താമരയില്‍ വിരിഞ്ഞ ജീവിതം; ടെറസില്‍ തോട്ടമുണ്ടാക്കി എല്‍ദോസ് പ്രതിമാസ വരുമാനം 30,000 രൂപയിലേറെ
താമരകൃഷിയിലൂടെ വിജയഗാഥ തീര്‍ത്തൊരു യുവാവുണ്ട് പിറവത്ത്. രാമമംഗലം പഞ്ചായത്തിലെ മാമലശ്ശേരിക്കാരന്‍ എല്‍ദോസ് രാജു. വിദേശത്തെ ജോലി മതിയാക്കി നാട്ടിലെത്തിയ ശേഷമാണ് കര്‍ഷക കുടുംബത്തില്‍ ജനിച്ച എല്‍ദോസ് താമരകൃഷിയിലേക്ക് തിരിഞ്ഞത്. അവിടെ വിളഞ്ഞതാകട്ടെ നൂറുമേനി വിജയവും.
നഴ്‌സിങ് ജോലി തേടി കൊല്‍ക്കത്തയിലേക്ക്
നഴ്‌സിംഗ് പാസായ ശേഷം ഏതെങ്കിലും ഹോസ്പിറ്റലില്‍ കയറിപ്പറ്റുക എന്ന ലക്ഷ്യത്തോടെ 2007ലാണ് എല്‍ദോസ് രാജു സുഹൃത്ത് മനുവിനൊപ്പം കൊല്‍ക്കത്തയ്ക്ക് വണ്ടി കയറിയത്.
അപ്പോള്‍ ഇരുവരുടെയും പ്രായം 19 മാത്രം. അവിടെ പ്ലാസെന്റല്‍ ബ്ലഡ് കളക്ഷന്‍ ചെയ്യുന്ന സ്ഥാപനത്തില്‍ അവസരം ഉണ്ടെന്ന് അറിഞ്ഞാണ് പോയത്. ജോലി തേടിയുള്ള യാത്ര ചതിക്കുഴിയായിരുന്നുവെന്ന് അപ്പോള്‍ അറിഞ്ഞിരുന്നില്ല.
ഒരു റൂമെടുത്തു കുളിച്ചു വൃത്തിയായി ജോലി പറഞ്ഞുവച്ചിരുന്ന സ്ഥലത്തെത്തിയപ്പോള്‍ ഞെട്ടിപ്പോയി. ഒരു ചെറിയ ഇടുങ്ങിയ മുറിയില്‍ അവിടത്തുകാരായ കുറച്ചുപേര്‍ താഴെ ഇരുന്ന് പാക്കിങ് ചെയ്യുന്നു. വൃത്തി തീരെ ഇല്ല. താഴെ മൂന്ന് പേര്‍ക്ക് ഇരിക്കാന്‍ തന്നെ സ്ഥലം ഇല്ല. ജോലി അന്വേഷിച്ചപ്പോള്‍ നിങ്ങള്‍ക്ക് എക്‌സ്പീരിയന്‍സ് ഇല്ലെന്ന് പറഞ്ഞു അവര്‍ പറഞ്ഞയച്ചു.
ഒരുപാട് സ്വപ്‌നങ്ങളുമായി വണ്ടി കയറിയ ഞങ്ങള്‍ ചതിക്കപ്പെടുകയായിരുന്നെന്ന് അവിടെ എത്തിയപ്പോഴാണ് മനസ്സിലായതെന്ന് എല്‍ദോസ് രാജു പറയുന്നു. പിന്നീടൊരു ജോലിക്കായി ഒരുപാട് അലയേണ്ടി വന്നു. ''ഞങ്ങള്‍ ആകെ ഷോക്കായി പോയി. എന്ത് ചെയ്യണമെന്ന് ഒരുപിടിയും ഇല്ല.
