കൊച്ചി മെട്രോ ഇപ്പോഴും ചുവപ്പിൽ; 2021-22-ൽ നഷ്ടം 340 കോടി രൂപ

Update: 2022-11-21 09:34 GMT

kochi metro profit and loss 

കൊച്ചി: ഏറെ കൊട്ടിഘോഷിച്ച് അഞ്ച് വർഷം മുമ്പ് വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച കൊച്ചി മെട്രോ, വർഷം തോറും വൻ നഷ്ടം സൃഷ്ടിച്ച് ഇപ്പോഴും 'ചുവപ്പിലാണ്'.

സംസ്ഥാനത്തെ ഏറ്റവും അഭിമാനകരമായ പദ്ധതികളിലൊന്നായ കൊച്ചി മെട്രോ 2021-22 സാമ്പത്തിക വർഷത്തിൽ (FY22) 339.55 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി; മുൻ വർഷത്തെ നഷ്ടം 334.90 കോടി രൂപയിൽ നിന്ന് 1.5 ശതമാനം വർധനവാണിത്..

അല്പം കൂടി വിശകലം ചെയ്താൽ, പ്രസ്തുത അറ്റ ​​നഷ്ടം കമ്പനി ഈ വർഷം നേടിയ മൊത്തം വരുമാനത്തേക്കാൾ വളരെ കൂടുതലാണ്, അതായത്, യാത്രാക്കൂലിയും ഇതര വരുമാനവും അടക്കം കമ്പനിയുടെ ആകെ വരുമാനം 142.31 കോടി രൂപ (2021 സാമ്പത്തിക വർഷത്തിൽ 167.46 കോടി രൂപ) പ്രസ്തുത കാലയളവിലെ 188.55 കോടി രൂപ പലിശ ചെലവുകൾക്കോ ​​മറ്റു സാമ്പത്തിക ചെലവുകൾക്കോ ​​പോലും പര്യാപ്തമായിരുന്നില്ല.

സഞ്ചിത നഷ്ടങ്ങൾ

2022 മാർച്ച് അവസാനം വരെ സഞ്ചിത നഷ്ടം 1,477 കോടി രൂപയിൽ എത്തിയതായി കൊച്ചിയിൽ മെട്രോ റെയിൽ സർവീസ് നടത്തുന്ന കമ്പനിയായ കൊച്ചി മെട്രോ റെയിൽ പ്രോജക്ടിന്റെ (കെഎംആർഎൽ) കണക്കുകൾ കാണിക്കുന്നു.


Full View


2021-22 സാമ്പത്തിക വർഷത്തിൽ യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം മൊത്തം 96,94,014 ആയിരുന്നു, ഈ സാമ്പത്തിക വർഷം ലഭിച്ച യാത്രാക്കൂലി വരുമാനം തുച്ഛമായ 30.78 കോടി രൂപയായിരുന്നു, ഇത് മെട്രോ സർവീസ് ഇതുവരെ കൈവരിച്ച യാത്രക്കാരുടെ കുറഞ്ഞ എണ്ണം വ്യക്തമാക്കുന്നു.

കെഎംആർഎൽ രേഖ പ്രകാരം, കേന്ദ്ര നികുതിയിനത്തിൽ ഇന്ത്യാ ഗവൺമെന്റും കേരള സർക്കാരും തങ്ങളുടെ സബോർഡിനേറ്റ് കടത്തിന്റെ മുഴുവൻ വിഹിതവുമായ 248.50 കോടി രൂപ വീതം നൽകിക്കഴിഞ്ഞു. കമ്പനിയുടെ ഇക്വിറ്റി മൂലധനത്തിന്റെ ഭാഗമാണ് സബോർഡിനേറ്റ് കടം.

"കൂടാതെ, സംസ്ഥാന നികുതികൾ തിരിച്ചടയ്ക്കുന്നതിന് 237.33 കോടി രൂപയും ഭൂമി ഏറ്റെടുക്കുന്നതിനായി 672.25 കോടി രൂപയും കേരള സർക്കാർ അനുവദിച്ചു, അതിൽ 366 കോടി രൂപ കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് അഥവാ കേരളാ ബാങ്കിൽ നിന്ന് ബാക്ക്-ടു-ബാക്ക് ലോണായി സംഘടിപ്പിച്ചതാണ്," കെഎംആർഎൽ വ്യക്തമാക്കി.

കൊച്ചി മെട്രോ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് 666.88 കോടി രൂപ കമ്പനിക്ക് വിവിധ ചെലവുകൾ പ്രകാരം സബോർഡിനേറ്റ് കടമായി ലഭിച്ചു എന്നാണ്. 2022 മാർച്ച് 31-ന് ഫ്രഞ്ച് കമ്പനിയായ ഏജൻസി ഫ്രാങ്കെയ്‌സ് ഡി ഡെവലപ്‌മെന്റ് (എഎഫ്‌ഡി), കാനറ ബാങ്ക് എന്നിവയിൽ നിന്നുള്ള മെട്രോയുടെ മൊത്തം വായ്പ കുടിശ്ശിക യഥാക്രമം 1152.51 കോടി രൂപയും 1372.78 കോടി രൂപയുമാണ്.

2022 മാർച്ച് 31-ന് കാനറ ബാങ്കിന്റെയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെയും (യുബിഐ) കൺസോർഷ്യത്തിൽ നിന്ന് ഒന്നാം ഘട്ട വിപുലീകരണത്തിനായി എടുത്ത മൊത്തം വായ്പ കുടിശ്ശിക 395.23 കോടി രൂപയാണ്. മുകളിൽ പറഞ്ഞവ കൂടാതെ, പ്രോജക്ട് വർക്കുകൾ, പ്രിപ്പറേറ്ററി ജോലികൾ, ഒന്നാം ഘട്ട പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ, പലിശ അടക്കൽ, വായ്പ തിരിച്ചടവ് എന്നിവയ്ക്കായി സംസ്ഥാന സർക്കാർ ഉറപ്പിന്മേൽ കേരള ബാങ്കിൽ നിന്നും ഹഡ്‌കോയിൽ നിന്നും കമ്പനി ടേം ലോണുകൾ നേടിയിട്ടുണ്ട്.

2022 മാർച്ച് 31 വരെ കേരള ബാങ്കിൽ നിന്നും ഹഡ്‌കോയിൽ നിന്നും കുടിശ്ശികയുള്ള തുക കെഎംആർഎൽ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം യഥാക്രമം 235 കോടി രൂപയും 605.05 കോടി രൂപയുമാണ്. 2022 സാമ്പത്തിക വർഷാവസാനം വരെ കമ്പനിയുടെ മൊത്തം വായ്പ 4149.56 കോടി രൂപയാണ്.

Tags:    

Similar News