴിഞ്ഞ രണ്ട് വർഷമായി മൂലധനം സമാഹരിക്കാൻ കഴിയാത്ത സ്റ്റാർട്ടപ്പുകൾ ഉണ്ട്. ഫണ്ട് സ്വരൂപിക്കുന്നതിൽ സ്റ്റാർട്ടപ്പുകൾ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. എങ്കിലും കേരളത്തിലെ സ്റ്റാർട്ടപ്പുകൾ താരതമ്യേന മെച്ചപ്പെട്ട രീതിയിലാണ് പ്രവർത്തിക്കുന്നത്. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്ന അവസ്ഥ ഇതേവരെ കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ സംഭവിച്ചിട്ടില്ല,” കൊച്ചി ഇൻഫോപാർക്കിലെ ഗെയിമിംഗ് സ്റ്റാർട്ടപ്പിലെ ഒരു ഉന്നതഉദ്യോഗസ്ഥൻ പറഞ്ഞു.

സ്റ്റാർട്ടപ്പുകൾ നിലവിലുള്ള ഫണ്ട് ഉപയോഗിച്ച് നിലനിൽപ്പിനായി ശ്രമിക്കുമ്പോൾ, സ്റ്റാർട്ടപ്പുകളിലുടനീളമുള്ള തൊഴിൽ നഷ്‌ടങ്ങൾ വാർത്താപ്രാധാന്യം നേടുന്നു. ഈ വർഷം ഇതുവരെ സ്റ്റാർട്ടപ്പുകളിൽ 10,000-ത്തിലധികം തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു.

ഇൻവെസ്റ്റിന്ത്യയുടെ കണക്കനുസരിച്ച്, 2016 ജനുവരിയിൽ സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭം ആരംഭിച്ചതുമുതൽ, ഈ വർഷം മെയ് വരെ രാജ്യത്ത് 69,000-ത്തിലധികം അംഗീകൃത സ്റ്റാർട്ടപ്പുകൾ ഉണ്ട്. ഇതിൽ 56 വൈവിധ്യമാർന്ന മേഖലകളിലായി 13 ശതമാനം ഐടി സേവനങ്ങളും 9 ശതമാനം ആരോഗ്യവും ലൈഫ് സയൻസും ഉൾപ്പെടുന്നു. എഴ് ശതമാനം വിദ്യാഭ്യാസം, അഞ്ച് ശതമാനം വാണിജ്യ സേവനങ്ങൾ, അഞ്ച് ശതമാനം കൃഷി, അഞ്ച് ശതമാനം ഭക്ഷണ പാനീയങ്ങൾ എന്നിങ്ങനെയാണ് പിന്നീടുള്ളവ. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2021-ൽ സ്റ്റാർട്ട്-അപ്പ് ഇന്ത്യ സംരംഭത്തിന് കീഴിൽ വരുന്ന സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്യുന്നവരുടെ എണ്ണം ഏകദേശം 1.74 ലക്ഷം ആയിരുന്നു.

“കേരളത്തിൽ ഒട്ടേറെ പുതിയ സ്റ്റാർട്ടപ്പുകൾ വരുന്നുണ്ട്. കേരളത്തിലെ പ്രദേശിക ഡിമാൻറിന് അനുസരിച്ച് സ്റ്റാർട്ടപ്പുകൾ തുടങ്ങിയാലും നല്ല രീതിയിൽ വളർച്ച ഉണ്ടാകും. കേരളം ഒരു ഉപഭോക്തൃസംസ്ഥാനമാണ്. അതിന് യോജിച്ച രീതിയിലുള്ള ഒട്ടേറെ സ്റ്റാർട്ടപ്പുകൾ ഇവിടെ രൂപപ്പെട്ടു വന്നിട്ടുണ്ട്. സ്റ്റാർട്ടപ്പ് മേഖലയിൽ കേരളത്തിന് ശോഭനമായ ഭാവിയാണുള്ളത്,” ജോൺ എം തോമസ് പറഞ്ഞു.

Tags:    

Similar News