5 വര്‍ഷത്തേക്ക് നിക്ഷേപിക്കാന്‍ ഏറ്റവും മികച്ചത് എഫ്ഡിയോ മ്യൂച്വല്‍ ഫണ്ടോ ?

  • 5 വര്‍ഷത്തേക്ക് പരമാവധി 8 ശതമാനമാണ് സ്വകാര്യ ബാങ്കുകളടക്കം നല്‍കാറുള്ളത്
  • സ്ഥിര നിക്ഷേപത്തിലെ വരുമാനം ഉറപ്പുള്ളതാണ്
  • വിപണിയിലെ റിസ്‌കെടുക്കാനും അതേ തോതില്‍ റിവാര്‍ഡ് നേടാവും മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം

Update: 2023-04-25 15:58 GMT

കയ്യില്‍ 2 ലക്ഷം രൂപയുള്ള വ്യക്തിക്ക് മുന്നില്‍ നിക്ഷേപ സാധ്യതകള്‍ നിരവധിയാണ്. ബാങ്കിലിട്ട് സുഖമായിരിക്കുന്നത് മുതല്‍ ചെറുസംരംഭങ്ങള്‍ ആരംഭിക്കാന്‍ വരെ ഈ തുക ഉപയോഗിക്കാം. സാധാരണക്കാര്‍ പൊതുവെ തിരഞ്ഞെടുക്കുന്ന നിക്ഷേപ മാര്‍ഗങ്ങളില്‍ മുന്നിലുള്ളത് സ്ഥിര നിക്ഷേപങ്ങളും മ്യൂച്വല്‍ ഫണ്ടുകളുമാണ്. 2 ലക്ഷം രൂപ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് എവിടെയാകും മികച്ച വരുമാനം ലഭിക്കുക.

ഏത് നിക്ഷേപമായാലും മികച്ച പലിശ/ റിട്ടേണ്‍ ലഭിക്കുന്നത് ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുമ്പോഴാണ്. അതിനാല്‍ ദീര്‍ഘകാല നിക്ഷേപത്തിലൂടെയാണ് മികച്ച മൂലധന നേട്ടം ലഭിക്കുന്നത്. ബാങ്കിലെ സ്ഥിര നിക്ഷേപം ഒരു ഡെബ്റ്റ് നിക്ഷേപമാണ്. 5 വര്‍ഷത്തേക്ക് പരമാവധി 8 ശതമാനമാണ് സ്വകാര്യ ബാങ്കുകളടക്കം നല്‍കാറുള്ളത്. 8 ശതമാനം പലിശ നിരക്കില്‍ 2 ലക്ഷം രൂപ 5 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ 97,189 രൂപ പലിശയായി നേടും. 5ാം വര്‍ഷത്തില്‍ 2,97,189 രൂപ ലഭിക്കും.

മ്യൂച്വല്‍ ഫണ്ടില്‍ 5 വര്‍ഷത്തെ നിക്ഷേപത്തിന് ലഭിക്കുന്ന ശരാശരി റിട്ടേണ്‍ 12 ശതമാനമാണ്. വിപണി സാഹചര്യം അനുസരിച്ച് ഇതില്‍ ഏറ്റകുറച്ചിലുകള്‍ കാണാം. 12 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ച 2 ലക്ഷം രൂപ 3,52,468 രൂപയായി മാറും. 1,52,468 രൂപയാണ് ലാഭം.

സ്ഥിര നിക്ഷേപത്തിലെ പലിശ വരുമാനം ചാഞ്ചാട്ടമില്ലാതെ സ്ഥിരമായ വരുമാനമായിരിക്കും. മ്യൂച്വല്‍ ഫണ്ടിലെ ആദായം വിപണി സാഹചര്യങ്ങളെ ആശ്രയിച്ചാണ്. മൂല്യം കുറയാനും കൂടാനുമുള്ള സാധ്യത മ്യൂച്വല്‍ ഫണ്ടില്‍ കാണാം. എന്നാല്‍ എഫ് ഡി യിട്ട  തുക മാറ്റമില്ലാതെ തുടരുകയും മുടക്കില്ലാതെ പലിശ ലഭിക്കുകയും ചെയ്യും.

ഏതാണ് മികച്ചത്

ഓരോരുത്തരുടെയും നിക്ഷേപ തീരുമാനങ്ങളെ അടിസ്ഥാനമാക്കി, റിസ്‌ക് പരിഗണിച്ചാണ് ഏത് നിക്ഷേപം വേണമെന്ന് തീരുമാനിക്കുന്നത്. റിട്ടേണ്‍ ലഭിക്കുന്നത് പരിഗണിക്കുമ്പോള്‍ മ്യൂച്വല്‍ ഫണ്ടിനാണ് നേട്ടം. സ്ഥിര നിക്ഷേപത്തില്‍ 5 വര്‍ഷകാലം പലിശ വരുമാനമായി 97,000 രൂപയാണ് ലഭിക്കുന്നത്. മ്യൂച്വല്‍ ഫണ്ടില്‍ 1.50 ലക്ഷം രൂപ വരെ ലാഭമുണ്ടാകുന്നുണ്ട്.

സ്ഥിര നിക്ഷേപത്തിലെ വരുമാനം ഉറപ്പുള്ളതാണ്. മ്യൂച്വല്‍ ഫണ്ടിലേത് പ്രതീക്ഷകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതും. പണം സുരക്ഷിതമായിരിക്കാനും ഭേദപ്പെട്ട റിട്ടേണും പ്രതീക്ഷിക്കുന്നൊരാള്‍ക്ക് സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കാം. വിപണിയിലെ റിസ്‌കെടുക്കാനും അതേ തോതില്‍ റിവാര്‍ഡ് നേടാനും  മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. പണപ്പെരുപ്പത്തെ മറികടക്കുന്ന റിട്ടേണ്‍ ലഭിക്കുന്നയിടം എന്നും മ്യൂച്വല്‍ ഫണ്ടാണ്.

Tags:    

Similar News