കൈയില്‍ തുച്ഛമായ തുകയേയുള്ളൂ. എന്തായാലും അവിടെ ജോലി അന്വേഷിക്കാന്‍ തന്നെ തീരുമാനിച്ചു. കൈയില്‍ കരുതിയിരുന്ന കാശ് വളരെ സൂക്ഷിച്ച് ചെലവാക്കിയാണ് കൊല്‍ക്കത്തയിലെ രണ്ടുമാസം തള്ളിനീക്കിയത്.
ദിവസം നൂറു രൂപ വാടകയുള്ള റൂമിലായിരുന്നു താമസം. രണ്ടുപേര്‍ക്ക് കഷ്ടിച്ച് കിടക്കാം. ഭക്ഷണം പരിമിതമായി മാത്രം കഴിച്ചു. തെരുവോര ഭക്ഷണശാലകളായിരുന്നു ഏക ആശ്രയം. പങ്കുവെക്കലിന്റെ സുഖം അറിയാന്‍ സഹായിച്ച ജീവിതം. വീട്ടില്‍ നിന്നും പപ്പയും അമ്മയും വിളിക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ ഒന്നും അറിയിക്കില്ല.'' - എല്‍ദോസ് പറയുന്നു.
രണ്ടുമാസം കഴിഞ്ഞപ്പോള്‍ കൈയിലെ പണം തീര്‍ന്നു. ജോലി ശരിയായതുമില്ല. അങ്ങനെ തിരിച്ച് നാട്ടിലേക്ക് വണ്ടികയറി.
ഒടുവില്‍ ജോലി
നാട്ടിലെത്തി അധികം വൈകാതെ കൂട്ടുകാരന്‍ മനുവിന് മുംബൈയില്‍ ജോലി കിട്ടി. അവിടെ നിന്ന് അവന്‍ എല്‍ദോസിനും ജോലി ഉറപ്പാക്കിയ ശേഷം വിളിച്ചു. മുംബൈയിലെത്തി അവിടെ ജോലിക്ക് കയറി. 1500 രൂപയായിരുന്നു ശമ്പളം. തനിക്കത് വളരെ വലുതായിരുന്നുവെന്ന് എല്‍ദോസ്.
ഒരുമാസത്തെ ജോലിക്ക് ശേഷം ശമ്പളം കിട്ടിയപ്പോള്‍ പറഞ്ഞതിലും ഇരട്ടി തുക. രണ്ടുവര്‍ഷത്തോളം അവിടെ ജോലിചെയ്ത ശേഷം ഖത്തര്‍ എയര്‍പോര്‍ട്ടില്‍ ജോലി കിട്ടി.
പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയവുമായി ഖത്തറില്‍ നിന്നും നാട്ടിലേക്ക് പറക്കുമ്പോള്‍ ഇനിയെങ്കിലും കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള കൊതിയായിരുന്നു.
ഇതിനിടയില്‍ മനസ്സിനിണങ്ങിയ വീട് പണിയാനും കടങ്ങള്‍ വീട്ടാനും കഴിഞ്ഞു. നാട്ടിലെത്തി ഇടപ്പള്ളിയില്‍ ഒരു ജോലി തരമായെങ്കിലും കൊറോണ പ്രശ്‌നം രൂക്ഷമായപ്പോള്‍ എനിക്ക് ജോലിക്ക് പോകാന്‍ കഴിയാതെയായി.
ടെറസിലെത്തി; മനസില്‍ ലഡു പൊട്ടി
ഭാര്യയോട് സംസാരിച്ചുകൊണ്ട് വീടിന്റെ ടെറസിലേക്ക് കയറിയപ്പോഴാണ് എല്‍ദോസിന്റെ മനസില്‍ ലഡു പൊട്ടിയത്. ടെറസില്‍ താമരകൃഷി ചെയ്യുന്നതിനെ കുറിച്ചായി പിന്നീടുള്ള ചിന്ത. ഇന്ന് ടെറസില്‍ നിറയെ താമരകൃഷിയാണ്. എല്‍ദോസിന്റെ താമരകള്‍ക്കും വിത്തിനും രാജ്യം മുഴുവന്‍ ആവശ്യക്കാരുമുണ്ട്.
