സഹായ ഹസ്തവുമായി സൗദി; പാകിസ്ഥാന് നല്‍കിയത് 2 ബില്യന്‍ ഡോളര്‍
- നന്ദി അറിയിച്ച് പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
- ഡിപ്പോസിറ്റായിട്ടാണ് സൗദി അറേബ്യ 2 ബില്യന്‍ ഡോളര്‍ നിക്ഷേപിച്ചത്
- ഐഎംഎഫില്‍ നിന്നും സാമ്പത്തിക പാക്കേജ് ഉറപ്പാക്കാന്‍ പാകിസ്ഥാനെ ഇത് സഹായിക്കും
കടക്കെണിയില്‍പ്പെട്ട് നട്ടം തിരിയുന്ന പാകിസ്ഥാന് സഹായ ഹസ്തം നീട്ടി സൗദി അറേബ്യ രംഗത്ത്. 2 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക സഹായമാണു സൗദി നല്‍കിയത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാനില്‍ (എസ്ബിപി) ഡിപ്പോസിറ്റായിട്ടാണ് സൗദി അറേബ്യ 2 ബില്യന്‍ ഡോളര്‍ നിക്ഷേപിച്ചത്. ഈ നിക്ഷേപം എസ്ബിപിയുടെ കൈവശമുള്ള ഫോറെക്സ് (forex) ശേഖരം വര്‍ധിപ്പിക്കുമെന്നും ജുലൈ 14ന് അവസാനിക്കുന്ന ആഴ്ചയിലെ ഫോറെക്സിന്റെ കരുതല്‍ ശേഖരത്തില്‍ അത് പ്രതിഫലിക്കുമെന്നും പാകിസ്ഥാന്റെ ധനകാര്യമന്ത്രി ഇസാക്ക് ഡര് ജുലൈ 10ന് ട്വീറ്റ് ചെയ്തു.
2 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായത്തിന് സൗദി അറേബ്യയിലെ നേതൃത്വത്തിനും ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായി പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ട്വീറ്റ് ചെയ്തു.
'പാകിസ്ഥാന് ഈ സാമ്പത്തിക സഹായം ഉറപ്പാക്കിയതിന് എന്റെ സഹോദരന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനോടും ഞാന്‍ പ്രത്യേകം നന്ദി പറയുന്നു,'' ഷെരീഫ് പറഞ്ഞു. സൗദി നല്കിയ ഈ സാമ്പത്തിക സഹായം ഐഎംഎഫില്‍ നിന്നും ആവശ്യമായ സാമ്പത്തിക പാക്കേജ് ഉറപ്പാക്കാന്‍ പാകിസ്ഥാനെ സഹായിക്കുമെന്നാണു കരുതുന്നത്.