പൊതുഗതാഗതം  മെച്ചപ്പെടുത്താൻ ഇനോവേഷന്‍ ചലഞ്ചുമായി കൊച്ചി മെട്രോയും സ്റ്റാര്‍ട്ടപ്പ് മിഷനും

കൊച്ചി: നഗരത്തിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുന്ന ഇനോവേഷന്‍ ചലഞ്ച് പ്രഖ്യാപിച്ച് കൊച്ചി മെട്രോയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും.

Update: 2022-10-03 06:18 GMT

കൊച്ചി: നഗരത്തിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുന്ന ഇനോവേഷന്‍ ചലഞ്ച് പ്രഖ്യാപിച്ച് കൊച്ചി മെട്രോയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും. കോമെറ്റിക് എന്ന ഇനോവേഷന്‍ ചലഞ്ചില്‍ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനു വേണ്ടി ഹാക്കത്തോണ്‍, ഐഡിയാത്തോണ്‍ എന്നിവയാണ് നടത്തുന്നത്.

പൊതുഗതാഗതത്തിലെ ജനങ്ങളുടെ സാന്നിദ്ധ്യം വര്‍ധിപ്പിക്കുക, മികച്ച ഗതാഗതസംവിധാനം ഒരുക്കുക, സുസ്ഥിര വാണിജ്യ ശീലങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് വിവരശേഖരണം അടിസ്ഥാമാക്കിയുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുകയെന്നതാണ് ഐഡിയാത്തോണിലൂടെ ഉദ്ദേശിക്കുന്നത്. മികച്ച ആശയമുള്ള ആര്‍ക്കും ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്.

മെട്രോവന്നതിനു ശേഷമുള്ള നഗരത്തിലെ ഗതാഗത സംവിധാനം കൂടുതല്‍ സരളമാക്കുന്നിതനു വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുകയാണ് ഹാക്കത്തോണിലൂടെ ചെയ്യേണ്ടത്. നിലവില്‍ 24 സ്റ്റേഷനുകളാണ് കൊച്ചി മെട്രോയ്ക്കുള്ളത്. ദിവസേന ശരാശരി 75,000 പേരാണ് നിലവില്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നത്. ശരാശരി യാത്രക്കാരുടെ എണ്ണം ഒരുലക്ഷത്തിലെത്തിക്കാനുള്ള പ്രയത്നങ്ങളിലാണ് കൊച്ചി മെട്രോ. മെട്രോയുടെ ഫസ്റ്റ് ആന്‍ഡ് ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനുള്ള ആശയങ്ങളും ഹാക്കത്തോണില്‍ അവതരിപ്പിക്കാം.

ഐഡിയാത്തോണിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ അഞ്ചാണ്. ഒക്ടോബര്‍ എട്ടു വരെ ഹാക്കത്തോണിലേക്ക് അപേക്ഷിക്കാം. https://startupmission.kerala.gov.in/pages/kometic എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷകള്‍ നല്‍കേണ്ടത്. അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ആശയദാതാക്കള്‍ക്ക് ഒക്ടോബര്‍ 21 ന് ബൂട്ട് ക്യാമ്പ് നടത്തും. 21-22 തിയതികളിലായിരിക്കും ഹാക്കത്തോണ്‍ നടക്കുന്നത്.

 

Tags:    

Similar News