താമര ചെടികളോടുള്ള കമ്പം തനിക്ക് പുതുമയുള്ളതല്ലെന്ന് എല്‍ദോസ് പറയുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴേ എന്റെ കൊച്ചു പൂന്തോപ്പില്‍ താമരയും ഉണ്ടായിരുന്നു. പിന്നെ ഇപ്പോള്‍ ജോലി ഒന്നും ഒക്കാതായപ്പോള്‍ നേരമ്പോക്കിന് ടെറസിലേക്ക് കയറി. അവിടെ കൊച്ചു ടബ്ബകളിലായി താമര നട്ടുവളര്‍ത്തി.
അങ്ങനെ വളര്‍ത്തുന്ന താമരകളും തൈകളും ഫോട്ടോയെടുത്തു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യും. അതിനു വലിയ സ്വീകാര്യത ലഭിച്ചതോടെ 'രാജൂസ് ഫ്‌ളോറല്‍സ്' എന്ന പേരില്‍ പേജ് തുടങ്ങി അതിലായി പോസ്റ്റിങ്. പോസ്റ്റുകള്‍ കണ്ടു ആളുകള്‍ അന്വേഷണങ്ങള്‍ നടത്താന്‍ തുടങ്ങിയപ്പോള്‍ മിച്ചംവരുന്ന ട്യൂബറുകള്‍ വില്‍ക്കാനായി വച്ചു. അതിനു മികച്ച പ്രതികരണമാണ് കിട്ടിയത്. അങ്ങനെ ഇപ്പോള്‍ പ്രതിമാസം മുപ്പതിനായിരത്തിലധികം രൂപ വരുമാനമായി കിട്ടുന്നുണ്ടെന്ന് എല്‍ദോസ്.
താമരച്ചെടി പരിപാലനം
താമര പൊതുവെ പാടത്തെ ചെളിയില്‍ വളരുന്നത് കണ്ട് അവ വളരെ എളുപ്പത്തില്‍ ഏതു ചതുപ്പിലും വളര്‍ത്താം എന്ന് കരുതരുത്. അത് കാട്ടുതാമരകളാണ്. അവയെ വീട്ടില്‍ കൊണ്ടുവന്നു വളര്‍ത്താന്‍ നോക്കിയാല്‍ കാട്ടിലെ സിംഹത്തിനെ മെരുക്കാന്‍ നോക്കുന്നത് പോലെ ആകും. ഹൈബ്രിഡ് താമരകള്‍ ആണ് വീട്ടില്‍ വളര്‍ത്തുക.
കൊച്ചു ടബ്ബുകളിലായി നമുക്കുള്ള സൗകര്യത്തില്‍ താമര ചെടികള്‍ വളര്‍ത്താം. ഇതിനു നല്ല ക്ഷമയും ശ്രദ്ധയും കൂടിയേ തീരൂ എല്‍ദോസ് പറയുന്നു.
ഫെയറി ഓഫ് ഫാര്‍ ഈസ്റ്റ്, വൈറ്റ് പഫ്, യെല്‍ലോ പിയോണി, അള്‍ട്ടിമേറ്റ് തൗസണ്ട് പെറ്റല്‍സ്, സൂപ്പര്‍ ലോട്ടസ് എന്നിങ്ങനെ ഒരുപാട് വെറൈറ്റി ഉണ്ട്. അള്‍ട്ടിമേറ്റ് തൗസന്‍ഡ് പെറ്റല്‍സ് പൂക്കാന്‍ രണ്ടു കൊല്ലമെടുക്കും. അതിനു 3000 രൂപ വില വരും. അത്യാവശ്യക്കാര്‍ക്കേ നല്‍കാറുള്ളൂവെന്നും എല്‍ദോസ് പറയുന്നു.
വിപണി കേരളത്തിനു പുറത്ത്
കേരളത്തിലുള്ളതിനേക്കാള്‍ അന്യസംസ്ഥാനത്തു നിന്നുമുള്ളവരാണ് താമരയുടെ നടീല്‍ വസ്തുക്കള്‍ക്കായി സമീപിക്കുന്നതെന്ന് എല്‍ദോസ്. ഉത്തരേന്ത്യക്കാര്‍ക്ക് താമരയോട് ആത്മീയമായ ഒരു ബന്ധം കൂടി ഉള്ളതിനാല്‍ കേട്ടറിഞ്ഞു വരുന്നവര്‍ സന്തോഷത്തോടെ വാങ്ങി മികച്ച ഫീഡ്ബാക്ക് തരാറുണ്ടെന്നും എല്‍ദോസ് കൂട്ടിച്ചേര്‍ത്തു.
താമരയുടെ ട്യൂബെറും മറ്റും വാങ്ങാനായി താല്‍പ്പര്യപ്പെടുന്നവര്‍ തന്നെ ബന്ധപ്പെടുമ്പോള്‍ അവര്‍ക്ക് താമരയുടെ പരിപാലന രീതികള്‍ വിശദീകരിച്ചു കൊണ്ടുള്ള ട്യൂട്ടോറിയല്‍ വിഡിയോയും പങ്കുവെക്കാറുണ്ടെന്ന് എല്‍ദോസ് പറയുന്നു.
ഓരോ പൂവും വിരിയുന്നതിനു വേണ്ടിവന്നേക്കാവുന്ന കാത്തിരിപ്പിനെ കുറിച്ചും ഓരോ സ്ഥലവും മണ്ണും കാലാവസ്ഥയും കാറ്റും അനുസരിച്ചു പൂക്കാന്‍ സമയമെടുക്കും എന്ന വസ്തുതയും പറഞ്ഞുകൊടുക്കും. ഓണ്‍ലൈന്‍ വഴിയാണ് ഓര്‍ഡര്‍ സ്വീകരിക്കുന്നതും പണമിടപാട് നടത്തുന്നതും.
സംസ്ഥാനത്തിനു പുറത്തേക്കു കയറ്റിയയക്കുന്നതിന് തികച്ചും സൂക്ഷ്മമായ പാക്കിങ് വേണം. അതിനായി മികച്ച പാക്കിങ് ഉറപ്പുവരുത്തും. കിഴങ്ങിന് പൂപ്പല്‍ബാധ ഏല്‍ക്കാതിരിക്കാനായി ഫങ്കിസൈഡില്‍ 20 മിനിട്ടോളം മുക്കിയെടുത്ത ശേഷം പേപ്പറില്‍ പൊതിയും.
ഈര്‍പ്പം ദിവസങ്ങളോളം നിലനില്‍ക്കാന്‍ പേപ്പറില്‍ പൊതിയുന്നത് സഹായിക്കും. ശേഷം പ്ലാസ്റ്റികിന്റെ നേര്‍ത്ത ഷീറ്റില്‍ പൊതിഞ്ഞു ബബ്ബിള്‍ റാപ്പില്‍ പൊതിഞ്ഞു 'ഫൈവ്‌പ്ലൈ ബോക്‌സ്'ല്‍ വച്ചാണ് കൊറിയര്‍ ചെയ്യുക. ഈ നിലയില്‍ അയക്കുന്ന ട്യൂബ്‌റുകള്‍ രണ്ടാഴ്ചയോളം കേടുകൂടാതെ ഇരിക്കും. കൊറിയര്‍ ചാര്‍ജ് അടക്കം ട്യൂബര്‍ ഒന്നിന് 800 രൂപ മുതലാണ് ഈടാക്കുന്നത്.